മഠാധിപതികളടക്കം നിരവധി ബുദ്ധ സന്യാസിമാരെ യുവതി ഇത്തരത്തില്‍ ബന്ധപ്പെടുകയും ഇവരില്‍ നിന്നും ഏതാണ്ട് 101 കോടിയോളം രൂപ ബ്ലാക്ക് മെയില്‍ ചെയ്ത് സ്വന്തമാക്കുകയും ചെയ്തു.
തായ്‍ലന്‍ഡിനെ പിടിച്ച് കുലുക്കിയ ലൈംഗിക ആരോപണ കേസിൽ ഒരു യുവതിയെ തായ്‍ലന്‍ഡ് പോലീസ് അറസ്റ്റ് ചെയ്തു. തായ്‌ലൻഡിലെ ഒരു കൂട്ടം ബുദ്ധ സന്യാസിമാരെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയും പിന്നീട് ഈ അടുപ്പം മറച്ച് വയ്ക്കാന്‍ ബ്ലാക്ക് മെയില്‍ ചെയ്ത് വന്‍ തുകകൾ തട്ടുകയും ചെയ്ത ഒരു യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഥേരവാദ ബുദ്ധ വിഭാഗത്തില്‍പ്പെട്ടവരാണ് തായ്‍ലന്‍ഡിലെ ബുദ്ധ സന്യാസിമാര്‍. ഇവര്‍ ബ്രഹ്മചാരികളായിരിക്കണമെന്ന് മതം അനുശാസിക്കുന്നു.
ബുദ്ധ സന്യാസിമാര്‍ക്കെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സന്യാസിമാരുടെ ബ്രഹ്മചര്യാ നിയമ ലംഘനം തായ്‍ലന്‍ഡില്‍ വലിയ ചര്‍ച്ചയായി മാറി. രാജ്യത്തെ ബുദ്ധമത സ്ഥാപനങ്ങൾ ആഴ്ചകളോളം വലിയ പ്രതിസന്ധി നേരിട്ടു. വിവാദം ബുദ്ധമത സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനത്തെ പോലും ബാധിച്ചു. ആരോപണം ഉയര്‍ന്ന ഒമ്പത് മഠാധിപതികളെയും നിരവധി മുതിർന്ന സന്യാസിമാരെയും അവരുടെ ആചാര വസ്ത്രം അഴിച്ചുമാറ്റി സന്യാസത്തിൽ നിന്ന് പുറത്താക്കിയതായി റോയൽ തായ് പോലീസ് സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അറിയിച്ചു.
തായ്‍ലന്‍ഡിന്‍റെ തലസ്ഥാനമായ ബാങ്കോക്കിന് വടക്കുള്ള നോന്തബുരി പ്രവിശ്യയിലുള്ള വീട്ടിൽ നിന്നാണ് 30 -കാരിയായ വിലാവൻ എംസാവത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. പണം തട്ടിയെടുക്കൽ, കള്ളപ്പണം വെളുപ്പിക്കൽ, മോഷ്ടിച്ച വസ്തുക്കൾ സ്വീകരിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പോലീസ് ഇവര്‍ക്കെതിരെ ചുമത്തിയത്. വടക്കൻ തായ്‌ലൻഡിലെ ഒരു ബുദ്ധ ക്ഷേത്രത്തിന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഒരു മുതിർന്ന സന്യാസി ഇവർക്ക് പണം കൈമാറിയതായി പോലീസ് പറഞ്ഞു. എന്നാല്‍ അറസ്റ്റിന് മുമ്പ് ഒരു പ്രാദേശിക മാധ്യമത്തോട് സംസാരിക്കവെ വിലാവന്‍ തനിക്ക് ഒരു ബുദ്ധ സന്യാസിയുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തിന് പണം കൈമാറിയിട്ടുണ്ടെന്നും പറഞ്ഞിരുന്നു.
വിലാവൻ മുതിർന്ന സന്യാസിമാരെ സാമ്പത്തിക നേട്ടത്തിനായി ബോധപൂര്‍വ്വം ലക്ഷ്യം വച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. ഇവര്‍ ബുദ്ധ സന്യാസിമാരെ ലക്ഷ്യമിട്ടതിന് പിന്നാലെ ഇവരുടെ അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപയാണ് എത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 385 മില്യൺ ബാറ്റ് (ഏകദേശം 101 കോടി രൂപ) ആണ് വിലാവലിന്‍റെ അക്കൗണ്ടിലേക്ക് എത്തിയത്. അതേസമയം ഇവര്‍ക്ക് ലഭിച്ച തുകയില്‍ അധികവും ഓണ്‍ലൈന്‍ ചൂതാട്ടങ്ങൾക്ക് വേണ്ടിയാണ് ചെലവഴിച്ചതെന്നും പോലീസ് കൂട്ടിച്ചേര്‍ക്കുന്നു.
ബാങ്കോക്കിലെ പ്രശസ്തമായ ഒരു ക്ഷേത്രത്തിലെ മഠാധിപതി പെട്ടെന്ന് സന്യാസം ഉപേക്ഷിച്ചതാണ് സംശയങ്ങൾ ഉയര്‍ത്തിയത്. ഇതിന് പിന്നീാലെ കഴിഞ്ഞ മാസം സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ സന്യാസം ഉപേക്ഷിച്ചയാളോട് വിലാവന്‍ താന്‍ ഗര്‍ഭിണിയാണെന്നും വിവരം പുറത്ത് പറയാതിരിക്കാന്‍ 7.2 മില്യൺ ബാറ്റ് വേണമെന്നും ആവശ്യപ്പെട്ടതായി പോലീസ് കണ്ടെത്തി. ഇതിന് പിന്നാലെയാണ് ആഴ്ചകളായി തായ്‍ലന്‍ഡിനെ അസ്വസ്ഥമാക്കിയ കേസിന്‍റെ തുടക്കം. വിലാവന്‍റെ ഫോണിൽ നിന്നും ബുദ്ധ സന്യാസിമാരുടെ പതിനായിരക്കണക്കിന് ഫോട്ടോകളും വീഡിയോകളും കണ്ടെത്തി. ഇവയിൽ പലതും ഇവര്‍ ബ്ലാക്ക് മെയിലിംഗിനായി ഉപയോഗിച്ചിരുന്നതായും പോലീസ് പറയുന്നു.
