Asianet News MalayalamAsianet News Malayalam

ഇന്ത്യയിലെ ഏറ്റവും മോശം വായു ഈ നഗരത്തിലേത്, ഇന്ത്യന്‍ നഗരങ്ങളെ കാത്തിരിക്കുന്ന അപകടങ്ങളിതൊക്കെ?

2017 -ൽ ഇന്ത്യയിൽ നടന്ന മൊത്തം മരണങ്ങളിൽ 1.24 ദശലക്ഷം മരണങ്ങൾ അന്തരീക്ഷ മലിനീകരണം കാരണമാണെന്ന് ഇന്ത്യാ സ്റ്റേറ്റ് ലെവൽ ഡിസീസ് ബർഡൻ ഇനിഷ്യേറ്റീവ് കഴിഞ്ഞ വർഷം പുറത്തിറക്കിയ ഒരു പ്രബന്ധത്തിൽ പറയുന്നു.  
 

The Indian city with the worst breathing air quality, and the dangers awaiting Indian cities
Author
Delhi, First Published Dec 6, 2019, 5:34 PM IST

സാമ്പത്തികമായും സാങ്കേതികമായും വൻപുരോഗതിയിലേക്ക് ഇന്ത്യ കുതിക്കുമ്പോൾ അതിനോടൊപ്പം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ തീർത്തും അവഗണിക്കാനാവില്ല. ഇന്ത്യയുടെ പല പ്രധാന നഗരങ്ങളിലും മലിനീകരണവും അതുമൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉയർത്തുന്ന വെല്ലുവിളികൾ ചെറുതല്ല.  

മറ്റുള്ള ആയിരക്കണക്കിനാളുകളെ പോലെ, മേഘ മാത്തൂര്‍ എന്ന യുവതിയും ടെക്നോളജി മേഖലയില്‍ ഒരു ജോലി തേടിയാണ്  ഇന്ത്യൻ നഗരമായ ഗുഡ്‍ഗാവിലേക്ക് പോയത്. പക്ഷേ, അവിടെ എത്തിയപ്പോഴാണ് വളരെനാൾ അവിടെ താമസിക്കാൻ കഴിയില്ലെന്ന് അവൾക്ക് മനസ്സിലായത്. കാരണം അവിടെ മലിനീകരണം വളരെ രൂക്ഷമായിരുന്നു. മാസ്‍ക് ഇല്ലാതെ പുറത്തുപോകാനായി അവൾക്ക് അവളുടെ ഫോണിലുള്ള എയർ ക്വാളിറ്റി ആപ്ലിക്കേഷൻ ദിവസത്തിൽ പല തവണ പരിശോധിക്കേണ്ടി വന്നു.

"ജോലി ചെയ്യാൻ ഒരുപാട് അവസരങ്ങൾ ഇവിടെ ഉണ്ടെങ്കിലും ഒരുപാടുകാലം ഇത്തരമൊരു അന്തരീക്ഷത്തിൽ ജോലി ചെയ്യാൻ സാധിക്കില്ല. അത് ഉത്കണ്ഠയ്ക്കും സമ്മർദ്ദത്തിനും വഴിവെക്കും" 27 വയസ്സുള്ള മേഘ പറഞ്ഞു. മിക്കവർക്കും ഈ അഭിപ്രായമാണ് ഉള്ളതെന്നും അവൾ കൂട്ടിച്ചേർത്തു,

ഇന്ത്യയുടെ തലസ്ഥാനമായ ദില്ലിയിൽ നിന്ന് 25 മൈൽ അകലെയുള്ള ഗുഡ്‍ഗാവ്, രാജ്യത്തെ ഏറ്റവും പുതിയ ടെക് ഹബുകളിലൊന്നാണ്. അന്താരാഷ്ട്ര കമ്പനികളായ ഗൂഗിൾ (ഗുഡ്), മൈക്രോസോഫ്റ്റ് (എംഎസ്എഫ്‍ടി), കൂടാതെ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പുകളായ ഫുഡ് ഡെലിവറി കമ്പനി സൊമാറ്റോ, ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായ OYO തുടങ്ങിയവ ഇവിടെയാണുള്ളത്. സോമാറ്റോയിൽ ജോലി ചെയ്തിരുന്ന മേഘ തന്‍റെ പ്രതിശ്രുത വരൻ ഹർഷവർധൻ സിങ്ങിനൊപ്പം തെക്കൻ നഗരമായ ബാംഗ്ലൂരിലേക്ക് പോകുന്നതിന് ഒമ്പത് മാസം മുൻപുവരെ ഇവിടെയാണ് താമസിച്ചിരുന്നത്.

ഗുഡ്‍ഗാവും, ബാംഗ്ലൂരും കഴിഞ്ഞ രണ്ട് ദശകങ്ങളായി ഇന്ത്യയുടെ സാങ്കേതിക കുതിച്ചുചാട്ടത്തിന്‍റെ പ്രധാന കേന്ദ്രങ്ങളാണ്. അവിടെ അനുദിനം മേഘയെ പോലുള്ള ദശലക്ഷക്കണക്കിന് ആളുകൾ മികച്ച ശമ്പളമുള്ള ജോലികൾ ഏറ്റെടുക്കുന്നു. എന്നാൽ, പലപ്പോഴും അത് തുടർന്നുകൊണ്ടുപോകാൻ സാധിക്കാതെ വരുന്നു. രാജ്യം അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രതിസന്ധിയാണിത്. 3 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയെ നയിക്കാനും 1.3 ബില്യൺ ജനങ്ങളെ നിലനിർത്താനും ആവശ്യമായ ദ്രുതഗതിയിലുള്ള വളർച്ചക്ക് ഇത്തരം പാരിസ്ഥിതിക പ്രശ്നങ്ങൾ തടസ്സമാകുന്നു.

അടുത്തകാലത്ത് നടത്തിയ ഒന്നിലധികം സർവേകൾ പ്രകാരം, ലോകത്തിലെ ഏറ്റവും മോശമായ വായു ഗുണനിലവാരമുള്ളത് ദില്ലിയിലാണ്. ഇത് ചുറ്റുമുള്ള പ്രദേശങ്ങളെയും ബാധിക്കുന്നു. 2017 -ൽ ഇന്ത്യയിൽ നടന്ന മൊത്തം മരണങ്ങളിൽ 1.24 ദശലക്ഷം മരണങ്ങൾ അന്തരീക്ഷ മലിനീകരണം കാരണമാണെന്ന് ഇന്ത്യാ സ്റ്റേറ്റ് ലെവൽ ഡിസീസ് ബർഡൻ ഇനിഷ്യേറ്റീവ് കഴിഞ്ഞ വർഷം പുറത്തിറക്കിയ ഒരു പ്രബന്ധത്തിൽ പറയുന്നു.  

ദശലക്ഷക്കണക്കിന് പേരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ ഉൽപ്പാദന-സാങ്കേതിക വളർച്ചക്കുവേണ്ടി ശ്രമിക്കുമ്പോൾ ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾ വർദ്ധിക്കും. അതായത് കൂടുതൽ ഫാക്ടറികൾ, കൂടുതൽ ഓഫീസുകൾ, കൂടുതൽ താമസസ്ഥലങ്ങൾ, വാഹനങ്ങൾ എല്ലാം അനിവാര്യമാകും. എന്നാൽ, ഊർജ്ജ സ്രോതസ്സുകളുടെ അനിയന്ത്രിത ഉപയോഗം കൂടുതൽ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും.

2030 ഓടെ കാറ്റും സൗരോർജ്ജവും പോലുള്ള പുനരുപയോഗ സ്രോതസ്സുകളിൽ നിന്ന് 40 ശതമാത്തോളം ഊർജ്ജം ഉത്പാദിപ്പിക്കുക എന്നതാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇപ്പോൾ പുനരുപയോഗ ഊർജ്ജത്തിന്‍റെ ഉല്പാദനം 23 ശതമാനത്തിലേക്കെത്തിക്കാൻ ഇന്ത്യക്കു കഴിഞ്ഞു. ഇതൊക്കെയാണെങ്കിലും ഇന്ത്യ ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരിൽ ഒന്നാണ്. ഇപ്പോഴും ഇന്ത്യയുടെ പകുതിയിലധികം വരുന്ന വൈദ്യുതിയും കൽക്കരി വഴിയാണ് ഉല്പാദിപ്പിക്കുന്നത്.

ബാംഗ്ലൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ഒരു സംവിധാനം നിർമ്മിക്കാൻ സഹായിക്കുന്ന ജപ്പാൻ ഇന്‍റർനാഷണൽ കോപ്പറേഷൻ ഏജൻസിയുടെ കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം, പ്രഭാതത്തിലെ  തിരക്കിനിടയിലെ നഗരത്തിലെ റോഡുകളിൽ ശരാശരി വേഗത മണിക്കൂറിൽ എട്ട് മൈൽ മാത്രമാണ്. “ബാംഗ്ലൂർ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അനിയന്ത്രിതമായ വളർച്ചയാണ്” നഗര മുനിസിപ്പൽ കമ്മീഷണർ ബി.എച്ച്. അനിൽകുമാർ പറഞ്ഞു. റോഡുകളിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിന് ബസ് പാതകളും ലണ്ടൻ രീതിയിലുള്ള തിരക്ക് നികുതിയും ഏർപ്പെടുത്തുന്നതിനെക്കുറിച്ച് നഗര അധികൃതർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, അവ പ്രവൃത്തിയിൽ കൊണ്ടുവരാൻ സമയമെടുക്കും. സമീപ വർഷങ്ങളിൽ നിന്നുള്ള ഒന്നിലധികം സ്വതന്ത്ര പഠനങ്ങൾ പറയുന്നത് ബാംഗ്ലൂരിലെ ദോഷകരമായ മലിനീകരണത്തിന്‍റെ ഏറ്റവും വലിയ ഉറവിടം ഈ ഗതാഗതമാണെന്നാണ്. ആകെ മലിനീകരണത്തിന്‍റെ 40 ശതമാനത്തോളം വരും ഇത്.

നഗരങ്ങളിലെ മറ്റൊരു വലിയ പ്രശ്‌നം കുടിവെള്ള ദൗർലഭ്യം ആണ്. 19 ഇന്ത്യൻ നഗരങ്ങളിൽ അടുത്ത വർഷം ഭൂഗർഭജലം തീർന്നുപോകുമെന്ന് സർക്കാർ തിങ്ക് ടാങ്ക് എൻ‌ടി‌ഐ ആയോഗ് കണക്കാക്കുന്നു. “നഗരങ്ങളിലും പരിസരങ്ങളിലുമുള്ള വ്യാവസായിക വളർച്ചക്ക് ഇത് ഭീഷണിയാക്കും. കാരണം, കമ്പനികൾ അവരുടെ പ്രവർത്തനങ്ങൾ കൂടുതൽ വെള്ളം ലഭിക്കുന്ന സ്ഥലങ്ങളിലേക്ക് മാറ്റാൻ ഇത് കാരണമാക്കും” തിങ്ക് ടാങ്ക് സമീപകാല റിപ്പോർട്ടിൽ പറഞ്ഞു.

സാങ്കേതിക, ധനകാര്യ മേഖലയിലുള്ള വലിയ കമ്പനികൾ ഇന്ത്യയുടെ പാരിസ്ഥിതിക പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെങ്കിലും ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ട്. ഇന്ത്യയുടെ മലിനീകരണം, തിരക്ക്, ജലക്ഷാമം എന്നിവയ്ക്കെതിരെ പോരാടുമ്പോൾ രാജ്യത്തിന്‍റെ  അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഒരു വെല്ലുവിളിയാകും. 


 

Follow Us:
Download App:
  • android
  • ios