ഏപ്രിൽ 20 2010 - അന്ന് ട്രാൻസോഷ്യൻ കമ്പനിയുടെ  ഡീപ്പ് വാട്ടർ ഹൊറൈസൺ എന്ന 'സെമി സബ്‌മേഴ്സിബിൾ ഓഫ്‌ഷോർ ഡ്രില്ലിങ് റിഗ്ഗി'ലെ വർക്കിങ് ക്രൂവിന് ഒരു വിശേഷ ദിവസമായിരുന്നു. ഗൾഫ് ഓഫ് മെക്സിക്കോ ബേസിനിലെ മക്കോണ്ടോ റിസർവോയറിൽ ഇരുപതിനായിരം അടി ആഴത്തിലുള്ള ഒരു എണ്ണക്കിണർ കുഴിക്കാനുള്ള കരാർ ഏറ്റെടുത്ത്, ലൂസിയാന സ്റ്റേറ്റിന്റെ ദക്ഷിണപൂർവ തീരത്തുനിന്ന് 41 മൈൽ അകലെ, കടലിന്റെ അടിത്തട്ടിൽ നിന്ന് നാലുമൈൽ ആഴത്തിലുള ഒരു എണ്ണക്കിണറും കുഴിച്ച് ഏതാണ്ട് പൂർത്തിയാക്കാറായി നിൽക്കുന്ന സമയമായിരുന്നു അത്. നാലുമാസമായി ഡ്രില്ലിങ് തുടങ്ങിയിട്ട്. ഫോർമാന്മാർ ഡെക്കിലെ ജോലിക്കാരെ ചീത്തവിളിച്ചു കൊണ്ട് പണിയെടുപ്പിക്കുന്നു. കാരണം, ഷെഡ്യൂൾ ചെയ്ത സമയത്തിനും ആറാഴ്ച പിന്നിലാണ് റിഗ്ഗ് ഓടിക്കൊണ്ടിരിക്കുന്നത്. 

അത് പണിക്കാരുടെ മാത്രം കുറ്റമല്ലായിരുന്നു. സത്യം പറഞ്ഞാൽ അവരുടെ കുറ്റമേ ആയിരുന്നില്ല. മണ്ണിനു താഴെ കുഴിച്ചു കുഴിച്ച് എണ്ണശേഖരത്തോളം ചെല്ലുന്നതിനിടെയുള്ള ഭൂമിയുടെ പാളികൾ, പാറകൾ നിറഞ്ഞ ആ പാളികളിലൂടെ ഡ്രിൽ ചെയ്തു ചെല്ലുക ഏറെ ദുഷ്കരമായ ഒരു പ്രവൃത്തിയായിരുന്നു. സൂക്ഷിച്ചു മാത്രം ചെയ്യേണ്ട ഒന്ന്. മുകളിൽ നിന്ന് 'മഡ്' എന്നറിയപ്പെടുന്ന ഡ്രില്ലിങ് ഫ്ലൂയിഡ് പമ്പ് ചെയ്ത് അതിന്റെ സമ്മർദ്ദത്തിൽ, താഴെനിന്നുള്ള ഭൂമർദ്ദത്തെ നിയന്ത്രിച്ചുകൊണ്ട് ഏറെ ശ്രദ്ധിച്ചാണ് ഡ്രില്ലിങ് പൂർത്തിയാക്കിയത്. ഒടുവിൽ തങ്ങൾ ഉദ്ദേശിച്ച റിസർവോയർ സോൺ എത്തിക്കഴിഞ്ഞിരിക്കുന്നു ക്രൂ. അതിന്റെ ആശ്വാസത്തിലായിരുന്നു ഇരു ഷിഫ്റ്റിലെയും ജീവനക്കാർ.

 

 

ഇനി ഏതാനും ദിവസങ്ങൾ കൂടി. ചില അവസാനഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാൽ താഴെനിന്നുള്ള ഭൂമർദ്ദം ഏറെ ഭീഷണിയായിരിക്കുന്ന ഈ എണ്ണക്കിണർ ക്യാപ്പിട്ട് അടച്ച് അടുത്ത കിണർ കുഴിക്കാൻ പോകാം. ഇവിടെ വേറെ ഒരു പ്രൊഡക്ഷൻ റിഗ് വന്ന് ഇവിടെ നിന്ന് എണ്ണ ഉത്പാദിപ്പിച്ചുകൊള്ളും. അവർക്ക് സന്തോഷിക്കാനുള്ള വകുപ്പുണ്ട്, കാരണം, 500 കോടി ഡോളർ വിലമതിക്കുന്ന ക്രൂഡോയിൽ ശേഖരമുള്ള ഒരു റിസർവോയർ ആണ് മക്കോണ്ടോയിൽ അവർ കണ്ടെത്തിയിട്ടുള്ളത്. അത് കമ്പനിക്ക് വലിയ ലാഭമാണ് നൽകാൻ പോകുന്നത്. ട്രാൻസോഷ്യൻ ഡീപ്പ് വാട്ടർ ഹൊറൈസൺ എണ്ണ ഡ്രില്ലിങ് റിഗ്ഗിനെ സംബന്ധിച്ചിടത്തോളം വളരെ വിജയകരമായി പര്യവസാനിക്കാൻ പോകുന്നൊരു ഓപ്പറേഷന്റെ അവസാനത്തെ ചുരുക്കം ദിവസങ്ങളായിരുന്നു അത്. 

ആ റിഗ്ഗിനു സന്തോഷിക്കാൻ വേറെ ഒരു വകയും കൂടി ഉണ്ടായിരുന്നു. ഈ സ്ഥലത്തെ ഓപ്പറേഷൻ മാത്രമല്ല അവർ ഒരു അപകടവും കൂടാതെ പൂർത്തിയാക്കിയത്. അത് ഏതെങ്കിലുമൊരു അപകടത്തിൽ ഏതെങ്കിലും ഒരു ജീവനക്കാരന് ഒരു പോറൽ പോലും പറ്റാതെ അവർ ഡ്രില്ലിങ് പൂർത്തിയാക്കുന്ന ഏഴാമത്തെ വർഷം ആയിരുന്നു. അതിന്റെ ആഘോഷ ഛായയും റിഗ്ഗിൽ ഉണ്ടായിരുന്നു. അഭൂതപൂർവമായ ഈ സുരക്ഷാ നേട്ടത്തിൽ ജീവനക്കാരെ നേരിട്ട് അഭിനന്ദിക്കാൻ വേണ്ടി ബ്രിട്ടീഷ് പെട്രോളിയം പ്രസിഡന്റ് പാട്രിക് ഒബ്രിയാൻ നേരിട്ട് സന്ദർശനം നടത്താനിരുന്ന ദിവസം കൂടിയായിരുന്നു അത്. ഉച്ചയോടെ ആ വിഐപി സംഘം ഹെലികോപ്റ്ററിൽ വന്നിറങ്ങി. അവരെ റിഗ്ഗിലെ സേഫ്റ്റി ഓഫീസർ എല്ലായിടത്തും കൊണ്ടുപോയി കാണിച്ചു. രാത്രി ഏഴുമണിയോടെ കോൺഫറൻസ് റൂമിൽ വിഐപി സന്ദർശകർ ജീവനക്കാരുമായി മീറ്റിംഗ് നടത്തി. മീറ്റിങ് കഴിഞ്ഞു, അവർ വന്ന കാര്യങ്ങളുടെ കടലാസുപണികളും പൂർത്തിയാക്കി. അതിനു ശേഷം റിഗ്ഗിന്റെ ഗതാഗത ചുമതലയുണ്ടായിരുന്ന റിഗ് ക്യാപ്റ്റനെ കാണാൻ വേണ്ടി അവർ റിഗ്ഗിന്റെ ബ്രിഡ്ജ് എന്നറിയപ്പെടുന്ന് ഭാഗത്തെ ക്യാബിനിലേക്ക് പോയി. അവിടെ അവർ പുതുതായി സ്ഥാപിച്ച ഡ്രില്ലിങ് സിമുലേഷൻ ടൂൾ പരീക്ഷിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് റിഗ്ഗ് അതി ശക്തിയായി കുലുങ്ങുന്ന പോലെ തോന്നി. 

തന്റെ ക്യാബിൻ തുറന്നു ഡെക്കിലേക്കിറങ്ങി നോക്കിയ ക്യാപ്റ്റൻ കണ്ടത് ഡ്രിൽ ഫ്ലോറിൽ നിന്ന്  കുതിച്ചു പൊന്തി റിഗ്ഗിനോട് ചേർന്ന് കിടന്നിരുന്ന സപ്പോർട്ട് ബോട്ട് ആയ ബാങ്ക്സ്റ്റനിലേക്ക് മടമടാ പതിച്ചു കൊണ്ടിരുന്ന ഡ്രില്ലിങ് മഡിന്റെ അതിശക്തമായ ധാരയാണ്. ഡോർ അടച്ച് വീണ്ടും അകത്തേക്ക് കയറിയതും ക്യാപ്റ്റൻ അടുത്ത ശബ്ദം കേട്ടു. ആദ്യം കേട്ടത് എന്തോ ചീറ്റുന്നതുപോലുള്ള ഒരു ഒച്ചയാണ്. പിന്നാലെ അതി ശക്തമായ ഒരു പൊട്ടിത്തെറി ശബ്ദവും. പിന്നീടവർ കണ്ടത്, ഒരു റിഗ് ക്രൂവും ഒരിക്കലും ജീവിതത്തിൽ കാണാൻ ആഗ്രഹിക്കാത്ത കാഴ്ചകളാണ്. 

പൊട്ടിത്തെറിയിലേക്ക് നയിച്ച സംഭവങ്ങൾ 

ഇങ്ങനെ ഒരു അപകടമുണ്ടായത് എങ്ങനെ എന്നറിയണമെങ്കിൽ, അതിനു മുമ്പത്തെ ദിവസങ്ങളിൽ നടന്ന ചിലതിനെപ്പറ്റി അറിയണം. ഡ്രില്ലിങ് ആകെ കുഴപ്പം പിടിച്ച ഒരു പ്രവൃത്തി ആയിരുന്നു. ഡ്രിൽ പൈപ്പ് ഒരിക്കൽ കുടുങ്ങി കിണറിൽ. താഴെ നിന്നുള്ള മർദ്ദത്തെ നിയന്ത്രിച്ചു നിർത്താൻ വേണ്ടി മുകളിൽ നിന്ന് പമ്പ് ചെയ്യുന്ന മഡ് അഥവാ ഡ്രില്ലിങ് ഫ്ലൂയിഡ് പലവട്ടം എണ്ണക്കിണറിന്റെ ചുവരിലെ ദ്വാരങ്ങളിലൂടെ ചോർന്നുപോയി. പലവട്ടം പ്രതീക്ഷിക്കാത്ത നേരങ്ങളിൽ താഴെ നിന്ന് കടുത്ത സമ്മർദ്ദമുണ്ടായി. റിഗ്ഗ് നിയന്ത്രണം വിട്ടുപോകാതിരിക്കാൻ ക്രൂവിന് പഠിച്ച പണി പതിനെട്ടും നോക്കേണ്ടി വന്നിരുന്നു. അതുകൊണ്ടുതന്നെ പ്രതീക്ഷിച്ചതിലും അധികം നാളെടുത്തു ഡ്രിൽ ചെയ്ത് പൂർത്തിയാക്കാൻ. കൃത്യമായി പറഞ്ഞാൽ 45 ദിവസം കൂടുതലെടുത്തു. ഏതാണ്ട് 6 കോടി ഡോളർ കമ്പനിക്ക് അധികച്ചെലവും വന്നു. അതുകൊണ്ട് ഇനിയും താമസമില്ലാതെ എത്രയും പെട്ടെന്ന് പണി തീർത്ത് ക്യാപ്പ് ചെയ്തു നൽകാൻ സമ്മർദ്ദമുണ്ടായിരുന്നു ക്രൂവിന്റെ മേൽ.

 

 

ഏപ്രിൽ 9 ന് എണ്ണക്കിണർ 18,360 അടി ആഴത്തിൽ എത്തിയിട്ടുണ്ടായിരുന്നു. ലക്ഷ്യമിട്ടിട്ടുള്ളത് 20,200 അടി (Target  Depth) വരെ കുഴിക്കണം എന്നായിരുന്നു. എന്നാലും കിണറിനുള്ളിലെ സമ്മർദ്ദം കൂടിക്കൂടി വന്നിരുന്നതിനാൽ സംഗതി പ്രശ്നമാകും എന്ന് മനസ്സിലായപ്പോൾ അവർ കുഴിച്ചിടത്തോളം വെച്ച് നിർത്തി. ഇനി ബാക്കിയുണ്ടായിരുന്ന ഒരേയൊരു പണി, അത് അവിടെ വെച്ച് 'പ്രൊഡക്ഷൻ കേസിങ്' എന്നറിയപ്പെടുന്ന ഒരു സ്റ്റീൽ പൈപ്പ് ഇറക്കി സിമന്റിട്ട ശേഷം ആ എണ്ണക്കിണറിനെ ക്യാപ്പ് ചെയ്ത് സുരക്ഷിതമാക്കുക എന്നത് മാത്രമായിരുന്നു. അങ്ങനെ ചെയ്തു കഴിഞ്ഞാൽ പിന്നെ ഭൂമിക്കുള്ളിൽ നിന്നുവരുന്ന സമ്മർദ്ദം ഒരു വിഷയമല്ല. അത് കഴിഞ്ഞാൽ റിഗ്ഗിന് അവിടെ നിന്ന് 'റിഗ് ഡൗൺ' ചെയ്ത്, അഥവാ 'അഴിച്ചു പെറുക്കി' അടുത്ത് കുഴിക്കേണ്ട ഇടത്തേക്ക് സ്ഥലം വിടാം. 

സിമന്റിങ് ജോബിൽ വന്ന പാളിച്ചകൾ 

ഏപ്രിൽ 20 -ന് അതിരാവിലെപൈപ്പിറക്കി ക്യാപ്പ് ചെയ്യുന്ന പ്രക്രിയയുടെ നിർണായകമായ ഘട്ടമായ 'സിമന്റിങ്'  പൂർത്തിയാക്കി എല്ലാം ശുഭമെന്നു കരുതി റിഗ് ക്രൂ ബാക്കി പരിശോധനകളിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്ന നേരം. സിമന്റിങ് ജോബ് കൃത്യമായി പൂർത്തിയായിരുന്നില്ല എന്നത് പരിശോധനകളിൽ ഏർപ്പെട്ടിരുന്ന എഞ്ചിനീയർമാർക്ക് തിരിച്ചറിയാനായില്ല. ഇത് മനസ്സിലാക്കാതെ കൈക്കൊണ്ട തുടർ തീരുമാനങ്ങളാണ് സ്ഫോടനത്തിലേക്ക് വഴിവെച്ചത്. സിമന്റിങ് കൃത്യമായി നടക്കാതിരുന്നതുകൊണ്ട് ഭൗമാന്തർഭാഗത്തു നിന്നുള്ള അതിമർദ്ദത്തിലുള്ള ദ്രാവകം വളരെ വേഗത്തിൽ എണ്ണക്കിണറിലൂടെ മുകളിലേക്ക് പൊട്ടിപ്പുറപ്പെട്ടു വരാൻ തുടങ്ങി. വൈകുന്നേരത്തോടെ, വരാനിരിക്കുന്ന ദുരന്തത്തിന്റെ ആദ്യലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഡ്രിൽ ഫ്ലോറിലേക്ക് ഗ്യാസിന്റെയും മഡിന്റെയും, കിക്ക് എന്നറിയപ്പെടുന്ന, ആദ്യഘട്ട അനിയന്ത്രിത പ്രവാഹങ്ങൾ കണ്ടു തുടങ്ങി. അപകടമുണ്ടായാൽ അതിനെ തടയാൻ സ്ഥാപിച്ചിരുന്ന ബ്ലോ ഔട്ട് പ്രിവൻറ്റർ (BOP ) അടക്കമുള്ള പല സംവിധാനങ്ങളും പ്രവർത്തിച്ചില്ല. അല്ലെങ്കിൽ, വേണ്ട ക്രമത്തിൽ അതിനു ചുമതലപ്പെട്ടവർ പ്രവർത്തിപ്പിച്ചില്ല. 21.49 -ന് ആദ്യ സ്ഫോടനം നടന്നു.  

 

 

2010 ഏപ്രിൽ 10 -ന്, ഗൾഫ് ഓഫ് മെക്സിക്കോയിൽ, ഡീപ്പ് വാട്ടർ ഹൊറൈസണിൽ നടന്നത് വേണ്ടത്ര ശ്രദ്ധിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന ഒരു ദുരന്തമായിരുന്നു. സുരക്ഷാ മുൻകരുതലുകളും, അവയ്ക്കായുള്ള സംവിധാനങ്ങളും, ഉപകരണങ്ങളും എല്ലാം കൃത്യമായി പ്രവർത്തിച്ചിരുന്നു എങ്കിൽ, പ്രവർത്തിപ്പിച്ചിരുന്നു എങ്കിൽ അത് ഒഴിവാക്കാമായിരുന്നു. ദുരന്തമുഖത്തു നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങൾ ഏറെ പരിഭ്രാന്തമായ രംഗങ്ങൾക്ക് വഴിവെച്ചു. ചിലർ ഡ്രിൽ ഫ്ലോറിൽ നിന്ന് നേരെ കടലിലേക്ക് എടുത്തു ചാടി. അവരിൽ പലരും മരിച്ചു. ചിലർക്ക് സ്‌ഫോടനത്തിൽ മാരകമായ പരിക്കുകളേറ്റു. ആകെ മരിച്ചത് 11 പേരായിരുന്നു. പല വലിയ അപകടങ്ങളിലെയും പോലെ അതിലും നടന്നത് തുടർച്ചയായ അശ്രദ്ധകളുടെ ഒരു പരമ്പരയായിരുന്നു. ഈ അപകടത്തെ തുടർന്ന് ബിപിയും ഹാലിബർട്ടനും അവരുടെ സുരക്ഷാ മാനുവലുകൾ പരിഷ്കരിച്ചു.  സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയറുകൾ പുതുക്കി. ലോകത്തെമ്പാടുമുള്ള അവരുടെ റിഗ്ഗുകളിലെ യന്ത്രങ്ങളിലെ നേരിയ തകരാറുകൾ പോലും പരിഹരിച്ചു. പക്ഷേ, ഈ അപകടവും അതേത്തുടർന്നുണ്ടായ എണ്ണച്ചോർച്ചയും ഉണ്ടാക്കിയ പാരിസ്ഥിതികമായ ആഘാതങ്ങൾ വളരെ വലുതായിരുന്നു. 

റിഗ്ഗപകടത്തിൽ നിന്ന് സമുദ്രമലിനീകരണത്തിലേക്ക്

അത് ആ വലിയ അപകടത്തിന്റെ ഒന്നാം നാൾ മാത്രമായിരുന്നു. ഭൂമിക്കടിയിൽ നിന്ന് ധാരധാരയായി പുറത്തേക്ക് കുതിച്ചൊഴുകി വന്നത് എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും അന്തമില്ലാത്ത ഉറവകളായിരുന്നു. അതിലേക്ക് പടർന്ന തീ ആളിക്കത്തി, റിഗ്ഗിനെ ആകെ വിഴുങ്ങി. പലയിടത്തു നിന്നുമായി വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന അഗ്നിശമന സംവിധാനങ്ങൾ കൊണ്ടെത്തിച്ച് രണ്ടു ദിവസം ശ്രമിച്ചിട്ടും തീ കേട്ടില്ല. ഡീപ്പ് വാട്ടർ ഹൊറൈസൺ എന്ന ആ ഭീമാകാരം സെമി സബ്‌മേഴ്സിബിൾ റിഗ്ഗ് പൂർണ്ണമായും കത്തിനശിച്ചു. രണ്ടാം ദിവസത്തേക്ക് അതിന്റെ ഭാഗങ്ങൾ അടർന്നു കടലിലേക്ക് വീഴാൻ തുടങ്ങി. ഒടുവിൽ ആ എണ്ണക്കിണറിന്മേൽ ഉണ്ടായിരുന്ന അവസാനത്തെ ബന്ധമായ റൈസർ പൊട്ടി കടലിലേക്ക് പതിച്ചു. അതോടെ ഭൗമാന്തർഭാഗത്തുനിന്ന് കുത്തിയൊഴുകിക്കൊണ്ടിരുന്ന എണ്ണയെ തടയാൻ ഒരു പ്രതിബന്ധവും ഇല്ലാതെയായായി. അത് പതിനൊന്നു പേരുടെ ജീവൻ അപഹരിച്ച ഒരു റിഗ്ഗപകടം എന്ന നിലയിൽ നിന്ന്, പര്യവേക്ഷണങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണച്ചോർച്ച എന്ന നിലയിലേക്ക് കാര്യങ്ങൾ വഴി മാറി. അത് ഗൾഫ് ഓഫ് മെക്സിക്കോയുടെ തീരപ്രദേശങ്ങളിലെ സമുദ്ര ജീവികളെ കൊന്നൊടുക്കി. കടലിലെ സസ്യജാലത്തെ പൂർണ്ണമായും നശിപ്പിച്ചു. മത്സ്യങ്ങൾ, കടൽപ്പക്ഷികൾ, കടലാമകൾ എന്നിങ്ങനെ ജീവജാലങ്ങളിൽ പലതും ചത്തൊടുങ്ങി. പ്രദേശവാസികളുടെ ഉപജീവനമാർഗ്ഗം നിലച്ചുപോയി. 

 

 

ഈ എണ്ണച്ചോർച്ച മലിനമാക്കിയത് റിഗ്ഗിനു ചുറ്റുമുള്ള 68,000 ചതുരശ്ര മൈൽ സമുദ്രത്തെയാണ്. ടെക്സസിൽ നിന്ന് ഫ്ലോറിഡ വരെ നീണ്ടുകിടക്കുന്ന   1,000 മൈൽ നീളത്തിലുള്ള കടൽത്തീരത്തെയാണ്. മനുഷ്യനും ജീവജനങ്ങൾക്കും, സസ്യസമ്പത്തിനും ഉണ്ടായ നഷ്ടം അപരിഹാര്യമായിരുന്നു എങ്കിലും, ബ്രിട്ടീഷ് പെട്രോളിയത്തിന് ഏകദേശം 6500 കോടി ഡോളർ നഷ്ടപരിഹാരമായി നൽകേണ്ടി വന്നു. അതിൽ നഷ്ടപരിഹാരം, വൃത്തിയാക്കാനുള്ള ചെലവ്, നിയമപോരാട്ടത്തിന് ചെലവായ വക്കീൽ ഫീസ്, തൊഴിൽ നഷ്ടത്തിനുള്ള പരിഹാരം എന്നിവ ഉൾപ്പെടും. തുടർന്നുള്ള വർഷങ്ങളിൽ ആ പ്രദേശത്തെ ജനജീവിതം നരകതുല്യമായിരുന്നു. 50 ലക്ഷം ബാരൽ എണ്ണയാണ് ഈ ഒരൊറ്റ ചോർച്ചയിൽ സമുദ്രജലത്തിലേക്കു വന്നു പതിച്ചത്.  

 

 

സംഭവിച്ചതിനെ പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുക എന്നത് ഏറെക്കുറെ അസാധ്യമാണ് എന്ന തിരിച്ചറിവ് ഉണ്ടായിരുന്നതുകൊണ്ടാകും, അധികാരികളുടെ ശ്രദ്ധ, ഇനി ഇത്തരത്തിൽ ഒരു പാരിസ്ഥിതിക ദുരന്തം മനുഷ്യന്റെ ശ്രദ്ധക്കുറവുകൊണ്ട് ഉണ്ടാകാതെ നോക്കുക എന്നതായിരുന്നു. അതിനുള്ള ശ്രമങ്ങളാണ് എണ്ണ പര്യവേക്ഷണവുമായി ബന്ധപ്പെട്ടുകൊണ്ട് പ്രവർത്തിക്കുന്ന പാരിസ്ഥിതിക ഏജൻസികൾ ഇന്നും തുടരുന്നത്.