അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടം പുതിയ കുടുംബ നിയമ നിയന്ത്രണം നടപ്പിലാക്കി. ഈ നിയമപ്രകാരം, വിവാഹാലോചന സമയത്ത് കന്യകയായ പെൺകുട്ടി മൗനം പാലിച്ചാൽ അത് സമ്മതമായി കണക്കാക്കും. മത ജഡ്ജിമാർക്ക് കൂടുതൽ അധികാരം നൽകുന്നതും സ്ത്രീകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതുമായ ഈ നിയമം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിലെ താലിബാൻ മത ഭരണകൂടത്തിന്‍റെ ഒരു പുതിയ കുടുംബ നിയമ നിയന്ത്രണം സമൂഹ മാധ്യമമങ്ങളിൽ രൂക്ഷമായ വിമർശനമാണ് നേരിടുന്നത്. പ്രത്യേകിച്ചും 'കന്യകയായ പെൺകുട്ടി' വിവാഹ നിശ്ചയ സമയത്ത് മൗനം പാലിക്കുകയാണെങ്കിൽ അത് വിവാഹ സമ്മതമായി കാണക്കാക്കമെന്ന വിചിത്ര നിയമത്തിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. താലിബാന്‍റെ ഇസ്ലാമിക നിയമത്തിന്‍റെ വ്യാഖ്യാനത്തിന് കീഴിലുള്ള വിവാഹം, വിവാഹ മോചനം, രക്ഷാകർതൃത്വം, വേർപിരിയൽ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളും പുതിയ ഉത്തരവിലുണ്ട്.
താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ പുതിയ നിയമം അംഗീകരിച്ചതോടെ രാജ്യത്ത് പ്രാബല്യത്തിലായി. പിന്നാലെ അഫ്ഗാനിസ്ഥിസ്ഥാന്‍റെ ഔദ്യോഗിക ഗസറ്റിലും പുതിയ നിയമം പ്രസിദ്ധീകരിച്ചു. കുടുംബ കാര്യങ്ങളും ഇണകൾ തമ്മിലുള്ള നിയമപരമായ തർക്കങ്ങളും കൈകാര്യം ചെയ്യുന്ന 31 ഓളം ലേഖനങ്ങൾ അടങ്ങുന്നതാണ് പുതിയ ഉത്തരവെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
'മൗനം' സമ്മതമായി കണക്കാക്കും
വിവാഹാലോചനയ്ക്കിടെ ഒരു കന്യകയായ പെൺകുട്ടി മൗനം പാലിച്ചാൽ, ആ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാമെന്നതാണ് ഉത്തരവിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഭാഗം. അതേസമയം മുമ്പ് വിവാഹിതരായ ആൺകുട്ടികൾക്കോ സ്ത്രീകൾക്കോ ഇതേ നിയമം ബാധകമല്ല. അവരുടെ മൗനത്തെ സമ്മതമായി കണക്കാക്കാൻ കഴിയില്ലെന്നും ചില പ്രത്യേക സാഹചര്യങ്ങളിൽ പ്രായപൂർത്തിയാകാത്തവരുടെ വിവാഹം നടത്തുന്നതിന് പിതാക്കന്മാർക്കും മുത്തച്ഛന്മാർക്കും ഈ നിയന്ത്രണം അധികാരം നൽകുന്നതായും റിപ്പോര്‍ട്ടുകൾ ചൂണ്ടികാട്ടുന്നു. ഇതോടൊപ്പം പ്രായപൂർത്തിയാകുന്നതിന് മുമ്പ് വിവാഹം കഴിക്കുന്ന ഒരു കുട്ടിക്ക് പ്രായപൂർത്തിയായതിന് ശേഷം വിവാഹം റദ്ദാക്കാൻ ആവശ്യപ്പെടാമെന്നും എന്നാൽ, ഈ അസാധുവാക്കലിന് മത കോടതികളുടെ അനുമതി ആവശ്യമാണെന്നും നിയമം പറയുന്നു.
മത ജഡ്ജിയുടെ അധികാരം കൂടും
പുതിയ നിമയങ്ങൾ താലിബാന്‍റെ മത ജഡ്ജിമാർക്ക് കുടുംബവുമായി ബന്ധപ്പെട്ട നിരവധി തർക്കങ്ങളിൽ ഇടപെടാനുള്ള അധികാരം നൽകുന്നു. വ്യഭിചാരം, മതപരിവർത്തനം, ഭർത്താവിന്‍റെ ദീർഘകാല അഭാവം, ഭർത്താവ്, ഭാര്യയെ വിവാഹം കഴിക്കാൻ കഴിയാത്ത സ്ത്രീയുമായി താരതമ്യം ചെയ്യുന്നത്... എന്ന് തുടങ്ങിയ വിഷയങ്ങളിൽ മത ജഡ്ജിമാർക്ക് ഇടപെടാം. ചില സന്ദർഭങ്ങളിൽ, ജഡ്ജിമാർക്ക് വേർപിരിയലോ ശിക്ഷയായി തടവിനോ ഉത്തരവിടാനുള്ള അധികാരവും ഉണ്ടായിരിക്കും.
സ്ത്രീകൾക്കും നിയന്ത്രണം
2021 ഓഗസ്റ്റിൽ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ പേരിൽ താലിബാൻ സർക്കാർ ആഗോളതലത്തിൽ വിമർശനം നേരിട്ടിരുന്നു. ഇതിനിടെയാണ് വിചിത്രമായ പുതിയ ചില നിയമങ്ങൾ കൂടി നടപ്പിൽ വരുന്നത്. നിലവിൽ അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് ആറാം ക്ലാസിന് ശേഷം പഠിക്കാൻ കഴിയില്ല. പല ജോലിക്കും സ്ത്രീകൾക്ക് വിലക്കുണ്ട്. സർവകലാശാലകൾ ആൺകുട്ടികൾക്ക് മാത്രമാണ്. ജോലി, യാത്ര, പൊതുജന പങ്കാളിത്തം, സലൂൺ, പാർക്കുകൾ പോലുള്ള പൊതു ഇടങ്ങൾ എന്നിവിടങ്ങളിലും സ്ത്രീകൾക്ക് വിലക്കുണ്ട്.
രൂക്ഷമായ വിമർശനം
താലിബാൻറെ പുതിയ വിവാഹ നിയമത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച നടക്കുന്നത്. ഇത് സംസ്കാരമല്ലെന്നും മറിച്ച് വിഡ്ഢിത്തം മാത്രമാണെന്നുമായിരുന്നു നിരവധി പേർ എഴുതിയത്. മറ്റ് ചിലർ ഭൂമിയിലെ നരകം എന്നായിരുന്നു വിശേഷിപ്പിച്ചത്. പുതിയ നിയമ പ്രകാരം 10 വയസിന് താഴെയുള്ള പെൺകുട്ടിയെ വരെ 80 -കാരന് വിവാഹം കഴിക്കാൻ അനുവദിക്കുന്നുവെന്ന് ചിലർ ചൂണ്ടിക്കാട്ടി. ഇത് കുട്ടികളുടെ അവകാശങ്ങൾക്കായുള്ള യുഎൻ കൺവെൻഷന്‍റെയും അടിസ്ഥാന മനുഷ്യ അന്തസ്സിന്‍റെയും നഗ്നമായ ലംഘനമാണെന്നും ശൈശവ വിവാഹം ഒരു സംസ്കാരമല്ലെന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടി. താലിബാൻ കുട്ടികളെയും സ്ത്രീകളെയും ലൈംഗിക കളിപ്പാട്ടങ്ങളെ പോലെ ഉപയോഗിക്കുന്നുവെന്നായിരുന്നു മറ്റൊരു കുറിപ്പ്.


