ഏകദേശം 3200  കിലോമീറ്റർ ദൂരത്തിൽ പരന്നു കിടക്കുന്നതാണ് ദക്ഷിണ അമേരിക്കയെ മെക്സിക്കോയിൽ നിന്നും വേർതിരിക്കുന്ന അതിർത്തി. പസിഫിക്ക് സമുദ്രം തൊട്ട് ടെക്സസിന്റെ തെക്കേ മുനമ്പുവരെ അങ്ങനെ നീണ്ടു കിടക്കുന്ന ഏറെ വിശാലമായ ഒരു അതിർത്തിയാണത്. അതിൽ ഏകദേശം 1150  കിലോമീറ്ററോളം ദൂരമാണ് നുഴഞ്ഞു കയറ്റം തടയാൻ പോന്ന മതിലുകൊണ്ട് സുരക്ഷിതമാക്കപ്പെട്ടിരിക്കുന്നത്.  അമേരിക്ക ലക്ഷ്യമാക്കി മെക്സിക്കോ, ഗ്വാട്ടിമാല, ഹോണ്ടുറാസ് തുടങ്ങിയ അവികസിത രാജ്യങ്ങളിൽ നിന്നും കാൽനടയായി പുറപ്പെടുന്ന അനധികൃത കുടിയേറ്റക്കാർ എന്നും അമേരിക്കൻ ജനതയ്ക്ക് ഒരു വെല്ലുവിളിയായിരുന്നു. വർഷാവർഷം ഏകദേശം ഒരുലക്ഷത്തോളം പേരാണ് ഇങ്ങനെ അമേരിക്കയിലേക്ക് അതിർത്തി കടന്നു വരുന്നതും, പിന്നീട് പോലീസിന്റെ കണ്ണുവെട്ടിച്ച് നിയമവിരുദ്ധമായി അമേരിക്കയിൽ തന്നെ തങ്ങുന്നതും. 

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നും ഈ അനധികൃത കുടിയേറ്റത്തിന്റെ അടിവേരറുക്കണം എന്നുള്ള പക്ഷക്കാരനായിരുന്നു. മെക്സിക്കൻ ബോർഡർ പൂർണ്ണമായും അടച്ചുകൊണ്ട്, 25  ബില്യൺ ഡോളർ ചെലവിൽ  ഒരു മതിൽ പണിയണം എന്നുള്ള അദ്ദേഹത്തിന്റെ ബിൽ കോൺഗ്രസ് നിരസിച്ചിരുന്നു.  രാജ്യസുരക്ഷ മുൻ നിർത്തിയുള്ള പ്രചാരണങ്ങൾക്ക് കാറ്റുപിടിക്കുന്നത്  മതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ട്രംപിനെ പിന്തുണച്ചുകൊണ്ട്  ഇറാഖിൽ അമേരിക്കൻ സൈനികോദ്യോഗസ്ഥനായി വിരമിച്ച  ബ്രയാൻ കോൾഫേജിന്റെ 'വി ബിൽഡ് ദി വാൾ' എന്ന സംഘടനരംഗത്തുവന്നതോടെയാണ്. ' ഓൺലൈൻ ക്രൗഡ് ഫണ്ടിംഗ് സംവിധാനമായ 'GoFundMe' വഴി  ഇവർ ഈ ആവശ്യവും പറഞ്ഞ് ഇതുവരെ പിരിച്ചെടുത്തത് 23 മില്യൺ ഡോളറാണ്. 

പണം പിരിച്ചെടുത്തതിന് പിന്നാലെ അവർ 'ദി മോസ്റ്റ് ഇമ്പോർട്ടന്റ് മൈൽ' എന്ന ഏറ്റവും കൂടുതൽ പേർ അമേരിക്കയിലേക്ക് കടക്കുന്ന ന്യൂ മെക്സിക്കോയിലെ സൺ ലാൻഡ് പാർക്കിനടുത്തുള്ള  ഒരു ചെറിയ വിടവ്, കുടിയേറ്റക്കാരുടെ ഇഷ്ട ഇടനാഴി, അവിടത്തെ   പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളെപ്പോലും മുൻകൂട്ടി അറിയിക്കാതെ, വെറും മൂന്നു ദിവസത്തെ ഒരു വാരാന്ത്യ അവധിയിൽ മതിൽ കെട്ടി അടച്ചു കളഞ്ഞു. മതിലിന്റെ പണി തീർന്നയുടനെ വളരെ നാടകീയമായ ഒരു ട്വീറ്റ് ചെയ്തുകൊണ്ട് പ്രസ്തുതവിവരം ലോകത്തെയും, പ്രദേശത്തെ അധികാരികളെപ്പോലും അറിയിച്ചു കളഞ്ഞു, വി ബിൽഡ് ദി വാളിന്റെ CEO ആയ  ബ്രയാൻ കോൾഫേജ്. 

ഒരൊറ്റ കുഴപ്പം മാത്രം. മതിൽ കെട്ടിപ്പൊക്കാനുള്ള തിടുക്കത്തിനിടെ അവർ ഒരു ജലപാതയിലേക്കും, ഒരു ചരിത്ര സ്മാരകത്തിലേക്കുമുള്ള വഴി കെട്ടിയടച്ചു കളഞ്ഞു. മതിലുപണിക്കാർക്കെതിരെ ആദ്യം നിയമ നടപടികളുമായി എത്തിയത്, ഇന്റർനാഷണൽ ബൗണ്ടറി ആൻഡ് വാട്ടർ കമ്മീഷൻ എന്ന ഒരു ഏജൻസിയാണ്. അമേരിക്കയെയും മെക്സിക്കോയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ജലപാതയുടെ നിയന്ത്രണം ഇവരുടെ കയ്യിലാണ്. നിത്യേന സഞ്ചരിച്ചിരുന്ന  കെട്ടിയടച്ചതോടെ അവർ ഉടക്കി. 

" കെട്ടിപ്പൊക്കിയിട്ട് ചോദ്യങ്ങളാവാം എന്നാണ് അവർ കരുതിവെച്ചിരിക്കുന്നതെങ്കിൽ തെറ്റി.. ഇവിടെ ആ പരിപാടി നടപ്പില്ല.." എന്നാണ് IBWCയുടെ വക്താവായ ലോറി കുസ്മാൻസ്‌കി മാധ്യമങ്ങളോട് പറഞ്ഞത്. ഇത്തരത്തിൽ ഒരു പ്രോജക്ട് നടപ്പിലാക്കാൻ വെറും ആവേശം മാത്രം കൈമുതലായാൽ പോരല്ലോ. അതും അമേരിക്ക പോലെ നിരവധി നിയമങ്ങൾ നിലവിലുള്ള ഒരു രാജ്യത്ത്,  പ്രാദേശിക സർക്കാർ ഏജൻസികൾക്ക് കാര്യമായ അധികാരങ്ങളുണ്ട്. 

ഒടുവിൽ കൊട്ടിഘോഷിച്ച് കെട്ടിയടച്ച ആ അരമൈൽ നീളമുള്ള മതിലിന്റെ ഭാഗമായ,  33 അടി നീളമുള്ള,   പൂട്ടിയിട്ടിരുന്ന ഒരു വലിയ ഗേറ്റ്  IBWCയ്ക്ക് തുറന്നു കൊടുക്കേണ്ടി വന്നു മതിലുപണിക്കാർക്ക്. കാരണം അവർ കെട്ടിയടച്ചത്, IBWC യുടെ ഒരു അണക്കെട്ടിലേക്കും, അതോടൊപ്പം 'മോണുമെന്റ് വൺ'  എന്നുപേരായ ഒരു ചരിത്ര സ്മാരകത്തിലേക്കുമുള്ള ഒരേയൊരു വഴിയായിരുന്നു. 

ഗേറ്റിന്റെ താക്കോൽ മതിലുപണിക്കാരിൽ നിന്നും ഇപ്പോൾ IBWCയുടെ കസ്റ്റഡിയിൽ എത്തിയെങ്കിലും, രാത്രി ഗേറ്റ് സുരക്ഷാ കാരണങ്ങളാൽ പൂട്ടിയിടുമെന്നു തന്നെയാണ് അവരും പറയുന്നത്. സാങ്കേതികമായി പറഞ്ഞാൽ, 'വി ബിൽഡ് ദി വാൾ' പ്രവർത്തകർ ആ പ്രദേശത്ത് ഇങ്ങനെ ഒരു മതിൽ പണിയുന്നതിന് മുമ്പ് IBWCയിൽ നിന്നും അനുമതി പത്രം നേടേണ്ടതായിരുന്നു. അതിന്റെ കടലാസുപണികൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നാണ് IBWC  അധികാരികൾ പറയുന്നത്.  IBWCയുടെ ഈ എതിർപ്പിനെ മതിൽ പണി ടീമിന്റെ CEO ബ്രയാൻ കോൾഫേജ് ട്വിറ്ററിലൂടെ കടന്നാക്രമിക്കുകയുണ്ടായി. ' ഞങ്ങൾ രായ്ക്കുരാമാനം അടച്ചുപൂട്ടിയ എല്ലാ ഗേറ്റുകളും ഇതാ മെക്സിക്കോയ്ക്ക് തുറന്നുകൊടുത്തിരിക്കുന്നേ..' എന്നായിരുന്നു  അദ്ദേഹത്തിന്റെ രോദനം. തല മറന്ന് എണ്ണതേക്കുകയാണ് IBWC എന്നും അദ്ദേഹം തന്റെ ട്വീറ്റിലൂടെ ആരോപിച്ചു. എല്ലാം മെക്സിക്കോയിൽ നിന്നുള്ള മെഗാ നുഴഞ്ഞുകയറ്റങ്ങളെ അനുവദിച്ചുകൊടുക്കാൻ വേണ്ടിയാണ് എന്ന പൊതുവികാരമാണ്പ മതിലു പണിക്കാർ  ഉത്തേജിപ്പിക്കാൻ ശ്രമിക്കുന്നത്. 

വേണ്ട അനുമതി രേഖകളില്ലാതെ പണി നടത്തിയതിന് ഇത് രണ്ടാമത്തെ ഏജൻസിയാണ് 'വി ബിൽഡ് ദി വാൾ' സംഘത്തെ പിടികൂടിയിരിക്കുന്നത്. മതിൽ സ്ഥിതി ചെയ്യുന്ന സൺലാൻഡ് സിറ്റി അധികാരികളുടെ ഭാഗത്തു നിന്നും ഒരു 'സ്റ്റോപ്പ് മെമോ' ഇവർക്ക് കിട്ടിയിരുന്നു. പക്ഷേ, അപ്പോഴേക്കും അവർ രായ്ക്കുരാമാനം പണി തീർത്തിരുന്നു എന്നുമാത്രം. സൺ ലാൻഡ് മേയർ ആയ ഹാവിയർ പെരേര പറഞ്ഞത് നടപടികളിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി കോർപ്പറേഷൻ ഓഫീസ് അവധിയായി മൂന്നു ദിവസങ്ങളിലാണ് അവർ പണി പൂർത്തിയാക്കിയത് എന്നാണ്. ഇങ്ങനെ ഒരു അതിക്രമം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്നും മേയർ പറഞ്ഞു.

തങ്ങളുടെ നടപടി രാജ്യസുരക്ഷയെ കരുതി മാത്രമാണെന്നും, അവധി ദിവസങ്ങളിൽ തന്നെ ഇത് രഹസ്യമായി നടപ്പിലാക്കിയത് അഴിമതിക്കാരായ കോർപ്പറേഷൻകാർ പാരവെക്കാതിരിക്കാൻ കണക്കാക്കി  മനഃപൂർവം തന്നെയായിരുന്നു എന്ന് 'വി ബിൽഡ് ദി വാൾ' CEO ബ്രയാൻ കോൾഫേജ് പറഞ്ഞു.  തന്റെ മതിലിനെ, 'അതിർത്തി മതിലുകളുടെ കാഡിലാക്ക് ' എന്നാണ് അദ്ദേഹം വിളിച്ചത്. 

ക്രൗഡ് ഫണ്ടിങ്ങിലൂടെ ധനം സമാഹരിച്ചുകൊണ്ടുള്ള  ആദ്യത്തെ മതിൽ പണിയാണ് അമേരിക്കയിൽ 'വി ബിൽഡ് ദി വാൾ ' എന്ന സ്ഥാപനം നടപ്പിലാക്കിയത്.  രാജ്യസുരക്ഷയുടെ പേരിൽ ഇങ്ങനെ ഒരു ആഹ്വാനം ഉണ്ടായപ്പോൾ അമേരിക്കയിൽ നിന്നും 'GoFundMe' വഴി ഇവർക്ക് കോടിക്കണക്കിനു ഡോളർ ശേഖരിക്കാനായി. എന്നാൽ, ഇപ്പോൾ ആ ധനം വന്ന വഴിയും, ചെലവഴിച്ച രീതിയും ഒക്കെ ഓഡിറ്റിംഗിന് വിധേയമാക്കണം എന്ന ആവശ്യം അമേരിക്കയിൽ നിന്നുതന്നെ ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്. 'വി ബിൽഡ് ദി വാൾ' ഒരു എൻജിഒ ആയി രജിസ്റ്റർ ചെയ്തിരിക്കുന്ന  ഫ്ലോറിഡ സ്റ്റേറ്റിൽ ഇതേപ്പറ്റി വിശദമായ  ഒരു ഔദ്യോഗിക അന്വേഷണത്തിനും സർക്കാർ ഉത്തരവിറങ്ങിക്കഴിഞ്ഞു.  പ്രസിഡന്റ് ട്രംപിന്റെ മുൻ സ്ട്രാറ്റജിസ്റ്റ് ആയിരുന്ന സ്റ്റീവ് ബാനൻ അടക്കം പ്രമുഖ സ്ഥാനങ്ങൾ വഹിക്കുന്ന ഈ പ്രോജക്റ്റ് അതോടെ വിവാദങ്ങളുടെ നിഴലിൽ പെട്ടിരിക്കുകയാണ്.  

യു എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റും ഈ പ്രോജക്ടിനെ തള്ളിപ്പറഞ്ഞുകൊണ്ടാണ് രംഗത്തുവന്നത്. വളരെ സെൻസിറ്റീവ് ആയ പ്രദേശങ്ങളിൽ നുഴഞ്ഞുകയറ്റം തടയാൻ വേണ്ടി സർക്കാർ തലത്തിൽ തന്നെ  മതിലുകൾ പണിയുകയാണ് തങ്ങൾ എന്നും, പ്രൈവറ്റ് ഫണ്ടിങ്ങിൽ ഇപ്പോൾ പണിഞ്ഞിരിക്കുന്ന ഈ 'അര മൈൽ മതിൽ' അത്ര പ്രസക്തമായ ഭാഗത്തല്ല എന്നുമാണ് അവർ പറയുന്നത്. 

സ്വന്തം രാജ്യങ്ങളിൽ നിലനിൽപ്പിന്റെ സാദ്ധ്യതകൾ അസ്തമിക്കുമ്പോഴാണ് ആളുകൾ രണ്ടും കല്പിച്ച് മറ്റൊരു രാജ്യത്തേക്ക് നിയമവിരുദ്ധമായിട്ടാണെങ്കിൽ കൂടി നുഴഞ്ഞുകയറാൻ തയ്യാറാവുന്നത്. 3200  കിലോമീറ്റർ ദൂരത്തിൽ പരന്നു കിടക്കുന്ന ഈ വിശാലമായ അതിർത്തി പഴുതില്ലാത്ത വിധം കൊട്ടിയടയ്ക്കാൻ എന്തായാലും അമേരിക്കയ്ക്ക് അടുത്തൊന്നും സാധിക്കുമെന്ന് തോന്നുന്നില്ല. അപ്പോൾ പിന്നെ, ഇങ്ങനെയുള്ള 'മതിൽ പണി' അഭ്യാസങ്ങൾ രാഷ്ട്രീയ നേട്ടങ്ങൾക്കപ്പുറം മറ്റൊന്നും തന്നെ 
ആർക്കും സമ്മാനിക്കുമെന്ന് തോന്നുന്നില്ല..!