Asianet News MalayalamAsianet News Malayalam

കൽക്കരി ക്ഷാമത്തിന് പിന്നിലെ അറിയാക്കഥകൾ, ഗൂഢാലോചനകൾ

വെടക്കാക്കി തനിക്കാക്കുക എന്നത് നമ്മുടെ പബ്ലിക് സെക്ടർ കമ്പനികളെ പലതിനെയും സ്വകാര്യ വൽക്കരിക്കുമ്പോൾ പിന്തുടരുന്ന നയമാണ്

The hidden stories and conspiracy behind indias coal shortage
Author
Delhi, First Published Oct 26, 2021, 11:04 AM IST
  • Facebook
  • Twitter
  • Whatsapp

ഇന്ന് ഇന്ത്യയിൽ പുകഞ്ഞു കത്തിക്കൊണ്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്ന് കൽക്കരി ക്ഷാമമാണ്. 'താപനിലയങ്ങളിൽ കൽക്കരി വേണ്ടത്ര സ്റ്റോക്കില്ല' എന്നതുകൊണ്ട് അധികം വൈകാതെ തന്നെ രാജ്യത്തിന്റെ പല ഭാഗങ്ങളും പവർ കട്ട് ഏർപ്പെടുത്തേണ്ടി വരുമെന്നും, കേരളമടക്കമുള്ള പ്രദേശങ്ങൾ അന്ധകാരത്തിലാഴാൻ പോവുകയാണ് എന്നൊക്കെയുള്ള വാർത്തകളാണ് കഴിഞ്ഞ ആഴ്ചകളിൽ പുറത്തുവന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയിൽ, കൊവിഡാനന്തരം, ഊർജ്ജത്തിന്റെയും, അതുകൊണ്ടുതന്നെ കൽക്കരിയുടെ ഡിമാന്റിലുണ്ടായ ക്ഷിപ്രവ്യതിയാനമാണ് ഈ ഷോർട്ടേജിന് കാരണമായി പറയപ്പെടുന്നത്. നമ്മുടെ നാട്ടിലെ, 135 'കോൾ പവേർഡ് തെർമൽ പവർ പ്ലാന്റു'കളിൽ മിക്കതിലും ഏതാനും ദിവസത്തേക്കുള്ള കൽക്കരി സ്റ്റോക്കെ ഉള്ളൂ എന്ന സാഹചര്യമുണ്ടായി. ചിലതിലെങ്കിലും ഒരു ദിവസത്തേക്കുള്ള സ്റ്റോക്കുപോലും ഇല്ലാത്ത അവസ്ഥയുണ്ടായി. രണ്ടാഴ്ചയെങ്കിലും ഓടാനുള്ള കൽക്കരി സ്റ്റോക്ക് ചെയ്തിരിക്കണം എന്ന കേന്ദ്ര ഊർജ താരിഫ് ചട്ടം നിലവിലുള്ളപ്പോഴാണ് ഈ ദുരവസ്ഥ വന്നിരിക്കുന്നത്.

ഈ പ്രതിസന്ധിയിൽ എത്രമാത്രം വാസ്തവമുണ്ട്?  നമ്മുടെയൊക്കെ വീടുകളിൽ എത്തുന്ന വൈദ്യുതിയുടെ ഉത്പാദനത്തിന് എന്തുമാത്രം നമ്മൾ കൽക്കരിയെ ആശ്രയിക്കുന്നുണ്ട്? ചിലരുടെയെങ്കിലും മനസ്സിലെ ധാരണ നമ്മുടെ വൈദ്യുതി ഉത്പാദനത്തിന്റെ സിംഹഭാഗവും ഹൈഡൽ അഥവാ നദികളിൽ അണകെട്ടിയുള്ള ജലവൈദ്യുത പദ്ധതികൾ വഴിയാണ്  എന്നാവും. അത് ശരിയല്ല. കണക്കുകൾ പരിശോധിച്ചാൽ, ഇന്ത്യാമഹാരാജ്യത്തിന്റെ വൈദ്യുതി ഉത്പാദനത്തിന്റെ 66 ശതമാനവും  ഇന്ന് കോൾ അഥവാ കൽക്കരി ഇന്ധനമായി ഉപയോഗിക്കുന്ന താപവൈദ്യുത നിലയങ്ങളിൽ നിന്നാണ് വരുന്നത്. ബാക്കി മാത്രമാണ് ഹൈഡൽ, സോളാർ, വിൻഡ്, ന്യൂക്ലിയർ തുടങ്ങിയ ഇതര സ്രോതസ്സുകളിൽ നിന്ന് വന്നെത്തുന്നത്.

The hidden stories and conspiracy behind indias coal shortage

 

കൽക്കരി ഉത്പാദനത്തിന്റെ, ഉപഭോഗത്തിന്റെ, ഇറക്കുമതിയുടെ ഒക്കെ കണക്കിൽ ലോകത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. കൽക്കരി നിക്ഷേപങ്ങളുടെ കാര്യത്തിലും ഇന്ത്യ ലോകത്തിൽ തന്നെ നാലാം സ്ഥാനത്താണ്. എന്നിട്ടും എന്തുകൊണ്ടാണ് നമുക്കിങ്ങനെ  കൽക്കരി ക്ഷാമവും, വൈദ്യുതി പ്രതിസന്ധിയുമൊക്കെ നേരിടേണ്ടി വരുന്ന ദുര്യോഗം ഉണ്ടാവുന്നത്? കൊവിഡാനന്തരം വ്യവസായങ്ങളിൽ ഉണ്ടായ പുത്തനുണർവും, മഴക്കാലത്ത് ഉത്പാദനത്തിലുണ്ടായ കുറവും മാത്രമാണോ ഈ കൽക്കരി ക്ഷാമത്തിന് പിന്നിൽ? അതോ, കുറേക്കൂടി വലിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുള്ള വലിയൊരു ഗൂഢാലോചന ഈ കൽക്കരി ക്ഷാമത്തിന് പിന്നിലുണ്ടോ? ഇത് കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ഒരു ക്ഷാമമാണോ? കഥയറിയാതെ ആട്ടം കാണുന്ന നമ്മളിൽ പലരും യഥാർത്ഥത്തിൽ വഞ്ചിക്കപ്പെടുകയാണോ?

ദി ഗ്രേറ്റ് ഇന്ത്യൻ കോൾ

എന്താണ് കൽക്കരി? 30 കോടി വർഷങ്ങൾക്ക് മുമ്പ് ഭൂമിയിലുണ്ടായിരുന്ന മരങ്ങളുടെ അവശിഷ്ടങ്ങൾ മണ്ണടിഞ്ഞ ശേഷം അത് അവിടെ വര്ഷങ്ങളോളം കിടന്നു നീറി ഓക്സീകരണവും ബയോ ഡീഗ്രേഡേഷനും സംഭവിച്ചുണ്ടാവുന്ന പ്രാകൃതികമായ ഒരു ഇന്ധനമാണ് കൽക്കരി.കൽക്കരിനിക്ഷേപങ്ങൾ ഭൂനിരപ്പിൽ നിന്ന് നൂറുകണക്കിന് അടി താഴെയാണ് ഉണ്ടാവുക. അതിനായി ഖനികൾ ഉണ്ടാക്കി, ജോലിക്കാരെ താഴെ പറഞ്ഞയച്ച്,  കൽക്കരി വെട്ടി, യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെ അത് മുകളിൽ എത്തിക്കണം. പീറ്റ്, ലിഗ്നൈറ്റ്, ബിറ്റുമിനസ്, സബ് ബിറ്റുമിനസ്, ആന്ത്രസൈറ്റ് എന്നിങ്ങനെ പലതരത്തിലുള്ള കൽക്കരികൾ പല ആവശ്യങ്ങൾക്കുവേണ്ടി നമ്മൾ പ്രയോജനപ്പെടുത്തി വരുന്നുണ്ട്.

നമ്മുടെ രാജ്യത്തിന് 247 വർഷത്തെ കൽക്കരി ഖനന പശ്ചാത്തലമുണ്ട്. ഇന്ത്യയിലെ കൽക്കരിയുടെ ചരിത്രം തുടങ്ങുന്നത്, 1774 മുതൽക്കാണ്. അക്കൊല്ലമാണ്  മെസ്സിയെർസ് സംനർ ,  ഹീറ്റ്ലി (John Sumner and Suetonius Grant Heatly) എന്നീ രണ്ടു ഈസ്റ്റ് ഇന്ത്യ കമ്പനി എൻജിനീയർമാർ ചേർന്ന് ബംഗാളിലെ ദാമോദർ നദിയുടെ പടിഞ്ഞാറേ കരയിൽ റാണിഗഞ്ച് കോൾ ഫീൽഡ്( Raniganj Coalfield ) എന്ന പേരിൽ ഒരു കൽക്കരി നിക്ഷേപം കണ്ടെത്തുന്നത്. അന്ന് കൽക്കരിക്ക് പക്ഷെ,  ഇന്നുള്ള അത്ര ഉപയോഗങ്ങൾ ഉണ്ടായിരുന്നില്ല. കൽക്കരിയെ ഇന്ധനമാക്കാനുള്ള സാങ്കേതിക വിദ്യകൾ അന്ന് കണ്ടെത്തപ്പെട്ടിരുന്നില്ല. ഒരു നൂറ്റാണ്ടു കാലത്തോളം വളരെ ചുരുങ്ങിയ ഉത്പാദനം മാത്രമാണ് അതുകൊണ്ടുതന്നെ ഇന്ത്യൻ കൽക്കരി ഖനികളിൽ നടക്കുന്നത്. അക്കാലത്ത്  കൽക്കരി ഉത്പാദിപ്പിക്കാൻ താത്പര്യം കാണിച്ച ഇന്ത്യൻ സംരംഭകരിൽ പ്രമുഖൻ രവീന്ദ്ര നാഥ ടാഗോറിന്റെ അച്ഛൻ ദ്വാരകനാഥ് ടാഗോർ ആയിരുന്നു. വില്യം കാർ എന്നൊരു ബ്രിട്ടീഷുകാരനുമായി ചേർന്ന്  Carr, Tagore and Company എന്നൊരു സ്ഥാപനം രൂപീകരിച്ചാണ് അദ്ദേഹം കൽക്കരി ഉത്പാദനത്തിന് ഇറങ്ങിത്തിരിക്കുന്നത്.  

1853 -ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യൻ മണ്ണിലേക്ക് നീരാവിയിൽ ഓടുന്ന അതായത്, സ്റ്റീം എഞ്ചിനുകൾ ഘടിപ്പിച്ച തീവണ്ടികൾ കൊണ്ടുവരുന്നു. ആ വണ്ടികൾ പ്രവർത്തിപ്പിക്കുന്നതിനുവേണ്ട  നീരാവി ഉണ്ടാക്കാൻ  കൽക്കരി ആവശ്യമാണ് എന്ന് വരുന്നു. 1898  മുതൽ 1903 വരെ ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന കഴ്സൺ പ്രഭു ഇന്ത്യൻ റെയിൽവേയ്‌സിനെ വികസിപ്പിച്ച് ഒരു 'പാൻ ഇന്ത്യൻ നെറ്റ്‌വർക്' ആക്കി മാറ്റുന്നു. ആ ശൃംഖലയിൽ മുടങ്ങാതെ തീവണ്ടികൾ ഓടിക്കൊണ്ടിരിക്കാൻ, കൂടുതൽ കൂടുതൽ കൽക്കരി തുടർന്നുള്ള കാലത്ത് വേണ്ടി വരുന്നു. ഷാ വാലസ്, ആൻഡ്രൂ യൂൾ, ബേർഡ് ബ്രദേഴ്‌സ് തുടങ്ങിയ പല ബ്രിട്ടീഷ് ഏജൻസികളും കൽക്കരി മേഖലയിൽ അക്കാലത്ത് പരസ്പരം മത്സരിച്ചു കൊണ്ടിരുന്നു. അവർക്ക് ആദ്യമായി ഒരു ലോക്കൽ കോമ്പിറ്റീഷൻ ഉണ്ടാവുന്നത്, ഗുജറാത്തിൽ നിന്നുള്ള റെയിൽവേ കോൺട്രാക്ടർ ആയ സേഠ് കോറ റാംജി ചൗഡ കൽക്കരി ഖനനത്തിന് വേണ്ടി മുന്നോട്ടു വന്നപ്പോഴാണ്. അപ്പോഴേക്കും കൽക്കരിയുടെ വാർഷിക ഉത്പാദനം പത്തു ലക്ഷം ടൺ ആയി വർധിക്കുന്നു. 1911 -ൽ ടാറ്റ അയേൺ ആൻഡ് സ്റ്റീൽ കമ്പനി ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുന്നു.  സ്റ്റീൽ ഉത്പാദിപ്പിക്കുന്ന 'സ്മെൽറ്റിംഗ്' എന്ന പ്രക്രിയക്ക്  ധാരാളം കൽക്കരി ഇന്ധനമായി വേണമായിരുന്നു എന്നത് ടാറ്റയെയും കൽക്കരി ഖനനത്തിലേക്ക് ശ്രദ്ധ ചെലുത്താൻ പ്രേരിപ്പിക്കുന്നു. അതോടെ രാജ്യത്തെ കൽക്കരിയുടെ ഉത്പാദനം വീണ്ടും ഇരട്ടിക്കുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത്  അത് ഏകദേശം രണ്ടു കോടി ടൺ ആയി ഉയരുന്നു.  യുദ്ധം കഴിഞ്ഞുണ്ടായ മാന്ദ്യത്തിൽ കൽക്കരി ഉപഭോഗം ചെറുതായി ഒന്ന് ഇടിയുന്നു. അതുകൊണ്ടുതന്നെ ഉത്പാദനവും കുറയുന്നു. പക്ഷെ, നാല്പതുകളിൽ രണ്ടാം ലോക മഹായുദ്ധം തുടങ്ങിയതോടെ അത് 3 കോടി ടൺ ആയി വർധിക്കുന്നു.  

സ്വാതന്ത്ര്യാനന്തര കൽക്കരി നയങ്ങൾ

1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രമാവുന്നു. തുടർന്ന് വന്ന 'ഇന്ററിം ക്യാബിനറ്റിൽ' നെഹ്‌റു,  ഇന്ത്യയുടെ ആദ്യത്തെ ഇൻഡസ്ട്രി ആൻഡ് സപ്ലൈ മിനിസ്റ്റർ ആയി ശ്യാമപ്രസാദ് മുഖർജിയെ കൊണ്ടുവരുന്നു. സർക്കാരിന്റെ ഇടപെടൽ കുറേക്കൂടി വേണ്ട ഒരു മേഖലയാണ് ഖനനം എന്ന് തീരുമാനിക്കുന്നതും ആദ്യമായി ഇന്ത്യക്ക് ഒരു ഖനനനയം - ഒരു മൈനിങ് പോളിസി - അവതരിപ്പിക്കുന്നതും എല്ലാം  മുഖർജി ആണ്.  അവിടന്നങ്ങോട്ട് ഇന്ത്യൻ ഊർജ മേഖലയിൽ ഗവണ്മെന്റിന്റെ കാര്യമായ ഇടപെടലുകൾ ഉണ്ടാവുന്നു.

1954 -ൽ പാർലമെന്റിൽ നടന്ന ചൂടേറിയ ഒരു ചർച്ചയ്ക്ക് ശേഷം, അന്നത്തെ ധനമന്ത്രി ചിന്താനൻ ദേശ്മുഖും നെഹ്രുവും കൂടി,  പുതിയ ഊർജ നയത്തിൽ ഒരു വാചകം കൂടി എഴുതിച്ചേർക്കുന്നു.  "സോഷ്യലിസ്റ്റിക് പാറ്റേൺ ഓഫ് സൊസൈറ്റി" / "Socialist Pattern of Society" എന്നതായിരുന്നു ആ വാചകം. അതിനെ അവർ നിർവചിച്ചത് ഇങ്ങനെയായിരുന്നു " the basic criterion for determining the lines of advance must not be private profit but social gain " എന്നായിരുന്നു - എന്നുവെച്ചാൽ "വികസനമുന്നേറ്റത്തിന്റെ അടിസ്ഥാന മാനദണ്ഡം, സ്വകാര്യവ്യക്തികളുടെ അല്ലെങ്കിൽ  കുത്തകളുടെ ലാഭേച്ഛയാവരുത്, സമൂഹത്തിന്റെ ഉന്നമനം ആവണം".  നെഹ്രുവിന്റെ രണ്ടാം കാബിനറ്റ് ദുർഗാപൂരിലും, റൂർക്കേലയിലും മറ്റും സ്ഥാപിക്കാനിരുന്ന വ്യവസായപാർക്കുകൾ, കൽക്കരിയിൽ നിന്നുത്പാദിപ്പിക്കപ്പെടുന്ന ഊർജത്തിന്റെ ബലത്തിൽ, വിദേശത്തുനിന്നുള്ള വായ്പകളുടെ സഹായത്തോടെ ആയിരുന്നു നടപ്പിലാക്കാനിരുന്നത്. പക്ഷെ, ഈ 'സോഷ്യലിസ്റ്റിക് പാറ്റേൺ ഓഫ് സൊസൈറ്റി' എന്ന വാചകം മുന്നോട്ടു വെക്കുന്ന ഗവണ്മെന്റിന്റെ സമീപനം, സ്വകാര്യ കമ്പനികളുടെ ലാഭത്തിനു പ്രശ്നമാവും എന്നുള്ള അഭ്യൂഹം പരന്നതോടെ വിദേശ ധനസഹായം മരവിക്കുന്നു. പദ്ധതി, തുടങ്ങും മുമ്പേ തന്നെ നിന്നുപോവുന്നു. അന്ന് നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന ഘൻശ്യാം ദാസ് ബിർള എന്ന ജിഡി ബിർളയാണ് ഈ പ്രതിസന്ധി തരണം ചെയ്യാനും പാർക്കുകളുടെ പ്രവർത്തനം തുടങ്ങാനും മറ്റും ഗവണ്മെന്റിനെ സഹായിക്കുന്നത്.

ദേശസാൽക്കരിക്കപ്പെടുന്ന കൽക്കരി

അങ്ങനെ രാജ്യത്തെ വ്യവസായരംഗം ഒരു വിധം 'സ്റ്റേബിൾ' ആയിക്കൊണ്ടിരുന്നപ്പോൾ,  1964 -ൽ അവിചാരിതമായി നെഹ്‌റു മരിച്ചുപോവുന്നു.അതിനു ശേഷം ആദ്യം ലാൽ ബഹാദൂർ ശാസ്ത്രിയും, പിന്നീട് ഇന്ദിര ഗാന്ധിയും പ്രധാനമന്ത്രി പദത്തിൽ എത്തുന്നു. സംഘർഷഭരിതമായ അറുപതുകളുടെ ഉത്തരാർദ്ധത്തിനു ശേഷം, 1971 -ൽ വമ്പിച്ച ഭൂരിപക്ഷത്തോടെ ഇന്ദിര കേന്ദ്രത്തിൽ വീണ്ടും തിരിച്ചെത്തിയ സമയത്ത്, "അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കണം" എന്ന ആശയം നടപ്പിലാക്കാൻ തന്നെ അവർ ഉറപ്പിക്കുന്നു. അന്നത്തെ അവശ്യവസ്തുക്കളുടെ ലിസ്റ്റിൽ കൽക്കരിയും മുകളിൽ തന്നെ ഇടം പിടിച്ചിരുന്നു. ഇന്ത്യയിലെ അഞ്ചിലൊന്ന് വീടുകളും അന്ന് ഇന്ധനമായി ഉപയോഗിച്ചിരുന്നത് കൽക്കരി ആയിരുന്നു. വിറകും, ചാണക വരളിയും മറ്റും ഉപയോഗിച്ചിരുന്ന മറ്റൊരു 50 ശതമാനത്തിനു കൂടി കൽക്കരി എന്ന കുറേക്കൂടി മെച്ചപ്പെട്ട ഇന്ധനത്തിലേക്ക് മാറാൻ താത്പര്യമുണ്ടായിരുന്നു. ഇന്ന് നമ്മൾ സർവസാധാരണമായി ഉപയോഗിക്കുന്ന എൽപിജി അഥവാ പാചകവാതകം വന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. ധനികരിൽ ധനികർ പോലും അത് വീടുകളിൽ പാചകത്തിന് വേണ്ടി ഉപയോഗിച്ച് തുടങ്ങിയിരുന്നില്ല. അവശ്യവസ്തുക്കളുടെ പട്ടികയിൽ പെടുത്തി കൽക്കരിയുടെ വില്പന വില സർക്കാർ നിയന്ത്രിക്കാൻ തുടങ്ങിയതോടെ അതിന്റെ ഉത്പാദനം സ്വകാര്യ കമ്പനികൾക്ക് വലിയ നഷ്ടങ്ങൾ സമ്മാനിച്ച് തുടങ്ങുന്നു. ഖനനം ചെയ്യുന്ന ഓരോ ടണ്ണും അവരുടെ ബാലൻസ് ഷീറ്റുകൾ ചുവപ്പിച്ചുകൊണ്ടിരുന്നു, ഇങ്ങനെ ഉണ്ടായ നഷ്ടങ്ങൾ അതിജീവിക്കാൻ ഈ കമ്പനികൾ പല വഴികളും പയറ്റുന്നു. സ്ഥിരം ജീവനക്കാരുടെ എണ്ണം കുറച്ച്, ഏത് സമയവും പിരിച്ചു വിടാവുന്ന, കാര്യമായ ആനുകൂല്യങ്ങൾ ഒന്നും കൊടുക്കേണ്ടതില്ലാത്ത താത്കാലിക ജീവനക്കാരെ വെച്ച്, ഏറ്റവും ചുരുങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ മാത്രം ഏർപ്പെടുത്തി അവർ പ്രവർത്തനം തുടരുന്നു. അങ്ങനെ ചെയ്തിട്ടും നഷ്ടം നികത്താൻ സാധിക്കാതെ വന്നപ്പോൾ അവർ, ഉത്പാദനക്കണക്കുകളിൽ കുറച്ച് കാണിച്ച്, അനധികൃതമായി കരിഞ്ചന്തയിൽ കൽക്കരി വില്പന നടത്തുന്നു.

The hidden stories and conspiracy behind indias coal shortage

അക്കാലത്ത് ഓപ്പൺ മാർക്കറ്റിൽ കൽക്കരിക്ക് കൊടിയ ക്ഷമമായിരുന്നു. ബ്ലാക്ക് മാർക്കറ്റിൽ അതായത് കരിഞ്ചന്തയിൽ വില തോന്നിയ പോലെ ചാഞ്ചാടുന്നു. ഇതായിരുന്നു അന്നത്തെ കൽക്കരിയുടെ അവസ്ഥ. കൽക്കരിക്ക്  ക്ഷാമം നേരിട്ടപ്പോൾ, കരിഞ്ചന്തയിൽ നിന്ന് ഇരട്ടി വിലകൊടുത്ത് വാങ്ങേണ്ടി വന്നപ്പോൾ നാട്ടിലെ ജനം ഇളകുന്നു. ജനരോഷം മനസ്സിലാക്കിയ ഇന്ദിര ഗാന്ധി എഴുപതുകളുടെ തുടക്കം തൊട്ടു തന്നെ കൽക്കരി ദേശസാൽക്കരണത്തിനുള്ള നടപടികൾ ഒന്നൊന്നായി സ്വീകരിക്കുന്നു.  1971 -ൽ നാഷണലൈസേഷൻ ഓഫ് ദ കോക്കിങ്‌ കോൾ മൈൻസ്, ആക്റ്റ് -  THE COKING COAL MINES (NATIONALISATION) ACT - എന്നൊരു നിയമം വരുന്നു. അതിലൂടെ 214 കോക്കിങ്‌ കോൾ മൈനുകളും, 12 കോക്ക് ഓവൻ പ്ലാന്റുകളും ദേശസാൽക്കരിക്കുന്നു. ഈ ദേശസാൽക്കരിക്കപ്പെട്ട പ്ലാന്റുകൾ എല്ലാം കൂടി 1972 മെയ് ഒന്നാം തീയതി ഭാരത് കോക്കിങ്‌ കോൾ ലിമിറ്റഡ് അഥവാ BCCL എന്ന ഒരൊറ്റ കമ്പനി ആക്കുന്നു.  ഇതിനു പുറത്ത് നില നിർത്തപ്പെട്ട ചുരുക്കം ചില ഖനികൾ  TISCO, IISCO എന്നീ സ്റ്റീൽ കമ്പനികളുടെ കീഴിലുള്ള ചില കാപ്റ്റീവ് മൈനുകൾ, പിന്നെ പൊതുമേഖലയിൽ ദാമോദർ വാലി കോർപ്പറേഷന്റെ കീഴിലുള്ള ചില ഖനികൾ എന്നിവ മാത്രമായിരുന്നു. 1973 ജനുവരി 31 -ന് രാജ്യത്തെ 711 നോൺ-കോക്കിങ്‌ കോൾമൈനുകൾ ദേശസാൽക്കരിച്ച്, സെപ്തംബറോടെ 'കോൾ മൈൻസ് അതോറിറ്റി' രൂപീകരിച്ച് അതിനു കീഴിലാക്കുന്നു.  ഈ നയങ്ങളിൽ ഏറ്റവും ഒടുവിലായി, 1973 -ലെ മെയ് ദിനത്തിൽ - നാഷണലൈസേഷൻ ഓഫ് ദ കോൾ മൈൻസ് ആക്റ്റ് - THE COAL MINES (NATIONALISATION) ACT  എന്നൊരു നിയമത്തിലൂടെ, കേന്ദ്രം കൽക്കരി മേഖലയെ ദേശസാൽക്കരിക്കുന്നു. അതോടെ, രാജ്യത്തെ സമസ്ത കൽക്കരി ഖനനങ്ങളും സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന് കീഴിലാകുന്നു.  അതിനു ശേഷം 1975 -ൽ 'കോൾ ഇന്ത്യ ലിമിറ്റഡ്' എന്ന പൊതുമേഖലാ സ്ഥാപനം രൂപീകരിക്കപ്പെടുന്നു.  ഇന്ത്യയിലെ സമസ്ത കൽക്കരി ഖനനങ്ങളും അതിന്റെ കീഴിലാവുന്നു.

ചാസ്‌നാലയിലെ മരണഗർത്തം

ഇങ്ങനെ കോൾ മേഖല ദേശസാൽക്കരിക്കപ്പെട്ട് , അടപടലം കേന്ദ്ര സർക്കാർ ഏറ്റെടുത്ത്, ഒരു മാസത്തിനുള്ളിൽ ഇന്ത്യൻ കൽക്കരി ഖനനത്തിന്റെ ചരിത്രത്തിലെ  ഏറ്റവും വലിയ അപകടം എന്ന് കണക്കാക്കപ്പെടുന്ന 'ചാസ്നാല ഖനി അപകടം' നടക്കുന്നു. 1975 ഡിസംബർ 27 നു, ഈ ഖനിക്കു തൊട്ടടുത്ത് ഉപയോഗശൂന്യമായി  കിടന്നിരുന്ന മറ്റൊരു കൽക്കരി ഖനിയിൽ നിറഞ്ഞു കിടന്ന ഏതാണ്ട് അഞ്ചു കോടി ഗ്യാലനോളം വരുന്ന വെള്ളം,  ഇരു ഖനികൾക്കും ഇടയിലെ ചുവരിടിഞ്ഞ് ഒരു നിമിഷ നേരം കൊണ്ട് തൊഴിലാളികൾ ജോലിചെയ്തുകൊണ്ടിരുന്ന ഖനിക്കുള്ളിലേക്ക് കുതിച്ചെത്തി, 372 ഖനി തൊഴിലാളികൾ അതിനകത്ത് കുടുങ്ങിപ്പോവുന്നു.  1979 -ൽ പുറത്തിറങ്ങിയ, കാലാ പത്ഥർ എന്ന അമിതാഭ് ബച്ചൻ ചിത്രത്തിൽ ഈ അപകടം പുനരാവിഷ്കരിക്കപ്പെടുന്നുണ്ട്.  

ഈ അപകടം നടക്കുമ്പോൾ, അകത്ത് കയറിയ വെള്ളം പുറത്തേക്ക് വേഗത്തിൽ  പമ്പ് ചെയ്ത കളയാൻ വേണ്ട ഉയർന്ന ശേഷിയുള്ള പമ്പുകൾ പോലും ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. അത് പോളണ്ടിൽ നിന്നും, റഷ്യയിൽ നിന്നും മറ്റും വിമാനത്തിൽ കൊണ്ടുവരാൻ സമയം എടുത്തു. രക്ഷാപ്രവർത്തനം തുടങ്ങാൻ പോലും ഒരുപാട് വൈകുന്നു. " ഖനിയിൽ കുടുങ്ങിയ നിങ്ങളുടെ ഉറ്റവരെ അതിനുള്ളിൽ നിന്ന് രക്ഷിക്കാൻ മനുഷ്യസാധ്യമായ എന്തും ഗവണ്മെന്റ് ചെയ്യും" എന്നൊക്കെ അന്ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അപകടത്തിൽ പെട്ടവരുടെ അടുത്തബന്ധുക്കളോട് വാഗ്ദാനം ചെയുന്നുണ്ട് എങ്കിലും, അവർക്ക് കാര്യങ്ങളെപ്പറ്റി നല്ല ബോധ്യമുണ്ടായിരുന്നു. ഇന്ദിരയുടെ വാക്കും വിശ്വസിച്ച് ഒരാൾ പോലും അന്ന് ഖനീമുഖത്ത് വന്നു നിന്ന് പ്രതീക്ഷയോടെ കാത്തുനിന്നില്ല. തങ്ങളുടെ പ്രിയപ്പെട്ടവരിൽ ഒരാൾ പോലും രക്ഷപ്പെടില്ല, ജീവനോടെ മടങ്ങി വരില്ല എന്ന് അവർക്കു നന്നായി അറിയാമായിരുന്നു.  കാലാ പത്ഥറിൽ അമിതാബ് ബച്ചൻ അടക്കം പലരും ഖനിക്കുള്ളിലെ ഇരുട്ടിൽ നിന്ന് ജീവനോടെ രക്ഷപ്പെടുന്നുണ്ട്, എങ്കിലും യഥാർത്ഥ സംഭവത്തിൽ ഒരാൾ പോലും  ആ ഖനിയിൽ നിന്ന് ജീവനോടെ പുറത്തെത്തുന്നില്ല. പലരുടെയും മൃതദേഹം പോലും കണ്ടെടുക്കാൻ അന്ന് അധികൃതർക്ക് സാധിക്കുന്നില്ല.

 
ഗാംഗ്സ് ഓഫ് വസ്സേപൂർ

ഇങ്ങനെ സർക്കാർ ഏറ്റെടുത്ത, കോൾ ഇന്ത്യയുടെ കീഴിലുള്ള ഈ കൽക്കരി ഖനികൾ വളരെ കുറഞ്ഞ കാലം കൊണ്ട് കെടുകാര്യസ്ഥതയുടെ കൂത്തരങ്ങുകളായി മാറുന്നു. തുടർച്ചയായ സമരങ്ങൾ കോൾ ഇന്ത്യ ലിമിറ്റഡിന്റെ പ്രവർത്തനത്തെ തളർത്തുന്നു. 1975 -ൽ നടന്നത് 278 സമരങ്ങൾ ആയിരുന്നു എങ്കിൽ, 1979 -ൽ അത് 626 ആയി കൂടുന്നു. സമരങ്ങൾ കാരണം നഷ്ടപ്പെട്ട മാൻ ഡേയ്സ്, ഇതേ കാലയളവിൽ 3.51 ലക്ഷത്തിൽ നിന്ന് 11.59 ലക്ഷമായി വർധിക്കുന്നു.  ദേശസാൽകൃത കൽക്കരി നയം രണ്ടു പതിറ്റാണ്ടു പിന്നിട്ടപ്പോഴേക്കും അതിന്റെ തണലിൽ വളർന്നുവന്ന ഒരു കാളസർപ്പം ഉത്തര പൂർവ്വേന്ത്യയിൽ ഫണം വിടർത്തി ആട്ടം തുടങ്ങിയിട്ടുണ്ടായിരുന്നു. അതായിരുന്നു, കൽക്കരി ബെൽറ്റുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അനധികൃത കോൾ  മാഫിയ. രാജ്യത്തെ നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കിക്കൊണ്ട്, പോലീസിനെയും കോടതികളെയും പരിഹാസ്യമാക്കിക്കൊണ്ട് കൽക്കരി മാഫിയ അതിന്റെ ക്രിമിനൽ നെക്സസ് അനുദിനം വ്യാപിപ്പിക്കുന്ന കാഴ്ചയാണ് എഴുപതുകളിലും എൺപതുകളിലും ഉത്തരേന്ത്യയിൽ നമ്മൾ കാണുന്നത്.

 

 അക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഡോണിന്റെ കഥ, ഇന്ന് ജാർഖണ്ഡ് സംസ്ഥാനത്തുള്ള ധൻബാദിലെ ഒരൊറ്റ മാഫിയ ഡോണിന്റെ കഥ മാത്രം ചുരുക്കി പറയുകയാണ്.  ഇതിനെ സെഷാൻ കാദ്രി  ഫിക്ഷനലൈസ് ചെയ്ത് എഴുതിയ തിരക്കഥയാണ് 'ഗാംഗ്സ് ഓഫ് വാസ്സേപൂർ' എന്ന ഹിന്ദി സിനിമയിൽ നമ്മൾ  കണ്ടത്. അതിൽ രമാധീർ സിങ് എന്ന തിഗ്മാൻഷു ധുലിയയുടെ കഥാപാത്രം സത്യത്തിൽ ധൻബാദിലെ കോൾ മാഫിയ തലവൻ സൂര്യദേവ് സിങ് ആണ്.  ഉത്തർപ്രദേശിലെ ബലിയയിൽ നിന്ന് ജോലി തേടി സൂര്യദേവ് സിങ് എന്ന ടീനേജർ 1950 -കളുടെ അവസാനത്തോടെ ധൻബാദിലേക്ക് വന്നെത്തുമ്പോൾ അവിടത്തെ അനധികൃത കൽക്കരി വ്യാപാരങ്ങൾ നിയന്ത്രിച്ചിരുന്നത് ബിപി സിൻഹ എന്നൊരു ലോക്കൽ ഡോൺ ആയിരുന്നു. ധൻബാദിലെ ഖനികളിൽ ഒരു ഖലാസി ആയിട്ടാണ് സൂര്യദേവ് സിങ് തന്റെ പണി തുടങ്ങുന്നത്. അന്ന് നിരവധി ഖനികൾ നിയന്ത്രിച്ചിരുന്ന ബിപി സിൻഹയുടെ കണ്ണിൽ സൂര്യദേവ് സിങ് എന്ന തീപ്പൊരി യുവാവ് പെടുന്നു. സിൻഹ സൂര്യദേവ് സിങിനെ തന്റെ കങ്കാണിമാരിൽ ഒരാളാക്കുന്നു. സിൻഹയ്ക്കു വേണ്ടി തന്റെ മസിൽ പവർ പരമാവധി പ്രയോജനപ്പെടുത്തി സൂര്യദേവ് സിങ് പലതും ചെയ്യുന്നു. അതിനിടയിലാണ് എഴുപതുകളിലെ കോൾ നാഷണലൈസേഷൻ പോളിസി വരുന്നതും, കരിഞ്ചന്തയിൽ കൽക്കരി വ്യാപാരത്തിന് കളമൊരുങ്ങുന്നതും. ആ അനുകൂല സാഹചര്യം മുതലെടുത്തുകൊണ്ട് സൂര്യദേവ് സിങ് 'ജനത മസ്ദൂർ സംഘ്' എന്ന പേരിൽ സ്വന്തമായി യൂണിയൻ ഉണ്ടാകുന്നു, കൽക്കരി വ്യാപാരത്തിനുള്ള അധികൃതവും അല്ലാത്തതുമായ കൊട്ടേഷനുകൾ എടുക്കുന്നു. 1977 -ൽ ഭുരിധിയിലെ ഒരു ഖനിയുടെ പേരിൽ സിംഗിന്റെയും സിംഹയുടെയും അനുയായികൾ തമ്മിൽ പൊരിഞ്ഞ പോരാട്ടം നടക്കുന്നു. 1979 മാർച്ച് 28 -ന് ബിപി സിൻഹ സ്വന്തം വസതിയിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതോടെ സൂര്യദേവ് സിങ് ധൻബാദ് കോൾ മാഫിയയുടെ മുടിചൂടാ മന്നനായി മാറുന്നു. 1975 -ൽ തന്റെ കൽക്കരിയുടെ കരിഞ്ചന്ത കച്ചവടം ഒന്നുകൊണ്ടുമാത്രം സൂര്യ ദേവ് സിങ് ഉണ്ടാക്കിയത് 50 കോടിയിൽ അധികമാണ്. (പിന്നെയും പത്തുവർഷം കഴിഞ്ഞ് നടന്ന ബൊഫോഴ്‌സ് തോക്കിടപാടിലെ ആകെ കമ്മീഷൻ എന്ന് പറയപ്പെട്ട തുക വെറും 64 കോടി ആയിരുന്നു എന്നോർത്താൽ അതെത്ര വലുതായിരുന്നു എന്ന് മനസിലാക്കാം) പിന്നീടങ്ങോട്ടും ധൻബാദ് കേന്ദ്രീകരിച്ചുകൊണ്ട് കരിഞ്ചന്തയും, കൊള്ളയടിയും, തട്ടിക്കൊണ്ടുപോയി പണം വസൂലാക്കലും നടത്തിപ്പോന്നു സിങ് മാഫിയയിൽ സൂര്യ ദേവിന്റെ സഹോദരർ രമാധീർ സിങ്, ബച്ചാ സിങ് തുടങ്ങിയവരും സഹകരിച്ചിരുന്നു. തനിക്ക് എതിരുനിന്ന ആർക്കു നേരെയും എന്ത് ആക്രമണം നടത്താനും സൂര്യദേവ് സിങിന് മടിയുണ്ടായിരുന്നില്ല.

ഒരു കാലത്ത് തന്റെ അനുയായി ആയിരുന്ന സകൽദേവ് സിങ് പിന്നീട് 1983 -ൽ  ബീഹാർ ജനത ഖാൻ മസ്ദൂർ സംഘ് എന്നൊരു യൂണിയൻ ഉണ്ടാക്കി എതിരുനിന്നപ്പോൾ, ധൻബാദിലെ സിജുവാ ക്രോസ്സിങ്ങിൽ ഉള്ള സകൽദേവ് സിങിന്റെ മാളിക ലക്ഷ്യമിട്ടുകൊണ്ട് സൂര്യദേവ് സിങിന്റെ അനുചരന്മാർ യന്ത്രത്തോക്കുകൾ കൊണ്ട് വെടിയുതിർത്തത് ഏതാണ്ട് രണ്ടു മണിക്കൂർ നേരമാണ്. അത്രയും നേരം ഒരു പോലീസും ആ പ്രദേശത്തേക്ക് പോലും അടുക്കാൻ അന്ന് തയ്യാറായില്ല. അതുപോലെ INTUC നേതാവായ SK റോയിയെ  വധിക്കുക എന്ന ലക്ഷ്യത്തോടെയും ഇതുപോലെ അദ്ദേഹത്തിന്റെ അംബാസഡർ കാറിനു നേർക്ക് യന്ത്രത്തോക്കിൽ നിന്ന് ഉണ്ടകൾ വർഷിച്ച സിംഗിന്റെ അനുചരന്മാർ അന്ന് റോയിയുടെ അംഗരക്ഷകനെയും മറ്റു മൂന്നുപേരെയും വധിക്കുന്നുണ്ട്. പിന്നീട്  1991 ലുണ്ടായ സൂര്യദേവ് സിംഗിന്റെ മരണത്തിനു ശേഷം സിങ് കുടുംബത്തിനുള്ളിലെ അന്തച്ഛിദ്രങ്ങളും, സുരേഷ് സിങ് എന്ന മറ്റൊരു ഡോണുമായുള്ള പ്രശ്നങ്ങളും എല്ലാം ധൻബാദിന്റെ മണ്ണിൽ വീണ്ടും ചോര വീഴ്ത്തുന്നുണ്ട്. ഗാംഗ്സ് ഓഫ് വസ്സേപൂർ സിനിമയിൽ മനോജ് വാജ്‌പേയി അവതരിപ്പിച്ച സർദാർ ഖാൻ എന്ന കഥാപാത്രവും, നവാസുദ്ദിൻ സിദ്ദിഖി അവതരിപ്പിച്ച മകൻ ഫൈസൽ ഖാൻ എന്ന കഥാപാത്രവും സത്യത്തിൽ ഷഫീഖ് ഖാൻ, ഫഹീം ഖാൻ എന്നിവരാണ്. അവർക്ക് സൂര്യദേവ സിങ്മായി,  അതായത് ഗാംഗ്സ് ഓഫ് വസ്സേപൂർ സിനിമയിലെ രമാധീർ സിങ്ങുമായി ഉണ്ടെന്ന് പറയുന്ന ശത്രുത തിരക്കഥാകൃത്തായ സെഷാൻ കാദ്രിയുടെ ഭാവന മാത്രമാണ്. യഥാർത്ഥ ജീവിതത്തിൽ ഷഫീഖ് ഖാനെ അയാളുടെ അമ്മാവൻ ഹനീഫ് പറഞ്ഞയച്ച കൊലയാളി ധൻബാദിലെ ഒരു പെട്രോൾ ബങ്കിൽ വെച്ച് വെടിവെച്ചു കൊല്ലുകയും, അച്ഛനെ കൊന്നയാളെ കൊന്ന മകൻ ഫഹീം ഖാൻ ജയിലിൽ പോവുകയുമാണ് ഉണ്ടായത്. അങ്ങനെ കൽക്കരി ഖനനം സർക്കാർ നിയന്ത്രണത്തിൽ നിന്ന്  ദേശസാൽക്കരണത്തിലേക്ക് പിച്ച വെച്ച എഴുപതുകളിൽ ധൻബാദിൽ പൊട്ടിമുളച്ച കോൾ മാഫിയ ഇന്നും അവിടെയും സമീപ സംസ്ഥാനങ്ങളിലും സജീവമായി തുടരുന്നുണ്ട്.

വീണ്ടും സ്വകാര്യ മേഖലയിലേക്ക്

തൊണ്ണൂറുകളുടെ തുടക്കത്തിൽ കൽക്കരി ഖനന രംഗത്തെ  സംഗതികൾ  പാടെ വഷളാവുന്നു എന്ന് കണ്ട നരസിംഹറാവു ഗവണ്മെന്റ് ആണ് കോൾ രംഗത്തെ നാഷണലൈസേഷൻ നയങ്ങളിൽ നിന്ന് ഒരു തിരിഞ്ഞു നടത്തത്തിനുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നത്. നരസിംഹറാവു ഗവണ്മെന്റിലെ പരിഷ്കരണവാദിയായ ധനമന്ത്രി ഡോ. മൻമോഹൻ സിംഗ് ആയിരുന്നു ഈ തീരുമാനത്തിന് പിന്നിൽ. രണ്ടു പതിറ്റാണ്ടുമുമ്പ് ഇന്ദിര ഗാന്ധി കൽക്കരി ഖനനം സ്വകാര്യവത്ക്കരിക്കാനുള്ള തീരുമാനം എടുത്തപ്പോൾ ഒരക്ഷരം എതിർത്ത് പറയാതെ അതിനെ പിന്തുണച്ച മൻമോഹൻസിംഗ്, തന്റെ അഭിപ്രായം എന്തെന്ന് നരസിംഹറാവു ആരാഞ്ഞപ്പോൾ, അദ്ദേഹത്തോട് പറഞ്ഞത് കൽക്കരി ഖനനത്തെ ദേശസാൽക്കരിച്ച നടപടി തെറ്റായിരുന്നു, അത് തിരുത്തണം എന്നായിരുന്നു. നരസിംഹ റാവുവിന്റെ കാലത്ത് 1993-ൽ ആണ് കോൾ നാഷണലൈസേഷൻ ആക്ട് ഭേദഗതി വരുത്തി സ്വകാര്യ മേഖലക്ക്  Captive mine കൾ അനുവദിക്കാൻ തീരുമാനിക്കുന്നത്. Captive  എന്നു പറയുമ്പോളും End user company ക്ക് കോൾ മൈനിംഗ് കമ്പനിയിൽ 26% ഷെയർ ഉണ്ടായാൽ മതി എന്നായിരുന്നു വ്യവസ്ഥ. ഇങ്ങിനെ കോൾ ബ്ലോക്ക് അനുവദിക്കുക എന്ന സർക്കാർ തീരുമാനത്തിനപ്പുറം മറ്റു നടപടിക്രമങ്ങൾ ഉണ്ടായിരുന്നില്ല. ഇങ്ങിനെ വ്യക്തമായ നടപടി ക്രമങ്ങൾ ഇല്ലാതെ ബ്ലോക്കുകൾ അനുവദിച്ചതിലൂടെ നടന്ന വലിയൊരു അഴിമതിയാണ് പിന്നീട് 2012 -ൽ കോൾ ഗേറ്റ് എന്ന പേരിൽ കുപ്രസിദ്ധി ആർജിക്കുന്നത്


 കോൾഗേറ്റ് കുംഭകോണം

ഇന്ത്യൻ കൽക്കരി ചരിത്രത്തിലെ അവിസ്മരണീയമായ ഒരു അധ്യായമാണ്, 'കോൾ ഗേറ്റ്' സ്‌കാം എന്നറിയപ്പെട്ട  കൽക്കരി കുംഭകോണം.  2012 -ൽ ഇന്ത്യ ഭരിച്ചിരുന്ന രണ്ടാം യുപിഎ ഗവണ്മെന്റിന്റെ കാലത്താണ് കൽക്കരി രംഗത്തെ പിടിച്ചു കുലുക്കിയ ഈ വിവാദം അരങ്ങേറുന്നത്. വർഷാവർഷം സ്വകാര്യ കമ്പനികൾക്ക് ഗവണ്മെന്റ് കൽക്കരി ഖനനത്തിന് വേണ്ടി ബ്ലോക്കുകൾ അനുവദിക്കാറുണ്ട്. ലേലത്തിന് ടെണ്ടർ വിളിച്ച്,വളരെ സുതാര്യമായ രീതിയിലാണ് ഇതൊക്കെ ചെയ്യുക എന്നാണ് വെയ്പ്പ്.  നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ന്യായമായ രീതിയിൽ ലേലംചെയ്യാതെ ചെറിയ തുക പ്രതിഫലം നിശ്ചയിച്ച് ടാറ്റ, ബിർള, റിലയൻസ് പവർ ലിമിറ്റഡ്, നവീൻ ജിൻഡാലിന്റെ ജിൻഡാൽ സ്റ്റീൽ തുടങ്ങി നൂറോളം സ്വകാര്യ കമ്പനികൾക്ക് നൽകിയതുവഴി, പൊതു ഖജനാവിന്  കോടിക്കണക്കിനു രൂപ നഷ്ടമുണ്ടാക്കി എന്നതായിരുന്നു ഈ കുംഭകോണത്തിലെ പ്രധാന ആക്ഷേപം. 2004 മുതൽ 2009 വരെയുള്ള കാലത്ത് ഇങ്ങനെ അഴിമതി പ്രവർത്തിച്ച് സ്വകാര്യ കുത്തകകൾക്ക് ചുളുവിലക്ക് കൈമാറിയത്  142 കൽക്കരി പാടങ്ങളാണ് എന്നാണ് ഓഡിറ്റിംഗ് നടത്തിയ സി എ ജി 2012 -ൽ കണ്ടെത്തിയത്. 2012 ആഗസ്ത് 17ന് cag  പ്രസിദ്ധീകരിച്ച അന്തിമ റിപ്പോർട്ടിൽ ആകെ നഷ്ടമുണ്ടായ തുക 1.86 ലക്ഷം കോടിയായി കണക്കാക്കപ്പെടുന്നു. ഈ അഴിമതി നടന്നു എന്ന് പറയുന്ന കാലത്ത് കൽക്കരി വകുപ്പ് കൈകാര്യം ചെയ്തിരുന്ന മൻമോഹൻ സിംഗ് രാജിവെക്കണം എന്നുള്ള മുറവിളിയും അക്കാലത്ത് പ്രതിപക്ഷത്തിരുന്ന ബിജെപിയുടെ ഭാഗത്തുനിന്ന് ഉയർന്നിരുന്നു.


ഇപ്പോഴത്തെ ക്ഷാമത്തിന് പിന്നിൽ

2021 ഒക്ടോബർ ആദ്യവാരത്തോടെയാണ്   രാജ്യത്ത് കൽക്കരിക്കു ക്ഷാമമുണ്ട് എന്നുള്ള വാർത്തകൾ ബ്രേക്ക് ചെയ്യുന്നത്. ക്ഷാമം എന്ന് പറയുമ്പോൾ നമ്മൾ ആദ്യം പരിശോധിക്കേണ്ടത് ഈ പറയുന്ന സമയത്തെ രാജ്യത്തെ കോളിന്റെ സ്റ്റോക്ക് ലെവലുകൾ എത്രയുണ്ടായിരുന്നു എന്നാണ്. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി അഥവാ CEA പുറത്തുവിട്ട സെപ്റ്റംബർ 29 -ലെ ഇൻവെന്ററി കണക്കുപ്രകാരം, ഇന്ത്യയിലെ 135 കോൾ ഫയേർഡ് തെർമൽ പവർ പ്ലാന്റുകളിൽ 16 എണ്ണത്തിൽ സ്റ്റോക്ക് ശുദ്ധ ശൂന്യമായിരുന്നു. പാതിയോളം താപനിലയങ്ങളിൽ മൂന്നേമൂന്ന്‌ ദിവസം പ്രവർത്തിക്കാനുള്ള കൽക്കരിയെ സ്റ്റോക്കുണ്ടായിരുന്നുള്ളൂ.  വൈദ്യുതി ഉത്പാദനത്തിന്റ എഴുപതു ശതമാനവും കൽക്കരിയിൽ പ്രവർത്തിക്കുന്ന താപനിലയങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയിൽ ഈ ഷോർട്ടേജ് വലിയ പ്രതിസന്ധി തന്നെ സൃഷ്ടിക്കാൻ പോന്ന ഒന്നായിരുന്നു.

സത്യം പറഞ്ഞാൽ കൽക്കരിക്കു ക്ഷാമം വരേണ്ട ഒരു നാടല്ല ഇന്ത്യ, ലോകത്തെ തന്നെ ഏറ്റവും പ്രധാന കൽക്കരി ഖനികൾ ഇന്ത്യയിലാണ്. എന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ തെർമൽ പവർ പ്ലാന്റുകളിൽ കൽക്കരിക്ക് ക്ഷാമം നേരിട്ടത്?

അതിന്റെ ഉത്തരങ്ങളിലൊന്നാണ് ജസ്റ്റ് ഇൻ ടൈം (ജെഐടി) ഇൻവെന്ററി മാനേജ്മെന്റ്.  ഇന്ത്യയിൽ ഏറ്റവും കൂടുതൽ താപവൈദ്യുതി ഉൽപാദിപ്പിക്കുന്ന നാഷനൽ തെർമൽ പവർ കോർപറേഷന്റെ (എൻടിപിസി) തലപ്പത്തുള്ള ചില സോഴ്‌സുകൾ പറയുന്നത്, ഇന്നത്തെ ഈ ക്ഷാമത്തിന് കാരണം, ഇന്നോളം പിന്തുടർന്നിരുന്ന ഇൻവെന്ററി മാനേജ്‌മെന്റ് സിസ്റ്റം, ചട്ടവിരുദ്ധമായി മാറ്റാൻ വിദഗ്ധോപദേശം നൽകിയ ചില കൺസൾട്ടൻസി കമ്പനികളാണ് എന്നാണ്.  ആറേഴ് വർഷം മുൻപ് എല്ലാ താപവൈദ്യുത നിലയങ്ങളിലും കരുതൽ കൽക്കരി ശേഖരം 3 ലക്ഷം മുതൽ 5 ലക്ഷം വരെ ടണ്ണായിരുന്നു.അതായത് ഏതാണ്ട് ഒരുമാസത്തോളം, ചുരുങ്ങിയത് രണ്ടാഴ്ചക്കെങ്കിലും പ്രവർത്തിക്കാൻ വേണ്ട കൽക്കരി ഈ താപനിലയങ്ങളുടെ യാർഡിൽ കാണും എന്നർത്ഥം. ഈ അവസ്ഥയെ മാറ്റി മരിക്കുന്നത് ഇൻവെന്ററി മാനേജ്മെന്റ് കൂടുതൽ കാര്യക്ഷമമാക്കും എന്ന വാഗ്ദാനത്തോടെ കടന്നുവന്ന ചില കണ്സള്ട്ടന്റുമാരാണ്. അവരാണ്, ആഴ്ചകൾക്കു മുൻപേ കൽക്കരി ശേഖരിച്ചുവയ്ക്കുന്നത് ചെലവ് വർധിപ്പിക്കും. അതിനു പകരം വൈദ്യുതി  ഉത്പാദനത്തിനു വേണ്ട കൽക്കരി അപ്പപ്പോൾ എത്തിച്ചാൽ (ജസ്റ്റ് ഇൻ ടൈം ഇൻവെന്ററി) ഉത്പാദന ചെലവ് ഒരുപാട് കുറയ്ക്കാം എന്നൊക്കെ എൻടിപിസിയെ ഉപദേശിക്കുന്നത്.  അങ്ങനെ ചെയ്താൽ, വൈദ്യുതിയുടെ യൂണിറ്റ് നിരക്കിൽ 5 പൈസ വരെ കുറയ്ക്കാനും കഴിയുമെന്നായിരുന്നു അവരുടെ അവകാശവാദം. അതോടെ എല്ലാ താപവൈദ്യുത നിലയ മാനേജ്മെന്റുകളും കൽക്കരി നേരത്തേ അയയ്ക്കുന്നതു നിർത്താൻ കോൾ ഇന്ത്യയോട് ആവശ്യപ്പെടുന്നു. കൂടുതൽ ഉത്പാദിപ്പിച്ച് സൂക്ഷിക്കുന്നതിനു പകരം മൂന്നോ നാലോ ദിവസത്തേക്കു മാത്രം സ്റ്റോക്ക് എടുക്കുന്ന സ്ഥിതി താപനിലയങ്ങൾ തുടങ്ങിയതോടെ കോൾ ഇന്ത്യ അവരുടെ ഉത്പാദനവും കുറയ്ക്കുന്നു. അന്നുവരെ പിന്തുടർന്നിരുന്ന ടേക് ഓർ പേ എന്ന രീതി വിട്ട് ടേക്ക് ആൻഡ് പേ രീതിയിലേക്കു മാറി. അതായത്  മാസാമാസം ഒരു നിശ്ചിത അളവ് കൽക്കരി ഇന്ന താപനിലയത്തിനു വേണ്ടി ഉണ്ടാക്കും, അവരത് തീവണ്ടിയിൽ കയറ്റി കൊണ്ടുപോയാലും ഇല്ലെങ്കിലും അതിനുള്ള വില തന്നോളണം എന്ന അന്നോളമുള്ള ധാരണയിൽ നിന്ന് മാറി, കൊണ്ടുപോവുന്ന കൽക്കരിക്ക് മാത്രം പണം കൊടുക്കുകയുള്ളൂ എന്ന നിലപാടിലേക്ക് ഈ താപനിലയങ്ങളുടെ മാനേജ്‌മെന്റുകൾ മാറുന്നു.  ജസ്റ്റ് ഇൻ ടൈം പർച്ചേസ് ആയതോടെ,   കോൾ ഇന്ത്യയും  ജസ്റ്റ് ഇൻ ടൈം മതി ഖനനം എന്ന നിലപാടെടുത്തു.  അത് വാർഷിക ഉത്പാദനം കുറയാൻ കാരണമാവുന്നു.

The hidden stories and conspiracy behind indias coal shortage

അങ്ങനെ ഇരിക്കുമ്പോഴാണ് നാട്ടിൽ കോവിഡ് വരുന്നത്. കോവിഡ് കാലത്ത് ഒരുവിധപ്പെട്ട ഫാക്ടറികളും ഓഫീസുകളും സ്‌കൂളുകളും ഒക്കെ അടഞ്ഞു കിടന്നതിനാൽ വൈദ്യുതയുടെ ശരാശരി ഉപഭോഗം കുത്തനെ ഇടിഞ്ഞു. അതോടെ എല്ലാ താപവൈദ്യുത നിലയങ്ങളിലും ‘ലോഡ് ഫാക്ടർ’ കുറഞ്ഞു. അതിനു ആനുപാതികമായി കോൾ ഇന്ത്യയിൽ നിന്ന് കൽക്കരി എടുക്കുന്ന തോത് പിന്നെയും താപവൈദ്യുത നിലയങ്ങൾ കുറച്ചു. കരാർ അനുസരിച്ചുള്ള ലോഡ് എടുക്കണമെന്ന് കോൾ ഇന്ത്യ ആവശ്യപ്പെട്ടിട്ടും അന്ന്  ആരും അത് ചെവിക്കൊള്ളുന്നില്ല. വൈദ്യുത ഉത്പാദനം കുറഞ്ഞിരിക്കുന്ന അവസ്ഥയിൽ കൂടുതൽ കൽക്കരി ഏറ്റെടുത്ത് അത് സ്റ്റോക്ക് ചെയ്യുന്നതിനുള്ള ചെലവ് വർധിപ്പിക്കാൻ ആരും തയായിരുന്നില്ല. അങ്ങനെ ചെയ്താൽ ‘ഇൻവെന്ററി കാരിയിങ് കോസ്റ്റ്’ കൂടുമെന്നായിരുന്നു അവരുടെ തികച്ചും ന്യായമായ ഭയം. അങ്ങനെ ട്രാൻസ്‌പോർട്ടേഷൻ നെറ്റ്വർക്കുകൾക്കുമേൽ കാര്യമായ ലോഡ് ഇല്ലാതിരുന്ന കോവിഡ് കാലത്ത് എളുപ്പത്തിൽ കൽക്കരി വാങ്ങി സ്റ്റോക്ക് ചെയ്യുന്നതിന് പകരം,  ഇൻവെന്ററി കാരിയിങ് കോസ്റ്റ് ഷെഡ് ചെയ്ത് ആ ചെലവെങ്കിലും കുറയ്ക്കാം എന്നായിരുന്നു അന്ന് കമ്പനികൾ കരുതിയത്. പക്ഷെ,  കൊറോണക്കാലം താമസിയാതെ കഴിയുമെന്നും മാസങ്ങൾക്കുള്ളിൽ തന്നെ, ഇപ്പോൾ ഇടിഞ്ഞു നിൽക്കുന്ന വൈദ്യുത ഉപഭോഗം വർധിക്കുമെന്നും അപ്പോൾ കൂടുതൽ കൽക്കരി വേണ്ടി വരുമെന്നും ഉള്ള ചിന്ത നമ്മുടെ താപനിലയങ്ങൾക്ക് അന്ന് ഇല്ലാതെ പോയി.  
കൽക്കരി ഉത്പാദിപ്പിക്കുന്ന ഖനികൾക്ക് 20–30 കിലോമീറ്ററിനകം ഉള്ള താപനിലയങ്ങളെ നമ്മൾ ‘പിറ്റ് ഹെഡ്’ താപനിലയങ്ങൾ എന്നാണ് പറയുക.
ഇന്ത്യയിലാകെ 35,000 മെഗാവാട്ട് ഉത്പാദിപ്പിക്കുന്ന ഇത്തരം  17  ‘പിറ്റ് ഹെഡ്’ താപനിലയങ്ങൾ ഉണ്ട്. ഇത്തരം നിലയങ്ങളിൽ പോലും ഖനി അടുത്തുണ്ടായിട്ടുപോലും ഭാവിയിൽ വര്ധിക്കാനിരുന്ന ഡിമാൻഡ് മുൻകൂട്ടി കണ്ടുകൊണ്ടുള്ള കൂടിയ കൽക്കരി ഉത്പാദനമോ ശേഖരമോ ഒന്നും  നടന്നിട്ടില്ല.  ഇതിനും പുറമെ ഇന്ത്യൻ റെയിൽവേക്ക് കൽക്കരി കടത്താൻ വേണ്ടത്ര ഗുഡ്സ് റേക്കുകളില്ല എന്നതും, ഉള്ള ഗുഡ്സ് ട്രെയിനുകൾ അനന്തമായി വൈകുന്നു എന്നതും ഉത്പാദിപ്പിക്കുന്ന കൽക്കരി താപനിലയങ്ങളിലേക്ക് സമയത്തിന് എത്തുന്നതിന്റെ കാര്യക്ഷമതയും കുളിരാക്കുന്നു.

എല്ലാ വർഷവും ഓഗസ്റ്റ്,സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ കൽക്കരി ഖനനം ഉത്തരേന്ത്യയിലെ മഴ മൂലം സാവധാനത്തിലാവാറുണ്ട്. ഇതേ കാലത്തു തന്നെയാണ് വൈദ്യുതി ഉപഭോഗത്തിലും കുറവ് രേഖപ്പെടുത്താറുള്ളത്. കാരണം മഴക്കാലത്ത് തന്നെയാണ് കാർഷികാവശ്യത്തിനു ഇറിഗേഷനും മറ്റുമായി വൈദ്യുതി കുറച്ച് ഉപയോഗിക്കുന്നതും  കൊയ്ത്തു കഴിഞ്ഞുള്ള ഈ മാസങ്ങളിലാണ്. എങ്കിലും പണ്ടൊക്കെ രണ്ടാഴ്ചത്തേക്കെങ്കിലും ഉള്ള സ്റ്റോക്ക് എടുത്തു വെച്ചിരുന്ന തെർമൽ പവർ പ്ലാന്റുകൾ, ജസ്റ്റ് ഇൻ ടൈം ഇൻവെന്ററി ഏർപ്പെടുത്തിയതോടെ മൂന്നോ നാലോ ദിവസത്തെ സ്റ്റോക്കിലേക്കു മാറി. ചുരുക്കത്തിൽ കൽക്കരിയുടെ മിനിമം സ്റ്റോക്ക് പരമാവധി കുറയുന്ന അവസ്ഥയാണ് ഉണ്ടായത്.

2019–20 ലെ ഇന്ത്യയിലെ കൽക്കരി ഉത്പാദനം 73 കോടി ടണ്ണാണ്.  20–21ൽ അത് 71.6 കോടി ടണ്ണായി കുറഞ്ഞു. അത്രയും സ്വാഭാവികമാണ്. കോവിഡ് കാലമാണ് വൈദ്യുതിയുടെ ഡിമാൻടു കുറവായിരുന്നു അതുകൊണ്ടുതന്നെ ഉൽപ്പാദനവും കുറഞ്ഞിരുന്നു. കഴിഞ്ഞ ആറുമാസത്തെ കാര്യമോ? കഴിഞ്ഞ ആറുമാസമായി, മാസാമാസം ഉപഭോഗം കൂടിക്കൂടി വരികയാണ്.  ഈ  ഡിമാൻഡിലെ വർധന കണക്കാക്കുന്നതിൽ താപവൈദ്യുത നിലയങ്ങൾ കാണിച്ചത് തികഞ്ഞ അലംഭാവാമായിരുന്നു. സെപ്റ്റംബർ–ഒക്ടോബറിൽ  കോവിഡ് ശമിക്കുമെന്നും ജനം പുറത്തിറങ്ങും എന്നും, ഫാക്ടറികളും, മാളുകളും, സ്‌കൂളുകളും ഓഫീസുകളുമെല്ലാം തുറന്നു വൈദ്യുതി ഉപഭോഗം വർധിക്കുമെന്നും അവർ കണ്ടില്ല. അതനുസരിച്ചു തങ്ങൾ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് കൂട്ടാൻ വേണ്ട കൽക്കരി സ്റ്റോക്ക് ചെയ്തുമില്ല. 2019ലെ ഡിമാന്റുമായോ  താരതമ്യം ചെയ്താൽ സെപ്റ്റംബർ അവസാന വാരവും ഒക്ടോബർ ആദ്യ വാരവും വൈദ്യുതിയുടെ ഡിമാൻഡ് 15% വർധിച്ചിട്ടുണ്ട്. അതനുസരിച്ച് ഉത്പാദനം കൂട്ടാൻ വേണ്ട കൽക്കരി സ്റ്റോക്കില്ല എന്നതാണ്  ഇന്നത്തെ പ്രതിസന്ധിക്കു കാരണം. ഇപ്പോൾ പിന്തുടരുന്ന ജസ്റ്റ് ഇൻ ടൈം ഇൻവെന്ററി മാറ്റി പഴയ രീതിയിലേക്കെത്തുക എന്നത് ഒരു ദിവസം കൊണ്ട് സാധിക്കുന്ന കാര്യമല്ല,. അതിന്  മാസങ്ങളെടുക്കും. ഖനനം തന്നെ നൂതനമാക്കി കൽക്കരി ഉത്പാദനം കൂട്ടുകയാണ് മറ്റൊരു മാർഗം. അതും മാസങ്ങൾ കൊണ്ട് മാത്രം സാധിക്കുന്ന ഒരു പരിഹാര മാർഗമാണ്.

ആഗോള തലത്തിൽ ചൈനയുടെ ഭാഗത്തു നിന്നുണ്ടായ ഡിമാന്റിന്റെ പേരിൽ വളരെ പെട്ടെന്ന് കൽക്കരി വില വർധിക്കുകയും, വിദേശത്തു നിന്ന് ആ കൂടിയ വിലയ്ക്ക് വാങ്ങി കപ്പലുകയറ്റി കൊണ്ടുവരുന്നത് ലാഭകരമല്ലാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തു. കൽക്കരി ഇറക്കുമതിക്ക് ഇന്ത്യ ഏറ്റവുമധികം ആശ്രയിച്ചിരുന്നത് ഇന്തോനേഷ്യയെ ആയിരുന്നു. കഴിഞ്ഞ മാർച്ചിൽ ഒരു ടൺ കൽക്കരി ഇന്തോനേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യാനുള്ള ചെലവ് 60 ഡോളർ ആയിരുന്നു എങ്കിൽ, സെപ്റ്റംബർ ആയപ്പോഴേക്കും അത് 200  ഡോളറായി വർധിച്ചിട്ടുണ്ട്. അതായത് മൂന്നിരട്ടിയിലും അധികമായിട്ടാണ് ചെലവ് കൂടിയത്. ഓസ്‌ട്രേലിയയിൽ നിന്നുള്ള ഇറക്കുമതിയും കഴിഞ്ഞ കുറെ മാസങ്ങളായി ചെലവ് കൂടിക്കൂടി വന്ന് കൈപൊള്ളുന്ന അവസ്ഥയിൽ എത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള പല കാരണങ്ങൾ കൊണ്ടും ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യയിലേക്കുള്ള  കൽക്കരി ഇറക്കുമതി മുപ്പതു ശതമാനത്തോളം കുറഞ്ഞു. ഇങ്ങനെ ഇറക്കുമതി ചെയ്യാനാവാത്ത സാഹചര്യത്തിൽ, ഇതുവരെ പറഞ്ഞ കാരണങ്ങളാൽ ആഭ്യന്തര ഉത്പാദനത്തിൽ ഉണ്ടാവുന്ന ഇടിവ്, സ്വാഭാവികമായും ചെന്നവസാനിക്കുക കൽക്കരി ക്ഷാമത്തിൽ തന്നെയാണ്.  ഇങ്ങനെ ക്ഷാമം ഉണ്ടാവുമ്പോൾ അതിന്റെ അടിയന്തര ആഘാതം രണ്ടാണ്. ഒന്ന്, ഊർജ ഉത്പാദനത്തിൽ കുറവുണ്ടാകും, പവർ കട്ട് ഉണ്ടാവും. കൽക്കരിച്ചെലവ് കൂടുമ്പോൾ സ്വാഭാവികമായും ഉത്പാദിപ്പിക്കപ്പെടുന്ന കറന്റിന്റെ പെർ യൂണിറ്റ് ചെലവും കൂടും. ഫലത്തിൽ കരണ്ടു ബില്ലും കൂടും എന്നർത്ഥം. ഫാക്ടറികളില് വ്യാവസായിക ഉത്പാദനത്തെ ഇത് ബാധിക്കാം. രാജ്യത്ത് വിലക്കയറ്റവും ഉണ്ടാവാം. ഇതിന്റെ ഒക്കെ ഫലമായി നമ്മുടെ  ഊർജ ഉത്പാദന കമ്പനികളുടെ വരുമാനത്തിലും വരെ ഇടിവുണ്ടാവാനുള്ള സാധ്യതകളുണ്ട്.  


ക്ഷാമത്തിന്റെ പേരിലെ മുതലെടുപ്പുകൾ

കൽക്കരി വേണ്ടത്ര ഖനനം ചെയ്തെടുക്കാത്തതു കാരണം ക്ഷാമമുണ്ട് എന്നൊരു പൊതു ബോധം വന്ന് കഴിഞ്ഞാൽ പിന്നെ, ഖനനം എളുപ്പമാക്കാൻ വേണ്ട പല നിയമഭേദഗതികളും നടപ്പിൽ വരുത്തുക സർക്കാരുകൾക്ക് വളരെ എളുപ്പമായി മാറും. അതിന് ഏറ്റവും നല്ല ഉദാഹരണമാണ്, ഈ മൺസൂൺ സെഷനിൽ പാർലമെന്റിൽ വന്ന 1957 -ലെ  Coal Bearing Areas (Acquisition and Development) [CBA] Act ഭേദഗതി ചെയ്യാനുള്ള ബിൽ. ഇങ്ങനെ ഒരു ബിൽ കൊണ്ടുവരും മുമ്പ് അതിന്റെ കരട് പ്രസിദ്ധപ്പെടുത്തുകയോ, പൊതുജനാഭിപ്രായം അറിഞ്ഞുകൊണ്ടുള്ള ചർച്ചകൾ നടത്തുകയോ ഉണ്ടായിട്ടില്ല. ആദ്യമായി ഇതേക്കുറിച്ചുള്ള ചില വിവരങ്ങൾ എങ്കിലും പുറത്തുവന്നത് ലോക് സഭാ ബുള്ളറ്റിന്റെ രണ്ടാം ഭാഗം പുറത്തുവന്നപ്പോൾ മാത്രമായിരുന്നു.

നടപ്പിൽ വന്ന 1957 തൊട്ടുതന്നെ  ഈ നിയമത്തെ പലരും വിളിച്ചത് ഭൂമി കയ്യേറ്റ നിയമം എന്നായിരുന്നു. കാരണം, പരിസ്ഥിതിയോ പൊതുജനഹിതമോ ഒന്നും പരിരക്ഷിക്കൽ ഇതിന്റെ ഉദ്ദേശ്യമേ ആയിരുന്നില്ല ഒരിക്കലും. ഗവൺമെന്റിന് കൽക്കരി ഖനനം ചെയ്യാൻ വേണ്ടി ഭൂമി ഏറ്റെടുക്കുക എന്ന പ്രവൃത്തി എളുപ്പത്തിലാക്കാൻ വേണ്ട ചട്ടങ്ങളാണ് അമ്പത്തേഴിലെ പഴയ നിയമത്തിൽ ഉണ്ടായിരുന്നത്. ഈ നിയമത്തിൽ ഇപ്പോൾ കൊണ്ടുവരാൻ പോവുന്ന ഭേദഗതികൾ പ്രകാരം പൊതുതാത്പര്യപ്രകാരം പാർലമെന്റ് കൂടി പാസാക്കിയ പല നിയമങ്ങളുടെയും സംരക്ഷണങ്ങളാണ് ഒറ്റയടിക്ക് റദ്ദാക്കപ്പെടുക. ഈ ഭേദഗതികൾ പ്രകാരം വെള്ളം ചേർക്കപെടുക, ഭരണഘടനയിൽ 1993 -ൽ വന്ന 73,74 ഭേദഗതികൾ, 1996 -ൽ ഫിഫ്ത്ത് ഷെഡ്യൂൾഡ് ഏരിയസിനു വേണ്ടി വന്ന പെസ ആക്റ്റ് ,  2006 ലെ The Forest Rights Recognition Act , 2013 -ലെ The land acquisition law  എന്നിങ്ങനെ പലതിലുമാവും.

പ്രധാനമായും സംഭവിക്കുക മൂന്നു കാര്യങ്ങളാണ്. ഒന്ന്, CBA ആക്ടിൽ വരാൻ പോവുന്ന ഭേദഗതികൾ കൽക്കരി മേഖലയുടെ കേന്ദ്രീകൃത സ്വഭാവത്തിന് തുരങ്കം വെക്കുന്നവയാണ്. അതായത്, കോൾ മൈനിങ്ങിനു വേണ്ടി ഭൂമി ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിന്റെ ആവും എങ്കിലും, ഏറ്റെടുത്തുകഴിഞ്ഞാൽ ആ ഭൂമിയും, അതിന്റെ ഖനന ലൈസൻസും കേന്ദ്രം അതാത് സംസ്ഥാനങ്ങൾക്ക് കൈമാറും. അവർക്ക് യോഗ്യരെന്നു തോന്നുന്ന കമ്പനികൾക്ക് അവിടെ ഖനനം നടത്താനുള്ള ലൈസൻസ് കൊടുക്കാം.

രണ്ടാമത്തെ പ്രധാന മാറ്റം, ഇങ്ങനെ ഏറ്റെടുക്കുന്ന ഭൂമിയുടെ ഉപഭോഗമാണ്. പുതിയ ഭേദഗതികൾ പ്രകാരം ഇങ്ങനെ കൽക്കരി ഖനനത്തിന് വേണ്ടി എന്നും പറഞ്ഞ് ഏറ്റെടുക്കുന്ന പ്രദേശങ്ങളിൽ കോൾ റിലേറ്റഡ് ഇൻഫ്രാസ്ട്രക്ച്ചർ കെട്ടിപ്പടുക്കുന്നതിനോ, ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങൾക്ക് വേണ്ടി ആ ഭൂമി ഉപയോഗിക്കുന്നതിനോ, മറ്റെന്തെങ്കിലും പൊതു ആവശ്യത്തിന് വേണ്ടി അവിടെ നിർമാണങ്ങൾ നടത്തുന്നതിനോ വിലക്കുണ്ടാവില്ല. 1957 -ലെ ആദ്യ നിയമം ഈ പറഞ്ഞതൊന്നും അനുവദിച്ചിരുന്നില്ല. ഖനനത്തിന് എന്നും പറഞ്ഞുകൊണ്ട് ഏറ്റെടുക്കുന്ന ഭൂമിയിൽ കൽക്കരി കുഴിച്ചെടുക്കുക അല്ലാതെ മറ്റൊന്നും തന്നെ ചെയ്യാൻ പാടില്ല എന്ന് 1957 -ലെ നിയമം വ്യക്തമായി തന്നെ പറയുന്നുണ്ട്. പുതിയ ഭേദഗതികൾ പ്രകാരം, ഇതിനു മുമ്പ് ലൈസൻസ് നേടിയ ഭൂമിക്കു പോലും ഈ ഇളവുകൾ ബാധകമായിരിക്കും.  

അമ്പത്തേഴിലെ തന്നെ MMDR (Mines and Minerals Development and Regulation) Act പ്രകാരം, ഒരു സ്ഥലത്ത് കൽക്കരി കുഴിച്ചെടുത്തു തുടങ്ങുന്ന ഓപ്പറേറ്റർ ഖനനം പൂർത്തിയായാൽ, പ്രദേശം പൂര്വസ്ഥിതിയിലേക്ക് മാറ്റി നൽകണം എന്നും പറയുന്നുണ്ട്. പുതിയ ഭേദഗതികൾ വരുന്നതോടെ ഇവ്വിധത്തിലുള്ള എല്ലാ ബാധ്യതകളിൽ നിന്നും ഖനനം ചെയ്യുന്നവർക്ക് കൈകഴുകാം.

ഛത്തീസ്ഗഡ് ബചാവോ ആന്തോളൻ എന്ന സംഘടനയിൽ അംഗമായ അലോക് ശുക്ല പറയുന്നത്, ഈ നിയമ ഭേദഗതികൾ എല്ലാം തന്നെ ഗോത്ര വർഗക്കാർ അധിവസിക്കുന്ന പ്രദേശങ്ങൾ കൽക്കരി ഖനി മാഫിയക്ക് എഴുതിക്കൊടുക്കാനുള്ള വഴിയാണ് എന്നാണ്. " രാജ്യത്തെ കോൾ റിസർവുകളിൽ എൺപതു ശതമാനവും ട്രൈബൽ ഏരിയകളിലാണ്. ഫിഫ്ത്ത് ഷെഡ്യൂൾ, ഫോറസ്റ്റ് റൈറ്റ്സ് ആക്റ്റ് എന്നിവ പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള ഈ ഭൂമിയിൽ തൊടണമെങ്കിൽ ലോക്കൽ ഗ്രാമസഭകളുടെ അനുമതി വേണമായിരുന്നു. ഇപ്പോൾ ഉള്ള നിയമങ്ങളെ സൗകര്യപൂർവം മാറ്റിമറിച്ച് ഭൂമി ഏറ്റെടുക്കലുകൾ വേഗത്തിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്" എന്നാണ് ശുക്ല ഡൌൺ ടു എർത്ത് മാസികയോട് പറഞ്ഞത്. ഭൂമി ഏറ്റെടുക്കാൻ മുമ്പ് പദ്ധതികൊണ്ട് ജീവിതം ബാധിതമാവുന്ന കമ്യൂണിറ്റിയുടെ സമ്മതം, സോഷ്യൽ ഇമ്പാക്റ്റ് അസസ്മെന്റ് എന്നിങ്ങനെ പുലിവാല് പലതും ചെയ്തു തീർക്കാനുണ്ട്. അങ്ങനെ പലതിനെയും ബൈപ്പാസ് ചെയ്തുകൊണ്ടുള്ള ഈ മാറ്റങ്ങൾ  കോർപ്പറേറ്റുകൾക്ക് സഹായം ചെയ്യാൻ വേണ്ടിയാണ് എന്നാണ് സെന്റർ ഫോർ പോളിസി റിസേർച്ചിലെ കാഞ്ചി കോലിയുടെയും അഭിപ്രായം. ഒഡിഷ ആദിവാസി ചേതന സംഘടൻ എന്ന സന്നദ്ധസംഘത്തിന്റെ മേധാവി അമൂല്യ നായക് പറഞ്ഞത്, "ഇതൊക്കെ ഞങ്ങളുടെ ഭൂമി എന്നെന്നേക്കുമായി മുതലാളിമാർക്ക് എഴുതിക്കൊടുക്കാനുള്ള കേന്ദ്രത്തിന്റെ ഗൂഢാലോചനയാണ്" എന്നായിരുന്നു. കൽക്കരിക്ക് വേണ്ടി എന്നും പറഞ്ഞ് ഏറ്റെടുത്ത് പിന്നീട് കുറേക്കൂടി ലാഭകരമായ പല പദ്ധതികളും ജനഹിതത്തിനു വേണ്ടി എന്ന പേരും പറഞ്ഞ് നടപ്പിലാക്കാൻ ഈ മുതലാളിമാർക്ക് സാധിക്കും എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കൊല്ലം ലേലത്തിന് വന്ന 67 കോൾ ബ്ലോക്കുകളിൽ ആകെ 8 എണ്ണം മാത്രമാണ് ഗവണ്മെന്റ് പിടിച്ചത് എന്നതുതന്നെ ഈ രംഗത്തെ അനാസ്ഥയ്ക്ക് നല്ല തെളിവാണ് എന്നും ഈ വിഷയത്തിൽ ഗവേഷണം നടത്തുന്ന പ്രിയൻഷു ഗുപ്തയും പറയുന്നു. പ്രശ്നം നിയമങ്ങളിലെ വെള്ളം ചേർക്കപ്പെടൽ മാത്രമല്ല എന്നും, കൽക്കരിക്കു രാജ്യത്തുള്ള ഡിമാൻഡ് VS ഖനികളിൽ നിന്നുള്ള സപ്ലൈ എന്നതിൽ ഒരു ബുദ്ധിപൂർവമായ ബാലൻസ് ഇല്ലാത്തതും കൂടിയാണ് എന്നും ഗുപ്ത പറയുന്നു. ഗുപ്ത ഈ പറഞ്ഞതിനോട് കോൾ ഇന്ത്യ പോലും യോജിക്കുന്നുണ്ട്. ഇന്ത്യ എൻവയേൺമെൻറ് പോർട്ടലിന് ഇഷ്യു ചെയ്ത ഒരു പ്രസ്താവനയിൽ കോൾ ഇന്ത്യ ഒരു കണക്ക് കൊടുത്തിട്ടുണ്ട്. അതായത്, 2015 നും 2020 ക്കും ഇടക്ക് അനുവദിക്കപ്പെട്ടത് 51 കോടി ടണ്ണിന്റെ കോൾ ഉത്പാദിപ്പിച്ചെടുക്കാവുന്ന ബ്ലോക്കുകൾ ആയിരുന്നിട്ടും, ഇക്കാലയളവിൽ ആകെ ഉപയോഗിക്കപ്പെട്ടത് വെറും 11 കോടി ടൺന്റെ കോൾ മാത്രം. അതുകൊണ്ട് ഊർജരംഗത്ത് പ്രതിസന്ധിയുണ്ട് എന്നും പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് കൂടുതൽ കോൾ ബ്ലോക്കുകൾ ലേലത്തിന് വെക്കുന്നതും അത് നമ്മുടെ ഊർജോത്പാദനത്തിന് പ്രയോജനപ്പെടുത്താതിരിക്കുകയും ചെയ്യുന്നത് വെറും തട്ടിപ്പാണ് എന്നുകൂടി ഇതേ കോൾ ഇന്ത്യ ഡോക്യുമെന്റ് പറയുന്നുണ്ട്.

കോൾ ഇന്ത്യ തന്നെ പ്രസിദ്ധപ്പെടുത്തിയ മറ്റൊരു രേഖയായ  Coal India Vision-2030, പ്രകാരം അടുത്ത പത്തുവര്ഷത്തേക്ക് നമുക്ക് ഒരു കോൾ  ബ്ലോക്ക് അനുവദിച്ച് അതിൽ ഖനനം നടത്തേണ്ട ആവശ്യമേ ഇല്ല എന്നാണ്. കോൾ ഫീൽഡ്‌സിന്റെ ലീസ് അലോക്കേഷൻ റൈറ്റ്സ് സംസ്ഥാനങ്ങൾക്ക് കൈമാറുന്നതും വലിയ അഴിമതികൾക്കാണ് കരണമാവുക. ഒറ്റനോട്ടത്തിൽ ഇത് സ്റ്റേകൾക് നല്ലത് എന്ന് തോന്നാം എങ്കിലും, സംസ്ഥാനങ്ങളുടെ സഹായമില്ലാതെ ഭൂമി ഏറ്റെടുക്കാൻ സാധിക്കില്ല എന്നത് മാത്രമാണ് അവരെക്കൂടി ഇടപെടീക്കാൻ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നത്. ഈ പുതിയ നിയമ ഭേദഗതികൾ ഒക്കെയും സ്വകാര്യ കമ്പനികളെ ഖനന മേഖലയിലേക്ക് ആകർഷിക്കാനുള്ള തന്ത്രങ്ങളാണ് എന്നാണ്  Mines, Mineral and People, എന്ന എൻജിഒ നടത്തുന്ന അശോക് ശ്രിമാലി പറയുന്നത്. ഭേദഗതികൾ വരുന്നതോടെ ഭൂമി ഏറ്റെടുക്കലുകളുടെ കോടതിയിൽ പൗരന്മാർക്കുള്ള അവകാശങ്ങൾ പോലും ചുരുക്കപ്പെടുന്നുണ്ട്.

 
ചുരുക്കത്തിൽ, ഇപ്പോഴത്തെ ക്ഷാമത്തിന്റെ കാര്യത്തിൽ നടന്നിട്ടുണ്ടാവാൻ സാധ്യതയുള്ള കാര്യങ്ങൾ രണ്ടിലൊന്നാണ്.  ഒന്നാമത്തെ സാധ്യത, കോവിഡ് കാലത്ത് പരമാവധി ചെലവുചുരുക്കാൻ വേണ്ടി ജസ്റ്റ് ഇൻ ടൈം പ്രൊക്യൂർമെൻറ്ലേക്ക് താപനിലയങ്ങൾ ചുവടുമാറിയപ്പോൾ അതിനൊപ്പിച്ച് കൽക്കരി ഉത്പാദിപ്പിക്കുന്ന കോൾ ഇന്ത്യ അടക്കമുള്ള കമ്പനികളും തങ്ങളുടെ  ഉത്പാദനം  കുറക്കുന്നു. പിന്നീട്, കോവിഡ് അടങ്ങി കൽക്കരിക്കുള്ള ഡിമാൻഡ് രണ്ടാമതും കൂടിയതോടെ പെട്ടെന്ന് ഉത്പാദനം വർധിപ്പിക്കാൻ ഈ ഖനികൾക്ക് കഴിയുന്നില്ല, സ്വാഭാവികമായും ക്ഷാമം ഉണ്ടാകുന്നു. രണ്ടാമത്തെ ഒരു സാധ്യത, ഈ ഒരു ക്ഷമ സാഹചര്യം മനഃപൂർവം സൃഷ്‌ടിച്ച ഒന്നാവാം. ഇങ്ങനെ ഒരു ക്ഷാമം ഉണ്ട് എന്ന പേരും പറഞ്ഞു കൊണ്ട് കൂടുതൽ കോൾ ബ്ലോക്കുകൾ അനുവദിച്ചും, കൽക്കരി ഖനനത്തിന്റെയും, വ്യാപാരത്തിന്റെയും, കയറ്റുമതിയുടേയുമെല്ലാം നിയന്ത്രണങ്ങളിൽ അയവുവരുത്തി നമ്മുടെ കൽക്കരി സമ്പത്തിനെ കണ്ണില്ലാതെ ചൂഷണത്തെ ചെയ്യാൻ വേണ്ടി നാട്ടിലെ ക്രോണി കോർപ്പറേറ്റുകളെ സഹായിക്കുക എന്ന ലക്‌ഷ്യം വെച്ചുള്ള ഒരു രഹസ്യ ഗൂഢാലോചന നടപ്പിലാക്കപ്പെട്ടതാണ് എന്നുള്ളതാണ്. രണ്ടാമത്തെ ആക്ഷേപത്തിന് പ്രഥമദൃഷ്ട്യാ തെളിവുകൾ ഒന്നും തന്നെ ഹാജരാക്കാൻ സാധിക്കില്ല എങ്കിലും, വരികൾക്കിടയിലൂടെ വായിക്കുന്നവർക്ക് അങ്ങനെ ഒരു നിഗമനത്തിൽ എത്തിച്ചേരാൻ സൂചനകളും ചിത്രത്തിലുണ്ട്. വെടക്കാക്കി തനിക്കാക്കുക എന്നത് നമ്മുടെ പബ്ലിക് സെക്ടർ കമ്പനികളെ പലതിനെയും സ്വകാര്യ വൽക്കരിക്കുമ്പോൾ പിന്തുടരുന്ന നയമാണ് എന്നതിന്റെ നിരവധി ഉദാഹരണങ്ങൾ നമ്മുടെ ചരിത്രത്തിലുണ്ട്. അതുകൊണ്ട് ഇങ്ങനെ ഒരു ആക്ഷേപം, അതെത്ര അതിശയകരമാണ് എന്ന് തോന്നിയാലും, അതിനെയും അവഗണിക്കുക സാധ്യമല്ല.കൽക്കരി ക്ഷാമം ഇങ്ങനെ  തുടർന്നാൽ അത് താമസിയാതെ നമ്മളെയും ബാധിക്കും എന്നുറപ്പാണ്. കാരണം, കേരളം ഉപയോഗിക്കുന്ന വൈദ്യുതിയുടെ എഴുപത് ശതമാനത്തിൽ അധികവും വരുന്നത് മറ്റു സംസ്ഥാനങ്ങളിലെ ആകാശങ്ങളിലേക്ക് കരിമ്പുക തുപ്പിക്കൊണ്ട് കൽക്കരി കത്തി നീരാവി ഉണ്ടായി അതിൽ പ്രവർത്തിക്കുന്ന താപ  വൈദ്ദ്യുത നിലയങ്ങളിൽ നിന്നാണ്. ഇവിടെ ഉണ്ടായിരുന്ന ഡീസലിൽ പ്രവർത്തിച്ചിരുന്ന കോഴിക്കോടും ബാഹ്മപുരത്തുമുള്ള പവർ പ്ലാന്റുകൾ, അതുപോലെ കായംകുളത്തുണ്ടായിരുന്ന നാഫ്ത പവർ പ്ലാന്റ് തുടങ്ങിയവ കെഎസ്ഇബിക്ക് ലാഭകരമല്ല എന്ന് ബോധ്യപ്പെട്ടതാണ് പ്രവർത്തനം അവസാനിപ്പിച്ച് പൂട്ടിക്കെട്ടിയത്. ഏതിനും, കൽക്കരിയുടെ ക്ഷാമത്തിന്റെ പേരിൽ ചുരുങ്ങിയത് കേരളമെങ്കിലും, അടുത്തൊന്നും ഇരുട്ടിലേക്ക് വഴുതി വീഴാതെ കാക്കാൻ നമ്മുടെ ഭരണാധികാരികൾക്ക് സാധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


 

Follow Us:
Download App:
  • android
  • ios