Asianet News MalayalamAsianet News Malayalam

വൈദ്യുതി പൂർണമായും നിലയ്ക്കുമോ അഫ്​ഗാനിസ്ഥാനിൽ, കുടിശ്ശിക അടച്ചു തീർത്തില്ല, സാമ്പത്തികപ്രതിസന്ധിയും രൂക്ഷം

അഫ്ഗാനിസ്ഥാന്റെ അയൽരാജ്യങ്ങൾക്ക് 62 മില്ല്യൺ ഡോളർ കൊടുക്കാനുണ്ടെന്ന് സ്റ്റേറ്റ് പവർ അതോറിറ്റി അധികൃതർ അറിയിച്ചു. കടം വീട്ടാനായി 90 മില്യൺ ഡോളർ അനുവദിക്കണമെന്ന് ഐക്യരാഷ്ട്രസഭയോട്  അഭ്യർത്ഥിച്ചിരിക്കയാണ് താലിബാൻ. 

Taliban fail to pay electricity bills to Central Asian nations
Author
Afghanistan, First Published Oct 7, 2021, 10:52 AM IST

അഫ്ഗാനിസ്ഥാൻ (Afghanistan) അതികഠിനമായ ശൈത്യത്തെ നേരിടാൻ സജ്ജമാവുകയാണ്. എന്നാൽ, അതിന് മുൻപ് തന്നെ താലിബാൻ (Taliban) ഭരണാധികാരികൾ കാബൂളിനെ (Kabul) ഇരുട്ടിലാക്കുമോ എന്ന ഭയത്തിലാണ് ജനങ്ങൾ. താലിബാൻ ഇനിയും ജനങ്ങളിൽ നിന്ന് വൈദ്യുതി ബില്ലുകൾക്കായുള്ള പണം ശേഖരിക്കാൻ തുടങ്ങിയിട്ടില്ല. കൂടാതെ, നഗരത്തിൽ വൈദ്യുതി എത്തിക്കുന്ന മധ്യ ഏഷ്യൻ വിതരണക്കാർക്ക് നൽകേണ്ട കുടിശ്ശികയും അടച്ച് തീർത്തിട്ടില്ല. ഇങ്ങനെ പോയാൽ അധികം താമസിയാതെ നഗരം ഇരുട്ടിലാകുമെന്നും, വലിയ മാനുഷിക പ്രതിസന്ധി നേരിടേണ്ടി വരുമെന്നും അനുമാനിക്കുന്നു.      
 
അഫ്ഗാനിസ്ഥാന് സ്വന്തമായി ദേശീയ പവർ ഗ്രിഡ് ഇല്ല. അവിടെ വിതരണം ചെയ്യുന്ന വൈദ്യുതിയുടെ പകുതിയോളം ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് എത്തുന്നത്. ഡബ്ല്യുഎസ്ജെ പറയുന്നതനുസരിച്ച്, ഈ വർഷത്തെ വരൾച്ചയും രാജ്യത്തെ ആഭ്യന്തര ഉൽപാദനത്തെ സാരമായി ബാധിച്ചു. കാബൂൾ ഏതാണ്ട് പൂർണമായും മധ്യേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വൈദ്യുതിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്.

ഓഗസ്റ്റ് 15 -ന് രാജ്യത്തിന്റെ നിയന്ത്രണം വീണ്ടെടുത്ത ശേഷം, താലിബാൻ മധ്യ ഏഷ്യൻ വിതരണക്കാർക്ക് പണം നൽകിയിട്ടില്ല. മാത്രമല്ല, ഉപഭോക്താക്കളിൽ നിന്ന് പണം ശേഖരിക്കുന്നത് പുനരാരംഭിച്ചിട്ടില്ലെന്നും വാൾസ്ട്രീറ്റ് ജേണൽ പറയുന്നു. ഇത് അഫ്ഗാനിസ്ഥാനെ ഇരുണ്ട യുഗത്തിലേക്ക് തിരികെ കൊണ്ടുപോകുമെന്നും, വാർത്താ വിനിമയം താറുമാറാക്കുമെന്നും രാജ്യത്തെ സ്റ്റേറ്റ് പവർ അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനം രാജിവെച്ച ദൗദ് നൂർസായി പറയുന്നു.  

അഫ്ഗാനിസ്ഥാന്റെ അയൽരാജ്യങ്ങൾക്ക് 62 മില്ല്യൺ ഡോളർ കൊടുക്കാനുണ്ടെന്ന് സ്റ്റേറ്റ് പവർ അതോറിറ്റി അധികൃതർ അറിയിച്ചു. കടം വീട്ടാനായി 90 മില്യൺ ഡോളർ അനുവദിക്കണമെന്ന് ഐക്യരാഷ്ട്രസഭയോട്  അഭ്യർത്ഥിച്ചിരിക്കയാണ് താലിബാൻ. മൂന്നുമാസമായി പണം നൽകിയിട്ടില്ലെന്നും വൈദ്യുതി വിതരണം മുടങ്ങുന്നതിനുമുമ്പ് തുക അനുവദിക്കണമെന്നുമാണ് അവരുടെ ആവശ്യം. ഐക്യരാഷ്ട്രസഭ അത് നൽകിയില്ലെങ്കിൽ, വൈദ്യുതി ബില്ലുകൾ അടയ്ക്കാത്ത ആളുകളിൽ സമ്മർദ്ദം ചെലുത്തുമെന്നും അവർ കൂട്ടിച്ചേർത്തു. 

സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് അഫ്ഗാനിസ്ഥാൻ പ്രതിമാസം 22 മില്ല്യൺ മുതൽ 25 മില്ല്യൺ ഡോളർ വരെ അയൽ രാജ്യങ്ങൾക്ക് നൽകുന്നു എന്നാണ്. ഇതിനിടയിൽ, നിരവധി യുഎൻ ഏജൻസികളും മറ്റ് ലോക സംഘടനകളും രാജ്യത്തെ ഗുരുതരമായ സാമ്പത്തിക സാഹചര്യത്തെക്കുറിച്ച് കടുത്ത ആശങ്ക ഉയർത്തിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios