തായ്‌ലൻഡ് രാജാവ്, കിംഗ് രാമ X എന്നറിയപ്പെടുന്ന മഹാവാജിറാലോങ്ങ്കോൺ, 2020 ഓഗസ്റ്റ് 29 -ൽ സുപ്രധാനമായ ഒരു തീരുമാനം കൈക്കൊണ്ടു. കഴിഞ്ഞ വർഷം രാജാവ്,  തന്റെ രണ്ടാം ജീവിത പങ്കാളി ആയി കൊണ്ടുനടന്നിരുന്ന സിനീനാത്ത് വോങ് വാജിറാപക്ഡി  എന്ന യുവതിയെ പിരിച്ചുവിടുകയും, തുറുങ്കിൽ അടക്കുകയും ചെയ്തിരുന്നു. തന്റെ പത്നിയും തായ്‌ലണ്ടിന്റെ റാണിയുമായ സുതിദയെ അവമതിച്ചു എന്ന കുറ്റം ചുമത്തിയാണ് രാജാവ് ഒരു സുപ്രഭാതത്തിൽ  തന്റെ പങ്കാളി മേജർ ജനറൽ സിനിനാത്തിനെതിരെ കർശന നടപടികൾ സ്വീകരിച്ചത്. ആ നടപടികൾ റദ്ദാക്കി, സിനീനാത്തിന്റെ എല്ലാ രാജകീയ, ഔദ്യോഗിക ബഹുമതികളും സ്ഥാനമാനങ്ങളും മുൻകാല പ്രാബല്യത്തോടെ തിരിച്ചു നൽകിക്കൊണ്ടുള്ള ഉത്തരവിൽ രാജാവ് കഴിഞ്ഞ ദിവസം തുല്യം ചാർത്തി.

 

മഹാവാജിറാലോങ്ങ്കോൺ, സിനീനാത്ത് വോങ് വാജിറാപക്ഡി 

 പരിശീലനം കൊണ്ട് നഴ്സ് ആയിരുന്ന സിനീനാത്ത്, ഒരു മിലിട്ടറി ആശുപത്രിയിൽ നഴ്‌സായി സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് വിഷയാസക്തനായ രാജാവിന്റെ ദൃഷ്ടിയിൽ പെടുന്നത്. അതിനുശേഷമാണ് അവിചാരിതമായ പല മേഖലകളിലും പരിശീലനം നേടുന്നതും രാജാവിന്റെ ഏറ്റവും വിശ്വസ്തയും സന്തത സഹചാരിയും ഒക്കെയായി മാറുന്നതും. പിന്നീട് തായ്‌ലൻഡ് ആർമിയുടെ ജംഗിൾ വാർഫെയർ കമാൻഡോ കോഴ്സും, പാരച്യൂട്ടിങ്, റോയൽ ബോഡി ഗാർഡിങ് തുടങ്ങിയ കോഴ്‌സുകളും അവർ പൂർത്തിയാക്കുന്നുണ്ട്. രാജാവ് അവരെ ജർമനിയിലെ ഒരു സ്വകാര്യ ഏവിയേഷൻ സ്‌കൂളിൽ വിട്ട് വിമാനം പറത്താൻ വരെ പഠിപ്പിച്ചെടുത്തു. 2019 -ലാണ് അവരെ രാജാവ് ജയിൽ പരിഷ്കരണ വിഭാഗത്തിൽ നിയമിക്കുന്നത്. സൈന്യത്തിൽ മേജർ ജനറൽ പദവി വരെ അവർ എത്തിയിരുന്നു.

 

സിനീനാത്ത് വോങ് വാജിറാപക്ഡി 

തായ്‌ലൻഡിൽ ഔപചാരികമായിത്തന്നെ രാജാവിന് ഒരു റാണിയും, കൺസോർട്ട് എന്നറിയപ്പെടുന്ന മറ്റൊരു ലൈംഗിക പങ്കാളിയും ഉണ്ട്. ഇപ്പോൾ ഉള്ള റാണി സുതിദ രാജാവിന്റെ നാലാമത്തെ ഭാര്യയും മുമ്പ് ദീര്‍ഘകാലം അദ്ദേഹത്തിന്‍റെ 'പങ്കാളി'യുമായിരുന്നു. ഇതിനു മുമ്പ് മൂന്നു സ്ത്രീകളെ വിവാഹം ചെയ്ത അവരുമായി വിവാഹമോചനവും കഴിഞ്ഞ് നാലാമതായി രാജാവ് വിവാഹം കഴിച്ചതാണ് സുതിദ എന്ന ഇപ്പോഴുള്ള റാണിയെ. അവരുമായുള്ള വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനുള്ളിലാണ് സിനീനാത്ത് ബിലാസ്കലായനിയെ രാജാവ് തന്റെ ഒഫീഷ്യൽ കൺസോർട്ട് ആയി പ്രഖ്യാപിക്കുന്നത്. 

 

'പങ്കാളി 'യായി ഔദ്യോഗിക ചടങ്ങിൽ സ്ഥാനമേൽക്കുന്ന സിനീനത്ത്, രാജാവ്, റാണി സുതിദ എന്നിവർ 

തായ്‌ലൻഡിലെ ജനങ്ങൾക്ക് രാജാവെന്നാൽ ദൈവതുല്യനാണ്. എഴുപതുവർഷത്തോളം തായ്‌ലണ്ടിനെ അടക്കിവാണ മഹാരാജാവ് ഭൂമിബോൽ അതുല്യതേജ് 2016 -ൽ മരണത്തോടടുത്തപ്പോൾ തായ്‌ലൻഡുകാരെ വല്ലാതെ അലട്ടിയ ആശങ്കകളിൽ ഒന്ന് രാജാവിന്റെ പിൻഗാമിയെക്കുറിച്ചുള്ളതായിരുന്നു. അച്ഛന്റെ യാതൊരുവിധ ഗുണങ്ങളും പകർന്നു കിട്ടിയിട്ടില്ലാത്ത, സ്ത്രീലമ്പടൻ എന്ന് ചീത്തപ്പേര് കേൾപ്പിച്ചു കഴിഞ്ഞിരുന്ന മകൻ മഹാവാജിറാലോങ്ങ്കോൺ തായ്‌ലൻഡിലെ ജനങ്ങൾക്കിടയിൽ ഒട്ടും സ്വീകാര്യനായിരുന്നില്ല. 

 

സിനീനാത്ത് വോങ് വാജിറാപക്ഡി, രാജാവ്  

കഴിഞ്ഞ മാർച്ചിൽ, തായ്‌ലൻഡിൽ നിന്ന് പ്രാണഭയത്താൽ പലായനം ചെയ്ത ചരിത്രകാരനും രാജഭരണത്തിന്റെ വിമർശകനുമായ സോംസക് ജീംതീറസകുൽ, തായ്‌ലൻഡിൽ നിന്ന് ജർമ്മനിയിലെ ബവേറിയയിലേക്കുള്ള രാജാവിന്റെ വിമാനയാത്രയുടെ സഞ്ചാരപഥം ട്വീറ്റ് ചെയ്തുകൊണ്ട് ഒരു ചോദ്യം ഉന്നയിച്ചിരുന്നു. " ഇങ്ങനെ ഒരു രാജാവിനെ ചുമക്കേണ്ട കാര്യമുണ്ടോ നമുക്ക്?" രാജ്യത്ത് കൊവിഡ് കേസുകൾ വരാൻ തുടങ്ങിയ സമയത്ത്, രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ രാജാവ് തയ്യാറായില്ല. പകരം, ഇരുപതോളം ലൈംഗിക പങ്കാളികൾ അടക്കമുള്ള നൂറിൽപരം വരുന്ന അനുയായികളുടെ ഒരു വൻസംഘത്തോടൊപ്പം, ബവേറിയയിലെ ഒരു റിസോർട്ടിലേക്ക് കൊവിഡിൽ നിന്ന് ഓടിയൊളിക്കുകയാണ് രാജാവ് ചെയ്തത്.  രാജ്യത്ത് കൊവിഡ് ബാധിച്ച് ജനം ദുരിതത്തിലാണ്ടിരിക്കുമ്പോൾ അവിടെ സുഖവാസത്തിൽ കഴിയാൻ രാജാവ് തീരുമാനിച്ചതാണ് പ്രജകളിൽ പലരെയും  അസ്വസ്ഥരാക്കിയിരുന്നത്. ആയിരക്കണക്കിന് ഡോളർ മുറിവാടകയുള്ള ഈ ലക്ഷ്വറി റിസോർട്ടിലെ ഒരു ഫ്ലോർ മൊത്തമായി വാടകയ്‌ക്കെടുത്ത് അവിടെ തന്റെ അന്തഃപുരം പുനഃസൃഷ്ടിച്ചിരുന്നു രാജാവ്.

 

സിനീനാത്ത് വോങ് വാജിറാപക്ഡി, രാജാവ്  

ടൂറിസം ഒരു പ്രധാന വരുമാനമാർഗമായ തായ്‌ലൻഡിൽ കൊവിഡ് രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തെയും, സാമ്പത്തിക നിലയെയും ഒരുപോലെ ബാധിച്ചിരിക്കുന്ന വേളയിൽ രാജാവ് കാണിച്ച നിരുത്തരവാദപരമായ നടപടിയെ പലരും പരസ്യമായി വിമർശിക്കാൻ മടിക്കാറുണ്ട്. തായ്‌ലൻഡിൽ രാജാവിനെ വിമർശിക്കുന്നത് ഗുരുതരമായ കുറ്റമാണ്. രാജാവിന്റെ അസ്തിത്വത്തെ സംരക്ഷിച്ചു നിർത്താൻ വേണ്ടി അതികർശനമായ പല നിയമങ്ങളും നാട്ടിൽ നിലവിലുണ്ട്. എന്നുവെച്ച്, വിദേശങ്ങളിൽ ഒളിച്ചു പാർക്കുന്ന പല തായ് വംശജരും തങ്ങളുടെ വിമർശനങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ ഉന്നയിക്കാൻ മടിച്ചു നിൽക്കാറുമില്ല. 

മെയ് ആദ്യവാരം, ജർമനിയിലെ തായ് വംശജരും, സ്വദേശീയരും അടങ്ങുന്ന ഒരു സംഘം പ്രതിഷേധക്കാർ ബവേറിയയിൽ രാജാവ് സുഖവാസത്തിൽ കഴിയുന്ന ഗ്രാൻഡ് സോനേൻബിഷെൽ റിസോർട്ടിന് പുറത്ത് മുദ്രാവാക്യങ്ങളുമായി ഒത്തുകൂടി. ഹോട്ടലിന്റെ ചുവരിലേക്ക് അവർ തങ്ങളുടെ മുദ്രാവാക്യങ്ങൾ പ്രോജക്ട് ചെയ്തു. "ജർമനിയിൽ സുഖവാസത്തിൽ കഴിയുന്ന ഒരു രാജാവിനെ തായ്‌ലണ്ടിന് ആവശ്യമുണ്ടോ? " എന്നതായിരുന്നു ഒരു മുദ്രാവാക്യം. ബെർലിനിലെ തായ് എംബസിക്ക് പുറത്ത് ഇപ്പോഴും പ്രതിഷേധങ്ങൾ തുടരുകയാണ്.

 

 രാജാവ്  

ലോക്ക് ഡൗൺ പ്രമാണിച്ച് അടച്ചുപൂട്ടിയിരുന്ന ഈ റിസോർട്ട് തായ് രാജാവിനും സംഘത്തിനും വേണ്ടി മാത്രമായിട്ടാണ് ഇപ്പോൾ തുറന്ന് പ്രവർത്തിക്കുന്നത്. മറ്റാർക്കും അവിടെ ബുക്കിങ്ങും നൽകുന്നില്ല. ആർക്കും അങ്ങോട്ട് പ്രവേശനവും ഇല്ല. വിദേശവിമാനയാത്രകൾ ഒന്നടങ്കം നിരോധിച്ചിട്ടുള്ള തായ്‌ലൻഡ് രാജാവിനും അദ്ദേഹത്തിന്റെ ഉല്ലാസസംഘത്തിനും അവരുടെ ചാർട്ടേർഡ് വിമാനങ്ങളിലുള്ള പ്രയാണങ്ങൾ നടത്താൻ വേണ്ടി മാത്രമാണ് ഇളവുകൾ നൽകിയിട്ടുള്ളത്. 

നാലുവർഷം മുമ്പ് അധികാരത്തിലേറിയപ്പോൾ തന്റെ അധികാരം എന്നെന്നേക്കുമായി നിലനിർത്താൻ ആവശ്യമായ നിയമങ്ങളും മഹാവാജിറാലോങ്ങ്കോൺ നിർമ്മിച്ചെടുത്തു. 4300 കോടി ഡോളറാണ് രാജകുടുംബത്തിന്റെ ആകെ ആസ്തി. അത് തന്റെ വ്യക്തിപരമായ സുഖലോലുപതയ്ക്കായി ധൂർത്തടിച്ചു കൊണ്ടിരിക്കുകയാണ് രാജാവ്. വിദേശരാജ്യങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിരന്തരം സുഖവാസം നടത്തിക്കൊണ്ടിരിക്കുന്ന രാജാവിനെ അവിടത്തെ ജനങ്ങളോ മാധ്യമങ്ങളോ ഒക്കെ തിരിച്ചറിഞ്ഞ് ഫോട്ടോ എടുത്ത് സാമൂഹ്യമാധ്യമങ്ങളിൽ ഇടാറുണ്ട്. ആ ചിത്രങ്ങളിൽ മിക്കതിലും ഭാര്യക്കുപകരം രാജാവിനെ അനുഗമിക്കുന്നത് തന്റെ ഉല്ലാസ സംഘത്തിലെ സുന്ദരിമാരിൽ ഒരാളായിരിക്കും. 

 

 

രാജാവിന്റെ ബവേറിയാ വാസത്തിനിടെ ഒരു ദിവസം ജർമ്മൻ ഷോപ്പിംഗ് സെന്ററിൽ തന്റെ ഉല്ലാസ സംഘത്തിലെ ഒരു യുവതിക്കൊപ്പം നടന്നു പോകുന്ന രാജാവിന്റെ പടം സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. വളരെ വിചിത്രമായ ഒരു ക്രോപ് ടോപ് ആയിരുന്നു രാജാവ് ധരിച്ചിരുന്നത്. രാജാവിന്റെ ദേഹത്ത് ചില ഫേക്ക് ടാറ്റൂകളും ഈ ചിത്രത്തിൽ ദൃശ്യമാണ്. കണ്ടാൽ ഒരു രാജാവാണ് എന്നൊന്നും തോന്നുക പോലുമില്ല. തന്റെ ചിത്രങ്ങൾ നിലനിർത്തുന്നതിന്റെ നിയമനടപടികൾ നേരിടേണ്ടി വരും എന്ന് രാജാവിന്റെ വക്താക്കൾ ഫേസ്ബുക്കിനെ ഭീഷണിപ്പെടുത്തുക വരെ ഉണ്ടായി. 

 

സ്വന്തം അമ്മയായ മഹാറാണി സിറികിറ്റ് പോലും മകന്റെ ഈ സ്ത്രീഭ്രമത്തെ വിമർശിച്ചിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പ് രാജാവ്, അന്നത്തെ രാജകുമാരൻ ആയിരിക്കുന്ന കാലത്തായിരുന്നു മഹാറാണിയുടെ വിമർശനം. " എന്റെ മകൻ മിടുക്കനായ ഒരു വിദ്യാർത്ഥിയാണ്. അവൻ നല്ലവനാണ്. പെൺകുട്ടികൾക്ക് അവനെ ഇഷ്ടമാണ്. അവനു പെൺകുട്ടികളെ അതിലേറെ ഇഷ്ടമാണ്. " എന്നായിരുന്നു മഹാറാണി പറഞ്ഞത്. നാലുതവണ വിവാഹം കഴിച്ചിട്ടുള്ള മഹാവാജിറാലോങ്ങ്കോൺ എണ്ണമില്ലാത്തത്ര സ്ത്രീകളുമായി പ്രണയബന്ധത്തിലും ഏർപ്പെട്ടിട്ടുണ്ട്. 

എന്തായാലും കഴിഞ്ഞ ദിവസത്തെ പുതിയ ഉത്തരവോടെ തന്റെ മുൻ പങ്കാളിയുമായി വീണ്ടും പൊരുത്തത്തിൽ ആയിരിക്കുകയാണ് രാജാവ്. ''അവരെ എന്തിനാണ് പുറത്താക്കിയത് ?'' എന്നമട്ടിലാണ് ഇപ്പോൾ രാജകൊട്ടാരത്തിൽ നിന്നു പുറപ്പെടുന്ന ആശ്ചര്യപ്രകടനങ്ങൾ. രാജാവിന്റെ ഔദ്യോഗിക 'കൺസോർട്ട്' ആയി നിയമിച്ച ശേഷം നൽകിയിരുന്ന  'വോങ് വാജിറാപക്ഡി'  എന്ന വിശിഷ്ടനാമം അടക്കം സിനീനാത്തതിന് നഷ്ടമായിരുന്ന സകല സ്ഥാനമാനങ്ങളും ഇപ്പോൾ രാജാവ് പുനഃസ്ഥാപിച്ചു നൽകിയിട്ടുണ്ട്. ഇങ്ങനെ ദീർഘകാലം രാജാവിന്റെ 'പങ്കാളി'സ്ഥാനത്തിരുന്ന ശേഷം, ഇപ്പോഴത്തെ റാണി സുതിദയെപ്പോലെ, ചിലപ്പോൾ തായ്‌ലണ്ടിന്റെ മഹാറാണി പട്ടത്തിൽ എത്താനുള്ള സാധ്യത ഇനിയും സിനീനാത്തിനുണ്ട്.