Asianet News MalayalamAsianet News Malayalam

മകളുടെ ഓർമ്മയ്‍ക്ക് അമ്മ സ്കൂളിനായി വിട്ടുനൽകിയത് ഏഴുകോടിയുടെ ഭൂമി

തന്റെ അച്ഛനിൽ നിന്നും പാരമ്പര്യമായി കിട്ടിയ ഭൂമിയാണ് ഇപ്പോൾ പൂരണം സ്കൂളിന്റെ വികസനത്തിനായി വിട്ടുനൽകിയിരിക്കുന്നത്.

tamil nadu mother donated 7 crores land for school in the memory of daughter rlp
Author
First Published Jan 17, 2024, 1:22 PM IST

മധുരയിൽ മകളുടെ ഓർമ്മയ്ക്കായി ഒരമ്മ സർക്കാരിന് നൽകിയത് ഏഴുകോടിയോളം വിലമതിക്കുന്ന ഭൂമി. ഒരേക്കർ 52 സെന്റ് സ്ഥലമാണ് 52 -കാരിയായ പൂരണം എന്ന് വിളിക്കുന്ന ആയി അമ്മാൾ സൗജന്യമായി നൽകിയത്. സ്കൂൾ വികസിപ്പിക്കുന്നതിന് വേണ്ടിയാണ് ഭൂമി നൽകിയിരിക്കുന്നത്. പിന്നോക്കം നിൽക്കുന്ന മനുഷ്യർക്ക് വേണ്ടി പ്രവർത്തിക്കണം എന്നാ​ഗ്രഹിച്ചിരുന്ന മകൾക്കുള്ള ആദരവായിക്കൂടിയാണ് സ്ഥലം വിട്ടുനൽകിയിരിക്കുന്നത്. 

കാനറ ബാങ്കിലെ ക്ലർക്കായി ജോലി ചെയ്യുകയാണ് ഇവർ. ഏഴ് കോടിയോളം രൂപ വിലമതിക്കുന്ന സ്ഥലം അവർ തന്റെ സ്കൂളായ കോടിക്കുളത്തെ പഞ്ചായത്ത് യൂണിയൻ മിഡിൽ സ്‌കൂളിന് നൽകുകയായിരുന്നു. സ്കൂൾ ഹൈസ്കൂളായി വികസിപ്പിക്കാനായിട്ടാണ് ഭൂമി നൽകിയിരിക്കുന്നത്. ഒരേയൊരു അപേക്ഷ മാത്രമാണ് ഭൂമി വിട്ടുനൽകുമ്പോൾ പൂരണത്തിനുണ്ടായിരുന്നത്. അതിന് അവരുടെ മകളുടെ പേര് നൽകണം. രണ്ട് വർഷം മുമ്പാണ് പൂരണത്തിന്റെ മകൾ യു ജനനി മരിച്ചത്. 

ഭൂമി സ്കൂളിനായി എഴുതി നൽകിയ വിവരം പൂരണം ആരോടും പറഞ്ഞിരുന്നില്ല. ചീഫ് എജ്യുക്കേഷണൽ ഓഫീസർ കെ കാർത്തിഗയ്ക്ക് രേഖകൾ കൈമാറിയ ശേഷം മധുര എംപി എസ് വെങ്കിടേശൻ, വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യാമൊഴി എന്നിവരുൾപ്പെടെ അനവധിപ്പേർ അഭിനന്ദനങ്ങൾ അറിയിച്ചതോടെയാണ് ഇക്കാര്യം ജനങ്ങൾ അറിഞ്ഞത്. 

ഒരുപാട് സഹനങ്ങളിലൂടെയാണ് പൂരണത്തിന്റെ ജീവിതം കടന്നു പോയത്. ജനനി ഒരു കുഞ്ഞായിരിക്കുമ്പോൾ തന്നെ പൂരണത്തിന്റെ ഭർത്താവ് മരിച്ചിരുന്നു. ഭർത്താവിന്റെ ജോലി ലഭിച്ചെങ്കിലും മകളെ വളർത്തുന്നതിനായി ഒരുപാട് ബുദ്ധിമുട്ടുകൾ അവർക്ക് നേരിടേണ്ടി വന്നു. ബികോമിന് പഠിക്കുകയായിരുന്നു ജനനി. സാമ്പത്തികമായും മറ്റും പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കണം എന്ന് എക്കാലവും ജനനി ആ​ഗ്രഹിച്ചിരുന്നു. തന്നെക്കൊണ്ട് കഴിയുന്ന സഹായങ്ങളെല്ലാം ചെയ്തിരുന്നു. 

തന്റെ അച്ഛനിൽ നിന്നും പാരമ്പര്യമായി കിട്ടിയ ഭൂമിയാണ് ഇപ്പോൾ പൂരണം സ്കൂളിന്റെ വികസനത്തിനായി വിട്ടുനൽകിയിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പൂരണത്തെ അഭിനന്ദിച്ചുകൊണ്ട് മുന്നോട്ട് വന്നിരുന്നു. റിപ്പബ്ലിക് ഡേയിൽ പ്രത്യേകം പാരിതോഷികം നൽകി അവരെ അഭിനന്ദിക്കും എന്നാണ് സ്റ്റാലിൻ പറഞ്ഞിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios