'താൻ ​ഗേ ആയത് കൊണ്ട് താലിബാൻ തന്നെ ടാർ​ഗറ്റ് ചെയ്യുന്നുണ്ട്. തന്റെ ജീവിതം അപകടത്തിലാണ് എന്ന് ജൂലൈയിൽ സബൂരി തന്നോട് പറഞ്ഞിരുന്നു. എന്നാൽ, അത് തമാശ പറയുന്നതാവും എന്നാണ് കരുതിയിരുന്നത്' എന്ന് ബാഹർ പറയുന്നു.

അഫ്​ഗാനിൽ സ്വവർ​ഗാനുരാ​ഗിയായ യുവാവിനെ താലിബാൻ തട്ടിക്കൊണ്ടുപോയി വധിച്ചുവെന്ന് അദ്ദേഹത്തെ അറിയുന്ന ആക്ടിവിസ്റ്റുകൾ പറയുന്നു. പിങ്ക് ന്യൂസ് ആണ് ആദ്യമായി കൊലപാതകത്തിന്റെ വാർത്ത റിപ്പോർട്ട് ചെയ്തത്. കാബൂളിലുള്ള ഹമീദ് സബൂരി ആ​ഗസ്ത് അഞ്ചിനാണ് കൊല്ലപ്പെട്ടത് എന്ന് ആക്ടിവിസ്റ്റുകൾ‌ പറയുന്നു. ഈ 22 -കാരന്റെ കൊലപാതകവിവരം ലോകമറിയുന്നത് ഈയാഴ്ച ഹമീദിന്റെ മുൻ ബോയ്ഫ്രണ്ട് ഇക്കാര്യം വെളിപ്പെടുത്തിയ ശേഷം മാത്രമാണ്. 

കൊലപാതകത്തിന്റെ ​ഗ്രാഫിക് വീഡിയോ ഫൂട്ടേജിൽ സബൂരിയോട് സാമ്യമുള്ള ഒരു യുവാവിനെ വെടിവയ്ക്കുന്നത് കാണാം. കഴുത്തിലും തലയിലുമായി കുറഞ്ഞത് 12 തവണയെങ്കിലും വെടിവയ്ക്കുന്നതായും വീഡിയോയിൽ കാണാമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദിവസങ്ങൾക്ക് ശേഷം താലിബാൻ തന്നെ അസ്വസ്ഥതാകരമായ ഈ കൊലപാതകത്തിന്റെ വീഡിയോ സബൂരിയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു കൊടുത്തു. അവർ പിന്നീട് ഇത് അഫ്​ഗാനിലെ എൽജിബിടിക്യു പ്ലസ് ​ഗ്രൂപ്പായ റൊഷാനിയയ്ക്ക് അയച്ച് കൊടുത്തു. 

'ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്ന, ഒരു ​ഗേ ചെറുപ്പക്കാരനായിരുന്നു സബൂരി, അതാണ് ഇപ്പോൾ തകർന്നിരിക്കുന്നത്' എന്ന് റൊഷാനിയയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ നെമാത് സാദത്ത് ഇൻസൈഡിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. 'സബൂരിക്ക് ഒരു ഡോക്ടറാകാനായിരുന്നു ആ​ഗ്രഹം. ജീവിതകാലം മൊത്തം ഒരു ​ഗേ ആയതിന്റെ പേരിൽ വിവേചനം അനുഭവിച്ച ആളായിരുന്നു സബൂരി. അവസാനം മരണസമയത്ത് പോലും അവനെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല' എന്നും സാദത്ത് പറഞ്ഞു. 

താലിബാൻ LGBT+ ആളുകളോട് വളരെ മോശം സമീപനമാണ് സ്വീകരിച്ചിരിക്കുന്നത് എന്നും സാദത്ത് ആരോപിക്കുന്നു. സബൂരിയുമായി ബന്ധത്തിലുണ്ടായിരുന്ന ആളാണ് ബാഹർ (പേര് സാങ്കൽപികം). സബൂരിയെ വധിക്കുന്ന വീഡിയോ ബാഹറിനും അയച്ച് കിട്ടിയിരുന്നു. 'അപകടകരമായ ഒരു അറിയിപ്പ് സബൂരിയുടെ കുടുംബത്തിന് നൽകാൻ താലിബാൻ ആ​ഗ്രഹിച്ചിരുന്നിരിക്കാം. അതിനാലാവണം ആ വീഡിയോ അയച്ച് നൽകിയിട്ടുണ്ടാവുക' എന്ന് ബാഹർ പറയുന്നു. വളരെ നല്ല ആളായിരുന്നു സബൂരി. അവന്റെ സെക്ഷ്വാലിറ്റി കാരണമാണ് അവൻ മരണപ്പെട്ടത് എന്നും ബാഹർ പറയുന്നു. 

'താൻ ​ഗേ ആയത് കൊണ്ട് താലിബാൻ തന്നെ ടാർ​ഗറ്റ് ചെയ്യുന്നുണ്ട്. തന്റെ ജീവിതം അപകടത്തിലാണ് എന്ന് ജൂലൈയിൽ സബൂരി തന്നോട് പറഞ്ഞിരുന്നു. എന്നാൽ, അത് തമാശ പറയുന്നതാവും എന്നാണ് കരുതിയിരുന്നത്' എന്ന് ബാഹർ പറയുന്നു. ആ​ഗസ്തിലാണ് സബൂരിയെ തട്ടിക്കൊണ്ടു പോയത്. അഞ്ച് ദിവസങ്ങൾക്ക് ശേഷം മൃതദേഹം കിട്ടി. സബൂരിയുടെ മരണത്തിന് ശേഷം രണ്ട് വട്ടം ബാഹർ അറസ്റ്റ് ചെയ്യപ്പെട്ടു. 'ജയിലിൽ വച്ച് തന്നെ ലൈം​ഗികമായി ഉപദ്രവിച്ചു. കൈക്കൂലി കൊടുത്തും ട്രക്കിന് പിന്നിലൊളിച്ചുമാണ് അവിടെ നിന്നും രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വീട്ടിൽ താലിബാൻ തിരച്ചിൽ നടത്തി. ഇനിയൊരിക്കൽ കൂടി അറസ്റ്റ് ചെയ്യപ്പെട്ടാൽ താനും കൊല്ലപ്പെട്ടേക്കാം എന്ന ഭയം തനിക്കുണ്ട്. താൻ സുരക്ഷിതനല്ല' എന്നും ബാഹർ പറയുന്നു. 

ബാഹർ ഇപ്പോൾ ഒളിവിൽ കഴിയുകയാണ്. എൽ‌ജിബിടിക്യു സംഘടനയായ Behesht പറയുന്നത് സബൂരിയെ മാത്രമല്ല അതുപോലെ അനവധി ആളുകളെയാണ് താലിബാൻ കൊന്നുകളഞ്ഞത് എന്നാണ്. താലിബാൻ വീണ്ടും അധികാരത്തിൽ വന്നശേഷം അഫ്​ഗാനിലെ LGBT+ ആളുകളെല്ലാം തന്നെ വലിയ ഭയത്തിലാണ് കഴിയുന്നത്. എപ്പോൾ വേണമെങ്കിലും തങ്ങൾ കൊല്ലപ്പെട്ടേക്കാം എന്നാണ് അവരുടെ ആധി.