ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തിൽ ചോരകൊണ്ട് എഴുതിവെച്ചിരിക്കുന്ന ഒരു ഓർമദിവസമാണിന്ന്. 1927 -ൽ ഇന്നേദിവസമാണ്, കാകോരി ട്രെയിൻ കൊള്ളയുടെ പേരിൽ കവി പണ്ഡിറ്റ് റാം പ്രസാദ് ബിസ്മിൽ, അഷ്‌ഫാക്കുള്ളാ ഖാൻ വാർസി എന്നീ സ്വാതന്ത്ര്യ സമര സേനാനികളെ ബ്രിട്ടീഷ് ഗവണ്മെന്റ് കഴുമരത്തിലേറ്റിയത്.  

കവിത മാത്രമല്ല കൈത്തോക്കും റാം പ്രസാദ് ബിസ്മിലിന് നന്നായി വഴങ്ങുമായിരുന്നു. സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കുചേർന്നു പ്രവർത്തിക്കാൻ തുടങ്ങിയ അദ്ദേഹമാണ് ബംഗാളിലെ പ്രസിദ്ധ വിപ്ലവകാരികളായ സചീന്ദ്ര നാഥാ സന്യാൽ, ജടുഗോപാൽ മുഖർജി എന്നിവരുമായി ചേർന്നുകൊണ്ട് ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന വിപ്ലവസംഘടന സ്ഥാപിക്കുന്നത്. അതിൽ ആദ്യകാലം മുതൽ സജീവാംഗങ്ങളായിരുന്ന അതിപ്രസിദ്ധരായ വേറെയും രണ്ടു രണ്ടുപേരുണ്ട്. ഭഗത് സിങ്ങും ചന്ദ്രശേഖർ ആസാദും. ഇന്ത്യയെ സ്വതന്ത്രമാക്കാൻ സായുധമാർഗമേ പ്രായോഗികമാവൂ എന്നായിരുന്നു ഇവർ വിശ്വസിച്ചിരുന്നത്.  

ചൗരിചൗരായിൽ നിസ്സഹകരണ പ്രസ്ഥാനക്കാർ പൊലീസ് സ്റ്റേഷന് തീയിട്ടപ്പോൾ 

കാകോരി ട്രെയിൻ കൊള്ളയിലേക്ക് നയിച്ചത് അതിനു മുമ്പ്, 1922 -ൽ ചൗരി ചൗരാ സംഭവം നടക്കുന്നു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിനടുത്തുളള ചൗരി ചൗരാ എന്ന ഗ്രാമത്തിൽ, നിസ്സഹകരണപ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ട് 2500 -ലധികം വരുന്ന ഗ്രാമീണർ ജാഥ നടത്തുന്നു. പ്രദേശത്തെ ഒരു മദ്യഷാപ്പ് പിക്കറ്റ് ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. പിക്കറ്റ് ചെയ്ത സംഘത്തിന്റെ നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്തതോടെ പിക്കറ്റ് പൊലീസ് സ്റ്റേഷൻ പരിസരത്തേക്ക് നീളുന്നു. ജനങ്ങളെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ ശ്രമങ്ങൾക്കിടയിൽ കല്ലേറുനടക്കുന്നു. പൊലീസ് വെടിവെപ്പുനടത്തുന്നു. മൂന്നു പ്രതിഷേധക്കാർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു. അതോടെ അക്രമാസക്തരായ ജനക്കൂട്ടം പൊലീസ് സ്റ്റേഷന് തീവെക്കുന്നു. അകത്ത് കുടുങ്ങിപ്പോയ 22 പോലീസുകാരടക്കം 25 പേർ ആ തീവെപ്പിൽ കൊല്ലപ്പെടുന്നു.

അന്നോളം താൻ കൊണ്ടുനടന്ന അഹിംസാ മാർഗത്തിലുള്ള സമരത്തിന് ചൗരിചൗരാ സംഭവം കളങ്കമേൽപ്പിച്ചു എന്ന് പറഞ്ഞുകൊണ്ട് ഗാന്ധിജി തന്റെ സമരങ്ങൾ ഒന്നടങ്കം നിർത്തിവെച്ച് നിരാഹാര സത്യാഗ്രഹം തുടങ്ങുന്നു.  അതോടെ സ്വാതന്ത്ര്യസമരത്തിന് ഗതി നഷ്ടമാകുന്നു.  ഗാന്ധിജിയുടെ തീരുമാനത്തിൽ പലർക്കും വിയോജിപ്പുണ്ടായിരുന്നു. അക്കൂട്ടത്തിൽ ചിലർ ബ്രിട്ടീഷ് സൈന്യത്തെ ഞെട്ടിക്കാൻ എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന പക്ഷക്കാരായിരുന്നു. അവർ ചേർന്ന്  1925 ഓഗസ്റ്റ് 9  -ന് നടപ്പിലാക്കിയതാണ് കാകോരി ട്രെയിൻ കൊള്ള എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ധനാപഹരണം.


എന്തായിരുന്നു ഈ കാകോരി ഗൂഢാലോചന?

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രസിദ്ധമായ 'കാകോരി ട്രെയിൻ കൊള്ള' നടപ്പിലാക്കിയത് ബിസ്മിലും, അഷ്‌ഫാഖുള്ളാ  ഖാനും ഒക്കെ ചേർന്നുകൊണ്ടാണ്. 1925 -ലായിരുന്നു ആ സംഭവം. ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിന് ആയുധങ്ങൾ വേണമായിരുന്നു. അവ വാങ്ങാനുള്ള പണം ബ്രിട്ടീഷ് സർക്കാരിനെ കൊള്ളയടിച്ചു തന്നെ കണ്ടെത്താം എന്ന് വിപ്ലവകാരികൾ തീരുമാനിക്കുകയായിരുന്നു. 

ചില്ലറക്കാരായിരുന്നില്ല ആ കൊള്ളക്കാർ. സാക്ഷാൽ ചന്ദ്രശേഖർ ആസാദ് നയിച്ച ആ സംഘത്തിൽ, പണ്ഡിറ്റ് റാം പ്രസാദ് ബിസ്മിൽ, അഷ്‌ഫാഖുള്ളാ ഖാൻ വാർസി,  രാജേന്ദ്ര ലാഹിരി, റോഷൻ സിംഗ്, സചീന്ദ്ര ബക്ഷി, കേശബ് ചക്രവർത്തി, മന്മഥനാഥ് ഗുപ്ത, മുരാരിലാൽ ഗുപ്ത, മുകുന്ദ് ലാൽ, ഭംവരി ലാൽ  എന്നിങ്ങനെ പലരുമുണ്ടായിരുന്നു. ഇവരടക്കം നാല്പതുപേർക്കെതിരെയാണ് കാകോരിയിൽ ട്രഷറിയുടെ പണവുമായി പോയ ട്രെയിൻ തടഞ്ഞു പണം കൊള്ളയടിച്ചതിന്റെ പേരിൽ കേസ് ചാർജ്ജ് ചെയ്യപ്പെടുന്നത്. അത് വെറുമൊരു പകൽക്കൊള്ളക്കേസ് മാത്രമായിരുന്നില്ല. കൊള്ളസംഘം ഉദ്ദേശിച്ചിരുന്നതല്ലെങ്കിലും, ആക്രമണത്തിനിടെ തീവണ്ടിക്ക് തീപിടിച്ച് ഒരു യാത്രക്കാരന് അന്ന് ജീവൻ നഷ്ടമായിരുന്നു.  മേൽപ്പറഞ്ഞ വിപ്ലവകാരികളെല്ലാം തന്നെ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടനയുടെ സ്ഥാപകാംഗങ്ങളായിരുന്നു. അഹിംസ എന്ന ഗാന്ധിമാർഗത്തോട് തരിമ്പും അഭിമുഖ്യമില്ലാതിരുന്നവരായിരുന്നു അവർ. ഒരുകവിളിൽ അടിച്ചാൽ മറുകവിൾ കാണിച്ച്, അടിച്ചോളൂ എന്ന് പറയാനും മാത്രം വിശാലഹൃദയരല്ലാത്തവർ. ഇങ്ങോട്ട് ഒരടി അടിച്ചാൽ അങ്ങോട്ട് രണ്ടെണ്ണം കൊടുക്കണം എന്ന പക്ഷക്കാർ. സായുധ വിപ്ലവം തന്നെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള പാത എന്ന് കരുതിയിരുന്നവർ.
 


 

ബിസ്മിലും, ഖാനും ചേർന്നായിരുന്നു ഇങ്ങനൊരു ഓപ്പറേഷൻ പ്ലാൻ ചെയ്തത്. സഹാറൻപൂരിൽ നിന്ന് ലഖ്‌നൗവിലേക്ക് വരുന്നതായിരുന്നു ആ തീവണ്ടി. വണ്ടി ലഖ്‌നൗവിൽ  നിന്ന് 16  കിലോമീറ്റർ  അകലെയുള്ള  കാകോരിയിൽ എത്തിയപ്പോഴേക്കും സംഘത്തിലൊരാൾ ഗാർഡ് റൂമിൽ കയറിപ്പറ്റി, ഗാർഡിനെ നിർവീര്യനാക്കി. ആ ഗാർഡ്‌സ് കാബിനിൽ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പണം അന്നത്തെ ഏകദേശം 8000 രൂപ, കൊണ്ടുപോകുന്നുണ്ടായിരുന്നു. ചങ്ങല വലിച്ച് ട്രെയിൻ നിർത്തി ആ പണപ്പെട്ടി മാത്രമാണ് അവർ കൊള്ളയടിച്ചത്. എന്നാൽ അതിനുള്ള പരിശ്രമത്തിനിടെ അഹമ്മദ് അലി എന്നൊരു യാത്രക്കാരൻ കൊല്ലപ്പെട്ടു. അതോടെ കേസ് കൊലപാതകമായി മാറി.
 


 

ഈ സംഭവം ബ്രിട്ടീഷുകാരെ വല്ലാതെ പ്രകോപിതരാക്കി. അവർ ശക്തമായ പ്രതികാരനടപടികളുമായി മുന്നോട്ടുപോയി. HRA -യുമായി ബന്ധമുള്ള സകലരെയും ബ്രിട്ടീഷ് സൈന്യം നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അഭിമാനപ്രശ്നമായി ഈ കേസ് മാറിക്കഴിഞ്ഞിരുന്നു. കൊണ്ടുപിടിച്ചുള്ള അന്വേഷണം നടന്നു കേസിൽ. പിടികൂടിയ പലരും, മറ്റു പല കേസുകളിലും പ്രതിയായിരുന്ന വിപ്ലവകാരികളായിരുന്നു. നാൽപ്പതിൽ 15  പേരെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. അഷ്‌ഫാഖുള്ളാ ഖാൻ അടക്കം അഞ്ചുപേർ അതിനിടെ ജയിൽ ചാടി. വീണ്ടും പിടിക്കപ്പെട്ടു. ഒടുവിൽ വിചാരണ പൂർത്തിയായപ്പോൾ, പണ്ഡിറ്റ് റാം പ്രസാദ് ബിസ്മിൽ, അഷ്‌ഫാഖുള്ളാ ഖാൻ വാർസി, താക്കൂർ റോഷൻ സിംഗ്, രാജേന്ദ്ര നാഥ് ലാഹിരി എന്നിവർക്ക് വധശിക്ഷ കിട്ടി. മറ്റുപലരെയും ജീവപര്യന്തം കഠിനതടവിന് കലാപാനിയിലേക്കും മറ്റും അയച്ചു.

സ്വാതന്ത്ര്യ സമരത്തെപ്പറ്റി പറയുമ്പോൾ പലരും ഈ നിർണായകമായ സംഭവത്തെപ്പറ്റി വിസ്മരിക്കാരാണ് പതിവ്.  പലരും ഈ സംഭവം സ്വാതന്ത്ര്യസമരത്തിൽ അപ്രസക്തമാണ് എന്ന് പോലും കരുതുന്നുണ്ട്. എന്നാൽ അങ്ങനെയല്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സായുധ വിപ്ലവത്തിനുള്ള സ്ഥാനം അരക്കിട്ടുറപ്പിച്ച ഒരു ആക്രമണമായിരുന്നു ഇത്. ഇങ്ങനെ ചിലർ സായുധവിപ്ലവം നയിക്കുന്നുണ്ട് എന്നൊരു വർത്തമാനം അതോടെ ഇന്ത്യയിലങ്ങോളമിങ്ങോളം പരന്നു.  

കഴുവേറ്റത്തിനായുള്ള കാത്തിരിപ്പും ഒരു വസന്തഗീതവും 

ശിക്ഷ വിധിച്ച ശേഷം പ്രതികൾ തങ്ങളെ രാഷ്ട്രീയ തടവുകാരായി കാണണം എന്ന ആവശ്യമുന്നയിച്ചെങ്കിലും, അത് ആരും ചെവികൊണ്ടില്ല. അവർ ജയിലിനുള്ളിൽ നിരാഹാരം തുടങ്ങി. രാജ്യമെമ്പാടുമുള്ള ജയിലുകളിൽ ഇവരോട് അനുഭവം പ്രകടിപ്പിച്ചുകൊണ്ടുള്ള കൂട്ടഉപവാസങ്ങൾ നടന്നു. 1927 ഓഗസ്റ്റിൽ ഇവർക്കായി ലണ്ടൻ പ്രിവി കൗൺസിലിൽ ചെന്ന അന്തിമ ദയാഹർജിയും തള്ളപ്പെട്ടു. 1927 ഡിസംബർ 19 -ന് ബിസ്മിലിനെ ഗോരഖ്‌പൂർ ജയിലിലും, അഷ്‌ഫാഖുള്ളാ ഖാനെ ഫൈസാബാദ് ജയിലിലും റോഷൻ സിംഗിനെ അലഹബാദിലെ മലാകാ ജയിലിലുമാണ് തൂക്കിലേറ്റിയത്. അതിന് രണ്ടുദിവസം മുമ്പ് രാജേന്ദ്ര ലാഹിരിയെ ഗോണ്ടാ ജയിലിലും തൂക്കിലേറ്റിയിരുന്നു. അങ്ങനെ നാലുപേരുടെയും വധശിക്ഷകൾ നടപ്പിലാക്കപ്പെട്ടു.
 


 

ജയിലിൽ വധശിക്ഷ കാത്തുകിടക്കുന്ന കാലത്താണ് പണ്ഡിറ്റ് റാം പ്രസാദ് ബിസ്മിൽ തന്റെ സഹതടവുകാരോടൊപ്പം ചേർന്ന്, അദ്ദേഹത്തിന്റെ അതിപ്രസിദ്ധമായ ദേശഭക്തിഗാനം, 'മേരാ രംഗ് ദേ ബസന്തി ഛോലാ' എഴുതുന്നത്. അവർ പത്തൊമ്പതു പേരായിരുന്നു കാകോരി കേസിൽ പിടിക്കപ്പെട്ട് ലഖ്‌നൗ സെൻട്രൽ ജയിലിൽ അടയ്ക്കപ്പെട്ടിരുന്നത്. അത് 1927  -ലെ ഒരു വസന്തകാലമായിരുന്നു. ഇനിയൊരു വാസന്തഋതു കാണാനുള്ള ഭാഗ്യം തങ്ങൾക്കുണ്ടായേക്കില്ലെന്ന തോന്നൽ ഉള്ളിലുണ്ടായിരുന്നതുകൊണ്ടാകാം, ഉറക്കം വരാതിരുന്ന രാത്രികളിലൊന്നിൽ അവരിലൊരാൾ ബിസ്മിലിനോട് ചോദിച്ചു, "പണ്ഡിറ്റ്ജി, നമുക്ക് ഈ വസന്തത്തിന് വേണ്ടി ഒരു പാട്ടുണ്ടാക്കിയാലോ..?"  പണ്ഡിറ്റ്ജി ഒന്നിനും എതിരുപറയുന്ന സ്വഭാവക്കാരനായിരുന്നില്ല പണ്ടുമുതൽക്കേ. അങ്ങനെ ആ കൽത്തുറുങ്കിലിരുന്നു കൊണ്ട് അവർ പരസ്പരം പാടി, തിരുത്തി വീണ്ടും പാടി ഉണ്ടാക്കിയെടുത്ത ആ വസന്തഗീതം പിന്നീട് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാവഗീതികളിൽ ഒന്നായി മാറി.

 

ബ്രിട്ടീഷുകാരുടെ തടവിൽ കിടന്നിരുന്ന കാലത്ത് റാം പ്രസാദ് ബിസ്മിലും, ഭഗത് സിങ്ങും, രാജ്‌ഗുരുവും, സുഖ്ദേവും, അഷ്ഫാഖുള്ളാ ഖാനും ഒക്കെയടങ്ങുന്ന വിപ്ലവകാരികളുടെ നാവിൻതുമ്പിൽ സദാ ഈ ഗീതമുണ്ടാവുമായിരുന്നു. വിചാരണയ്ക്കായി ജയിലിൽ നിന്നും കോടതിയിലേക്ക് ട്രക്കിൽ കൊണ്ടുപോവും വഴിയും, ജഡ്ജിന്റെ മുന്നിലും, തിരിച്ചു ജയിലിലേക്കുള്ള യാത്രയിലും, സെൽമുറിക്കുള്ളിലും ഒക്കെ അവരീ ഗീതാമാലപിക്കുമായിരുന്നു. അവരിൽ സ്വാതന്ത്ര്യ സമരപ്പോരാട്ടത്തിന്റെ തീ അണയാതെ കാത്തിരുന്നത് ഏറെ ആവേശഭരിതമായ ഈ ഗീതമായിരുന്നു.   

അസാമാന്യ പ്രതിഭയുള്ള ഒരു എഴുത്തുകാരനായിരുന്നു റാം പ്രസാദ് ബിസ്മിൽ.  സ്വാതന്ത്ര്യ സമര സേനാനികളെ പ്രചോദിപ്പിക്കുവാൻ വേണ്ടി അദ്ദേഹം റാം, അഗ്യാത്, ബിസ്മിൽ എന്നീ മൂന്നു തൂലികാനാമങ്ങളിൽ നിരന്തരം  ലേഖനങ്ങളും കവിതകളും മറ്റും എഴുതിയിരുന്നു. എന്നാൽ സ്വന്തം എഴുത്തിനേക്കാൾ അദ്ദേഹത്തെ പ്രസിദ്ധനാക്കിയത്, ബിസ്മിൽ എന്നു തന്നെ പേരുള്ള മറ്റൊരു കവിയുടെ ഒരു ഗീതമാണ്. കവിയുടെ പേര്  ബിസ്മിൽ അസീമാബാദി. ആ സ്വാതന്ത്ര്യ ഗീതം തുടങ്ങുന്നത് ഇങ്ങനെ,   

'സർഫറോഷി കി തമന്നാ 
അബ് ഹാമാരെ ദിൽ മേം ഹേ... 
ദേഖ്‌നാ ഹേ സോർ കിത്നാ 
ബാസുവേ കാത്തിൽ മേം ഹേ... '

'പിറന്ന നാടിനു വേണ്ടി 
ജീവത്യാഗം ചെയ്യാനുള്ള വല്ലാത്ത കൊതി 
ഇപ്പോൾ എന്റെ ഹൃദയത്തിലുണ്ട്.. 
എനിക്കറിയേണ്ടത്, എന്നെ തടുക്കാനുള്ള ശക്തി 
എത്രമേൽ ശത്രുവിന്റെ കരങ്ങൾക്കുണ്ട് എന്നാണ്..!'
 


 

അന്ന് കഴുവേറ്റിയവരെ അടക്കിയത്  റാപ്തി നദിയുടെ തീരത്താണ്. ആ വിപ്ലവകാരികൾ ഏറെ ജനസമ്മതരായിരുന്നതിനാൽ നൂറുകണക്കിന് ജനങ്ങൾ അവരുടെ അന്തിമസംസ്കാര കർമങ്ങളിൽ പങ്കുചേർന്നു. തന്റെ ആയുഷ്‌ക്കാലത്ത്  പിറന്ന മണ്ണിനെ സ്വതന്ത്രമായി കാണാനുള്ള ഭാഗ്യമുണ്ടാവില്ലെന്ന സത്യം തിരിച്ചറിഞ്ഞിരുന്നതുകൊണ്ടാവും, 'ഈ നാടിനെ സേവിക്കാനായി ഒരിക്കൽ കൂടി ജന്മമെടുക്കുന്നതിനെപ്പറ്റി'യും ബിസ്മിൽ തന്റെ ഒരു കവിതയിൽ പറയുന്നുണ്ട്. ബിസ്മിലിനെയും ഖാനെയും തൂക്കിലേറ്റിയ ലഖ്‌നൗ സെൻട്രൽ ജയിൽ ഇന്നവിടെ ഇല്ല. പത്തുവർഷം മുമ്പ്, ഇരുനൂറോളം ഏക്കർ വളപ്പിൽ വിശാലമായി നിലകൊള്ളുന്ന ലഖ്‌നൗ സെൻട്രൽ ജയിൽ ഇരുന്നിടത്തെ കെട്ടിടങ്ങൾ പൊളിച്ച് അവിടം ഒരു എക്കോളജിക്കൽ പാർക്കാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഇനിയിവിടെ എല്ലാ വർഷവും മുടങ്ങാതെ വസന്തം വിരുന്നെത്തുമായിരിക്കും.