''അവധി ദിനങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ ഞാന്‍ പാടത്ത് ജോലി ചെയ്യും. 250 രൂപയോ 300 രൂപയോ കിട്ടും. ആ പൈസ അപ്പോള്‍ തന്നെ ഏതെങ്കിലും ആവശ്യക്കാര്‍ക്ക് നല്‍കും. അല്ലെങ്കില്‍ എന്‍റെ കൂടെ പാടത്ത് ജോലി ചെയ്യുന്നവര്‍ക്ക്...'' പറയുന്നത് തെലങ്കാനയില്‍ നിന്നുള്ള തസ്ലിമ മുഹമ്മദ് എന്ന മുപ്പത്തിനാലുകാരിയായ സബ് രജിസ്ട്രാറാണ്. തസ്ലിമ മിക്ക ആഴ്ചാവസാനങ്ങളിലും പാടത്ത് ജോലിയിലായിരിക്കും. പാടത്തെ ജോലി തസ്ലിമയ്ക്ക് കൂടുതല്‍ സന്തോഷം നല്‍കുന്നു. ഗൊത്തി കോയ എന്ന ഗോത്ര വിഭാഗത്തില്‍ പെടുന്നവരാണ് ഈ മേഖലയില്‍ അധികവും. തെലങ്കാന, ആന്ധ്രപ്രദേശ്, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളിലായി ജീവിക്കുന്ന ജനവിഭാഗമാണിവര്‍. 

കഴിഞ്ഞ ആറ് വര്‍ഷങ്ങളായി തസ്ലിമ പാടത്ത് ജോലി ചെയ്യാനായി എത്തുന്നുണ്ട്. എന്നാല്‍ ജോലി ചെയ്യുന്നു എന്നതിനും അപ്പുറം ആ സമയങ്ങളില്‍ ഗൊത്തി കോയ വിഭാഗത്തിന് സര്‍ക്കാരില്‍ നിന്ന് എന്തൊക്കെ ആനുകൂല്യങ്ങളുണ്ട്, അവ എങ്ങനെയാണ് ലഭ്യമാവുന്നത്, അവയെങ്ങനെ വിനിയോഗിക്കാം തുടങ്ങിയ കാര്യങ്ങളിലെല്ലാം അവരില്‍ അവബോധമുണ്ടാക്കുകയും ചെയ്യുന്നു തസ്ലിമ. 

തന്‍റെ ഭൂതകാലജീവിതമാണ് തനിക്ക് ഇങ്ങനെയെല്ലാം പ്രവര്‍ത്തിക്കാനുള്ള പ്രചോദനമായതെന്ന് തസ്ലിമ പറയുന്നു. അവരുടെ പിതാവ് നക്സലൈറ്റുകളാല്‍ കൊല്ലപ്പെടുകയായിരുന്നു. അഞ്ച് ഏക്കര്‍ ഭൂമിയുണ്ടായിരുന്നതില്‍ കൃഷി ചെയ്തിരുന്നുവെങ്കിലും സാമ്പത്തികമായ കാരണങ്ങളാല്‍ അതെല്ലാം നഷ്ടപ്പെടുകയായിരുന്നു. എങ്കിലും, തനിക്കും കുടുംബത്തിനും കഴിയാനുള്ളത് തന്നിരുന്നത് കൃഷിയാണ് എന്ന് എന്ന് തസ്ലിമ ഓര്‍ക്കുന്നു. ആ വിഷമഘട്ടത്തില്‍, അതിജീവിക്കാന്‍ പാടുപെടുന്നതിനിടയില്‍ തനിക്ക് സര്‍ക്കാര്‍ ജോലിക്ക് വേണ്ടിയുള്ള കോച്ചിംഗിനായി അമ്മ 13,000 രൂപയുണ്ടാക്കിത്തന്നത് എത്ര കഷ്ടപ്പെട്ടിട്ടാണെന്നും തസ്ലിമ പറയുന്നു. 

എന്‍റെ അമ്മ എത്രമാത്രം കഷ്ടതകളിലൂടെയാണ് കടന്നുപോയത് എന്ന് ഞാന്‍ കണ്ടറിഞ്ഞതാണ്. മറ്റൊരാള്‍ അതേ അവസ്ഥയിലൂടെ കടന്നുപോവുന്നത് കാണുമ്പോള്‍ അവരെ സഹായിക്കാനും ആ വിഷമം ഇല്ലാതാക്കാനും എനിക്ക് തോന്നും -തസ്ലിമ പറയുന്നു. ചുറ്റുമുള്ള മനുഷ്യരെ സഹായിക്കുന്നതോടൊപ്പം, അച്ഛനമ്മമാരെ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് അവരുടെ മാതാപിതാക്കളെ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യുന്നു തസ്ലിമ. അവര്‍ക്ക് കൃത്യമായി പൊലീസ്, മറ്റ് നിയമ സഹായം ലഭ്യമാവുന്നുണ്ടോയെന്നും അവര്‍ ഉറപ്പ് വരുത്തുന്നു. 

ഒരിക്കല്‍ എട്ട് മാസം ഗര്‍ഭിണിയായ ഒരു സ്ത്രീ പോകാന്‍ ഒരിടമില്ലാതെ പെരുവഴിയിലായപ്പോള്‍ സഹായവുമായെത്തിയത് തസ്ലിമയാണ്. അവര്‍ അവളെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയും ഭക്ഷണവും മെഡിക്കല്‍ സഹായങ്ങളും നല്‍കുകയും പരിചരിക്കുകയും ചെയ്തു. തന്നെക്കൊണ്ട് കഴിയും വിധം തനിക്ക് മുന്നിലെത്തുന്നവരെയെല്ലാം സഹായിക്കുമെന്ന് തസ്ലിമ പറയുന്നു. ലോക്ക്ഡൗണ്‍ സമയത്ത് യുവാക്കളോടും വിദ്യാര്‍ത്ഥികളോടും തങ്ങളുടെ കുടുംബത്തെ പറ്റുംപോലെ സഹായിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അതുപോലെ തന്‍റെ സാലറിയില്‍ പകുതിയും പറ്റുംപോലെ മറ്റുള്ളവരെ സഹായിക്കാനായി എടുക്കുകയാണ് തസ്ലിമ. അതിന് പിന്തുണയായി ഭര്‍ത്താവും കുടുംബവും ഉണ്ട് എന്നതും അവരെ സന്തോഷിപ്പിക്കുന്നു. 

കൊവിഡ് 19 -നെ തുടര്‍ന്ന് നഗരങ്ങളില്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്തിരുന്ന പലരും നാട്ടിലേക്ക് തിരികെയെത്തിയിട്ടുണ്ട്. അവരോട് കഴിയും വിധം പാടങ്ങളില്‍ കര്‍ഷകരെ സഹായിക്കാന്‍ തസ്ലിമ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്‍റെ ഫലമായി പലരും പാടത്തിറങ്ങാന്‍ തയ്യാറായി. കൊവിഡിനെ തുടര്‍ന്ന് ജോലിയില്ലാതായ അധ്യാപകര്‍, ശരിക്ക് ഭക്ഷണം കിട്ടാത്ത വിദ്യാര്‍ത്ഥികള്‍ ഇവരിലെല്ലാം തസ്ലിമയുടെ സഹായമെത്തുന്നു. ഗൊത്തി കോയ വിഭാഗത്തിനിടയിലുള്ള പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ജനങ്ങള്‍ അവരെ സ്നേഹത്തോടെ 'ഗൊത്തി കോയ ജനങ്ങളുടെ സഹോദരി' എന്ന് വിളിക്കുന്നു.