ലൗ ജിഹാദ്, മിശ്രവിവാഹം എന്നിവ സംബന്ധിച്ച ചൂടേറിയ ചർച്ചകളും വിവാദങ്ങളും പുരോഗമിക്കുന്നതിടക്ക്, ഉത്തർപ്രദേശിലെ യോഗി സർക്കാർ നിയമസഭയിൽ 'യുപി നിയമവിരുദ്ധ മതപരിവർത്തന നിരോധന  ബിൽ 2020 ' പാസ്സാക്കിയിരിക്കുകയാണ്. ബിൽ നിയമമാകുന്നതോടെ,  'അനധികൃതമായ' മതപരിവർത്തനങ്ങൾ ഉത്തർപ്രദേശിൽ ഒരു വർഷം മുതൽ പത്തുവർഷംവരെ കഠിനതടവും, 15,000 മുതൽ 50,000 വരെ രൂപ പിഴയും കിട്ടാവുന്ന  ക്രിമിനൽ കുറ്റമാകും. വിവാഹം കഴിക്കാൻ വേണ്ടി മാത്രമുള്ള നിർബന്ധിത മതംമാറ്റത്തെ പാടെ നിരോധിക്കുന്നതാകും ഈ നിയമം. ഈ ബിൽ നിയമമാകാൻ ഇനി ബാക്കിയുള്ളത് ഗവർണറുടെ അനുമതി എന്ന കേവല സാങ്കേതികത മാത്രമാണ്. 

ഉത്തർപ്രദേശിലെ ബിജെപി ഗവണ്മെന്റിന്റെ വക്താവ് സിദ്ധാർത്ഥ് നാഥ് സിംഗ് പറഞ്ഞത് ഉത്തർപ്രദേശിലെ ക്രമസമാധാനനിലക്ക് ഭംഗം വരാതിരിക്കാൻ ഇത്തരത്തിൽ ഒരു നിയമം അത്യാവശ്യമാണ് എന്നാണ്. സ്ത്രീകൾക്ക്, വിശിഷ്യാ പട്ടിക ജാതി പട്ടിക വർഗ്ഗത്തിലെ സ്ത്രീകൾക്ക് നേരെ നടക്കുന്ന പീഡനങ്ങൾക്ക് ഒരറുതി വരാൻ ഇത്തരത്തിലൊരു നിയമം വേണമെന്ന് തന്നെയാണ് പാർട്ടി കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. "വിവാഹം കഴിപ്പിക്കാൻ വേണ്ടി ബലംപ്രയോഗിച്ച് മതം മാറ്റുക എന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആയിട്ടുണ്ട്. ഇതിനെ തടയാൻ പുതിയൊരു നിയമം തന്നെ നിർമ്മിക്കേണ്ടത് അത്യാവശ്യമാണ് എന്നുവന്നു. നൂറിലധികം കേസുകളാണ് ഇങ്ങനെ നിയമത്തിനു മുന്നിലേക്ക് വന്നിട്ടുള്ളത്. ഭീഷണിപ്പെടുത്തിയും, ബലം പ്രയോഗിച്ചും ഒക്കെയാണ് പല കേസുകളിലും മതംമാറ്റത്തിനു യുവതികൾ വിധേയരാകുന്നത്. ഇങ്ങനെയുള്ള മതംമാറ്റങ്ങളെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ട് ഹൈക്കോടതി വരെ രംഗത്തെത്തിക്കഴിഞ്ഞു" സിംഗ് ബിബിസിയോട് പറഞ്ഞു. സലാമത് അൻസാരി, പ്രിയങ്കാ ഖർവാർ എന്നിവരുടെ മിശ്രവിവാഹത്തെ തുടർന്നുണ്ടായ വിവാദത്തിൽ അലഹബാദ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് തുടക്കത്തിൽ വിവാഹത്തിന് വേണ്ടിയുള്ള മതംമാറ്റത്തിനെതിരെ ഒരു നിലപാടെടുത്തത്. എന്നാൽ പിന്നീട്, കോടതി തന്നെ ഈ കേസിൽ അത്തരത്തിൽ ഒരു സാഹചര്യം നിൽനിൽക്കുന്നില്ല എന്ന് തിരുത്തിപ്പറയുകയുണ്ടായി.  ഈ കേസിനു മുമ്പ്, കാൺപൂരിൽ നടന്ന പതിനാലു മതംമാറ്റങ്ങളും യോഗി സർക്കാർ ലൗ ജിഹാദ് എന്നാരോപിച്ച് അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവന്നിരുന്നു. 

ഈ നിയമം സാക്ഷാത്കരിക്കപ്പെട്ടതോടെ, ഒക്ടോബർ 31 -ന് ജോൻപൂരിൽ വെച്ച് വലിയൊരു ജനക്കൂട്ടത്തെ സാക്ഷിയാക്കി നൽകിയ, " ലവ് ജിഹാദിനെ നിയന്ത്രിക്കാൻ വേണ്ടി കർശനമായ നിയമങ്ങൾ യുപി സർക്കാർ കൊണ്ടുവരും" എന്ന വാഗ്ദാനമാണ് പാലിക്കപ്പെട്ടിട്ടുളളത്. 

യോഗി സർക്കാർ കൊണ്ടുവരുന്ന പുതിയ നിയമം പ്രകാരം, ഏതെങ്കിലും പ്രായപൂർത്തി ആകാത്ത, അല്ലെങ്കിൽ പട്ടികജാതി വർഗ്ഗത്തിൽ പെട്ട യുവതികളെ നിർബന്ധിതമായി മതം മാറ്റിയാൽ, പത്തുവർഷത്തെ തടവും, 25,000 രൂപ പിഴയുമാണ് ശിക്ഷ. ഒരു കൂട്ടം ആളുകളെ മതപരിവർത്തനത്തിന് വിധേയമാക്കുകയാണ് നടക്കുന്നതെങ്കിൽ, അതിനുള്ള ശിക്ഷ പത്തുവർഷത്തെ തടവും, ആ പ്രക്രിയക്ക് മുൻകൈ എടുത്ത സംഘടനയ്ക്ക് അരലക്ഷം രൂപ പിഴയുമാണ്. ഒപ്പം ആ സംഘടനയുടെ ലൈസൻസും റദ്ദാക്കപ്പെടും. 

ഈ പുതിയ നിയമപ്രകാരം, മതപരിവർത്തനം നടന്നത് സ്വാഭാവികമായിട്ടാണ്, ഭീഷണിപ്പെടുത്തിയോ ബലം പ്രയോഗിച്ചോ അല്ല, വിവാഹം കഴിക്കാൻ വേണ്ടി മാത്രമായല്ല എന്നൊക്കെ തെളിയിക്കേണ്ടുന്ന ബാധ്യത മതംമാറ്റം നടത്തിക്കൊടുക്കുന്ന, മതം മാറുന്ന കക്ഷികളുടേതാണ്. ഇനി ആർക്കെങ്കിലും സ്വേച്ഛയാ, വിവാഹാവശ്യത്തിനായി മതം മാറണം എന്നുണ്ടെങ്കിൽ അതിനായി വിവാഹത്തിന് രണ്ടു മാസം മുമ്പുതന്നെ പ്രസ്തുത ആവശ്യം കാണിച്ചുകൊണ്ട്, കളക്ടർ മുൻപാകെ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. ഇങ്ങനെ ചെയ്യാതെ മതം മാറിയാൽ അത് പതിനായിരം രൂപ പിഴവും, ആറുമാസം വരെ തടവും കിട്ടാവുന്ന കുറ്റമാണ്.