ഇന്ത്യ വലിയൊരു ഉപഭൂഖണ്ഡമാണ്. ഭരണഘടനയുടെ എട്ടാം അനുച്ഛേദത്തിൽ ഉൾപ്പെട്ടിട്ടുള്ള 22  ഭാഷകൾക്ക് പുറമേയും നിരവധി ഭാഷകളുണ്ടിവിടെ.  ആ ഭാഷകളും അവയുടെ കേട്ടാൽ തിരിയാത്ത വകഭേദങ്ങളും തികഞ്ഞ ഏകാധിപത്യം പുലർത്തുന്ന പല പ്രദേശങ്ങളും  നമ്മുടെ ഇന്ത്യാമഹാരാജ്യത്തുണ്ട്. ഭാഷാടിസ്ഥാനത്തിലുള്ള ഈയൊരു വേർതിരിവ് ഏറ്റവും വലയ്ക്കുന്നത് പലപ്പോഴും രാഷ്ട്രീയ പാർട്ടികളുടെ ദേശീയനേതാക്കളെ ആയിരിക്കും. ഇന്ത്യയുടെ എല്ലാ കോണുകളിലും ചെന്ന് ജനങ്ങൾക്ക് മനസ്സിലാവുന്ന ഭാഷയിൽ അവരോട് സംവദിക്കുന്ന എന്നത് ഏറെക്കുറെ അസാധ്യമാകും നേതാക്കൾക്ക്. 

ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മിലുള്ള പ്രധാന വേർതിരിവ്, രാഷ്ട്രഭാഷയെന്ന് പലരും പറഞ്ഞുപോരുന്ന ഹിന്ദിയിലുള്ള അവഗാഹത്തിന്റെ ഏറ്റക്കുറച്ചിലുകളാണ്.ഹിന്ദി ഒരക്ഷരം പോലും മനസ്സിലാവാത്തവരാണ് ദക്ഷിണേന്ത്യയിൽ ജീവിക്കുന്ന പലരും.  അതുകൊണ്ടുതന്നെ പലപ്പോഴും ഇന്ത്യയിൽ എല്ലായിടത്തും കുറഞ്ഞ തോതിലെങ്കിലും മനസ്സിലാവുന്നത് ചിലപ്പോൾ ഇംഗ്ലീഷിൽ പ്രസംഗിച്ചാലാവും.  ആ ഇംഗ്ലീഷ് പക്ഷേ,  സദസ്സിലെ ഭൂരിഭാഗം വരുന്ന പ്രാദേശിക ഭാഷയിൽ തന്നെ കഷ്ടിച്ച് ഗ്രാഹ്യം മാത്രമുള്ള ഗ്രാമീണർക്ക് ഒരക്ഷരം തിരിഞ്ഞേക്കില്ല. അവിടെയാണ് 'തത്സമയ പരിഭാഷ' എന്നൊരു അഭ്യാസം നടത്തേണ്ടി വരിക. ആ കർത്തവ്യത്തിന് നിയോഗിക്കപ്പെടുന്നവരുടെ കെടുകാര്യസ്ഥത ചിലപ്പോൾ വളരെ ഗൗരവമുള്ള സന്ദേശങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ നേതാവ് നടത്തുന്ന പ്രസംഗത്തെ ഒരു കോമഡി ഷോയുടെ നിലവാരത്തിലേക്ക് താഴ്ത്തും. 

സന്ദേശം സിനിമയിലാണ് ഇതിന്റെ ഒരു ചിത്രീകരണം നമ്മൾ മുമ്പ് കണ്ടിട്ടുള്ളത്. ഇന്നസെന്റ് വേഷമിട്ട ദേശീയ നേതാവിന്റെ ഹിന്ദിക്കുമുന്നിൽ പരുങ്ങുന്ന പ്രാദേശിക നേതാക്കൾ അന്ന് തിയറ്ററുകളിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങൾക്ക് തീകൊളുത്തുകയുണ്ടായി. 'നാരിയൽ പാനി' വേണമെന്നാവശ്യപ്പെട്ട നേതാവിന്റെ വാക്കുകൾ പരിഭാഷപ്പെടുത്താനാവാതെ അന്ന് അണികൾ കുഴങ്ങുന്ന രംഗങ്ങൾ ഇന്നും ചാനലുകളിൽ ഈ സിനിമയുടെ പുനഃസംപ്രേഷണം വരുമ്പോൾ പലരും ചാനൽ മാറ്റാതെ അത് കാണാറുണ്ട്. നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ സഹായിച്ച് ഇന്നും ഏറെക്കുറെ ഇതേ രംഗങ്ങൾ നമ്മൾ പലവട്ടം ലൈവ് ടെലികാസ്റ്റായി  കാണുന്നുണ്ട്. 

2014 -ൽ നരേന്ദ്ര മോദിയുടെ പ്രസംഗം ലൈവായി പരിഭാഷപ്പെടുത്തവേ വന്ന അമളി കെ സുരേന്ദ്രനെ പ്രശസ്തനാക്കി.  അന്ന്, " ഞാൻ ആദ്യമായി കേരളീയരോട് മാപ്പു പറയട്ടെ, കാരണം ഞാൻ വരാൻ വൈകി. വളരെ മുമ്പേ തന്നെ എത്തേണ്ടതായിരുന്നു ഇവിടെ.. ഇനി അങ്ങനെ ഉണ്ടാവില്ലെന്ന് ഞാൻ വാക്കുതരുന്നു.. " എന്ന് പറഞ്ഞതിനെ " എനിക്ക് കേരളത്തിൽ വരുമ്പോൾ അതിയായ സന്തോഷമുണ്ട്.. ഞാൻ വളരെ പണ്ടുകാലം മുതൽക്കേ  കേരളത്തിൽ വരുന്നയാളാണ് എന്നാൽ ഇപ്പോൾ കേരളത്തിലെ സാഹചര്യം അങ്ങനെയല്ല.. എനിക്ക് വലിയ സന്തോഷമുണ്ട് എന്നായിരുന്നു.. " അദ്ദേഹത്തിന്റെ ഈ തെറ്റായ പരിഭാഷ വേദിയിലിരുന്ന വി മുരളീധരൻ അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കളെ അസ്വസ്ഥരാക്കുകയും, അതേത്തുടർന്ന് മോദി തന്നെ സുരേന്ദ്രനെ മാറ്റി വി മുരളീധരനെ തന്റെ പ്രസംഗം പരിഭാഷപ്പെടുത്താൻ ക്ഷണിക്കുകയുമുണ്ടായി. ഈ അമളിയ്ക്ക് പിന്നാലെ വി ടി ബൽറാം തന്റെ ഫേസ്ബുക്ക് ഐഡിയിൽ നിന്നും ഹിന്ദി അക്ഷരമാലയുടെ ചിത്രം പങ്കുവെച്ചതും വിവാദമായിരുന്നു. 

 

അടുത്ത അമളി പറ്റിയത് ഇടതുപക്ഷത്തുനിന്നായിരുന്നു. 2016 -ൽ ബിജെപി പോളിറ്റ് ബ്യൂറോ മെമ്പറും രാജ്യസഭാ അംഗവുമായിരുന്ന  ബ്രിന്ദാ കാരാട്ട് കേരളത്തിൽ വന്ന് ഇംഗ്ലീഷിൽ പ്രസംഗിച്ചപ്പോൾ വേദിയിൽ മറ്റൊരു മൈക്കിൽ വിവർത്തനം ചെയ്യാൻ സ്ഥലത്തെ പ്രസിദ്ധനായ ഒരു അഭിഭാഷകനെയായിരുന്നു. ബ്രിന്ദാജിയുടെ ഇംഗ്ലീഷ് അദ്ദേഹത്തെ ശരിക്കും വെള്ളം കുടിപ്പിച്ചു. " ജിഷയ്ക്കു നേരെ ക്രൂരമായ  ആക്രമണം തന്നെ വിഷമിപ്പിച്ചു..' എന്ന ബ്രിന്ദാ കാരാട്ട് പറഞ്ഞപ്പോൾ, അഡ്വക്കേറ്റ് അതിൽ " അത് തനിക്ക് അപമാനകരമായിരുന്നു.." എന്ന് കൂടി ചേർത്തു. അല്പമൊക്കെ മലയാളം അറിയാമായിരുന്ന ബ്രിന്ദ അപ്പോൾ തന്നെ പിടിച്ചു. അവിടുന്നങ്ങോട്ട് അഡ്വക്കേറ്റിന്റെ കയ്യിലുണ്ടായിരുന്ന ഇംഗ്ലീഷ് ഒന്നും പോരാത്തവിധമായിരുന്നു ബ്രിന്ദാ കാരാട്ടിന്റെ പ്രസംഗത്തിൽ നിറഞ്ഞു നിന്ന വാഗ്ധോരണി. വെള്ളം കുടിച്ചുപോയ സഖാവിനെ ഇടയ്ക്കിടെ, 'കോമ്രേഡ്' എന്ന് വിളിച്ച് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു അവർ. 

ഇത്തവണത്തെ തെരഞ്ഞെടുപ്പിലും അബദ്ധങ്ങൾ ആവർത്തിച്ച് കോൺഗ്രസുകാർ രംഗത്തെത്തിയിരുന്നു. തമിഴ്‍നാട്ടിൽ തങ്കബാലുവും കേരളത്തിൽ പിജെ കുര്യനും രാഹുൽ ഗാന്ധിയ്‌ക്കൊപ്പമെത്താനാവാതെ വിയർത്തു. എന്നാൽ അതേ സമയം തത്സമയ പ്രസംഗ പരിഭാഷയെ ഒരു ലളിതകലയാക്കി ഉയർത്തി, പത്തനാപുരത്ത് രാഹുൽ ഗാന്ധിക്കുവേണ്ടിയെത്തിയ   ജ്യോതി വിജയകുമാർ. കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ മത്സരിച്ചു പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർഥി വിജയകുമാറിന്റെ മകളാണ് സിവിൽ സർവീസ് പരിശീലക കൂടിയായ ജ്യോതി. രാഹുൽ ഗാന്ധി സ്ട്രെസ് ചെയ്തിടങ്ങളിൽ തന്നെ കൃത്യമായി സ്‌ട്രെസ് ചെയ്ത്, ഏകദേശം അതേ ആവേശത്തോടെ തന്നെ, അർഥഗൗരവം ഒട്ടും തന്നെ ചോരാതെ, വളരെ പ്രൊഫഷണലായ ഒരു പരിഭാഷയായിരുന്നു അവരുടേത്. 

പലപ്പോഴും വേദിയിലെ ശബ്ദ സംവിധാനങ്ങളുടെ അപര്യാപ്തതയാണ് പരിഭാഷയ്ക്ക് വിലങ്ങുതടിയാവുന്നത്. ഭാഷയിൽ സാമാന്യം പ്രാവീണ്യമുള്ള വി ഡി സതീശൻ വരെ മുമ്പൊരിക്കൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം  പരിഭാഷപ്പെടുത്താൻ നിന്നപ്പോൾ രാഹുലിന്റെ വാക്കുകൾ കേൾക്കാനാവാത്ത ബുദ്ധിമുട്ടുന്നത് കണ്ട് രാഹുൽ ഗാന്ധി അദ്ദേഹത്തെ തൊട്ടടുത്ത് പിടിച്ചു നിർത്തി പ്രസംഗിക്കുന്നത് നമ്മളൊക്കെ കണ്ടതാണ്. 

ഒരു രാഷ്ട്രീയ പ്രസംഗം, അതും ആയിരക്കണക്കിന് കാണികൾക്കും നൂറുക്കണക്കിന് തത്സമയ ടെലികാസ്റ്റിങ്ങ് കാമറകൾക്കും മുന്നിൽ വെച്ച് നേതാവ് നടത്തുമ്പോൾ, അദ്ദേഹത്തിന് തൊട്ടടുത്ത് നിന്നുകൊണ്ട് അപ്പപ്പോൾ പരിഭാഷപ്പെടുത്തി അതേ ശൈലിയിൽ സമാന്തരമായി പ്രസംഗിക്കുക എന്നത് വളരെ ശ്രമകരമായ ഒരു ജോലിയാണ്. ഇടയ്ക്ക് ശ്രദ്ധ ഒട്ടുമേ തിരിഞ്ഞു പോവാൻ പാടില്ല. പാതിയിൽബ്രേക്കെടുക്കാനാവില്ല. കേൾക്കുന്ന ആ നിമിഷാർദ്ധ നേരം കൊണ്ട്  അന്യഭാഷയിലുള്ള കാര്യം മനസ്സിലാക്കി, അതിനെ മാതൃഭാഷയിലേക്ക് മാറ്റി, അടുത്താണ് നിമിഷം തന്നെ അത് അത്ര തന്നെ വൈകാരികതയുടെ പ്രസംഗരൂപേണ പുറത്തു വിടണം. അത് അത്യന്തം കഠിനമായ ഒരു അഭ്യാസമാണ്.  ആ സമയത്ത് ഒരു വാക്കിന്റെ അർഥം അറിയാതെ പോയാൽ ഒരു ലൈഫ് ലൈനും നമുക്ക് കിട്ടില്ല. നമ്മൾ നിന്നുപരുങ്ങുന്നത് ലൈവായി ലോകമെമ്പാടുമുള്ള ജനം കാണും. നമ്മൾ പരിഹാസ്യരാവും . 

കേരളത്തിൽ ഒരുവിധം ജനങ്ങൾക്കൊക്കെ ഇംഗ്ലീഷിൽ പറഞ്ഞാലും ഏറെക്കുറെ മനസ്സിലായെന്നു വരാമെങ്കിലും, കേരളത്തിന്റെ അതിർത്തിവിട്ടാൽ അതല്ല സ്ഥിതി. അതുകൊണ്ടുതന്നെ വളരെ പ്രത്യുത്പന്നമതിയായൊരു പരിഭാഷകനാണ് ഇക്കാലത്ത് ഒരു ദേശീയനേതാവിന്റെ രാഷ്ട്രീയഭാവി വരെ തീരുമാനിക്കാൻ പോന്ന ചാലകശക്തി..