താന്യ നമ്പ്യാര്‍. കസ്റ്റമര്‍ കെയറില്‍ വിളിക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ ഉടമ. യൂ ട്യൂബ് പരസ്യങ്ങളിലും സ്‌പോട്ടിഫൈ പോലുള്ള ആപ്പുകളിലുമായി നാം നിരന്തരം കേള്‍ക്കുന്ന ശബ്ദം ഇവരുടേതാണ്. Image Courtesy: Tanya Nambiar  

കമ്പനികളുടെ കസ്റ്റമര്‍ കെയര്‍ സെന്റുകളിലേക്ക് വിളിക്കുന്നത് ഒട്ടും സുഖകരമായ അനുഭവമല്ല. 'താങ്ക് യൂ ഫോര്‍ കോളിംഗ്''എന്നു തുടങ്ങുന്ന റെക്കോര്‍ഡഡ് വോയിസ് മെസേജുകള്‍, 'കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവുകള്‍ ദാ ഇപ്പോ വരും അതുവരെ കാത്തിരിക്കണം', എന്നു പറഞ്ഞ് നമ്മെ ഹോള്‍ഡില്‍ നിര്‍ത്തും. കുറേനേരം നിന്നു കഴിയുമ്പോള്‍, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവിനു പകരം വീണ്ടും അതേ 'നശിച്ച' ശബ്ദം കേള്‍ക്കേണ്ടി വരും.

ഏത് ക്ഷമാശാലിയെയും ദേഷ്യം പിടിപ്പിക്കുന്ന ഇത്തരം വോയിസ് മെസേജുകള്‍ നിങ്ങളും കേട്ടുകാണില്ലേ? പണ്ടാരം, ഈ പെണ്ണുമ്പിള്ള ഒന്നു നിര്‍ത്തിയാല്‍ മതിയായിരുന്നു എന്നൊക്കെ നിങ്ങളും പ്രാകാറില്ലേ? 

കാര്യം കഴിഞ്ഞു കഴിയുമ്പോള്‍ അത്തരം കോളുകളും വോയിസ് മെസേജുമൊക്കെ മറക്കുമെങ്കിലും തുടര്‍ച്ചയായി കേട്ടുകേട്ട് ആ സ്വരവും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട് എന്നു പറഞ്ഞാല്‍ വാസ്തവമാണ്. 

അത്തരമൊരു ശബ്ദത്തിന്റെ ഉടമയെക്കുറിച്ചാണ് ഇനി പറയുന്നത്- താന്യ നമ്പ്യാര്‍. ദില്ലിയില്‍ വളര്‍ന്ന് അവിടെ ജീവിക്കുന്ന ഈ യുവതിയാണ് നാം സ്ഥിരമായി കേള്‍ക്കുന്ന മിക്ക വോയ്‌സ് മെസേജുകളുടെയും ഉടമ. വിദ്യാഭ്യാസ രംഗത്തു പ്രവര്‍ത്തിക്കുന്ന ശാലിനി നമ്പ്യാരുടെ മകളായ താന്യ നമ്പ്യാര്‍ ഇന്ന് രാജ്യത്തെ തിരക്കുള്ള വോയ്‌സ് ഓവര്‍ കലാകാരിയാണ്. ഇതു മാത്രമല്ല, അറിയപ്പെടുന്ന ഗായികയും സംഗീതജ്ഞയുമാണ് താന്യ.

യൂ ട്യൂബ് വീഡിയോകള്‍ക്കിടയില്‍ നമ്മള്‍ അലോസരത്തോടെ കാണാറുള്ള പല പരസ്യങ്ങള്‍ക്കും ശബ്ദം നല്‍കിയത് ഇവരാണ്. സ്‌പോട്ടിഫൈ പോലുള്ള ആപ്പുകള്‍ ഉപയോഗിക്കുന്നതിനിടെ വരുന്ന പല അറിയിപ്പുകളും ഇവരുടെ ശബ്ദത്തിലാണ്. 

View post on Instagram

വോയ്‌സ് ഓവര്‍ എന്ന കല

വോയ്‌സ് ഓവര്‍ കലാകാരന്‍മാര്‍ക്ക് പഴയതിലുമേറെ അവസരങ്ങള്‍ ഉള്ള കാലമാണെങ്കിലും ഇവരില്‍ പലരെയും പുറത്താര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. ഡല്‍ഹി മെട്രോയുടെ അനൗണ്‍സ്‌മെന്റുകള്‍ക്ക് ശബ്ദം നല്‍കിയ ഷമ്മി നാരംഗ്, കോള്‍ ചെയ്യുമ്പോള്‍ ആദ്യം കേള്‍ക്കുന്ന കൊവിഡ് ബോധവല്‍കരണ അറിയിപ്പുകള്‍ക്ക് ശബ്ദം നല്‍കിയ ജസ്‌ലീന്‍ ഭല്ല എന്നിങ്ങനെ ചുരുക്കം പേര്‍ മാത്രമാണ്, ശബ്ദത്തിനു പുറത്ത് ആളുകള്‍ അറിയുന്നവര്‍. അക്കൂട്ടത്തിലേക്കാണ്, സംഗീത രംഗത്ത് ശ്രദ്ധേയയായ താന്യ നമ്പ്യാരും വന്നു ചേരുന്നത്. സബ്‌സ്‌ക്രൈബ് ചെയ്യാനുള്ള അറിയിപ്പുകളും, കാത്തിരിക്കാനും ശ്രദ്ധയോടെ നില്‍ക്കാനുമുള്ള നിര്‍ദേശങ്ങളും സ്‌പോര്‍ട്ടിഫൈ അടക്കമുള്ള അനേകം ആപ്പുകളിലെ വോയിസ് മെസേജുകളുമായി നമ്മുടെ കാതില്‍ സ്ഥിരതാമസമാക്കിയ ഈ കലാകാരിയുടെ ജീവിതം അസാധാരണമാണ്. 

YouTube video player

ഗാനരചയിതാവ്, സംഗീത സംവിധായിക, ഗായിക എന്നീ നിലകളിലും ശ്രദ്ധേയയാണ് താന്യ നമ്പ്യാര്‍. ഭര്‍ത്താവിനൊപ്പം ദില്ലിയില്‍ ഒരു സോസ് കമ്പനി നടത്തുന്നു. വോയിസ് ഓവര്‍ കലാകാരിയായി എത്തുമ്പോള്‍, എന്നാല്‍, അത്ര മ്യൂസിക്കലല്ല കാര്യങ്ങള്‍. ഓരോ ആവശ്യങ്ങള്‍ക്കും പറ്റിയ വെവ്വേറെ സ്വരങ്ങള്‍ വേണം. ചിലതില്‍ പരുക്കനും മൂര്‍ച്ചയുമുള്ള ശബ്ദമാണെങ്കില്‍, മറ്റു ചിലതില്‍, ആളുകളെ ക്ഷമയോടെ ഇരുത്താനാവുന്ന മയമുള്ള ശബ്ദമാണ് വേണ്ടത്. 

YouTube video player

സ്‌പോട്ടിഫൈ, വിന്‍ക് പോലുള്ള സംഗീത ആപ്പുകളില്‍ ഇടയ്ക്കിടെ പോപ് അപ് മെസേജായി വന്ന്, പ്രീമിയം സര്‍വീസുകള്‍ നിങ്ങള്‍ക്കുപയോഗിക്കാനാവില്ലെന്നും മറ്റും അലോസരപ്പെടുത്തുന്ന മെസേജുകളിലെ ശബ്ദവും താന്യ നമ്പ്യാരുടേതാണ്.

ഏഷ്യന്‍ പെയിന്റിന്റെ ഏറെ ശ്രദ്ധേയമായ ഈ പരസ്യത്തിലെ നനവാര്‍ന്ന ശബ്ദവും ഇവരുടേതാണ്. അനീമിയ രോഗത്തെക്കുറിച്ചുള്ള പരസ്യത്തിലും BunkerFit പോലുള്ള ആരോഗ്യ ആപ്പുകളിലും ഇവരുടെ ശബ്ദമുണ്ട്.

Image Courtesy: Tanya Nambiar FB Page 

നാം വെറുക്കുന്ന ശബ്ദങ്ങള്‍

''ഫോണില്‍ ഇടയ്ക്കിടയ്ക്ക് വരുന്ന കസ്റ്റമര്‍ കെയര്‍ പരസ്യങ്ങള്‍ നമുക്കാര്‍ക്കും കണ്ണെടുത്താല്‍ കണ്ടുകൂടാ. അതുപോലെ, പോപ് അപ്് പരസ്യങ്ങളില്‍ വരുന്ന മെസേജും നമ്മെ മടുപ്പിക്കും. വെറുപ്പിക്കും. പക്ഷേ, എനിക്കവയെ ഇഷ്ടപ്പെടാതിരിക്കാനാവില്ല, എന്റെ വയറ്റുപിഴപ്പാണ് അത്''-വൈസ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ഇവര്‍ പറയുന്നു. 

ഡെറാഡൂണിലാണ് താന്യ നമ്പ്യാര്‍ ജനിച്ചത്. അമ്മ ശാലിനി നമ്പ്യാര്‍ വിദ്യാഭ്യാസ കണ്‍സല്‍ട്ടന്‍സി രംഗത്ത് പ്രശസ്തയാണ്. എഴുത്തിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കുന്ന ശാലിനി നമ്പ്യാര്‍ ്രപശസ്തമായ അനേകം കമ്പനികളില്‍ ഉന്നതസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദില്ലിയിലായിരുന്നു താന്യയുടെ പഠനം. ദില്ലി സര്‍വകലാശാലയില്‍നിന്നും ചരിത്രത്തില്‍ ബിരുദം നേടിയ അവര്‍ കുറച്ചുകാലമായി പരസ്യരംഗത്താണ് ശ്രദ്ധയൂന്നുന്നത്. 

ഗൂഗിള്‍ മാപ്‌സ്, അലക്‌സ പോലുള്ള വമ്പന്‍ പ്രൊജക്ടുകള്‍ക്ക് ശബ്ദം നല്‍കുകയാണ് താന്യയുടെ മുന്നിലുള്ള സ്വപ്‌നങ്ങളിലൊന്ന്. അതത്ര അകലെയല്ല എന്നുറപ്പിക്കാവുന്നതാണ് താന്യ നമ്പ്യാരുടെ കരിയര്‍ ഗ്രാഫ്.