നിരന്തരം ഇവർ ഭർത്താവിന്റെ റിവ്യൂവും റൈഡുകളും എല്ലാം പരിശോധിക്കാറുണ്ട്. അങ്ങനെയാണ് താൻ ധരിച്ച വസ്ത്രം അവർക്ക് ഇഷ്ടപ്പെടാതെ വന്നത് എന്നും കെരോളെ പറയുന്നു.

പ്രശസ്തയായ ബ്രസീലിയൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് കെരോളെ ഷാവേസ്. തനിക്ക് ആപ്പ് വഴി ബുക്ക് ചെയ്ത ഒരു ടാക്സി ഡ്രൈവറിൽ നിന്നും വൺ സ്റ്റാർ ലഭിച്ചതിനെ കുറിച്ചാണ് ഇപ്പോൾ കെരോളെ വെളിപ്പെടുത്തുന്നത്. 

ജിമ്മിൽ നിന്നും തിരികെ വീട്ടിലേക്ക് പോരുകയായിരുന്നു അവൾ. ഒരു ആപ്പ് വഴിയാണ് ടാക്സി ബുക്ക് ചെയ്തത്. എന്നാൽ, തിരികെ വീട്ടിലെത്തിയപ്പോഴാണ് തനിക്ക് വൺ സ്റ്റാർ ലഭിച്ചിരിക്കുന്നതായി കണ്ടത്. അത് അവളെ ആകെ കൺഫ്യൂഷനിലാക്കിയത്രെ. എന്നാൽ, അതുകൊണ്ടും തീർന്നില്ല. പിന്നാലെ അവൾക്ക് വന്നത് ഡ്രൈവറുടെ ഭാര്യയുടെ മെസ്സേജ് ആണ്. അതവളെ ശരിക്കും ഞെട്ടിച്ചു. 

അതിൽ പറഞ്ഞിരുന്നത്, എനിക്ക് നിങ്ങളുടെ വസ്ത്രധാരണം ഇഷ്ടപ്പെട്ടില്ല, ഒരു ടാക്സിയിൽ യാത്ര ചെയ്യുമ്പോൾ ധരിക്കേണ്ടുന്ന വസ്ത്രം ഇതല്ല. അതുകൊണ്ടാണ് നെഗറ്റീവ് റിവ്യൂ തന്നത് എന്നാണത്രെ. 

ഇത് കെരോളെയെ വല്ലാതെ അലോസരപ്പെടുത്തുകയായിരുന്നു. ഭാര്യയ്ക്കെന്താണ് ഭർത്താവിന്റെ ജോലിയിൽ കാര്യം എന്നാണ് അവൾ ചോദിക്കുന്നത്. ടാക്സിയോടിക്കുന്നത് ഭർത്താവാണ്. പിന്നെ ഭാര്യയ്ക്ക് റിവ്യൂ ഇടുന്നതിലും മെസ്സേജ് അയക്കുന്നതിലും എന്താണ് കാര്യം എന്നാണ് അവളുടെ ചോദ്യം. 

നിരന്തരം ഇവർ ഭർത്താവിന്റെ റിവ്യൂവും റൈഡുകളും എല്ലാം പരിശോധിക്കാറുണ്ട്. അങ്ങനെയാണ് താൻ ധരിച്ച വസ്ത്രം അവർക്ക് ഇഷ്ടപ്പെടാതെ വന്നത് എന്നും കെരോളെ പറയുന്നു. ഇതൊരിക്കലും ശരിയായ കാര്യമല്ല. തന്നെ അറിയുക പോലും ചെയ്യാത്ത ഒരാൾ ഇങ്ങനെ പറയുന്നത് ശരിയല്ല. ഇതൊട്ടും ആരോ​ഗ്യകരമായ കാര്യമല്ല. എങ്ങനെയാണ് പങ്കാളിയുടെ ജോലിക്കാര്യത്തിൽ‌ നിങ്ങൾ ഇടപെടുന്നത് എന്നും അവൾ ചോദിക്കുന്നു. 

എന്തായാലും, ഇതെല്ലാം അവരുടെ ബന്ധങ്ങൾക്കിടയിലെ കാര്യമാണ്. അതിനാൽ തന്നെ ഡ്രൈവർക്കോ ആപ്പിനോ എതിരെ എന്തെങ്കിലും പരാതി നൽകാൻ താൻ ഉദ്ദേശിക്കുന്നില്ല എന്നും കെരോളെ പറഞ്ഞു. 

അതേസമയം, ഇതിന് മുമ്പും വസ്ത്രധാരണത്തിന്റെ പേരിൽ ഇവർ വാർത്തയായിത്തീർന്നിട്ടുണ്ട്. സൂപ്പർമാർക്കറ്റിൽ പോയപ്പോഴുള്ള വസ്ത്രധാരണം ശരിയല്ല എന്ന പേരിലായിരുന്നു അന്ന് വിവാദമുണ്ടായത്.