Asianet News MalayalamAsianet News Malayalam

Holocaust : കുഞ്ഞുങ്ങളോട് ഹോളോകോസ്റ്റ് അഭിനയിച്ച് കാണിക്കാനാവശ്യപ്പെട്ടു, അധ്യാപകന് സസ്പെന്‍ഷന്‍

എന്നാൽ, ഇതിനിടയിൽ അധ്യാപകൻ യഹൂദവിരുദ്ധ പരാമർശങ്ങൾ നടത്തിയതായും ആരോപിക്കപ്പെടുന്നു. എന്തുകൊണ്ടാണ് ജർമ്മൻകാർ ഇത് ചെയ്തതെന്ന് കുട്ടികൾ ചോദിച്ചപ്പോൾ, "യഹൂദന്മാർ ക്രിസ്മസ് നശിപ്പിച്ചതുകൊണ്ടാണ്" എന്ന് അയാൾ പറഞ്ഞുവെന്ന് ഒരു രക്ഷിതാവ് പറഞ്ഞു. 

teacher asked students to reenact Holocaust
Author
Washington D.C., First Published Dec 20, 2021, 2:00 PM IST

മൂന്നാം ക്ലാസിലെ കുട്ടികളോട് ഹോളോകോസ്റ്റ്(Holocaust) അഭിനയിച്ച് കാണിക്കാൻ പറഞ്ഞ ഒരു അധ്യാപകനെ വാഷിംഗ്ടൺ ഡിസി(Washington DC)യിലെ ഒരു സ്കൂൾ സസ്പെൻഡ് ചെയ്തു. കൂട്ടക്കുഴിമാടങ്ങൾ കുഴിക്കുന്നതും, ഇരകളെ വെടിവച്ചുകൊല്ലുന്നതും അഭിനയിച്ച് കാണിക്കാൻ കുരുന്നുകളെ അധ്യാപകൻ പ്രേരിപ്പിച്ചത് മാതാപിതാക്കളെ രോഷാകുലരാക്കി. വിചിത്രമായ ആ നാടകത്തിൽ, ഒരു ജൂതവിദ്യാർത്ഥിയാണ് അഡോൾഫ് ഹിറ്റ്‌ലറുടെ വേഷത്തിൽ അഭിനയിച്ചത്. ഒരുപക്ഷേ ആത്മഹത്യ എന്താണെന്ന് പോലും തിരിച്ചറിയാത്ത ആ പ്രായത്തിൽ, ആ കുരുന്നിനോട് തോക്കുപയോഗിച്ച് സ്വയം ആത്മഹത്യ ചെയ്യുന്നത് അഭിനയിച്ച് കാണിക്കാനും അധ്യാപകൻ ആവശ്യപ്പെട്ടു.  

യുഎസ് തലസ്ഥാനത്തെ വാറ്റ്കിൻസ് എലിമെന്ററി സ്കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഒരു ലൈബ്രറി പിരീഡിൽ കുട്ടികൾ സ്വയം ചെയ്യേണ്ട ഒരു പ്രൊജക്റ്റ് ഉണ്ടായിരുന്നു. എന്നാൽ, അതിന് അധ്യാപകൻ കണ്ടെത്തിയത് ഹോളോകോസ്റ്റിന്റെ ദൃശ്യങ്ങൾ പുനരാവിഷ്‌ക്കരിക്കലായിരുന്നു. ഇതിന് അധ്യാപകനെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ഇതിൽ ദാരുണമായ ഗ്യാസ് ചേമ്പർ മരണങ്ങളും, കൂട്ടക്കുഴിമാടങ്ങളും എല്ലാം ഉൾപ്പെടുത്തി. എട്ടും പൊട്ടും തിരിയാത്ത കുട്ടികളെക്കൊണ്ട് അയാൾ വേദനാജനകമായ ദൃശ്യങ്ങൾ അഭിനയിപ്പിച്ചു.

എന്നാൽ, ഇതിനിടയിൽ അധ്യാപകൻ യഹൂദവിരുദ്ധ പരാമർശങ്ങൾ നടത്തിയതായും ആരോപിക്കപ്പെടുന്നു. എന്തുകൊണ്ടാണ് ജർമ്മൻകാർ ഇത് ചെയ്തതെന്ന് കുട്ടികൾ ചോദിച്ചപ്പോൾ, "യഹൂദന്മാർ ക്രിസ്മസ് നശിപ്പിച്ചതുകൊണ്ടാണ്" എന്ന് അയാൾ പറഞ്ഞുവെന്ന് ഒരു രക്ഷിതാവ് പറഞ്ഞു. ഒരു കൊച്ചുകുട്ടിയാണെന്നത് പോലും മറന്ന് മറ്റൊരു വിദ്യാർത്ഥിയോട് ഗ്യാസ് ചേമ്പറിൽ മരിക്കുന്നത് പോലെ അഭിനയിച്ച് കാണിക്കാൻ അയാൾ പറഞ്ഞു. മറ്റൊരു രംഗത്തിൽ, സഹപാഠികളെ വെടിവയ്ക്കുന്നത് പോലെ അഭിനയിക്കാനും അവനോട് അയാൾ പറഞ്ഞു. ഒടുവിൽ ഈ നാടകത്തെ കുറിച്ച് ആരോടും പറയരുതെന്ന് അധ്യാപകൻ കുട്ടികളോട് ചട്ടം കെട്ടിയിരുന്നു. എന്നാൽ, അവർ അത് അവരുടെ ഹോംറൂം ടീച്ചറെ അറിയിച്ചു.

'ഇത് തെറ്റായ തീരുമാനമായിരുന്നെന്ന് ഞാൻ അംഗീകരിക്കുന്നു. കാരണം ഏതെങ്കിലും തരത്തിലുള്ള ക്രൂരത, പ്രത്യേകിച്ച് വംശഹത്യ, യുദ്ധം അല്ലെങ്കിൽ കൊലപാതകം എന്നിവ അഭിനയിക്കാനോ ചിത്രീകരിക്കാനോ വിദ്യാർത്ഥികളോട് ആവശ്യപ്പെടരുത്' സ്കൂൾ പ്രിൻസിപ്പൽ എംസ്കോട്ട് ബെർകോവിറ്റ്സ് മാതാപിതാക്കൾക്ക് അയച്ച ഇമെയിലിൽ പറഞ്ഞു. ഇതിനെത്തുടർന്നാണ് അധ്യാപകനെ സസ്‌പെൻഡ് ചെയ്തത്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടന്ന് വരികയാണ്. 

Follow Us:
Download App:
  • android
  • ios