അയൽക്കാർ പറയുന്നതനുസരിച്ച്, കുട്ടിയുടെ 46 -കാരിയായ അമ്മ പലപ്പോഴും അടുത്തുള്ള ഗ്രാമങ്ങളിലും ക്ഷേത്രങ്ങളിലും ഭക്ഷണത്തിനും പണത്തിനും വേണ്ടി യാചിക്കാൻ പോകുമായിരുന്നു.

തായ്‍ലാൻ‌ഡിൽ നിന്നുമുള്ള ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ വ്യാപകശ്രദ്ധ നേടുന്നത്. ഒരു എട്ടുവയസുകാരൻ വർഷങ്ങളോളം വീട്ടിൽ നായകൾക്കൊപ്പം കഴിയേണ്ടി വന്നതിനെ തുടർന്ന് അവയെ പോലെ പെരുമാറാൻ തുടങ്ങി. സ്കൂളിൽ പോലും പോകാൻ കഴിയാതെയിരുന്ന അവന് കൂട്ടിന് ആ വീട്ടിലുണ്ടായിരുന്നത് ആറ് നായകളാണ്.

ഒരു കുട്ടിക്ക് നൽകേണ്ടുന്ന യാതൊരുവിധ പരിചരണവും അവന് കിട്ടിയിരുന്നില്ല. അവനെ സ്കൂളിൽ അയച്ചിട്ടില്ല, അവനെ നോക്കാൻ വീട്ടിൽ മിക്കവാറും ആരും ഉണ്ടായിരുന്നില്ല. നായകൾക്കൊപ്പം താമസിച്ച് കുട്ടി സംസാരിക്കുന്നതിന് പകരം നായകളെ പോലെ കുരയ്ക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം കുട്ടി രണ്ട് വർഷമായി സ്കൂളിൽ പോകുന്നില്ലായിരുന്നു. എന്നാൽ, അവന്റെ അമ്മയ്ക്ക് അവന്റെ സ്കൂൾ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള 400 ബാറ്റ് (ഏകദേശം 1,050 രൂപ) സർക്കാർ വിദ്യാഭ്യാസ സബ്സിഡി തുടർന്നും ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ആ ഫണ്ട് ഒരിക്കലും അവന്റെ വിദ്യാഭ്യാസത്തിന് വേണ്ടി ഉപയോ​ഗിച്ചിട്ടേ ഇല്ലായിരുന്നു.

അയൽക്കാർ പറയുന്നതനുസരിച്ച്, കുട്ടിയുടെ 46 -കാരിയായ അമ്മ പലപ്പോഴും അടുത്തുള്ള ഗ്രാമങ്ങളിലും ക്ഷേത്രങ്ങളിലും ഭക്ഷണത്തിനും പണത്തിനും വേണ്ടി യാചിക്കാൻ പോകുമായിരുന്നു. വടക്കൻ തായ്‌ലൻഡിലെ ഉത്തരാദിത് പ്രവിശ്യയിലുള്ള ഒരു ചെറിയ തടികൊണ്ടുണ്ടാക്കിയ വീട്ടിൽ കുട്ടിയെ തനിച്ചാക്കിയിട്ടാണ് അവർ യാചിക്കാൻ പോയിരുന്നത്. ഈ സമയത്ത് കുടുംബം വളർത്തിയിരുന്ന ആറ് നായ്ക്കളായിരുന്നു അവന്റെ ആകെയുള്ള സു​ഹൃത്തുക്കൾ.

സ്കൂൾ പ്രിൻസിപ്പലാണ് ആക്ടിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയുമായ പവീണ ഹോങ്‌സാകുലിനെ കുട്ടിയുടെ ഈ ദയനീയമായ അവസ്ഥ അറിയിച്ചത്. അവർ വീട്ടിലെത്തുമ്പോൾ കുട്ടിക്കൊപ്പം അമ്മയും 23 -കാരനായ സഹോദരനും ഉണ്ടായിരുന്നു. ഇരുവരും മയക്കുമരുന്ന് ഉപയോ​ഗിച്ചിരുന്നതായും കണ്ടെത്തി. കുട്ടി നായയെ പോലെ കുരയ്ക്കുകയായിരുന്നു, അവന് സംസാരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല, വളരെ വേദനാജനകമായിരുന്നു ആ ദൃശ്യം എന്നാണ് പവീണ പറയുന്നത്.

കുട്ടിയെ ഒറ്റത്തവണയാണ് വർഷങ്ങൾക്ക് മുമ്പ് സ്കൂളിൽ വിട്ടത്. പിന്നെ വിട്ടിരുന്നില്ല. അവന്റെ വിദ്യാഭ്യാസത്തിന് വേണ്ടി കിട്ടിയ തുകയെല്ലാം അമ്മ ഉപയോ​ഗിച്ചു. വീട്ടുകാരുടെ അസാധാരണമായ പെരുമാറ്റം കാരണം കുട്ടിയുടെ കൂടെ അയൽക്കാരുടെ കുട്ടികളെ കളിക്കാനൊന്നും വിട്ടിരുന്നില്ല. അങ്ങനെ നായകളോട് മാത്രം ഇടപെട്ടാണ് അവൻ അവയെ പോലെ കുരയ്ക്കാൻ തുടങ്ങിയത്.

അവന്റെ അമ്മയ്ക്കും സഹോദരനുമെതിരെ മയക്കുമരുന്ന് ഉപയോ​ഗിക്കുന്നതിന് കേസെടുത്തു. പിന്നാലെ അവരെ ട്രീറ്റ്മെന്റിന് അയച്ചു. കുട്ടിയെ ഒരു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.