മാർച്ച് 5, ഐസ്വാൾ ബോംബിങ്ങിന്റെ അമ്പത്തിനാലാം വാർഷികമായിരുന്നു. ഇന്ത്യൻ മണ്ണിൽ, സ്വന്തം രാജ്യത്തെ പൗരന്മാർക്ക് നേരെ തന്നെ ഇന്ത്യൻ എയർഫോഴ്‌സ് നടത്തിയ ആദ്യത്തെ വ്യോമാക്രമണമായിരുന്നു ഐസ്വാളിലേത്. തന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത സ്വന്തം നാട്ടിലെ പൗരന്മാർക്ക് നേരെ തന്നെ ബോംബുകൾ വർഷിക്കാൻ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയെ പ്രേരിപ്പിച്ച സാഹചര്യം എന്തായിരുന്നു?

കഥ തുടങ്ങുന്നത് 1959-ലാണ്. അന്ന് അസം സംസ്ഥാനത്തിന്റെ ഭാഗമാണ് മിസോ ഹിൽസ്. അക്കൊല്ലം ഒക്ടോബർ 28 -നാണ്  മിസോ നാഷണൽ ഫ്രണ്ട് എന്ന പേരിൽ ഒരു പ്രാദേശിക സംഘടന രൂപീകരിക്കപ്പെടുന്നത്. തുടക്കത്തിൽ വളരെ ശാന്തമായ പ്രവർത്തനങ്ങളും പ്രതിഷേധങ്ങളും ഒക്കെയായിരുന്നു അതിന്റേത്. 'സോ നാഷണലിസം' എന്നറിയപ്പെടുന്ന ഒരു പ്രാദേശിക സ്വാഭിമാനമായിരുന്നു ആ സംഘടനയ്ക്ക് കീഴിൽ അണിനിരക്കാൻ പ്രദേശത്തെ ജനങ്ങളെ പ്രേരിപ്പിച്ചത്. അവരുടെ ഗോത്രാഭിമാനത്തെ വേണ്ടത്ര പരിഗണിക്കാത്ത ഒരു ഗവണ്മെന്റായിരുന്നു അന്ന് അസമിൽ അവരെ ഭരിച്ചിരുന്നത്. 

പ്രശ്നം വഷളാകുന്നത് ഒരു 'മൗതം' കാലത്ത് 

'മൗതം' എന്നത് മരണസൂചകമാണ്. മുളങ്കാടുകളാണ് മിസോറമിന്റെ ഭൂപ്രകൃതിയെ ഹരിതാഭമാക്കുന്നത്. ഒരു മുള അതിന്റെ ജീവിതകാലത്ത് ഒരിക്കൽ മാത്രമാണ് പൂക്കുക. പതിറ്റാണ്ടുകൾ കൂടുമ്പോൾ ഒരിക്കൽ ഇങ്ങനെ പൂത്തിറങ്ങുന്ന മുളംപൂവുകൾ അവരുടെ ശാന്തപ്രകൃതിയിലേക്ക് ക്ഷണിക്കാത്ത ഒരു അതിഥിയെ കൊണ്ടുവരും. ഈ പൂവുകൾ ആഹരിക്കാൻ വന്നെത്തുന്ന എലികൾ. ആ എലികൾ മുളംപൂവുകളുടെ സുഭിക്ഷതയിൽ അർമാദിച്ച് പെറ്റു പെരുകും.  നൂറല്ല, ആയിരമല്ല, പതിനായിരമല്ല, ലക്ഷക്കണക്കിനായി. ആ എലികൾ കാട്ടിൽ നിന്ന് നാട്ടിലേക്കിറങ്ങിച്ചെന്ന് കൃഷികൾ നശിപ്പിക്കും, ഭക്ഷണസാധനങ്ങൾ തിന്നുതീർക്കും. പിന്നാലെ വരുന്നത് ക്ഷാമമാണ്. പട്ടിണി മരണമാണ്. 

ഏകദേശം 48 വർഷം കൂടുമ്പോഴാണ് ഇങ്ങനെ 'മൗതം' എന്ന അശനിപാതം മിസോ ജനതയുടെ ജീവിതത്തിലേക്ക് ഇറങ്ങി വരുന്നത്. 1862 -ൽ ആദ്യമായി അതുണ്ടായി, അതിനു ശേഷം 1911 -ലുണ്ടായി. ഏറ്റവും ഒടുവിലായി 1959 -ലും. അന്ന് അസം ഭരിച്ചിരുന്ന സംസ്ഥാന ഗവൺമെന്റിനോട് ഭയന്നുവിറച്ചു ചെന്ന് മിസോ ജനത സഹായം അഭ്യർത്ഥിച്ചു. അവർ ആകെഅനുവദിച്ചത് ഒന്നരലക്ഷം രൂപ. അത് ആ പാവങ്ങളെ അപമാനിക്കുന്നതിന് തുല്യമായിരുന്നു. 

1960 ആയപ്പോഴേക്കും മൗതം അതിന്റെ ദുരന്തഫലങ്ങൾ കാണിച്ചുതുടങ്ങി. നിരവധി പട്ടിണിമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എലികളെ കൊന്നു കൊണ്ടുചെല്ലുന്നവർക്ക് സ്റ്റേറ്റ് എലി ഒന്നിന് 40 പൈസവെച്ച് ഇനാം പ്രഖ്യാപിച്ചു. ലോഷൈ ഹിൽസ് വാസികളായിരുന്നു ഇതിന്റെ പരമാവധി ദുരിതങ്ങൾ അനുഭവിച്ചത്. അന്ന് അവരുടെ സങ്കടങ്ങൾക്ക് കേട്ട് അവ പരിഹരിക്കുന്നതിന് പകരം എരിതീയിൽ എണ്ണയൊഴിക്കുകയാണ് അസം ഗവൺമെന്റ് ചെയ്തത്. 

ജനങ്ങൾ ദുരിതക്കയത്തിൽ മുങ്ങിക്കൊണ്ടിരുന്ന ആ അവസരത്തിൽ വളരെ തെറ്റായ ഒരു തീരുമാനം അസം ഗവൺമെന്റിന്റെ ഭാഗത്തു നിന്നുണ്ടായി. ആസാമീസ് ഭാഷയെ സംസ്ഥാനത്ത് സർക്കാർ ജോലി കിട്ടാൻ അത്യാവശ്യമുള്ള ഒന്നായി പ്രഖ്യാപിച്ചു. മിസോ ദേശീയത ഉള്ളിൽ ഊട്ടിയുറപ്പിച്ചിരുന്ന പ്രദേശവാസികൾക്ക് ആസാമീസ് എന്നാൽ വൈദേശികാധിപത്യം പോലെ തന്നെ വെറുപ്പുള്ള ഒന്നാണ്. അവർ തങ്ങളുടെ പ്രാദേശിക സ്വത്വത്തിനെതിരെയുള്ള ആക്രമണമായി അവർ ഈ നീക്കത്തെ കണ്ടു. ഈ രണ്ടു പ്രശ്നങ്ങളും ചേർന്ന് മിസോ ഹിൽസിലെ ജനങ്ങളെ മിസോ നാഷണൽ  ഫ്രണ്ട് എന്ന തീവ്രസ്വഭാവമുള്ള ഗറില്ലാ സംഘടനയിലേക്കും, അവരുടെ സായുധ പ്രതിരോധങ്ങളിലേക്കും അടുപ്പിച്ചു. 

സായുധ വിപ്ലവം തുടങ്ങുന്നു 

അങ്ങനെ 1966 -ൽ പ്രദേശത്ത് സായുധ വിപ്ലവം തുടങ്ങി. മിസോ ഹിൽസിൽ തമ്പടിച്ചിരുന്ന ഇന്ത്യൻ സൈന്യത്തിന്റെ അസം റൈഫിൾസ് റെജിമെന്റിനെ തുരത്തുക എന്ന ലക്ഷ്യത്തോടെ മിസോ നാഷണൽ ഫ്രണ്ട് 'ഓപ്പറേഷൻ ജെറിക്കോ' എന്ന പേരിൽ ഒരു പോരാട്ടം ആരംഭിച്ചു. അടുത്ത ദിവസം തന്നെ മിസോ നാഷണൽ ഫ്രണ്ട്, മിസോ ഹിൽസ് ഇന്ത്യയിൽ നിന്ന് സ്വതന്ത്രമായതായി പ്രഖ്യാപിച്ചു. ഐസ്വാളിലെ ഇന്ത്യൻ ട്രഷറി, ചംഫൈ, ലുംഗൈ എന്നീ ജില്ലകളിലെ പട്ടാള ക്യാമ്പുകൾ എന്നിവ പിടിച്ചടക്കി മിസോ നാഷണൽ ഫ്രണ്ട് ഗറില്ലകൾ മുന്നേറിയതോടെ ഇന്ത്യൻ സൈന്യം പ്രതിരോധത്തിലായി. 

തുടക്കത്തിൽ ഒന്ന് പതറിപ്പോയി എങ്കിലും, അന്നത്തെ ഇന്ദിരാ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് അധികം താമസിയാതെ ശക്തമായ തിരിച്ചടികൾ ഉണ്ടായി. പ്രത്യാക്രമണത്തിന്റെ ചുമതല ഇന്ത്യൻ എയർ ഫോഴ്സിനായിരുന്നു. 'തൂഫാനി' എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ദസൗ ഔറഗൻ ഫൈറ്റർ ജെറ്റുകളാണ് ആ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.   മാർച്ച് അഞ്ചാം തീയതി ഉച്ചക്ക് 11.30 -ന് ആദ്യ റൗണ്ട് ആക്രമണം യന്ത്രത്തോക്കുകൾ ഉപയോഗിച്ചുള്ള കനത്ത വെടിവെപ്പിലൂടെയാണ് തുടങ്ങിയത്. മാർച്ച് ആറോടെ ആക്രമണം കടുപ്പിച്ചു. പ്രദേശത്താകമാനം കനത്ത ബോംബിങ് നടന്നു. പതിമൂന്നാം തീയതി വരെ തുടർന്ന കനത്ത ബോംബിങ് നിരവധി നിരപരാധികളായ തദ്ദേശവാസികളുടെ ജീവനെടുത്തു. പലരും മിസോ ഹിൽസിലെ കാടുകളിലേക്ക് പിന്മടങ്ങി. മിസോ നാഷണൽ ഫ്രണ്ടിന്റെ ഗറില്ലകൾ മ്യാന്മാറിലെയും, അന്ന് കിഴക്കൻ പാകിസ്ഥാൻ എന്നറിയപ്പെട്ടിരുന്ന ബംഗ്ളാദേശിലെയും കാടുകളിലേക്ക് രക്ഷപ്പെട്ടു. 

കേന്ദ്രം തങ്ങളുടെ പൗരന്മാർ അധിവസിക്കുന്ന പ്രദേശങ്ങൾ തന്നെ വ്യോമസേനയുടെ പോർവിമാനങ്ങൾ വിട്ട് ബോംബിട്ടു തകർത്തുകളയും എന്ന് പ്രദേശവാസികൾ ആരും തന്നെ സങ്കല്പിച്ചിരുന്നില്ല. നൂറുകണക്കിന് വീടുകളെ തകർത്ത ആ ബോംബിങ്, 13 പേരുടെ ജീവനാശത്തിനും കാരണമായി. സ്വന്തം മണ്ണിൽ ഇങ്ങനെയൊരു വ്യോമാക്രമണം നടന്നു എന്നുപോലും ഭാവിക്കാൻ അന്നത്തെ ഭരണാധികാരികൾ തയ്യാറായില്ല. മാർച്ച് 9 -ന് ഹിന്ദുസ്ഥാൻ സ്റ്റാൻഡേർഡ് എന്ന കൽക്കത്താ പത്രത്തിന് നൽകിയ പ്രസ്താവനയിൽ അന്ന് "പോർവിമാനങ്ങൾ പോയത് സൈനികരെയും സാധനങ്ങളെയും സപ്ലൈ ചെയ്യാനാണ്, ബോംബിങ് നടന്നിട്ടില്ല" എന്ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തന്നെ നേരിട്ട് എല്ലാം നിഷേധിച്ചു. അന്ന് ഉയർന്നുകേട്ട ചോദ്യമിതായിരുന്നു, " എന്നുമുതലാണ് ഫൈറ്റർ ജെറ്റുകളിൽ അരിച്ചാക്കുകൾ ഇറക്കാൻ തുടങ്ങിയത്?" 

ഈ സംഭവങ്ങൾ ഒക്കെ നടന്നു കഴിഞ്ഞ് പിന്നെയും രണ്ടു പതിറ്റാണ്ടുകൾക്കപ്പുറം 1987 ലാണ് മിസോറം സംസ്ഥാനം രൂപീകൃതമാകുന്നത്. അന്ന് മിസോ നാഷണൽ ഫ്രണ്ടും കേന്ദ്രവും തമ്മിൽ മിസോ പീസ് അക്കോർഡ് അഥവാ മിസോ സമാധാന ഉടമ്പടി ഒപ്പുവെച്ചു. 

അന്ന് മിസോറമിൽ ബോംബിടുക എന്ന ഒരൊറ്റ വഴി മാത്രമേ ഇന്ത്യൻ ഗവൺമെന്റിന്‌ മുമ്പിൽ ഉണ്ടായിരുന്നുള്ളോ? എന്ന ചോദ്യത്തിന് ഇന്നും ഉത്തരമായിട്ടില്ല എങ്കിലും, ഇന്ത്യൻ ജനാധിപത്യത്തിന്റെയും ആഭ്യന്തരകലാപങ്ങളുടെയും ചരിത്രത്തിലെ ഒരു കറുത്ത ഏടാണ് ഈ മിസോ ബോംബിങ് അദ്ധ്യായം.