കൊവിഡ് 19 -നെതിരായ പോരാട്ടത്തിൽ ഇന്ത്യാ ഗവൺമെന്റിന്റെ വജ്രായുധം 123 വർഷം പഴക്കമുള്ള ഒരു കൊളോണിയൽ നിയമമാണ്. ഒരിക്കൽ ഇതേ നിയമമാണ് ബ്രിട്ടീഷുകാർ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളെ അകാരണമായി തുറുങ്കിലടക്കാൻ എടുത്തുപയോഗിച്ചിരുന്നത്. 

എപ്പിഡമിക് ഡിസീസസ് ആക്റ്റ് 1897 - അതാണ് ആ നിയമം. പകർച്ച വ്യാധികൾ നിയന്ത്രിക്കാൻ വേണ്ടി ബ്രിട്ടീഷുകാർ ഉണ്ടാക്കിയ ഈ നിയമം സർക്കാരുകൾക്ക് ജനങ്ങൾക്കുമേൽ സവിശേഷാധികാരങ്ങൾ നൽകുന്നവയാണ്. തങ്ങളുടെ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ വേണ്ടി ആവശ്യമെങ്കിൽ ഈ നിയമത്തിന്റെ സഹായം തേടാവുന്നതാണ് എന്നാണ് നരേന്ദ്ര മോദിയുടെ അഭിപ്രായം. 
 


 

29 പേർക്ക് കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടിരിക്കുന്ന കർണാടകയിൽ മാർച്ച് 11 -ന് ഈ നിയമം നടപ്പിലാക്കിക്കഴിഞ്ഞു. കർണാടകയായിരുന്നു ജനങ്ങളെക്കൊണ്ട് നിയന്ത്രണങ്ങൾ പാലിപ്പിക്കാൻ വേണ്ടി ഈ നിയമം നടപ്പിൽ വരുത്തുന്ന ആദ്യത്തെ സംസ്ഥാനം. ഒരു വർഷത്തേക്കായിരിക്കും കൊവിഡിനെ കരുതിയുള്ള ഈ നിയമത്തിലെ നിയന്ത്രണങ്ങൾ നിലവിൽ ഉണ്ടാവുക എന്നാണ് സർക്കാർ പറയുന്നത്. തൊട്ടടുത്ത ദിവസം, മാർച്ച് 12 -ന് ഹരിയാനയും നിയമം നടപ്പിൽ വരുത്തി. ഇന്ത്യയിൽ ഏറ്റവും അധികം കൊവിഡ് കേസുകൾ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള മഹാരാഷ്ട്ര, ഡൽഹി, ഗോവ എന്നിവിടങ്ങളിലും ഇതേ നിയമം നടപ്പിൽ വന്നിട്ടുണ്ട്. 

ഈ നിയമത്തിലെ വകുപ്പുകൾ ഉപയോഗിച്ചുകൊണ്ട് സർക്കാറിന് പൊതുസമ്മേളനങ്ങൾ നിരോധിക്കാനാവും. സ്‌കൂളുകളും, കോളേജുകളും മറ്റുള്ള ആളുകൂടുന്ന സ്ഥാപനങ്ങളുമൊക്കെ അടച്ചിടാൻ നിർബന്ധിക്കാൻ സാധിക്കും, കമ്പനികളോട് തങ്ങളുടെ ജീവനക്കാരെ 'വർക്ക് അറ്റ് ഹോം' സംവിധാനത്തിലേക്ക് മാറാൻ ആവശ്യപ്പെടാം. ഈ അവസരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെപ്പോലും സർക്കാറിന് ഈ ഘട്ടത്തിൽ ശിക്ഷിക്കാം. ദേശദ്രോഹ നിയമം പോലെ കൊളോണിയൽ കാലഘട്ടത്തിന്റെ തിരുശേഷിപ്പായ അപൂർവ്വനിയമങ്ങളിൽ ഒന്നാണ് ഈ എപ്പിഡമിക് ഡിസീസസ് ആക്റ്റ്. 


 

1897 ഫെബ്രുവരി നാലിന് അന്നത്തെ ബോംബെയിൽ പടർന്നു പിടിച്ച 'ബുബോണിക് പ്ളേഗ്' എന്ന മഹാമാരിയെ പ്രതിരോധിക്കാൻ വേണ്ടിയാണ് അന്നത്തെ ബ്രിട്ടീഷ് ഗവൺമെന്റ് ഇങ്ങനെ ഒരു നിയമം കൊണ്ട് വന്നത്. അന്ന് ആളുകൾ കൂട്ടം കൂടുന്ന സാഹചര്യം ഇല്ലാതെയാക്കുക എന്നതായിരുന്നു സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. 

അതിന്റെ രണ്ടാം വകുപ്പ് ഇനി പറയുന്ന അധികാരങ്ങൾ സർക്കാരുകൾക്ക് നൽകുന്നു.

1 .  ഒരു പകർച്ച വ്യാധി വരുന്ന അസാധാരണ സന്ദർഭത്തിൽ നാട്ടിൽ നിലവിലുള്ള സാധാരണ നിയമങ്ങൾ പോരാതെ വരും എന്നതുകൊണ്ട് തദവസരത്തിൽ താത്കാലികമായി ചില വിശേഷാൽ നിയന്ത്രണങ്ങൾ നാട്ടിൽ നടപ്പിൽ വരുത്താൻ സർക്കാരുകൾക്ക് അവകാശമുണ്ട്. 

2 . അത്തരം സാഹചര്യങ്ങളിൽ താഴെ പറയുന്ന കാര്യങ്ങൾക്ക് സർക്കാരുകൾക്ക് അധികാരമുണ്ട് 

a. റെയിൽവേ അല്ലെങ്കിൽ മറ്റുമാർഗ്ഗങ്ങളിലൂടെ സഞ്ചരിക്കുന്നവരെ പരിശോധിക്കുക, ആവശ്യമുള്ള സമയത്ത് അസുഖമുണ്ട് എന്ന് സംശയമുളളവരെ സമൂഹത്തിൽ നിന്ന് മാറ്റിപ്പാർപ്പിക്കുക, ആശുപത്രിയിൽ കിടത്തുക തുടങ്ങിയവ. രാജ്യത്തെ ഏതൊരു തുറമുഖത്തും അടുക്കുന്ന കപ്പലുകൾ പരിശോധിക്കാനും ഈ നിയമം അവകാശം നൽകുന്നു. 

2018 -ൽ ഗുജറാത്തിലെ കോളറ പൊട്ടിപ്പുറപ്പെട്ട അവസരത്തിലാണ് അവസാനമായി ഈ നിയമം എടുത്തുപയോഗിക്കുന്നത്. അതിനുമുമ്പ്, 2015 -ൽ ചണ്ഡീഗഡിൽ ഡെങ്കി, മലേറിയ ബാധ ഉണ്ടായപ്പോഴും, 2009 -ൽ പുണെയിൽ H1N1 പൊട്ടിപ്പുറപ്പെട്ടപ്പോഴും ഈ നിയമം നടപ്പിൽ വരുത്തുകയുണ്ടായി. 

നിയമത്തിന്റെ ദുരുപയോഗം 

ഈ നിയമം പുറമേക്ക് ഏറെ സദുദ്ദേശപരം എന്ന് തോന്നാം എങ്കിലും, ഇത് വളരെയധികം ദുരുപയോഗത്തിനു സാധ്യത നൽകുന്നൊരു കരി നിയമം കൂടിയാണ്. ഉദാ. 1897 ഈ നിയമത്തിന്റെ പിൻബലത്തിലാണ് ബാലഗംഗാധര തിലകിനെ ബ്രിട്ടീഷുകാർ 18 മാസത്തേക്ക് പരോൾ പോലും നൽകാതെ തടവിലിട്ടത്. പ്ളേഗിനെ പ്രതിരോധിക്കുന്നതിൽ അന്നത്തെ സർക്കാരിനുണ്ടായ വീഴ്ച തുറന്നു കാണിച്ച് റിപ്പോർട്ട് പ്രസിദ്ധം ചെയ്തതിന് തിലകിന്റെ പത്രം കേസരി നിരോധിച്ചത്. 

ഈ നിയമത്തിന് അടിസ്ഥാനപരമായ പല പാളിച്ചകളും ഉണ്ടെന്ന് മഹാത്മാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ജേർണലിൽ പ്രസിദ്ധപ്പെടുത്തിയ ഒരു പഠനത്തിൽ ബിനോദ് കെ പാത്രോ, ജയപ്രസാദ് ത്രിപാഠി, രശ്മി കശ്യപ്  എന്നിവർ ചേർന്നെഴുതിയ ഒരു ലേഖനത്തിൽ പരാമർശിച്ചിരുന്നു. ഒരു അപകടകരമായ എപ്പിഡമിക് അഥവാ പകർച്ചവ്യാധിയെ നിർവ്വചിക്കുന്നതിൽ തന്നെ ഇത് പരാജയപ്പെട്ടിട്ടുണ്ട് എന്നവർ പറഞ്ഞു. ഐസൊലേഷൻ, ക്വാറന്റൈൻ നിയന്ത്രണങ്ങളെപ്പറ്റി പറയുന്നുണ്ടെങ്കിലും, വാക്സിന്റെ ലഭ്യതയെക്കുറിച്ചോ, വിതരണത്തെക്കുറിച്ചോ, പ്രതിരോധ സംവിധാനങ്ങളുടെ നടത്തിപ്പിനെക്കുറിച്ചോ ഒന്നും കൃത്യമായ വിവരങ്ങൾ ഒന്നും തന്നെ നിയമത്തിൽ ഇല്ല. ഈ സമയത്ത് പാലിക്കേണ്ട മെഡിക്കൽ എത്തിക്സിനെപ്പറ്റിയോ, അല്ലെങ്കിൽ മനുഷ്യാവകാശങ്ങളെപ്പറ്റിയോ ഒന്നും ഇതിൽ പരാമർശങ്ങളില്ല എന്നും ഇവർ പറയുന്നു. 


 

ഇങ്ങനെ ഒരു കൊളോണിയൽ നിയമത്തെക്കാൾ ഫലപ്രദവും ന്യായവും നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്റ്റ് - 2005 ആണ് എന്നാണ് ലേഖനകർത്താക്കളുടെ അഭിപ്രായം. പ്രസ്തുത നിയമത്തിൽ പകർച്ച വ്യാധി പോലെ ഒരു സംഭവം നടക്കുന്ന സമയത്ത് പാലിക്കേണ്ട നിയന്ത്രണങ്ങളെപ്പറ്റി വിശദമായ വിവരങ്ങൾ ഉണ്ടെന്നും വാഹന നിയന്ത്രണങ്ങളും, ആൾക്കൂട്ട നിരോധനങ്ങളും അടക്കമുള്ള ക്രമീകരണങ്ങൾക്ക് NDMA ആക്റ്റ് തന്നെ ധാരാളമാണെന്നുമാണ് ഇവരുടെ അഭിപ്രായം.