Asianet News MalayalamAsianet News Malayalam

ആൾക്കൂട്ട കൊലപാതകത്തിന്റെ ഏറ്റവും പുതിയ ഇര അസമിലെ ജനപ്രിയഡോക്ടർ

വെറുപ്പ് വളരെ വലിയ ഒരു ഉത്തേജകബലമാണ്. ജനക്കൂട്ടങ്ങളെ അക്രമത്തിലേക്ക് നയിക്കാൻ അതിനെളുപ്പം കഴിയും. അതിനെ ഭയവുമായി കൂട്ടിക്കലർത്തിയാലോ, വളരെ അപകടകരമായ ഒന്നായി അതുമാറും. സ്വന്തം അയൽക്കാരെപ്പോലും കൊന്നുതള്ളാൻ സാധാരണക്കാരെ പ്രേരിപ്പിച്ചേക്കുമത്. 

the latest victim of mob lynching the popular doctor dutta from Jorhat
Author
Jorhat, First Published Sep 2, 2019, 2:47 PM IST

എഴുപത്തി മൂന്നുകാരനായ ഒരു വയോധികനായിരുന്നു ഡോ. ദേബേൻ ദത്ത. തന്റെ ഔദ്യോഗിക ജീവിതത്തിന്റെ കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകാതെ അസമിലെ ജോർഹാട്ടിൽ തേയില വിളയുന്ന മലമുകളിലെ അസൗകര്യങ്ങളിൽ തുടർന്നും ജനങ്ങളെ സേവിക്കാൻ മനസ്സുകാട്ടിയ ഒരു നല്ല മനുഷ്യൻ. അദ്ദേഹത്തിന് അവിടത്തെ ജനങ്ങൾ, അല്ല ജനക്കൂട്ടം തിരിച്ചു നൽകിയത് ജീവനെടുക്കാൻ പോന്നത്ര മാരകമായ മർദ്ദനമാണ്. ജനലിന്റെ ചില്ലുകൾ പൊട്ടിച്ച്, കുത്തി അദ്ദേഹത്തെ അവർ. ചെയ്ത കുറ്റമെന്തെന്നോ? ഭക്ഷണം കഴിക്കാൻ ഒരല്പനേരം ആശുപത്രിയിൽ നിന്ന് മാറി നിന്നു. അദ്ദേഹത്തിന്റെ ദൗർഭാഗ്യത്തിന് ആ നേരം കൊണ്ട് ഒരു രോഗി മരണപ്പെട്ടു പോയി. കുളിമുറിയിൽ വീണു പരിക്കുകൾ പറ്റി ആ എസ്റ്റേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന സോംറ മാജി എന്ന ഒരു താത്കാലിക തോട്ടം തൊഴിലാളി, എസ്റ്റേറ്റാശുപത്രിയിലെ നഴ്‌സിന്റെ പരിചരണത്തിനിടെ അവിചാരിതമായി ജീവൻ വെടിഞ്ഞു. അതോടെ അക്രമാസക്തമായ, പത്തിരുനൂറ്റമ്പതോളം പേർ വരുന്ന ജനക്കൂട്ടം ഭക്ഷണം കഴിഞ്ഞ് തിരിച്ചുവന്ന ആ വൃദ്ധനെ അതി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. 

എങ്ങനെയാണ് ഇത്തരത്തിൽ ആൾക്കൂട്ടഹത്യ(Mob Lynching)യ്ക്കുള്ള വൈകാരിക വിക്ഷുബ്‌ധത സമൂഹമനസ്സാക്ഷിയിലേക്ക് കുത്തിവെക്കപ്പെടുന്നത്..? എന്താണ് ഇതിന്റെ ആണവരഹസ്യം. വെറുപ്പ് വളരെ വലിയ ഒരു ഉത്തേജകബലമാണ്. ജനക്കൂട്ടങ്ങളെ അക്രമത്തിലേക്ക് നയിക്കാൻ അതിനെളുപ്പം കഴിയും. അതിനെ ഭയവുമായി കൂട്ടിക്കലർത്തിയാലോ, വളരെ അപകടകരമായ ഒന്നായി അതുമാറും. സ്വന്തം അയൽക്കാരെപ്പോലും കൊന്നുതള്ളാൻ സാധാരണക്കാരെ പ്രേരിപ്പിച്ചേക്കുമത്. ഈ മിശ്രിതവികാരം ഉള്ളിലുണർന്നാൽ പിന്നെയവർ ഒരു ഉള്ളുലച്ചിലും കൂടാതെ, പലപ്പോഴും തികഞ്ഞ സന്തോഷത്തോടെ തന്നെ വംശഹത്യകൾ വരെ നടത്തും.

ആൾക്കൂട്ട ഹത്യകളിൽ പലപ്പോഴും വിചാരണ വേണ്ടപോലെ നടക്കുന്നില്ല. വർഷങ്ങൾ നീണ്ടുപോകുന്ന വിചാരണകൾക്കൊടുവിൽ ദുർബലമായ പ്രോസിക്യൂഷൻ വാദങ്ങൾക്കൊടുവിൽ മിക്കവാറും പ്രതികളും കുറ്റവിമുക്തരുമാകും. പെഹ്‌ലു ഖാന്റെ കൊലപാതകവും തുടർന്ന് നടന്ന വിചാരണയും തന്നെ ഉദാഹരണം. ആൾക്കൂട്ട കൊലപാതകങ്ങളെ നിയന്ത്രിക്കാനുള്ള കൃത്യമായ നിയമങ്ങൾ നാട്ടിൽ നിലവിലില്ല. അനുദിനം വർധിച്ചു വരുന്ന ഈ സാമൂഹ്യവിപത്തിനെതിരെ ഒരു തരത്തിലുള്ള ബോധവൽക്കരണങ്ങളും നടക്കുന്നുമില്ല. ഇതിന്റെ ഇരകളിൽ ഒരു പ്രധാന വിഭാഗം ഡോക്ടർമാരാണെങ്കിലും, ഇന്ത്യയിൽ ഇന്ന് ജീവിക്കുന്ന ആരും തന്നെ വാട്ട്സാപ്പിലൂടെ പ്രചരിക്കുന്ന ഒരു 'കുട്ടികളെപിടുത്തക്കാരൻ' നുണയുടെ ബലത്തിൽ, അല്ലെങ്കിൽ ഒരു 'പശുക്കടത്തുകാരൻ' എന്ന ആരോപണത്തിൽ,  അല്ലെങ്കിൽ മോഷ്ടാവെന്ന ആരോപണത്തിന്റെ പുറത്ത്  നിമിഷനേരം കൊണ്ട് തടിച്ചുകൂടുന്ന ജനക്കൂട്ടത്താൽ കൊലചെയ്യപ്പെടാവുന്ന അവസ്ഥയിലാണ്. 

ഇത് നമ്മൾ കരുതുന്നതിലും സ്വാഭാവികമാണ്. സർവ്വസാധാരണവും. ആൾക്കൂട്ടക്കൊലപാതകങ്ങൾ ചെയ്തുകൂട്ടുന്നവർ അവരവരെ കൊലപാതകികളായി കാണുന്നില്ല എന്നതാണ് ഇതിലെ വൈരുദ്ധ്യം. ലോകം മുഴുവനും ആ കൊലകളുടെ വീഡിയോകൾ നെഞ്ചിനുള്ളിൽ പെരുമ്പറയടിയോടെ  കാണുമ്പോഴും  കൊലയാളികൾക്ക്  തോന്നുക തങ്ങൾ 'തെറ്റിദ്ധരിക്കപ്പെട്ടവരാണ്' എന്നാണ്. അവർ കരുതുന്നത് തങ്ങൾ തങ്ങളുടെ കടമയാണ് ആ പ്രവൃത്തിയിലൂടെ നിറവേറ്റുന്നത് എന്നാണ്. ചെയ്യുന്നത് ഒരു പൊതുസേവനമാണ് എന്നും.   
the latest victim of mob lynching the popular doctor dutta from Jorhat

മുഹമ്മദ് അഖ്ലാഖിന്റെ അമ്മ അസ്‌ഗരിക്ക് , തങ്ങൾ തലമുറകളായി പാർത്തിരുന്ന ബിഷഹര ഗ്രാമത്തിലെ ഒരേയൊരു മുസ്‌ലിം കുടുംബമാണ് തങ്ങളെന്ന ബോധമുണ്ടായത് മകനെ ആൾക്കൂട്ടം മർദ്ദിച്ചു കൊന്നുകളഞ്ഞിട്ടും അയൽക്കാരിൽ ഒരാൾ പോലും ഒന്ന് രക്ഷിക്കാൻ ഇറങ്ങി വരാതിരുന്നപ്പോൾ മാത്രമാണ്. പെഹ്‌ലു ഖാന്റെ മകൻ ഇർഷാദ് തന്റെ അച്ഛനെ മർദ്ദിച്ചു കൊന്ന ആ ദിവസത്തിന് ശേഷം പിന്നെ കാലിയെ മേയ്ക്കാൻ വീടുവിട്ടു പുറത്തുപോയിട്ടില്ല. അന്ന് കൊടിയമർദ്ദനമേറ്റതിന്റെ മുറിവുകൾ ഇന്നും അയാളെ വേട്ടയാടുന്നു. ഒപ്പം, പിതാവിനെ രക്ഷിക്കാനാകാഞ്ഞതിന്റെ മനസ്താപവും. തന്റെ ഭർത്താവ് ആലിമുദ്ദീൻ അൻസാരിയെ മർദ്ദിച്ചുകൊന്ന ബജ്‌റംഗ് ദൾ പ്രവർത്തകർക്ക് പരമാവധി ശിക്ഷകിട്ടാൻ വേണ്ടി കോടതി കേറിയിറങ്ങുകയാണ് വിധവ മറിയം ഖാതൂൺ.    

the latest victim of mob lynching the popular doctor dutta from Jorhat

 എന്നാൽ, ഇങ്ങനെ കൊലകൾ നടത്തി ജയിലിൽ പോവുന്നവർ പിന്നീട് അവിടെ കിടന്നുകൊണ്ട് തന്നെ തെരഞ്ഞെടുപ്പുകളിൽ പോലും മത്സരിക്കും. രാഷ്ട്രീയസാഹചര്യത്തെ അനുകൂലമാണെങ്കിൽ അവർക്കെതിരെയുളള സകല കേസുകളും അട്ടിമറിക്കപ്പെടും. ജയിലിൽ നിന്നിറങ്ങിയാൽ അവർ പിന്നെ രാഷ്ട്രനിർമ്മാണത്തിന്റെ വരെ ഭാഗമായെന്നു വരും. അതുകൊണ്ടാണ് ഒരു ആൾക്കൂട്ടക്കൊലയും അവസാനത്തേതാകാത്തത്. പിന്നെയും പിന്നെയും നിരപരാധികൾ ആക്രമിക്കപ്പെടുന്നത്. ആൾക്കൂട്ടങ്ങൾ വിചാരണ നടത്തി വധശിക്ഷകൾ നടപ്പിലാക്കുന്നത്. എന്നിട്ടും ആർക്കും ഒന്നും ചെയ്യാൻ കഴിയാതെ പോകുന്നത്. 


 
 

Follow Us:
Download App:
  • android
  • ios