1930 -കൾ കോമ്രേഡ് ജോസഫ് സ്റ്റാലിൻ റഷ്യയിൽ കൊടികുത്തി വാഴും കാലമാണ്. അന്നദ്ദേഹം സോവിയറ്റ് നാടുകളിൽ അറിയപ്പെട്ടിരുന്നത് 'ഫാദർ ഓഫ് നേഷൻസ്' എന്നായിരുന്നു. മുപ്പതുകളുടെ പകുതിയിൽ പാർട്ടി പത്രമായ പ്രാവ്ദയും, സർക്കാർ പത്രമായ ഇസ്‌വെസ്ത്യയും സ്റ്റാലിനെ പ്രശംസകൾ കൊണ്ട് മൂടിക്കൊണ്ടിരുന്നു. 'മഹാൻ', 'ആരാധ്യൻ', 'ശക്തൻ', 'ധീരൻ', 'ജീനിയസ്' എന്നിങ്ങനെ പല വിശേഷണങ്ങളും സ്റ്റാലിനുമേൽ കോരിച്ചൊരിയപ്പെട്ടു കൊണ്ടിരുന്ന കാലം. സ്റ്റാലിന്റെ പ്രൊപ്പഗാണ്ട സംഘങ്ങൾ ഇടയ്ക്കിടെ സ്റ്റാലിൻ നാട്ടിലെ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്ന പരിപാടികൾ ആസൂത്രണം ചെയ്യുക പതിവായിരുന്നു. 1935 -ൽ അവർ ഉയർത്തിക്കൊണ്ടുവന്ന, കുട്ടികളെക്കൊണ്ട് പരസ്യമായി ഏറ്റുപറയിപ്പിച്ച ഒരു മുദ്രാവാക്യമാണ് 'ഞങ്ങളുടെ ആഹ്ലാദം നിറഞ്ഞ കുട്ടിക്കാലത്തിനു നന്ദി, കോമ്രേഡ് സ്റ്റാലിൻ' എന്നത്. അങ്ങനെ അജാതശത്രുവായ കോമ്രേഡ് സ്റ്റാലിനെ ഒരാൾ പരസ്യമായി മുഷ്ടിചുരുട്ടി തലയ്ക്കിടിക്കുക. എന്നിട്ട് ശിക്ഷ കിട്ടാതെ രക്ഷപ്പെടുക. അങ്ങനെ പ്രവർത്തിക്കുന്ന ആളുടെ കഴുത്തിന് മുകളിൽ അയാളുടെ ശിരസ്സ് പിന്നെയും അവശേഷിക്കുക, അതൊക്കെ അത്ഭുതകരമായ, നടക്കാൻ ഏറെ സാധ്യത കുറഞ്ഞ സാഹചര്യങ്ങളായിരുന്നു. 

മേലെ പറഞ്ഞുവെച്ചത് മുപ്പതുകളുടെ കാര്യമാണ്. എന്നാൽ അതിനും ഏഴെട്ടു വർഷം മുമ്പ്, അതായത് ഇരുപതുകളുടെ അവസാനവർഷങ്ങളിൽ, പക്ഷേ അങ്ങനെ  ആയിരുന്നില്ല കാര്യങ്ങൾ. മുപ്പതുകളുടെ പാതിയോടെ മാത്രമാണ് സ്റ്റാലിന് മേൽപ്പറഞ്ഞ അജയ്യതയും ദൈവിക പരിവേഷവും ഒക്കെ കൈവന്നത്. അവല്ലാത്തൊരു അപ്രമാദിത്തമുണ്ടായത്. ഇരുപതുകളുടെ പാതിയിൽ മുൻ നിര കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാൾ മാത്രമായിരുന്നു  സ്റ്റാലിൻ. അമാനുഷികനായ ഒരു രാഷ്ട്ര നേതാവായി മാറിയിരുന്നില്ല സ്റ്റാലിൻ അന്ന് എന്നർത്ഥം. 

സ്റ്റാലിന്റെ അംഗരക്ഷകനായി ഒരു ട്രോട്‌സ്‌കി ഭക്തൻ

1927 നവംബർ 27 - സോവിയറ്റ് യൂണിയനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു തീയതിയായിരുന്നു. ഒക്ടോബർ വിപ്ലവം എന്ന അവരുടെ കമ്യൂണിസ്റ്റ് രാഷ്ട്രരൂപീകരണത്തിലേക്ക് നയിച്ച മഹത്തായ സായുധ സമരത്തിന് പത്തുവർഷം തികയുന്ന ദിവസം. രാജ്യം അതാഘോഷിക്കാനിരുന്നത് റെഡ് സ്‌ക്വയറിൽ ഒരു സൈനിക പരേഡ് സംഘടിപ്പിച്ചുകൊണ്ടായിരുന്നു. റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ എല്ലാവരും ഒന്നിച്ച്  ലെനിൻ മുസോളിയത്തിനു മുകളിലേറി ഈ മെഗാ മിലിട്ടറി പരേഡിനെ അഭിവാദ്യം ചെയ്യും. ഇതായിരുന്നു അന്നത്തെ പ്രധാന കാര്യപരിപാടി. 

 

 

ഇങ്ങനെയുള്ള വിശേഷാവസരങ്ങൾ, ലോകമാധ്യമങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന ആഘോഷവേദികൾ തന്നെയാണ് പലപ്പോഴും നേതാക്കൾക്ക് നേരെ കൊലപാതകശ്രമങ്ങൾ നടത്താനും വിമതശക്തികൾ തെരഞ്ഞെടുക്കാറുള്ളത്. അതുകൊണ്ട്, സൈനിക പരേഡിനെ അഭിവാദ്യം ചെയ്യാൻ വേണ്ടി വേദിയിൽ നിൽക്കുന്ന സമയത്ത്  കമ്യൂണിസ്റ്റ് നേതാക്കൾക്കെതിരെ ഒരു വധശ്രമവും നടക്കാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയ്ക്ക് ഫ്രുൻസെ സൈനിക അക്കാദമി( Frunze Military അക്കാദമി)യിൽ നിയുക്തരായിരുന്ന ഒരു സംഘം കേഡറ്റുകളെക്കൂടി അന്ന് OGPU എന്നറിയപ്പെട്ടിരുന്ന ഇന്റലിജൻസ് യൂണിറ്റിനെ സഹായിക്കാൻ വേണ്ടി ഗവണ്മെന്റ് നിയോഗിച്ചിരുന്നു. അതിലൊരു കേഡറ്റ്, യാക്കോവ് ഒഖോട്ട്നിക്കോവ് എന്ന യുവാവ്, ആ വേദിയിൽ വെച്ചു തന്നെ  അന്ന് അറിയപ്പെടുന്ന മുൻനിര നേതാക്കളിൽ ഒരാളായ സഖാവ് സ്റ്റാലിനെ കടന്നാക്രമിക്കും എന്ന് ആരും തന്നെ സ്വപ്നേപി കരുതിയിരുന്നില്ല.

മിലിട്ടറി അക്കാദമിയിലെ  വെറുമൊരു കേഡറ്റ് ആയിരുന്നു എങ്കിലും യാക്കോവ് ഒഖോട്ട്നിക്കോവ് ചില്ലറക്കാരനായിരുന്നില്ല. അന്ന് മുപ്പതുവയസ്സു പറയമുണ്ടായിരുന്ന അയാൾ, റഷ്യൻ വിപ്ലവത്തിന്റെ തീയിൽ കുരുത്ത്, റഷ്യൻ ആഭ്യന്തരയുദ്ധത്തിൽ കമാണ്ടർ പദവിയിലൊക്കെ ഇരുന്ന ആളാണ്. അയാൾക്ക് ഒരൊറ്റ ന്യൂനതയെ ഉണ്ടായിരുന്നുള്ളൂ സ്റ്റാലിൻ സർക്കാരിന്റെ നോട്ടത്തിൽ. അയാളൊരു കടുത്ത ട്രോട്‌സ്‌കി ഭക്തനായിരുന്നു. ഇരുപതുകളുടെ പകുതിയോടെ സ്റ്റാലിൻ - ട്രോട്സ്കി രാഷ്ട്രീയ ചേരിപ്പോരിൽ ട്രോട്‌സ്‌കിയെ അടിച്ചിരുത്തി സ്റ്റാലിൻ പക്ഷം സർവ്വാധികാരസ്ഥാനങ്ങളും പിടിച്ചടക്കി. ട്രോട്‌സ്‌കിയുടെ ഭക്തനാവുകയോ പക്ഷം പിടിച്ച് സംസാരിക്കുകയോ ഒക്കെ ചെയ്യുന്നത് പോട്ടെ, ആ പേരൊന്നു കളിയായിപ്പോലും പരാമർശിച്ചു പോയാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നിരുന്ന കാലം. അതൊന്നും, പക്ഷെ യാക്കോവിനെ തന്റെ ഉള്ളിലെ വികാരങ്ങൾ പരസ്യമായ സംവാദങ്ങൾക്കിടെ വെളിപ്പെടുത്തുന്നതിൽ നിന്ന് തടഞ്ഞില്ല. ഫലമോ, റഷ്യൻ സിവിൽ വാറിന്റെ സമയത്ത് കമാൻഡിങ് പോസ്റ്റുകളിൽ ഇരുന്ന യാക്കോവ് പാർട്ടിയുടെ കടുത്ത അച്ചടക്ക നടപടികൾക്ക് വിധേയനായി. മിലിട്ടറി അക്കാദമിയിലെ വെറുമൊരു കേഡറ്റ് പദവിയിലേക്ക് അയാൾ തരം താഴ്ത്തപ്പെട്ടു. 
 

 

ഫ്രുൻസെ സൈനിക അക്കാദമിയുടെ തലവൻ റോബർട്ട് എയ്ഡ്മാനിസിനെ തന്റെ കേഡറ്റുകളിൽ നിന്ന് ഒരു സംഘത്തെ സ്റ്റാലിന്റെ അംഗരക്ഷകദൗത്യത്തിന് പറഞ്ഞയച്ച കൂട്ടത്തിൽ  യാക്കോവിനെയും പറഞ്ഞയച്ചു. അങ്ങനെ യാക്കോവിനെ അയക്കാൻ തീരുമാനിച്ചപ്പോൾ, എന്തുകൊണ്ടോ, പണ്ട് ട്രോട്‌സ്‌കി പക്ഷം ചേർന്നുചിന്തിച്ചിരുന്ന ഒരാളായിരുന്നു അയാൾ എന്നത് റോബർട്ട് പരിഗണിച്ചില്ല. 

ലെനിൻ മുസോളിയം പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിക്ക് നിയുക്തരായത് മിലിട്ടറി അക്കാദമിയിലെ മൂന്നു കേഡറ്റുകൾ ആയിരുന്നു. യാക്കോവിന് പുറമെ വ്ലാദിമിർ പെറ്റെങ്കോ, അർക്കാഡി ഗെല്ലറം എന്നിങ്ങനെ രണ്ടു കേഡറ്റുകൾ കൂടി. അവർ മൂന്നും പക്ഷേ അന്ന് ആ പരിപാടിക്ക് എത്താൻ എന്തുകൊണ്ടോ അല്പം നേരം വൈകി. അവർ റെഡ്സ്ക്വയറിൽ എത്തിയപ്പോഴേക്കും പരിപാടി തുടങ്ങിക്കഴിഞ്ഞിരുന്നു. അവർ നേരെ റിപ്പോർട്ടിങ് സ്റ്റേഷൻ ആയ മുസോളിയം പ്ലാറ്റ്‌ഫോം ലക്ഷ്യമാക്കി ഓടിച്ചെന്നു. വഴിയിൽ നിന്നിരുന്ന ഒരു OGPU ഉദ്യോഗസ്ഥനെ തള്ളിമാറ്റിക്കൊണ്ടാണ് അവർ നേതാക്കൾ നിന്നിരുന്ന പ്ലാറ്റ്ഫോമിലേക്ക് കുതിച്ചത്. അവിടെ രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ നേതാക്കളും അതിനകം തന്നെ അണിനിരന്നു കഴിഞ്ഞിരുന്നു. 

 

 

ഈ മൂന്നു കേഡറ്റുകൾ ഇങ്ങനെ ഓടിപ്പാഞ്ഞു ചെല്ലുന്നത് കണ്ടപ്പോൾ, അവിടെ നിന്നിരുന്ന OGPU ഏജന്റുമാർ അത് നേതാക്കൾക്കെതിരെയുള്ള ഒരു വധശ്രമമാണ് എന്ന് കരുതി ചെറുത്തുനില്പിനുള്ള ശ്രമം തുടങ്ങി. അവർ ഈ കേഡറ്റുമാരെ ബലം പ്രയോഗിച്ച് തടയാൻ നോക്കി. ആകെ വല്ലാത്തൊരു ആശയക്കുഴപ്പം അവിടെ ഉണ്ടായി. ഉന്തും തല്ലും മല്പിടുത്തവും നടന്നു. എന്നാൽ, മുന്നിലൂടെ പരേഡ് കടന്നു പോവുന്നതിന്റെ വലിയ ബഹളം നടക്കുന്നുണ്ടായിരുന്നു എന്നതിനാൽ ക്രെംലിനിലെ പല ഉന്നത ഉദ്യോഗസ്ഥരും പ്ലാറ്റ്ഫോമിന് മുന്നിൽ നടന്ന ഈ കയ്യാങ്കളി ശ്രദ്ധിച്ചില്ല. 

ആ മല്പിടുത്തത്തിൽ നിന്ന് പതുക്കെ രക്ഷപ്പെട്ട് യാക്കോവ് സ്റ്റാലിന്റെ അടുത്തെത്തി. അയാൾ കലികൊണ്ട് വിറക്കുകയായിരുന്നു. മുന്നിൽ നിന്നത് സ്റ്റാലിൻ ആണെന്നൊന്നും അയാൾ ആലോചിച്ചില്ല. സ്റ്റാലിന്റെ തലക്ക് പിന്നിൽ മുഷ്ടി ചുരുട്ടി ഒരിടി പറ്റിച്ചുകൊണ്ട് യാക്കോവ് ചോദിച്ചു,"ഞങ്ങൾ നിങ്ങൾക്ക് സംരക്ഷണം തരാൻ വന്നവരാണ്. ഇതെന്താണിങ്ങനെ ഞങ്ങളെ ആക്രമിക്കുന്നത്..." തങ്ങൾ അക്രമിക്കപ്പെട്ടതിലെ കലി മാത്രമാണോ ആ കേഡറ്റിനെക്കൊണ്ട് തന്റെ നേതാവിനെതിരെ മുഷ്ടി ചുരുട്ടി ഇടിക്കാൻ പ്രേരിപ്പിച്ചത്? അതോ, തന്റെ ആരാധ്യനായ ട്രോട്‌സ്‌കിയെ നിരന്തരം വേട്ടയാടിയ  സ്റ്റാലിനോട് പകരം വീട്ടുകയായിരുന്നോ അവിടെ യാക്കോവ്? അറിയില്ല. ഒരിടി കൊണ്ട് നിർത്തിയില്ല യാക്കോവ്. രണ്ടാമത് ഒരിടി കൂടി പറ്റിക്കാൻ വേണ്ടി അയാൾ കൈവീശി. അത് പക്ഷേ, അവിടെ ഉണ്ടായിരുന്ന സ്റ്റാലിന്റെ ലിത്വേനിയൻ അംഗരക്ഷകൻ ഇവാൻ യൂസിസ് തടുത്തു. തന്റെ കയ്യിലുണ്ടായിരുന്ന കഠാര കൊണ്ട് അയാൾ യാക്കോവിനെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.

അധികം താമസിയാതെ ആ പരിസരത്തുണ്ടായിരുന്ന സൈനിക ജനറൽമാരായ സെമിയോൻ ബുഡിയോണിയും ക്ളിമെന്റ് വോറോഷിലോവ് എന്നിങ്ങനെ ചിലർ ചേർന്ന് ആ കയ്യാങ്കളിക്ക് പരിഹാരമുണ്ടാക്കി. അന്ന് സ്റ്റാലിന്റെ തലക്ക് മുഷ്ടിചുരുട്ടി ഇടിച്ച യാക്കോവ് ഇനി ഒരു നിമിഷം പോലും  ഉയിരോടെ ഇരിക്കില്ല എന്ന് ആർക്കും തോന്നാം എങ്കിലും, അന്ന് സ്റ്റാലിൻ മുപ്പതുകളിൽ ആ അപ്രമാദിത്വം ആർജ്ജിച്ചിട്ടില്ലായിരുന്നതുകൊണ്ട് അതുണ്ടായില്ല. മിലിട്ടറി അക്കാദമി ചീഫിന്റെ പിന്തുണയും സംരക്ഷണവും അവർക്ക് കിട്ടി. ഇയോണ യാക്കിർ, റെഡ് ആർമി ചീഫ് മിഖായിൽ ടുഖാചേവ്സ്കി എന്നിങ്ങനെ ചിലർ കൂടി പയ്യന്മാരെ പിന്തുണച്ചുകൊണ്ട് രംഗത്തുവന്നതോടെ അവരുടെ ജീവൻ രക്ഷപ്പെട്ടു. അവരെ ഇല്ലായ്മ ചെയ്യണം എന്ന തന്റെ ആവശ്യം സ്റ്റാലിന് പിൻവലിക്കേണ്ടി വന്നു അന്ന്. 

 

 

അന്ന് ഇങ്ങനെ ഒരു സംഭവത്തിന്റെ പേരിൽ പേരിനൊരു അച്ചടക്ക നടപടി പോലും യാക്കോവിനെതിരെ ഉണ്ടായില്ല. അക്കാദമിയിൽ നിന്ന് പഠിത്തം പൂർത്തിയാക്കിയ ശേഷം, അയാൾ ഒരു എയർ ക്രാഫ്റ്റ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തു ജോലിചെയ്യുകപോലും ഉണ്ടായി. 1932 -ൽ അന്ന് 'സ്മിർനോവ് ഗൂഢാലോചന' എന്നറിയപ്പെട്ട ഒരു ആരോപണത്തിന്റെ പേരിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് യാക്കോവ് പുറത്താക്കപ്പെട്ടു. അന്നും പക്ഷേ അയാളെ വധശിക്ഷയ്‌ക്കൊന്നും വിധിച്ചില്ല പാർട്ടി. റഷ്യയുടെ കിഴക്കൻ പ്രവിശ്യകളിൽ ഒന്നായ മഗദാനിലേക്ക് അയാളെ തട്ടി. അവിടെ ഒരു ലോക്കൽ മോട്ടോർ ഡിപ്പോയുടെ ഇൻചാർജ് ആയി അയാൾ തുടർന്നും സേവനമനുഷ്ഠിച്ചു. 

 

ലിയോൺ ട്രോട്‌സ്‌കി 

ഇത്രയും പറഞ്ഞപ്പോൾ, തന്റെ തലയ്ക്ക് മുഷ്ടി ചുരുട്ടി ഇടിച്ച കേഡറ്റിനോട് കോമ്രേഡ് സ്റ്റാലിൻ ക്ഷമിച്ചു എന്ന് ആരെങ്കിലും അനുമാനിച്ചു എങ്കിൽ അതും തെറ്റാണ്. മുപ്പതുകളുടെ അവസാനം സ്റ്റാലിൻ നടത്തിയ, പിന്നീട് 'ദ ഗ്രേറ്റ് ടെറർ'(Great Terror) എന്നറിയപ്പെട്ട 'പർജ്' അഥവാ ഉന്മൂലനങ്ങളുടെ ആദ്യ ഇരകളിൽ ഒന്ന് യാക്കോവ് തന്നെയായിരുന്നു. കോമ്രേഡ്‌സ് സ്റ്റാലിനെയും വോറൊഷിലോവിനെയും വധിക്കാൻ വേണ്ടി ഗൂഢാലോചന നടത്തി എന്നതായിരുന്നു അയാൾക്കെതിരെ ഉയർന്ന ആരോപണം. മഗദാനിൽ വെച്ച് അറസ്റ്റു ചെയ്യപ്പെട്ട യാക്കോവിനെ മോസ്‌കോയിൽ എത്തിച്ച ശേഷമാണ് കോമ്രേഡ് സ്റ്റാലിന്റെ ഉത്തരവ് പ്രകാരം വധശിക്ഷയ്ക്ക് വിധേയനാക്കുന്നത്. കഴിഞ്ഞ കുറി നടന്ന ആക്രമണത്തിൽ യാക്കോവിനെ സംരക്ഷിച്ചു നിർത്തിയ യാക്കിർ, ടുഖാചേവ്സ്കി, അന്നത്തെ മിലിട്ടറി അക്കാദമി ഡീൻ റോബർട്ട് എയ്ഡ്മാനിസ് എന്നിവരും അതേ കുറ്റം ആരോപിക്കപ്പെട്ടുകൊണ്ട് യാക്കോവിന് പിന്നാലെ ഫയറിംഗ് സ്‌ക്വാഡിന്റെ മുന്നിലേക്ക് പറഞ്ഞയക്കപ്പെട്ടു.