ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് ലോകമെമ്പാടുനിന്നും ഉയര്‍ന്നത്. അമേരിക്കയിലെ 'ബ്ലാക്ക് ലൈവ്‍സ് മാറ്റര്‍' എന്ന് പേരിട്ട പ്രതിഷേധം, കാലങ്ങളായി കറുത്ത വര്‍ഗക്കാര്‍ അനുഭവിക്കുന്ന വിവേചനത്തിനെതിരെയുള്ള ശക്തമായ താക്കീതായി മാറുകയായിരുന്നു. ഇപ്പോഴിതാ, പ്രതിഷേധങ്ങള്‍ക്കും മഹാമാരിക്കും ഇടയില്‍ 19 കറുത്ത വര്‍ഗക്കാരായ കുടുംബങ്ങള്‍ ചേര്‍ന്ന് ജോര്‍ജിയയിലെ ടൂംസ്ബോറോയില്‍ 96.71 ഏക്കര്‍ ഭൂമി വാങ്ങിയിരിക്കുകയാണ്. തങ്ങള്‍ക്ക് സ്വതന്ത്രമായും സുരക്ഷിതമായും കഴിയാനായി ഒരു നഗരം തന്നെ പണിയുക എന്ന ലക്ഷ്യത്തോടെയാണ് ഭൂമി വാങ്ങിയിരിക്കുന്നത്. 

ആഷ്‍ലി സ്‍കോട്ട് എന്ന സ്ഥലക്കച്ചവടക്കാരിയാണ് ഇങ്ങനെയൊരു പ്ലാന്‍ മുന്നോട്ടുവച്ചത്. തന്‍റെ അതേ മനസ്ഥിതിയുള്ള കുറച്ചുപേരുമായിച്ചേര്‍ന്ന് 'ഫ്രീഡം ജോര്‍ജ്ജിയ ഇനിഷ്യേറ്റീവ്' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്കും ആഷ്‍ലി രൂപം കൊടുത്തു. ഓടാന്‍ പോകുന്നതിനിടയില്‍ ഒരുകൂട്ടം വെള്ളക്കാര്‍ ചേര്‍ന്ന് കറുത്ത വര്‍ഗക്കാരനായ അഹ്മൗദ് ആര്‍ബെറിയെ കൊലപ്പെടുത്തിയതാണ് ഇങ്ങനെയൊരു പദ്ധതിയെക്കുറിച്ച് ചിന്തിക്കാന്‍ കാരണമായിത്തീര്‍ന്നതെന്നും ആഷ്‍ലി പറയുന്നു. ആ സംഭവം തന്നെ വല്ലാതെ തകര്‍ത്തുവെന്നും ഒടുവില്‍ ഒരു ബ്ലാക്ക് തെറാപ്പിസ്റ്റിനെ കണ്ടശേഷമാണ് സ്ഥിതി മെച്ചപ്പെട്ടതെന്നും ആഷ്‍ലി പറയുന്നു. 

'വര്‍ഗവിവേചനം മൂലമുണ്ടാകുന്ന കടുത്ത പ്രയാസത്തിലൂടെയാണ് മിക്ക കറുത്തവര്‍ഗക്കാരും കടന്നുപോവുന്നത്. വ്യവസ്ഥാപരമായ വര്‍ഗവിവേചനമാണ് ഓരോ കറുത്ത വര്‍ഗക്കാരനും അനുഭവിക്കുന്നത്. വളരെക്കാലമായി ആഴത്തില്‍ വേരൂന്നിയ പല പ്രശ്‍നങ്ങളുമാണ് ഈ സമൂഹം അനുഭവിക്കുന്നത്. അതിന് പ്രതിവിധി തെരുവില്‍ പ്രതിഷേധിക്കുന്നത് മാത്രമല്ല. നമ്മുടെ ആളുകളെ കുറച്ചുകൂടി നാം തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. ആലോചിക്കുക, ആസൂത്രണം ചെയ്യുക, പ്ലാന്‍ തയ്യാറാക്കുക, സംഘടിപ്പിക്കുക,  സമാഹരിക്കുക എന്നിവയെല്ലാമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെ'ന്നും ആഷ്‍ലി പറയുന്നു. ആഷ്‍ലിയും സുഹൃത്തും സംരംഭകയും നിക്ഷേപകയുമായ റെനീ വാള്‍ട്ടറും കൂടിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. 

തങ്ങള്‍ക്ക് പറ്റുംവിധമെല്ലാം മെച്ചപ്പെട്ട ഒരു സമൂഹത്തെ സൃഷ്‍ടിച്ചെടുക്കാന്‍ ശ്രമിക്കുമെന്നും അവരിരുവരും പറയുന്നു. തങ്ങളുടെ മക്കള്‍ക്കും അച്ഛനും ഭര്‍ത്താവിനുമെല്ലാം സ്വതന്ത്രമായി ശ്വാസമെടുക്കാനും ജീവിക്കാനുമുള്ളൊരു സാഹചര്യമാണ് വേണ്ടത്. അതിനായി പറ്റാവുന്നതെല്ലാം ചെയ്യുമെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ 'ഫ്രീഡം ജോര്‍ജ്ജിയ ഇനിഷ്യേറ്റീവ്' കണ്ടശേഷം നിരവധിപ്പേരാണ് ഇതുപോലെ നഗരം സൃഷ്‍ടിക്കാനുള്ള ആഗ്രഹത്തെ കുറിച്ച് പറഞ്ഞുകൊണ്ട് മുന്നോട്ട് വരുന്നത്. 

ആളുകള്‍ തന്‍റെയീ തീരുമാനത്തില്‍ അമ്പരന്നേക്കാമെന്നും ഈ പ്രതിഷേധങ്ങള്‍ക്കും മഹാമാരിക്കുമിടയില്‍ ഈ സ്ഥലവും കൊണ്ട് തങ്ങളെന്ത് ചെയ്യുമെന്ന് ആശങ്ക പ്രകടിപ്പിച്ചേക്കാമെന്നും അഷ്‍ലി പറയുന്നു. എന്നാല്‍, തകര്‍ന്ന ഈ വ്യവസ്ഥിതിക്ക് പകരം മികച്ച ഒരു നഗരവും ജീവിതവും ഉണ്ടാക്കിയെടുക്കാമെന്ന പ്രതീക്ഷയിലാണ് ആഷ്‍ലി. പച്ചപ്പ് നിറഞ്ഞതും പ്രകൃതിക്ക് പ്രാധാന്യം നല്‍കുന്നതും പരിസ്ഥിതി സൗഹാര്‍ദ്ദപരമായതുമായ ഒരു നഗരമാണ് അവര്‍ സൃഷ്‍ടിക്കാന്‍ ആഗ്രഹിക്കുന്നത്. ഒപ്പം ഭക്ഷണത്തിനുള്ളതെല്ലാം അവിടെത്തന്നെ വളര്‍ത്തിയെടുക്കാമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവര്‍ പൊലീസിന്‍റെയോ മറ്റോ കയ്യില്‍പ്പെട്ട് മരിക്കാതെ വീടെത്തുമല്ലോ എന്ന പ്രതീക്ഷയും അവര്‍ പങ്കുവയ്ക്കുന്നു. അവരുടേതായ നഗരം ആരും കണ്ടാല്‍ അസൂയപ്പെടുന്ന വിധത്തിലൊന്നായിരിക്കും. അവിടെ ഭരണം കയ്യാളുന്നതും ഭരിക്കപ്പെടുന്നതും എല്ലാം അവര്‍ തന്നെയായിരിക്കും. എങ്ങനെയൊണ് ഒരു നഗരം ആയിരിക്കേണ്ടതെന്നതിനുള്ള ഉത്തമ മാതൃകയാകും തങ്ങള്‍ വിഭാവനം ചെയ്യുന്ന നഗരമെന്നാണ് ആഷ്‍ലിയും സംഘവും പ്രതീക്ഷിക്കുന്നത്. 

നിരവധി പേരാണ് ഈ പുതിയ ഇനിഷ്യേറ്റീവിനെ അഭിനന്ദിച്ചും വിമര്‍ശിച്ചുമെല്ലാം കമന്‍റുകളിട്ടത്. ആഗ്രഹം പോലെ ഒരു പ്രദേശമായി അത് മാറട്ടേയെന്ന് നിരവധിപ്പേര്‍ എഴുതി. എന്നാല്‍, മിക്കവരും പങ്കുവെച്ചത് ഇവിടെയവര്‍ സുരക്ഷിതരല്ലെന്നും അതിനാല്‍ മാത്രമല്ലേ അവര്‍ക്ക് സ്വന്തമായി ഒരു നഗരമുണ്ടാക്കുന്നതിനെക്കുറിച്ചുപോലും ചിന്തിക്കേണ്ടി വന്നത്, ആ അവസ്ഥ അത്ര നല്ലതല്ല... പുതിയ നഗരം നല്ലതാവട്ടെ എന്നുമാണ്.