എന്നാൽ പോലും ഇവയെ സംരക്ഷിച്ചു പോരുക എന്നത് വെല്ലുവിളി തന്നെ ആയിരിക്കും എന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. പക്ഷേ, എന്തിരുന്നാലും ഏഴ് പുതിയ കുഞ്ഞുങ്ങളുണ്ടായിരിക്കുന്നത് ഒരു പുതിയ, മികച്ച മുന്നേറ്റം തന്നെ ആയിരിക്കും.

സിഡ്‌നിയുടെ വടക്കുഭാഗത്തുള്ള ബാരിംഗ്‌ടൺ ടോപ്‌സിലെ ഒരു വൈല്‍ഡ് സാങ്ച്വറിയില്‍ നിന്നും ഒരു സന്തോഷവാര്‍ത്ത എത്തിയിരിക്കുകയാണ്. മറ്റൊന്നുമല്ല, മൂവായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ ഇല്ലാതായ ടാസ്മേനിയന്‍ ഡെവിളി(Tasmanian devil) -ന്‍റെ ഒരു കൂട്ടം ഇവിടെ ജനിച്ചിരിക്കുന്നു. സംരക്ഷണ ഗ്രൂപ്പായ ഓസി ആർക്ക് നടത്തുന്ന ഈ സംരക്ഷണ പദ്ധതി ലക്ഷ്യമിടുന്നത്, ഓസ്‌ട്രേലിയയിലെ പ്രധാന ഭൂപ്രദേശത്ത് ടാസ്മേനിയൻ ഡെവിളുകളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നതാണ്. ഓസ്ട്രേലിയയിലെ ദ്വീപായ ടാസ്മേനിയയിൽ മാത്രം കണ്ടുവരുന്ന മാംസഭോജിയായ ഒരു സഞ്ചിമൃഗമാണ് ടാസ്മേനിയൻ ഡെവിൾ എന്ന് അറിയപ്പെടുന്നത്. അതിശയിപ്പിക്കുന്ന വേഗതയും സ്ഥിരതയുമാണ് ഈ ഡെവിളുകളുടെ പ്രത്യേകത. കൂടാതെ, മരങ്ങളിൽ കയറാനും നദികളിലൂടെ നീന്താനും ഇവയ്ക്കു കഴിയും. എന്തിരുന്നാലും ഓസ്ട്രേലിയയുടെ പ്രധാന ഭൂപ്രദേശങ്ങളിൽ നിന്നും ഇവ അപ്രത്യക്ഷ്യമാവുകയായിരുന്നു. 

അവയുടെ എണ്ണം സുസ്ഥിരമായി നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഓസ്ട്രേലിയയിലെ പ്രധാ ഭൂപ്രദേശത്തേക്ക് ഇവയെ തിരികെ എത്തിക്കാനായി 10 വര്‍ഷമായി തങ്ങൾ അശ്രാന്ത പരിശ്രമം നടത്തുകയാണ് എന്ന് ഓസീ ആര്‍ക് പ്രസിഡണ്ട് ടിം ഫോള്‍ക്നര്‍ പറയുന്നു. 2020 -ന്‍റെ അവസാനത്തോടെ ഓസീ ആര്‍ക് ടീം 26 പൂർണ വളര്‍ച്ചയെത്തിയ ഇനങ്ങളെ ബാരിംഗ്ടണ്‍ ടോപ്പിലെ 400 ഹെക്ടറിലെ സംരക്ഷിത മേഖലയിൽ എത്തിച്ചിരുന്നു. അതില്‍ ഏഴെണ്ണം പ്രത്യുല്‍പാദനത്തിനായുള്ള പെണ്‍ വര്‍ഗമായിരുന്നു. ഈ സ്ഥലത്ത് പൂച്ചകളില്‍ നിന്നും കുറുക്കന്‍മാരില്‍ നിന്നും ഇവയെ സംരക്ഷിക്കാനായി വൈദ്യുതവേലികള്‍ കെട്ടിത്തിരിച്ചിട്ടുണ്ടായിരുന്നു. ഈ ടാസ്മേനിയൻ ഡെവിളുകളെ സംരക്ഷിത മേഖലയിലേക്ക് വിട്ട് മാസങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഏഴ് ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് അവ ജന്മം നല്‍കിയിരിക്കുകയാണ്. ഈ വര്‍ഷം ഇവയുടെ എണ്ണം ഇരുപത് വരെയെത്തുമെന്ന പ്രതീക്ഷയിലാണ് ഓസീ ആര്‍ക്കിലെ സംരക്ഷണ പ്രവര്‍ത്തകര്‍. 

3,000 വര്‍ഷങ്ങളായി ഓസ്ട്രേലിയയിലെ പ്രധാന ഭൂപ്രദേശത്ത് ടാസ്മേനിയന്‍ ഡെവിളുകളെ കാണാനില്ലായിരുന്നു. ഓസ്ട്രേലിയയിൽ കണ്ടു വരുന്ന ഡിം​ഗോസ് എന്ന് അറിയപ്പെടുന്ന ഒരു തരം നായകളായിരുന്നു ഇവ ഇല്ലാതായതിന് പ്രധാന കാരണമായി തീർന്നത്. ഈ നായകളില്ലാത്ത സ്ഥലങ്ങളില്‍ ഇവയെ കണ്ടുവന്നെങ്കിലും കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ 90 ശതമാനം കുറവാണ് ഇവയുടെ എണ്ണത്തിലുണ്ടായത്. ഒരു പ്രത്യേകതരം കാന്‍സറാണ് ഇതിന് പ്രധാന കാരണമായി തീര്‍ന്നത്. അതിനെതിരായ വാക്സിനുകൾ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ഇപ്പോള്‍, വെറും 25,000 ടാസ്മേനിയൻ ഡെവിളുകൾ മാത്രമാണ് ഡിം​ഗോസ് ഇല്ലാത്ത മറ്റ് പ്രദേശങ്ങളിൽ ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്നത്. അതിനാല്‍ തന്നെ അവയെ വംശനാശം സംഭവിക്കുന്നവയുടെ ​ഗണത്തിൽ പെടുത്തി റെഡ്ലിസ്റ്റില്‍ ഉൾപ്പെടുത്തിയിരിക്കുകയാണ്. അങ്ങനെയാണ് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അസുഖമില്ലാത്ത പ്രദേശത്തേക്ക് ഇവയെ എത്തിക്കുകയും ഇവയുടെ എണ്ണം കൂട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തത്. ഓസ്ട്രേലിയയുടെ ഈ പ്രധാന ഭൂപ്രദേശത്തേക്ക് ഇവയെ എത്തിക്കുന്നതിനു പിന്നില്‍ രോഗങ്ങളില്‍ നിന്നും മറ്റ് മൃഗങ്ങളില്‍ നിന്നും ഇവയെ സംരക്ഷിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്. 

എന്നാൽ പോലും ഇവയെ സംരക്ഷിച്ചു പോരുക എന്നത് വെല്ലുവിളി തന്നെ ആയിരിക്കും എന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. പക്ഷേ, എന്തിരുന്നാലും ഏഴ് പുതിയ കുഞ്ഞുങ്ങളുണ്ടായിരിക്കുന്നത് ഒരു പുതിയ, മികച്ച മുന്നേറ്റം തന്നെ ആയിരിക്കും. അതിലൂടെ, ഓസ്ട്രേലിയൻ പ്രധാന ഭൂപ്രദേശത്തേക്കുള്ള ഇവയുടെ തിരിച്ചു വരവിന് കാരണമാകും എന്നാണ് ഇവയുടെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. 

(ചിത്രങ്ങൾ വിവിധ കാലങ്ങളിൽ ഓസ്ട്രേലിയയിൽ നിന്നും പകർത്തിയത്. കടപ്പാട്: ​ഗെറ്റി ഇമേജസ്)