ഒരു വെടിപോലും ഉതിര്‍ക്കാതെ താലിബാനെ കണ്ട് മുട്ടുവിറച്ച് നിന്ന അഫ്ഗാന്‍ സൈന്യം താലിബാന് നല്‍കിയത്,  അമേരിക്ക അവര്‍ക്ക് സമ്മാനിച്ച അത്യുഗ്രന്‍ വെടിക്കോപ്പുകളും ആയുധശേഖരങ്ങളുമാണെന്ന് എ പി വാര്‍ത്താ ഏജന്‍സിയുടെ വിശകലനത്തില്‍ പറയുന്നു.  

''താലിബാന്റെ ശക്തി അമേരിക്കയാണ്...''-കഴിഞ്ഞ ദിവസം, അഫ്ഗാനിസ്താന്‍ സൈന്യത്തിന്റെ പരാജയത്തെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയാ സംവാദത്തില്‍ ഒരു അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തക ചൂണ്ടിക്കാട്ടിയതാണിത്. 

സൂക്ഷിച്ചു നോക്കിയാല്‍, ഇത് ശരിയാണെന്ന് മനസ്സിലാക്കാനാവും. താലിബാന്റെ ആയുധശേഖരം നിറയെ ഇപ്പോള്‍ അമേരിക്കയുടെ കിടിലന്‍ ആയുധങ്ങളാണ്. താലിബാന്‍ സഞ്ചരിക്കുന്നത് അമേരിക്കന്‍ നിര്‍മിത സൈനിക വാഹനങ്ങളിലാണ്. താലിബാന്റെ പടക്കോപ്പുകള്‍, ആയുധപ്പുരകള്‍ ഇവയെല്ലാം അമേരിക്കന്‍ പണം കൊണ്ട് ഉണ്ടാക്കിയതാണ്. 

ആശ്ചര്യം തോന്നുന്നുണ്ടോ? സംഗതി സത്യമാണ്. പരിമിതമായ ആയുധങ്ങള്‍ കൊണ്ട് അഫ്ഗാന്‍ സൈന്യത്തെ കീഴടക്കിയ താലിബാന്‍ ആ രാജ്യം കൈയിലൊതുക്കിയപ്പോള്‍ കൂടെപ്പോന്നത്, അമേരിക്കന്‍ നിര്‍മിത ആയുധശേഖരങ്ങള്‍ കൂടിയാണ്. ഒരു വെടിപോലും ഉതിര്‍ക്കാതെ താലിബാനെ കണ്ട് മുട്ടുവിറച്ച് നിന്ന അഫ്ഗാന്‍ സൈന്യം താലിബാന് നല്‍കിയത്, അമേരിക്ക അവര്‍ക്ക് സമ്മാനിച്ച അത്യുഗ്രന്‍ വെടിക്കോപ്പുകളും ആയുധശേഖരങ്ങളുമാണെന്ന് എ പി വാര്‍ത്താ ഏജന്‍സിയുടെ വിശകലനത്തില്‍ പറയുന്നു. 

'കാശു കൊടുത്ത് വാങ്ങാനാവുന്നതല്ല ആത്മധൈര്യവും ഇച്ഛാശക്തിയും നേതൃപാടവവും.'' -അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്റെ മുഖ്യവക്താവ് ജോണ്‍ കിര്‍ബിയുടെ വാക്കുകളാണിത്. അമേരിക്ക ചെന്നുപെട്ട ദുര്‍ഗതിയുടെ മുഴുവന്‍ കാരണവും ഈ വാക്കുകളിലുണ്ട്. അഫ്ഗാനിസ്താനില്‍ അമേരിക്കയ്ക്ക് പറ്റിയ ഏറ്റവും വലിയ പിഴവ് ഒന്നിനും കൊള്ളാത്ത അഫ്ഗാന്‍ സൈന്യത്തിനെ ആയുധമണിയിച്ചു എന്നതുതന്നെയാണ്. ഇറാഖിലൊക്കെ സംഭവിച്ചതുപോലെ, മികച്ച ആയുധങ്ങളും ആധുനിക പരിശീലനവും നല്‍കിയാല്‍ അഫ്ഗാനിലെ സൈന്യത്തെയും ആത്മവീര്യമുള്ള യോദ്ധാക്കളാക്കി മാറ്റിയെടുക്കാനാവും എന്ന അമേരിക്കന്‍ കണക്കുകൂട്ടലാണ് തെറ്റിയത്. 

അഫ്ഗാന്‍ സൈന്യം താലിബാനു മുന്നില്‍ അടിയറവ് പറഞ്ഞത് താലിബാന്‍ ഭയങ്കര മിടുക്കരായത് കൊണ്ടോ സൈന്യത്തിന് താലിബാനോട് ആരാധന ഉള്ളതുകൊണ്ടോ ഒന്നുമായിരുന്നില്ല. അതിന്റെ ഡി എന്‍ എ യില്‍തന്നെയാണ് അതിനുള്ള കാരണം കിടക്കുന്നത്. പല ഗോത്രങ്ങളിലായി ചിതറിക്കിടക്കുന്ന അനേകം യുദ്ധപ്രഭുക്കളെ ഒരുമിപ്പിച്ച് തട്ടിക്കൂട്ടിയ ഒരു സെറ്റപ്പാണ് പ്രധാനമായും അത്. അത്യാവശ്യം സൈനിക ബലമുള്ള യുദ്ധപ്രഭുക്കളെയെല്ലാം സൈന്യത്തിലെ ജനറല്‍മാരാക്കുകയായിരുന്നു അവിടെ. ലോകത്തുതന്നെ ഏറ്റവുമേറെ ജനറല്‍മാരുള്ള സേനയായി അഫ്ഗാന്‍ സൈന്യം മാറി. സ്വന്തം താല്‍പ്പര്യങ്ങള്‍ മാത്രം നോക്കിനടക്കുന്ന ഈ ജനറല്‍മാരെ ഏകോപിപ്പിക്കാനും താലിബാനെതിരെ വീരോചിതമായ ചെറുത്തുനില്‍പ്പ് നടത്താനും ആരുമുണ്ടായിരുന്നില്ല. ഗോത്രപരമായ ഭിന്നതകളും വലിപ്പച്ചെറുപ്പങ്ങളും മനസ്സില്‍ സൂക്ഷിക്കുന്ന ജനറല്‍മാരാവട്ടെ ഒന്നിച്ചുനിന്ന് പോരാടാനും വിമുഖരായിരുന്നു. അമേരിക്കന്‍ പരിശീലനം ലഭിച്ച അഫ്ഗാന്‍ സൈന്യം മുന്നില്‍നിന്നു നയിക്കാനും തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും ആളില്ലാത്തതിനാല്‍ എല്ലാത്തില്‍നിന്നും വിട്ടുനിന്നു. മയക്കുമരുന്നുല്‍പ്പാദനത്തില്‍ മുന്നില്‍നില്‍ക്കുന്ന അഫ്ഗാനിസ്താനില്‍ സൈന്യം പോലും മയക്കുമരുന്നിന് അടിമകളായി മാറിയെന്നാണ് അഫ്ഗാന്‍ പ്രതിരോധ വിദഗ്ധരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ പറയുന്നത്. അമേരിക്കന്‍ സൈനികര്‍ക്ക് കറുപ്പ് എത്തിച്ചു കൊടുത്തു കാശുണ്ടാക്കുന്നവര്‍ മുതല്‍, മയക്കുമരുന്ന് കഴിച്ച് ദേഹാധ്വാനമൊന്നുമില്ലാതെ കഴിയാന്‍ ഇഷ്ടപ്പെടുന്നവര്‍ വരെയുണ്ട് അഫ്ഗാന്‍ സൈന്യത്തില്‍. യുദ്ധം ചെയ്യാന്‍ മടിയുള്ള ഈ കൂട്ടം താലിബാനെ കണ്ടപ്പോള്‍ ആയുധങ്ങള്‍ അവരെ ഏല്‍പ്പിച്ച് സ്ഥലംവിട്ടതാണ് സത്യത്തില്‍ അഫ്ഗാനില്‍ സംഭവിച്ചത്.

14,500 കോടി ഡോളറാണ് അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണത്തിനായി അമേരിക്ക ചെലവിട്ടത്. ഇതില്‍ 83 ബില്യണ്‍ ഡോളര്‍ (ആറ് ലക്ഷം കോടി രൂപ) അഫ്ഗാന്‍ പൊലീസിനെയും സൈന്യത്തെയും സുസജ്ജമാക്കാനായി മാത്രമായിരുന്നു. യു എസ് മറീന്‍ വിഭാഗത്തിന്റെ വാര്‍ഷിക ബജറ്റിന്റെ ഇരട്ടിയാണ് ഈ തുക. അത്യാധുനിക ആയുധങ്ങള്‍, പടക്കോപ്പുകള്‍, ആയുധപ്പുരകള്‍, വാഹനങ്ങള്‍ എന്നിവയടക്കമാണ് അമേരിക്ക അഫ്ഗാന്‍ സൈന്യത്തിന് കൈമാറിയത്. ഇവ ഒന്നടങ്കമാണ് അഫ്ഗാന്‍ സൈന്യം താലിബാന്റെ കാല്‍ക്കീഴില്‍ സമര്‍പ്പിച്ചത്. നിരവധി അമേരിക്കന്‍ യുദ്ധവിമാനങ്ങളും നിശ്ചിതസ്ഥാനത്ത് ആളില്ലാതെ ചെന്ന് കൃത്യമായ ആക്രമണം നടത്തുന്ന ഡ്രോണുകളുമടക്കം കൈനനയാതെ താലിബാന്‍ പിടിച്ചെടുത്തു. കരയിലുള്ള യുദ്ധത്തില്‍ മാത്രം മേല്‍ക്കൈ ഉണ്ടായിരുന്ന താലിബാന്‍ ഇനി വ്യോമാക്രമണത്തിനും സജ്ജമാവും എന്നാണ് ചൂണ്ടിക്കാട്ടുന്നത്. 

'ആയുധങ്ങളേക്കാള്‍ വലുതാണ് സൈന്യത്തിന്റെ ധാര്‍മികത. മനോവീര്യം, അച്ചടക്കം, നേതൃപാടവം, ഒത്തൊരുമ, തുടങ്ങിയവയാണ് യുദ്ധമുന്നണിയില്‍ ഏറ്റവും നിര്‍ണായകമാവുക.''-ഇവയൊന്നും ഇല്ലാത്തതാണ് അഫ്ഗാന്‍ സേനയുടെ പരാജയകാരണമെന്നാണ് അമേരിക്കന്‍ പ്രതിരോധ വിദഗ്ധനായ ലെഫ്. ജനറല്‍ ഡഗ് ലൂട്ട് വിലയിരുത്തുന്നത്. 

ഇതുതന്നെയാണ് അഫ്ഗാനില്‍ സംഭവിച്ചത്. എന്തിന്, ആരോട് യുദ്ധം ചെയ്യണം എന്നൊരു തീര്‍ച്ചയുമില്ലാതെ, നയിക്കാനോ തന്ത്രങ്ങള്‍ രൂപപ്പെടുത്താനാ പറ്റിയ നേതൃത്വം ഇല്ലാതെ യുദ്ധമുഖത്തേക്ക് ഇറങ്ങിയ അഫ്ഗാന്‍ സൈന്യം അനിവാര്യമായ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം താലിബാന് ഇതുവഴി ലഭിച്ച ആയുധശേഖരമാണ്. താലിബാനെ പരാജയപ്പെടുത്തിയ അമേരിക്ക ഇറക്കിയ ആയുധങ്ങള്‍ അവര്‍ക്കു തന്നെ മുതല്‍ക്കൂട്ടാവുകയാണ് ചെയ്തത്.