Asianet News MalayalamAsianet News Malayalam

ദാവൂദ് ഇബ്രാഹിമിന്‍റെ ഡോംഗ്രി; 100 വര്‍ഷം പഴക്കമുള്ള കെട്ടിടങ്ങള്‍, തുടര്‍ക്കഥയാകുന്ന അപകടങ്ങള്‍...

തലചായ്ക്കാൻ മറ്റൊരിടമില്ലാതെ. ഒഴിഞ്ഞു പോവാൻ പറഞ്ഞാൽ ഒരാളും കിടക്കുന്നേടം വിട്ടിറങ്ങി എന്നുവരില്ല. അതിനി തലയ്ക്കുമുകളിൽ ഏത് ഡെമോക്ലിസിന്റെ വാൾ തൂങ്ങി നിൽക്കുന്നുണ്ട് എന്ന് പറഞ്ഞാലും ശരി..!

The houses of the poor that are ready to collapse at any time
Author
India, First Published Jul 19, 2019, 3:31 PM IST

ഡോംഗ്രി എന്നുകേട്ടാൽ ആദ്യമോർമ്മവരുക ദാവൂദ് ഇബ്രാഹിം എന്ന പേരാണ്. കുപ്രസിദ്ധനായ ആ അധോലോകനായകൻ ജനിച്ചു വളർന്നത് ഡോംഗ്രിയിലെ ഇടുങ്ങിയ ഗലികളിലാണ് എന്ന് പറയപ്പെടുന്നു. മൂന്നു ദിവസം മുമ്പ് ഡോംഗ്രി എന്നപേര് ഒരിക്കൽ കൂടി പത്രത്താളുകളിൽ നിറഞ്ഞു.  നൂറുവർഷത്തിലധികം പഴക്കമുള്ള ഒരു നാലുനിലക്കെട്ടിടം പട്ടാപ്പകൽ പതിനൊന്നുമണിയ്ക്ക്  നിലംപൊത്തി. പത്തുകുടുംബങ്ങൾ അവിടെ താമസിച്ചിരുന്നു. ആ കുടുംബങ്ങളിലെ നാല്പതിലധികം പേർ അപകടം നടക്കുമ്പോൾ കെട്ടിടത്തിലുണ്ടായിരുന്നു.

തോരാതെ മഴപെയ്യുന്നതിനിടെ ആ ജീർണ്ണിച്ച കെട്ടിടം പെട്ടെന്ന് തകർന്നുവീഴുകയായിരുന്നു.  NDRF, അഗ്നിശമനസേന തുടങ്ങിയവ അടിയന്തരമായി സംഭവസ്ഥലത്തെത്തിയെങ്കിലും, ഇടുങ്ങിയ ഗലികളിലൂടെ ആ കെട്ടിടത്തിനടുത്തെത്താൻ അവരുടെ വാഹനങ്ങൾക്ക് സാധിക്കില്ലായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെടുത്തിയ 40 പേരിൽ 14 പേർ മരിച്ചു. ആശുപത്രിയിൽ കഴിയുന്നവരിൽ പലരുടെയും അവസ്ഥ വളരെ ഗുരുതരമാണ്. 

 

The houses of the poor that are ready to collapse at any time

ബിഎംസി സംഭവം നടന്ന് അധികം കഴിയുന്നതിനുമുമ്പ് തന്നെ വിശദീകരണവുമായി രംഗത്തെത്തി. തങ്ങൾ പ്രസ്തുത കെട്ടിടം അപകടാവസ്ഥയിലാണ് എന്ന് കണ്ട്, 2017-ൽ തന്നെ ഇടിച്ചുകളയാനുള്ള നോട്ടീസ് കൊടുത്തിരുന്നതാണെന്നും, അവിടെ താമസിക്കുന്നവരിൽ നിന്നും നേരിടേണ്ടി വന്ന കടുത്ത എതിർപ്പുകാരണമാണ് പൊളിക്കാൻ സാധിക്കാതെ അന്ന് പിന്മാറേണ്ടി വന്നത് എന്നും ബിഎംസി പറഞ്ഞു. അതായത്, രണ്ടു വർഷം മുമ്പേ ഇടിച്ചു കളയേണ്ടിയിരുന്ന ഒരു കെട്ടിടം പൊളിഞ്ഞുവീഴുന്ന ദിവസവും കാത്ത് ഇത്രയും നാൾ അങ്ങനെ നിൽക്കുകയായിരുന്നു. ഒടുവിൽ പൊളിഞ്ഞു വീണപ്പോഴോ, അതിൽ പാർത്തിരുന്ന നാൽപതു ജീവൻ കൂടി തുലാസിലാക്കിക്കൊണ്ടാണ് അത് നിലം പൊത്തിയത്. 

തുടർക്കഥയാവുന്ന അപകടങ്ങൾ 

ഇങ്ങനെ ആളുകൾ അന്തിയുറങ്ങുന്നിടങ്ങൾ  തന്നെ അവരുടെ ശവപ്പറമ്പുകളായി  മാറുന്നത് ഇത് ആദ്യമായിട്ടൊന്നുമല്ല.  ഹിമാചൽ പ്രദേശിലെ സോളനിൽ നിന്നും കഴിഞ്ഞ ഞായറാഴ്ചയാണ് മറ്റൊരു കെട്ടിടം, ഒരു ഹോട്ടൽ ഇടിഞ്ഞു വീണതിന്റ വാർത്ത വന്നത്. അന്നവിടെ മരിച്ച 14  പേരിൽ 12 പേരും അസം റൈഫിൾസിലെ ജവാന്മാരായിരുന്നു.  2013 -ൽ താനെയിൽ കെട്ടിടം തകർന്നുവീനപ്പോൾ മരിച്ചത് 74  പേരാണ്. 2017-ൽ മുംബൈയിലെ ഭീണ്ടി ബസാറിൽ കെട്ടിടം തകർന്നുവീണു മരിച്ചത് 33  പേരാണ്.  2018  ജൂലൈ 18-ന് ഗ്രെറ്റർ നോയ്ഡയിലെ ഷാബേരിയിൽ രണ്ടു കെട്ടിടങ്ങളാണ് തകർന്നടിഞ്ഞത്. അന്ന് പൊലിഞ്ഞതോ 9  ജീവനും. അന്ന് 25  പേരെ കുറ്റക്കാരെന്നുകണ്ട്‌ അവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യുകയും അവർ അറസ്റ്റുചെയ്യുകയും ഒക്കെയുണ്ടായി. എന്നാൽ, ഓരോ അപകടങ്ങൾ നടക്കുമ്പോഴും, വിറളി പിടിച്ചുകൊണ്ടുള്ള ഈ മുഖം രക്ഷിക്കാനുള്ള അറസ്റ്റുകൾ അല്ലാതെ, ഇനി ഒന്നാവർത്തിക്കാതിരിക്കാൻ നമ്മുടെ സർക്കാരുകൾ വല്ല നടപടിയും എടുക്കാറുണ്ടോ ? ഇല്ല..! മേൽപ്പറഞ്ഞ അപകടം കഴിഞ്ഞ് ഒരൊറ്റമാസം തികയും മുമ്പ്, ജൂലൈയിൽ തന്നെ, അതേ ഷാബേരിയിൽ നിന്നും അടുത്ത അപകടത്തെപ്പറ്റിയുള്ള വാർത്ത വന്നു. ഇത്തവണ പൊളിഞ്ഞു വീണത് ഒരു ആറുനിലക്കെട്ടിടമായിരുന്നു. ഭാഗ്യത്തിന് ഇടിഞ്ഞുവീഴാൻ ഒരല്പം സമയമെടുത്തിരുന്നു. അത്ര പെട്ടെന്നായിരുന്നില്ല തകർച്ച. കെട്ടിടത്തിൽ ആ സമയം ഉണ്ടായിരുന്ന ഏഴുകുടുംബങ്ങളെ ഒരുവിധം  പുറത്തെത്തിച്ച് നിമിഷങ്ങൾക്കകം കെട്ടിടം തകർന്നുവീഴുകയായിരുന്നു. ഈ കെട്ടിടം, ആഴ്ചകൾക്കുമുമ്പ് ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന കെട്ടിടത്തിൽ നിന്നും വെറും 100  മീറ്റർ അകലെയായിരുന്നു. മരണത്തിന് സെന്റീമീറ്ററുകളുടെ അകലം പോലും ധാരാളമാണ് എന്ന് അധികൃതർ വിസ്മരിക്കുകയാണോ...?

The houses of the poor that are ready to collapse at any time

ഇടിഞ്ഞു വീഴുന്നത് പാവപ്പെട്ടവന്റെ മാത്രം വീടുകൾ  

ഈ കെട്ടിടങ്ങളിലൊക്കെയും താമസമുണ്ടായിരുന്നവരിൽ ഒരു സവിശേഷ പാറ്റേൺ കണ്ടെത്താൻ നമുക്ക് കഴിയും. അതിലേക്കാണ് ഇനി കടക്കാനാഗ്രഹികുന്നത്. മരിച്ചവർക്കൊക്കെ തമ്മിൽ പൊതുവിൽ ഒരു ബന്ധമുണ്ട്. നഗരങ്ങളിൽ തകർന്നു വീഴുന്ന കെട്ടിടങ്ങളുടെ  പേരുകൾ മാറിമാറിവരും, അവ സ്ഥിതി ചെയ്യുന്ന നഗരങ്ങളും മാറാം, മരിക്കുന്നവരുടെ എന്നതിനും ഭാഗ്യനിർഭാഗ്യങ്ങളുടെ സാന്നിധ്യമനുസരിച്ച് വ്യത്യാസം വരാം. എല്ലാ അപകടത്തിലും ഒരുപോലിരിക്കുന്ന ഒന്നുണ്ട്, മരണപ്പെട്ടവന്റെ സാമ്പത്തികസ്ഥിതി. അവന്റെ സോഷ്യൽ സ്റ്റാറ്റസ്. ഈ അപകടങ്ങളിലൊക്കെ മരിക്കുന്നത് സമൂഹത്തിന്റെ ഏറ്റവും താഴേക്കിടയിലുള്ളവരാണ് എന്നത് ശ്രദ്ധിച്ചുനോക്കിയാൽ അറിയാം. 

ആരാണ് ഇങ്ങനെ ഈ തൊട്ടാൽ മറിഞ്ഞുവീഴുന്ന കെട്ടിടങ്ങളിൽ പാർക്കുന്നവർ..? അവരെന്തിനാണ് ഇങ്ങനെ ഒഴിഞ്ഞു പോവാൻ അധികാരികൾ പറഞ്ഞിട്ടും ജീവൻ ഉള്ളംകയ്യിലെടുത്തുപിടിച്ചിങ്ങനെ ജീവിക്കുന്നത്..? തുറന്നു പറയാം, നിസ്സഹായത ഒന്നുകൊണ്ടുമാത്രമാണ്. പോകാൻ വേറെ ഇടമില്ലാത്തതുകൊണ്ടാണ്. ഇപ്പോൾ കൊടുക്കുന്നതിൽ കൂടുതൽ വാടക താങ്ങാത്തതുകൊണ്ടാണ്. 

The houses of the poor that are ready to collapse at any time

ബ്രാൻഡഡ് അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്നവർ എന്നെങ്കിലും ഇങ്ങനെയുള്ള അപകടങ്ങളിൽ മരിച്ചതായി കേട്ടിട്ടുണ്ടോ..? അല്ലെങ്കിൽ ദില്ലിയിലെ ഏതെങ്കിലും പോഷ് ബംഗ്ളാവ്, അത് എത്ര വർഷം പഴക്കമുള്ളതുമാവട്ടെ, ഏതെങ്കിലും പണക്കാരന്റെ മാളിക ഇന്നോളം ഇടിഞ്ഞുവീണ ചരിത്രമുണ്ടോ..? ഇല്ല.., കാണില്ല. മച്ചിൽ നിന്നും കുമ്മായം അടർന്നു വീണുകൊണ്ടിരിക്കുന്ന, വീടിനകം വർഷാവർഷം വെള്ളപൂശാനുള്ള കാശില്ലാത്തവരുടെ വീടുകളാണ് ഇടിഞ്ഞു വീഴുന്നത് എന്നും. 

ഈ വീട്ടിലൊക്കെ ആരെങ്കിലും താമസിക്കുമോ ? 

ഇവയിൽ താമസിക്കുന്നത് അതിരാവിലെ തന്നെ എഴുന്നേറ്റ് സമ്പന്നരുടെ വീട്ടിൽ കൂലിവേലയ്ക്ക് പോവുന്നവരാണ്. രാവിലെ നിങ്ങളുടെ ഫ്ലാറ്റിന്റെ ബെല്ലടിച്ച് വെസ്റ്റ് എടുത്തുകൊണ്ടു പോവുന്നവരാണ്. അടുക്കളപ്പണിക്ക് വരുന്നവരാണ്. ഫ്ലാറ്റിൽ നിന്നും താഴേക്കിറങ്ങിയാൽ കാണുന്ന മൊബൈലിൽ വീഡിയോ കണ്ടുകൊണ്ടിരിക്കുന്ന സെക്യൂരിറ്റി ഗാർഡാണ്. നിരത്തിലേക്കിറങ്ങിയാൽ ഉന്തുവണ്ടിയിൽ തണ്ണിമത്തൻ വിൽക്കുന്ന, കടല വറുക്കുന്ന ചേട്ടനാണ്. ഇസ്തിരിയിടുന്ന ചേട്ടനാണ്. ചെറിയ ചെറിയ പണികളും, കച്ചവടങ്ങളും ഒക്കെ ചെയ്ത് നമ്മുടെ നഗരത്തെ നിന്നുപോവാതെ കാക്കുന്നവരാണ്. 

The houses of the poor that are ready to collapse at any time

രാത്രിയായാൽ ഇവർ എവിടേക്കാണ് പോവുന്നത്...? പകൽ നഗരം ഇവരെക്കൊണ്ട് നിറയുമ്പോൾ നമ്മുടെ ജീവിതങ്ങൾ സുഗമമാണ്. കാര്യങ്ങൾക്കൊന്നിനും തടസം നേരിടുന്നില്ല. എന്നാൽ, ഇതേ ആളുകൾ രാത്രി അന്തിയുറങ്ങുന്ന ഇടിഞ്ഞുവീഴാറായ വീടുകൾ കാണുമ്പൊൾ മൂക്കിൽ വിരൽ വച്ച് നമ്മളെല്ലാവരും ചോദിച്ചു പോവും, ഇങ്ങനെ ജീർണ്ണിച്ച വീടുകളിൽ ആരാണ് താമസിക്കുക..? ഇവർ താമസിക്കുന്ന ചേരികളും, ഝാലുകളും ഒക്കെ നഗരത്തിന്റെ ഭംഗി കുറയ്ക്കുന്ന സാധനങ്ങളാണ്. ഒട്ടുമിക്കവയും അനധികൃതമാണ്. 

ഇവരിൽ പലരും ഇന്ത്യയിലെ ഗ്രാമങ്ങളിൽ നിന്നും തലചായ്ക്കാൻ ഇടമില്ലാതെ, അരവയർ നിറയ്ക്കാൻ ഭക്ഷണം കിട്ടാതെ പുറപ്പെട്ടു പോന്നവരാണ്. നഗരങ്ങൾ അവർക്ക് ഇന്നും അഭ്യുദയത്തിനുള്ള സാധ്യതകളായാണ് തോന്നുന്നത്. ഒരർത്ഥത്തിൽ മരീചികകളാണ്. 

ബദൽ സംവിധാനങ്ങൾ ഇല്ലാത്തത്  

നഗരങ്ങളെ ചലിപ്പിക്കുന്ന ഈ തൊഴിൽ സേനയെ സുരക്ഷിതമായി പാർപ്പിക്കാൻ നഗരങ്ങൾ സംവിധാനങ്ങൾ ഒരുക്കുന്നില്ല. അങ്ങനെ വരുമ്പോൾ അവർ കിട്ടിയേടത്ത്, അത് അഴുക്കുചാലിന്റെ അരികിലാവാം, പുറംപോക്കിൽ കെട്ടിപ്പൊക്കുന്ന ചേരികളിലാവാം. ബലമില്ലാത്ത, തൊട്ടുതൊട്ടു കെട്ടിപ്പൊക്കുന്ന കെട്ടിടങ്ങളിലാവാം. കെട്ടിടമുണ്ടാക്കുന്ന ധനവാൻ അവിടെ ഒരിക്കലും താമസിക്കില്ല. അസ്തിവാരം പോലും വേണ്ടപോലെ കേട്ടില്ല. അതിന്റെ ഓരോഇഞ്ചും  വാടകയ്ക്കുനല്കി പണമുണ്ടാക്കാനാണ് ഉടമസ്ഥൻ ശ്രമിക്കുക.

കുളിക്കാൻ ശുചിമുറികളില്ലാത്ത, വൃത്തിയുള്ള കക്കൂസുകളില്ലാത്ത ആ കെട്ടിടസമുച്ചയങ്ങളിൽ  'സുരക്ഷ' എന്നൊക്കെപ്പറയുന്നത് അശ്ലീലമായി തോന്നും അവർക്ക്. അതും പറഞ്ഞുകൊണ്ട് അങ്ങോട്ട് ചെല്ലുന്ന ഒരു കോർപ്പറേഷൻ ജീവനക്കാരനെയും അവർ അടുപ്പിച്ചെന്നിരിക്കില്ല. അവർ സംഘടിതമായ ചെറുത്തുനിൽപ്പുകൾ നടത്തും. ആക്രമിച്ചെന്നുവരെ ഇരിക്കും.

ഇതിനൊക്കെ താൽക്കാലികമായ അംഗീകാരം നൽകികൊണ്ട് എല്ലാ നഗരങ്ങളിലും ഭൂമാഫിയയും കാണും. അവർ നിയമവ്യവസ്ഥിതിയുടെ എല്ലാ തട്ടുകളിലും കൈക്കൂലി നൽകിക്കൊണ്ട് നടപടികളെ ഒക്കെ തടുത്തു നിർത്തും. ഏതെങ്കിലും ഒരു കെട്ടിടം ഇടിഞ്ഞു വീഴും വരെ. ഭൂമാഫിയയുടെ കൂടെ രാഷ്ട്രീയക്കാരനും കൂടി ചേരുമ്പോൾ, അതിനെ തടുക്കാൻ ഒരു ഉദ്യോഗസ്ഥൻ മാത്രം  ഒരുമ്പെട്ടാൽ നടക്കില്ല. 

എന്താണൊരു പരിഹാരം  ? 

ഈ ഗുരുതരമായ പ്രശ്നത്തെ അടിവേരിൽ നിന്നും തുടങ്ങി പരിഹരിക്കാൻ കൃത്യമായ ഇച്ഛാശക്തിയോടുകൂടിയ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് മാത്രമേ കഴിയൂ. അവർക്കുമാത്രമേ, പുനരധിവാസത്തിന് വേണ്ട പ്രോജക്ടുകൾ സാക്ഷാത്കരിക്കാൻ കഴിയൂ. തലചായ്ക്കാൻ മറ്റൊരിടമില്ലാതെ. ഒഴിഞ്ഞു പോവാൻ പറഞ്ഞാൽ ഒരാളും കിടക്കുന്നേടം വിട്ടിറങ്ങി എന്നുവരില്ല. അതിനി തലയ്ക്കുമുകളിൽ ഏത് ഡെമോക്ലിസിന്റെ വാൾ തൂങ്ങി നിൽക്കുന്നുണ്ട് എന്ന് പറഞ്ഞാലും ശരി..!
 

Follow Us:
Download App:
  • android
  • ios