ദിവസവും ഒപ്പം ജോലി ചെയ്തിരുന്ന ക്ലയന്റ് ടീമിനോട് പോലും അഭിപ്രായം ചോദിക്കാതെ ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്തടിസ്ഥാനത്തിലാണ് എന്നാണ് യുവാവ് ചോദിക്കുന്നത്.

ഒരു ഇന്ത്യൻ ഐടി സർവീസ് കമ്പനിയിൽ കരാർ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിച്ച് വെറും ആറ് മാസം മാത്രമായപ്പോൾ തന്നെ പിരിച്ചുവിട്ട അനുഭവം പങ്കുവെക്കുകയാണ് ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ. ക്ലയന്റ് ടീമുമായി നല്ല ബന്ധം പുലർത്തുകയും കൃത്യമായി ജോലി പൂർത്തിയാക്കുകയും ചെയ്തിട്ടും, മുൻകൂട്ടി യാതൊരു മുന്നറിയിപ്പോ ഫീഡ്‍ബാക്കോ നൽകാതെയാണ് കമ്പനി ഈ തീരുമാനമെടുത്തതെന്നാണ് റെഡ്ഡിറ്റ് പോസ്റ്റിൽ യുവാവ് കുറിച്ചിരിക്കുന്നത്. തന്റെ പെർഫോമൻസിൽ പ്രശ്നമുണ്ടെന്നും അതുകൊണ്ടാണ് പിരിച്ചുവിടുന്നതെന്ന് അറിയിച്ചതായും യുവാവ് പറയുന്നു. എന്നാൽ, ദിവസവും ഒപ്പം ജോലി ചെയ്തിരുന്ന ക്ലയന്റ് ടീമിനോട് പോലും അഭിപ്രായം ചോദിക്കാതെ ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്തടിസ്ഥാനത്തിലാണ് എന്നാണ് യുവാവ് ചോദിക്കുന്നത്.

ഏഴുപേർ വരുന്ന ടീമിൽ, അവസാനമായി പൂർത്തിയാക്കിയ 90 സ്റ്റോറീസിൽ 40 എണ്ണവും പൂർത്തിയാക്കിയത് താനായിരുന്നു എന്നും യുവാവ് പറയുന്നു. പ്രതീക്ഷിച്ചതിലും കൂടുതൽ 'ബഗുകൾ' ഉണ്ടെന്ന ആരോപണവും ഇയാൾ തള്ളി. ലൈവ് സിസ്റ്റങ്ങളെ ബാധിക്കുന്നതിനാലാണ് പല പ്രൊഡക്ഷൻ തകരാറുകളും തനിക്ക് പരിഹരിക്കേണ്ടി വന്നതെന്നും, അവയൊന്നും തുടക്കത്തിൽ തനിക്ക് നൽകിയ ജോലികളായിരുന്നില്ലെന്നും യുവാവ് പറയുന്നു.

ഒഴിവാക്കാനാവാത്ത ഒരു മെഡിക്കൽ അപോയിൻമെന്റ് കാരണം സ്റ്റാൻഡ് അപ്പ് മീറ്റിം​ഗിന് അഞ്ച് മിനിറ്റ് വൈകിയെത്തിയതാണ് പിന്നീട് പെർഫോമൻസിലെ വീഴ്ചയായി ചിത്രീകരിച്ചതെന്നും യുവാവ് ആരോപിക്കുന്നു. എന്നാൽ, ക്ലയന്റ് ടീമിനെയും എൻജിനീയറിംഗ് മാനേജരെയും ഇത് മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും അവർക്ക് ഇതിൽ എതിർപ്പുകൾ ഒന്നുമുണ്ടായിരുന്നില്ലെന്നും യുവാവ് പറഞ്ഞു. ടീമിന്റെ ജോലിയുമായി വലിയ ബന്ധമില്ലാത്ത നിർബന്ധിത എഐ പരിശീലനങ്ങളെയും ഇയാൾ വിമർശിച്ചു. വർക്ക് ഫ്രം ഹോം ചെയ്യുമ്പോൾ ജീവനക്കാർ സ്ലാക്ക്, മൈക്രോസോഫ്റ്റ് ടീംസ് എന്നിവയിലെ സ്റ്റാറ്റസ് എപ്പോഴും 'ആക്ടീവ്' ആയി നിലനിർത്തണമെന്ന് കമ്പനി നിർബന്ധിച്ചിരുന്നതായും ഇയാൾ ആരോപിക്കുന്നു.

പിരിച്ചുവിട്ടതിനെ കുറിച്ച് യുവാവ് കുറിക്കുന്നത് ഇങ്ങനെ; 'ഇത് ചെയ്ത രീതിയിൽ എനിക്ക് വലിയ വിഷമമുണ്ട്. വാണിം​ഗില്ല, ഫീഡ്ബാക്കില്ല, ട്രാൻസ്പെറൻസിയില്ല, നോട്ടീസില്ല, വിലയിരുത്തലുകൾ ഒന്നുമില്ല'. ഇന്ന് പല കമ്പനികളും ഇത്തരത്തിൽ തൊഴിലാളികളെ പിരിച്ചുവിടുന്നുണ്ട്. സമാനമായ അനുഭവങ്ങൾ പങ്കുവച്ചും ഇത്തരം നീതിയുക്തമല്ലാത്ത പിരിച്ചുവിടലിനെ വിമർശിച്ചും അനേകങ്ങളാണ് കമന്റുകൾ നൽകിയത്.