ലോകം മാറുന്ന വേഗം ടേര്‍ണർ മുൻകൂട്ടി കണ്ടിരുന്നു. രാഷ്ട്രീയം, യുദ്ധം, സാമ്പത്തികം — ഒന്നും കാത്തുനിൽക്കില്ല; അതിനാൽ വാർത്തയും ഉറങ്ങാൻ പാടില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. ആ ആശയമാണ് പിന്നീട് ലോകമെമ്പാടുമുള്ള 24 മണിക്കൂർ വാർത്താ ചാനലുകളുടെ മാതൃകയായത്.
ടെലിവിഷൻ മാധ്യമചരിത്രത്തെ രണ്ടായി വിഭജിക്കേണ്ടി വരുമെങ്കിൽ, അത് ടെഡ് ടേര്‍ണറിന് മുമ്പും ശേഷവും എന്നായിരിക്കും. കാരണം വാർത്ത എന്നത് നിശ്ചിത സമയത്ത് മാത്രം കാണേണ്ട ഒരു പരിപാടിയല്ല, ലോകം ശ്വസിക്കുന്ന ഓരോ നിമിഷവും അതിനൊപ്പം സഞ്ചരിക്കേണ്ട ഒന്നാണെന്ന് ലോകത്തെ ആദ്യം വിശ്വസിപ്പിച്ച മനുഷ്യനായിരുന്നു അദ്ദേഹം. ടെഡ് ടേര്‍ണറിന്റെ മരണത്തോടെ ഒരു മാധ്യമ സ്ഥാപനത്തിന്റെ സ്ഥാപകൻ മാത്രമല്ല, ആധുനിക വാർത്താ സംസ്കാരത്തിന്റെ ശിൽപി കൂടിയാണ് വിടപറഞ്ഞത്. മാധ്യമലോകത്തെ മാറ്റിമറിച്ച ഒരു ദർശകന്റെ വിടവാങ്ങൽ കൂടിയാണ് ഇത്.
1980 ജൂൺ 1 -ന് സി.എൻ.എൻ ആരംഭിച്ചപ്പോൾ പലരും അതിനെ പരിഹസിച്ചു. '24 മണിക്കൂറും ആരാണ് വാർത്ത കാണുക' എന്നായിരുന്നു അന്നത്തെ ചോദ്യം. സി.എൻ.എൻ എന്നാൽ ‘ചിക്കൻ നൂഡിൽ നെറ്റ്‌വർക്ക്’ എന്ന് വരെ ഉയർന്നു പരിഹാസം.
എന്നാൽ, ലോകം മാറുന്ന വേഗം ടേര്‍ണർ മുൻകൂട്ടി കണ്ടിരുന്നു. രാഷ്ട്രീയം, യുദ്ധം, സാമ്പത്തികം — ഒന്നും കാത്തുനിൽക്കില്ല; അതിനാൽ വാർത്തയും ഉറങ്ങാൻ പാടില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. ആ ആശയമാണ് പിന്നീട് ലോകമെമ്പാടുമുള്ള 24 മണിക്കൂർ വാർത്താ ചാനലുകളുടെ മാതൃകയായത്. ഇന്ന് 'ബ്രേക്കിംഗ് ന്യൂസ്' സംസ്കാരമെന്നത് അദ്ദേഹത്തിന്റെ ദർശനത്തിന്റെ തുടർച്ചയാണ്.

എന്നാൽ, ടേര്‍ണർ വെറും സി.എൻ.എൻ സ്ഥാപകൻ മാത്രമായിരുന്നില്ല. ഒരു ചെറിയ അറ്റ്ലാന്റ സ്റ്റേഷനെ ദേശീയ 'സൂപ്പർസ്റ്റേഷൻ' ആക്കി മാറ്റിയ അദ്ദേഹം പിന്നീട് എം.ജി.എം സിനിമാ ലൈബ്രറി സ്വന്തമാക്കി ടേര്‍ണർ ക്ലാസിക് മൂവീസ് ആരംഭിച്ചു. ഹാന -ബാർബറ കാർട്ടൂണുകൾ വാങ്ങി കാർട്ടൂൺ നെറ്റ്‌വർക്ക് രൂപീകരിച്ചു. വാർത്ത, സിനിമ, കാർട്ടൂൺ, കായികം -പ്രേക്ഷകരുടെ ഓരോ മനോഭാവത്തിനും പ്രത്യേകം ലോകങ്ങൾ അദ്ദേഹം സൃഷ്ടിച്ചു. ഇന്ന് 'മീഡിയ കോൺഗ്ലോമറേറ്റ്' എന്ന് വിളിക്കുന്ന ആശയം വ്യാപാര യാഥാർഥ്യമായി മാറ്റിയവരിൽ ഏറ്റവും പ്രധാനപ്പെട്ട ആളായിരുന്നു അദ്ദേഹം.
അതേസമയം, ടെഡ് ടേര്‍ണർ അതീവ വിവാദപരമായ വ്യക്തിത്വവുമായിരുന്നു. 'Captain Outrageous' എന്ന വിളിപ്പേര് ലഭിച്ചത് വെറുതെയല്ല. രാഷ്ട്രീയം, യുദ്ധം, പരിസ്ഥിതി, അമേരിക്കൻ നയങ്ങൾ -ഏത് വിഷയത്തെ കുറിച്ചും അദ്ദേഹം തുറന്നു സംസാരിച്ചു. പല പ്രസ്താവനകളും വിമർശനങ്ങൾക്ക് വഴിവെച്ചെങ്കിലും, മാധ്യമരംഗത്ത് സുരക്ഷിതമായ വഴികളിലൂടെ ഒരിക്കലും അദ്ദേഹം നടന്നില്ല.
അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ അടയാളങ്ങളിൽ ഒന്ന് മനുഷ്യസ്നേഹത്തിലൂന്നിയ പ്രവർത്തനങ്ങളായിരുന്നു. അമേരിക്കൻ കൺസർവേറ്റീവുകൾ നിരന്തരം വിമർശിച്ചിരുന്ന ഐക്യരാഷ്ട്രസഭയ്ക്ക് അദ്ദേഹം ഒരു ബില്യൺ ഡോളർ സംഭാവനയായി നൽകി. അത് വെറും പണം നൽകിയ സംഭവം മാത്രമായിരുന്നില്ല; ലോക സഹകരണത്തിലും സമാധാനത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന വിശ്വാസത്തിന്റെ പ്രഖ്യാപനമായിരുന്നു. പിന്നീട് രൂപീകരിച്ച യു.എൻ ഫൗണ്ടേഷനും ആണവായുധ നിയന്ത്രണ പ്രവർത്തനങ്ങൾക്കും അദ്ദേഹം വലിയ പിന്തുണ നൽകി.

ഗൾഫ് യുദ്ധകാലത്ത് ബാഗ്ദാദിൽ നിന്നുള്ള തത്സമയ സംപ്രേഷണം ലോകത്തെ വിറപ്പിച്ചപ്പോൾ, യുദ്ധം പിറ്റേന്ന് വായിക്കുന്ന വാർത്തയല്ല, മനുഷ്യർ ആ നിമിഷം അനുഭവിക്കുന്ന യാഥാർഥ്യമാണെന്ന് ലോകം തിരിച്ചറിഞ്ഞു. വാർത്തയെ 'ലൈവ് ഹിസ്റ്ററി' ആക്കിയ ആ നിമിഷം ടെഡ് ടർണറിന്റെ മാധ്യമ ദർശനത്തിന്റെ പരമാവധി ഉയരമായിരുന്നു.
ജീവിതത്തിന്റെ അവസാനഘട്ടത്തിൽ ലൂയി ബോഡി ഡിമെൻഷ്യ അദ്ദേഹത്തെ ശാരീരികമായി ക്ഷീണിപ്പിച്ചെങ്കിലും, അദ്ദേഹത്തിന്റെ സ്വാധീനം ഇന്നും ലോക മാധ്യമരംഗത്ത് ശക്തമായി നിലനിൽക്കുന്നു. ലോകം ഓരോ നിമിഷവും 'ബ്രേക്കിംഗ് ന്യൂസ്' കാണുന്നിടത്തോളം, ടെഡ് ടർണർ എന്ന പേര് മാധ്യമചരിത്രത്തിൽ ശാശ്വതമായി നിലനിൽക്കും.
