Asianet News MalayalamAsianet News Malayalam

കാർഗിലിലെ കൊലച്ചതി, പട്ടാളശക്തിയില്‍ പരമാധികാരം, നടുക്കിയ അടിയന്തരാവസ്ഥ, ഒടുവില്‍ വധശിക്ഷ; മുഷറഫിന്‍റെ ജീവിതം

പർവേസ് മുഷറഫ് ശ്രീലങ്കൻ സന്ദർശനം കഴിഞ്ഞ് തിരികെ പാകിസ്താനിലേക്കുള്ള വിമാനത്തിലേറുന്നതിനിടെയായിരുന്നു മുഷറഫിനെ പിരിച്ചു വിടാനുള്ള തീരുമാനം നവാസ് ഷെരീഫ് പ്രഖ്യാപിക്കുന്നത്. എന്നാൽ, മുഷറഫിന്റെ പ്രതികരണവും വളരെ പെട്ടെന്നായിരുന്നു...

The Military Chief who planned the Kargil Breach, life and times of Pervez Musharraf
Author
Islamabad, First Published Dec 17, 2019, 5:29 PM IST

1999 -ൽ ൽ നടന്നൊരു പട്ടാള അട്ടിമറിയിലൂടെ ജനറൽ പർവേസ് മുഷറഫ് പാകിസ്ഥാനിൽ അധികാരം പിടിച്ചെടുത്തു. അടുത്ത ഒമ്പതു വർഷക്കാലം അവിടെ മുഷറഫിന്റെ സർവാധിപത്യമായിരുന്നു. 2008 ലെ പൊതു തെരഞ്ഞെടുപ്പിൽ PML-Q എന്ന  മുഷറഫിന്റെ പാർട്ടി പരാജയം നുണഞ്ഞതോടെയാണ് മുഷറഫ് യുഗത്തിന് യവനിക വീണത്. അതിനു ശേഷം, പാകിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യങ്ങൾ തന്റെ നിലനില്പിനെ ബാധിക്കും എന്ന് തിരിച്ചറിഞ്ഞതോടെ, 2016 -ൽ  മുഷറഫ് ദുബായിലേക്ക്  പലായനം ചെയ്യുകയായിരുന്നു. അവിടെ ഇന്നും രാഷ്ട്രീയ അഭയത്തിൽ തന്നെ തുടരുകയാണ് മുഷറഫ്. 

സ്വാതന്ത്ര്യപൂർവ ഇന്ത്യയിൽ ജനനം 

1943 -ൽ ന്യൂ ഡെൽഹിയിലായിരുന്നു പർവേസ് മുഷറഫിന്റെ ജനനം. വിഭജനാനന്തരം മുഷറഫിന്റെ കുടുംബം ദില്ലിവിട്ട് പാകിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിലേക്ക് കുടിയേറി. പാക് സർക്കാർ സർവീസിൽ നയതന്ത്രജ്ഞനായിരുന്നു മുഷറഫിന്റെ അച്ഛൻ. 1964 -ൽ പട്ടാളത്തിൽ ചേരുന്നതോടെ മുഷാറഫിന്റെയും സർക്കാർ ലാവണത്തിന് തുടക്കം കുറിച്ചു. 'ഓഫീസർ കോർപ്സി'ൽ ചേർന്ന മുഷറഫ് 1965 -ലെയും, 1971  -ലെയും യുദ്ധങ്ങളിൽ നേരിട്ട് പങ്കെടുത്ത് പോരാടി. വളരെ വേഗത്തിൽ സ്ഥാനക്കയറ്റങ്ങൾ മുഷറഫിനെ തേടിയെത്തി. ഒടുവിൽ 1998 -ൽ അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫ്, പർവേസ് മുഷറഫിനെ രാജ്യത്തെ സായുധസേനയുടെ തലവനായി നിയമിച്ചു.
 

The Military Chief who planned the Kargil Breach, life and times of Pervez Musharraf
 

 72 വർഷത്തെ രാഷ്ട്രീയ ചരിത്രമുണ്ട് പാകിസ്ഥാൻ എന്ന രാജ്യത്തിന്. അത് ജനാധിപത്യത്തിന്റെയും പട്ടാള ഭരണത്തിന്റേതുമായ രണ്ടു പകുതികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ പട്ടാളത്തലവൻ എന്ന സ്ഥാനം പാകിസ്ഥാന്റെ ചരിത്രത്തിൽ ഏറെ സ്വാധീനശക്തിയുള്ളതാണ്. പ്രസിഡന്റ് നവാസ് ഷെരീഫും, സൈന്യാധിപൻ പർവേസ് മുഷറഫും ചേർന്നാണ് 1998 മെയിൽ രാജ്യത്ത് ഏറെ നിർണായകമായ ആണവ പരീക്ഷണങ്ങൾ നടത്തിയത്. ഇന്ത്യ രാജസ്ഥാനിലെ പൊഖ്‌റാനിൽ നടത്തിയ പരീക്ഷണങ്ങളോടുള്ള പ്രതികരണമെന്നോണം ആയിരുന്നു അത്

The Military Chief who planned the Kargil Breach, life and times of Pervez Musharraf

1999 അടുപ്പിച്ച് നവാസ് ഷെരീഫും പർവേസ് മുഷറഫും തമ്മിൽ തെറ്റുന്നു. പർവേസ് മുഷറഫ് ശ്രീലങ്കൻ സന്ദർശനം കഴിഞ്ഞ് തിരികെ പാകിസ്താനിലേക്കുള്ള വിമാനത്തിലേറുന്നതിനിടെ  മുഷറഫിനെ പിരിച്ചു വിടാനുള്ള തീരുമാനം നവാസ് ശരീഫ് പ്രഖ്യാപിക്കുന്നു. എന്നാൽ, മുഷറഫിന്റെ പ്രതികരണവും വളരെ പെട്ടെന്നായിരുന്നു.  വിമാനം പാക് മണ്ണിൽ ലാൻഡ് ചെയ്തതും, മുഷറഫ് പട്ടാളത്തോട് രാജ്യത്തിൻറെ നിയന്ത്രണം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പാകിസ്ഥാന്റെ 'ചീഫ് എക്സിക്യൂട്ടീവ്' ആയി മുഷറഫ് സ്വയം അവരോധിച്ചു. 

ഇന്ത്യയോട് പ്രവർത്തിച്ച കൊടുംചതി

20 ഫെബ്രുവരി 1999 : വാഗാ ബോര്‍ഡര്‍ - ചാരനിറത്തിലുള്ള ഒരു ലക്ഷ്വറി ബസ് വാഗാ ബോര്‍ഡറിന്റെ ഗേറ്റിലൂടെ പാക്കിസ്ഥാന്റെ മണ്ണിലേക്ക് കടന്നുവന്നു. 'സദാ-എ-സർഹദ്' എന്നായിരുന്നു ബസിന്റെ പേര്. ഉറുദുവിൽ ഈ വാക്കിന്റെ അർഥം 'അതിർത്തിയുടെ സ്വരം' എന്നായിരുന്നു. അത് വാഗാ അതിർത്തി കടന്നുകൊണ്ട് പാക്കിസ്ഥാനുനേരെ കടന്നുചെന്ന സൗഹൃദത്തിന്റെ സ്വരമായിരുന്നു. ഇന്ത്യ ഏറെ ആത്മാർത്ഥമായിത്തന്നെ നടത്തിയ ഒരു സമാധാനശ്രമം.  

ആ ബസ്സിന്റെ വരവും കാത്ത് അവിടെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നില്‍പ്പുണ്ടായിരുന്നു. അതിര്‍ത്തിയിലെ പാക് മണ്ണില്‍ ബസ് ഒന്ന് നിര്‍ത്തി. അതിന്റെ ഓട്ടോമാറ്റിക് ഡോര്‍ തുറന്ന് ആദ്യമിറങ്ങിയത് ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് ആയിരുന്നു. പിന്നാലെ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ്ങും. രണ്ടു പ്രധാനമന്ത്രിമാരും തമ്മില്‍ ഹസ്തദാനം നടത്തി. വാജ്പേയി സൗഹൃദത്തിന്റെ വാഗ്ദാനമെന്നോണം ഷെരീഫിനെ ഒന്നാലിംഗനം ചെയ്തു. ഏറെക്കാലം പരസ്പരം  കണ്ടിരുന്ന, പരസ്പരം ഇടയ്ക്കിടെ യുദ്ധത്തിലേര്‍പ്പെടുന്ന രണ്ടയല്‍ രാജ്യങ്ങള്‍ക്കിടയിലെ മഞ്ഞ് ഒടുവില്‍ ഉരുകാന്‍ തുടങ്ങി എന്നുതന്നെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ കരുതി. എഴുതി. പക്ഷേ, പാക്കിസ്ഥാനില്‍ ഈ ബസ് യാത്രയും, പ്രധാനമന്ത്രിയുടെ സൗഹൃദ സന്ദര്‍ശനവും ഒക്കെ വന്‍ പ്രകടനങ്ങള്‍ക്കും സമരങ്ങള്‍ക്കും ഒക്കെ കാരണമായി. കറാച്ചിയില്‍ ബസ്സിന്റെ കോലങ്ങള്‍ കത്തിക്കപ്പെട്ടു. ലാഹോറിലെ കലാപങ്ങളില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. പ്രധാനമന്ത്രി വാജ്പേയി തന്റെ സ്വതസിദ്ധമായ കാവ്യാത്മക വാഗ്‌ധോരണിയില്‍ പാകിസ്ഥാനി സദസ്സിനോട് പറഞ്ഞു, ' ശത്രുതയ്ക്കായി നമ്മള്‍ ഏറെക്കാലം ചെലവിട്ടില്ലേ..? ഇനി സൗഹൃദത്തിനും ഒരു അവസരം കൊടുത്തുകൂടെ..? ' ആ സദസ്സ് വാജ്പേയിയുടെ ഈ ചോദ്യത്തെ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്. 
 

The Military Chief who planned the Kargil Breach, life and times of Pervez Musharraf

എന്നാല്‍, ഈ സന്ദര്‍ശനത്തിലുടനീളം വളരെ പ്രധാനപ്പെട്ട ഒരാളുടെ അസാന്നിധ്യം ഏറെ ദുരൂഹമായിരുന്നു. പാകിസ്ഥാന്റെ ചീഫ് ഓഫ് ആര്‍മി സ്റ്റാഫായ, ജനറല്‍ പര്‍വേസ് മുഷറഫ് ആയിരുന്നു ആ വിശിഷ്ടവ്യക്തി. അദ്ദേഹം വാഗയില്‍ നടന്ന സൗഹൃദസമ്മേളനം ബഹിഷ്‌കരിച്ചിരുന്നു. 1998 നവംബറില്‍, അതായത് വാജ്പേയി വാഗയില്‍ ബസ്സിറങ്ങി, നവാസ് ഷെരീഫിനെ കെട്ടിപ്പിടിക്കുന്നതിന് മൂന്നുമാസങ്ങള്‍ക്ക് മുമ്പ്, ലെഫ്റ്റനന്റ് ജനറല്‍ മെഹമൂദ് അഹമ്മദ് എന്ന  പാക്കിസ്ഥാനിലെ ടെന്‍ത്ത്  കോറിന്റെ കമാന്‍ഡിങ് ആര്‍ട്ടിലറി ഓഫീസറും, മേജര്‍ ജനറല്‍ ജാവേദ് ഹസ്സന്‍ എന്ന നോര്‍ത്തേണ്‍ ഫ്രണ്ടിയര്‍ കണ്‍സ്റ്റാബുലറി കമാന്‍ഡറും തങ്ങളുടെ ചീഫായ ജനറല്‍ പര്‍വേസ് മുഷാറഫിനെ ചെന്നുകണ്ടിരുന്നു. ആ മീറ്റിംഗില്‍ നാലാമത് ഒരു ജനറല്‍ കൂടിയുണ്ടായിരുന്നു. ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അസീസ്. ജന്മം കൊണ്ട് ഒരു കാശ്മീരിയും, പാകിസ്ഥാന്‍ സൈന്യത്തിലെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫുമായിരുന്നു ജനറല്‍ അസീസ്. ഇവര്‍ നാലുപേരും ചേര്‍ന്ന് 1998 നവംബറില്‍, വളരെ മുമ്പുതന്നെ പാക് സൈന്യത്തിന്റെ മനസ്സില്‍ പൊട്ടിമുളച്ചിരുന്ന, എന്നാല്‍ മുമ്പാരും തന്നെ അനുമതി നല്‍കാന്‍ ധൈര്യപ്പെടാതിരുന്ന, ഒരു നുഴഞ്ഞുകയറ്റത്തിന്റെ പ്ലാനിന് അംഗീകാരം നല്‍കി. 

കാർഗിലിൽ നടന്നത് അലിഖിത നിയമത്തിന്റെ ലംഘനം 

കാര്‍ഗില്‍ ജില്ലയിലെ കാലാവസ്ഥ ഏറെ ക്ലേശകരമായ ഒന്നാണ്. ശൈത്യം ഏറെനാള്‍ നീണ്ടുനില്‍ക്കുന്നതും മരം കോച്ചുന്നതുമാണ്. വേനലാവട്ടെ, വരണ്ടതും വളരെ ഹ്രസ്വവുമാണ്. വേനല്‍ക്കാലങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്ന താപനില, ശൈത്യങ്ങളില്‍ -35  ഡിഗ്രിയിലേക്ക് കൂപ്പുകുത്തും. കാര്‍ഗില്‍ ജില്ലയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലൂടെയാണ് വിവാദാസ്പദമായ LoC അഥവാ നിയന്ത്രണരേഖ എന്നറിയപ്പെടുന്ന, ഇന്തോ-പാക് അതിര്‍ത്തിരേഖ, കശ്മീരിനെ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമായി പകുത്തുനല്‍കിക്കൊണ്ട് കടന്നുപോവുന്നത്. ചെങ്കുത്തായ മലയിടുക്കുകള്‍ക്ക് അപ്പുറമിപ്പുറം ബങ്കറുകള്‍ പണിതുകൊണ്ട് ഏറെനാളായി ഇരുരാജ്യങ്ങളുടെയും സൈനികര്‍ ഈ അദൃശ്യമായ രേഖ പരസ്പര ബഹുമാനത്തോടെ പാലിച്ചുകൊണ്ടിരിക്കുകയായിരുന്നു. 

അവര്‍ക്കിടയില്‍ അലിഖിതമായ ഒരു ഉടമ്പടിയുണ്ടായിരുന്നു. ശൈത്യകാലത്ത്, കടുത്ത മഞ്ഞുവീഴ്ചയാല്‍ അവിടെ ജീവിതം ദുഷ്‌കരമാവുമ്പോള്‍, തങ്ങളുടെ ബങ്കറുകള്‍ ഉപേക്ഷിച്ച് ഇരു രാജ്യങ്ങളുടെയും സൈനികര്‍ അടുത്തുള്ള സൈനിക ബാരക്കുപിടിക്കും. പിന്നെ വേനൽക്കാലമാകും വരെ ഒരു പട്ടാളക്കാരന്റെയും ഇടപെടല്‍ കൂടാതെ തന്നെ LoC പാലിക്കപ്പെടും. അങ്ങോട്ടോ ഇങ്ങോട്ടോ ഒരുവിധത്തിലുള്ള പ്രകോപനങ്ങളും ഉണ്ടാവില്ല എന്നായിരുന്നു രണ്ടു സൈന്യങ്ങളും തമ്മിലുള്ള ധാരണ. ഈ പരസ്പരവിശ്വാസത്തില്‍ അധിഷ്ഠിതമായ ഉടമ്പടി 1999-ല്‍ പാക്കിസ്ഥാന്‍ ഏകപക്ഷീയമായി ലംഘിച്ചു. 

The Military Chief who planned the Kargil Breach, life and times of Pervez Musharraf

1999 നവംബറില്‍ കൂടിയ നാലു ജനറല്‍മാരുടെ രഹസ്യയോഗം വര്‍ഷങ്ങളായി തുടര്‍ന്ന് പോന്നിരുന്ന 'സ്റ്റാറ്റസ്‌ക്വോ'യ്ക്ക് ഭംഗം വരുത്താന്‍ തന്നെ തീരുമാനിച്ചു. റാവല്‍ പിണ്ടിയിലെ പാക് മിലിട്ടറി ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഒരു രഹസ്യ ഉത്തരവ് പാക് അതിര്‍ത്തി സൈന്യത്തെ തേടിയെത്തി. ഇന്ത്യന്‍ സൈന്യം ഉപേക്ഷിച്ചു പോന്ന 'ദ്രാസ്സ്-കാര്‍ഗില്‍' സെക്ടറിലെ ബങ്കറുകളും പോസ്റ്റുകളും കൈയ്യേറുക. അവിടെ വാഗാ അതിര്‍ത്തിയില്‍ അടല്‍ ബിഹാരി വാജ്പേയി നവാസ് ഷെരീഫിന് ഹസ്തദാനം നല്‍കി ലോകത്തോട് അയാള്‍ രാജ്യവുമായുള്ള സൗഹൃദത്തിന്റെ ഒരു പുതിയ അധ്യായത്തെപ്പറ്റി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍  പാക് സൈന്യം ആ സൗഹൃദസന്ദര്‍ശനത്തിന്റെ മറവില്‍ കാര്‍ഗിലിലെ 135  ഇന്ത്യന്‍ മിലിട്ടറി പോയിന്റുകളില്‍ കയ്യേറ്റം നടത്തി, അവരുടെ പച്ചക്കൊടി പറിച്ചുകഴിഞ്ഞിരുന്നു. 130 ചതുരശ്രകിലോമീറ്റര്‍ ഇന്ത്യന്‍ മണ്ണ് വളച്ചുപിടിച്ചുകഴിഞ്ഞിരുന്നു. 

വാജ്പേയിക്ക് അപ്പോള്‍ ഇതേപ്പറ്റി ഒരു വിവരവും ലഭിച്ചിരുന്നില്ല. പാക്കിസ്ഥാനിലെ മിലിട്ടറിയുടെ സ്വഭാവം വെച്ച് നവാസ് ഷെരീഫിനുപോലും ലഭിച്ചുകാണില്ല എന്നുവേണം കരുതാന്‍. 1999  മാര്‍ച്ച് 21-ന് വാജ്പേയിയും ഷെരീഫും ചേര്‍ന്ന്  'ലാഹോര്‍ പ്രഖ്യാപന'ത്തില്‍ ഒപ്പുവെയ്ക്കുമ്പോൾ അപ്പുറത്ത് കാർഗിലിൽ പാക് സൈന്യം മലനിരകളിലെ പോസ്റ്റുകളിൽ നുഴഞ്ഞുകയറി ഇന്ത്യൻ ആർമി ഉപേക്ഷിച്ചു പോയ ബങ്കറുകൾ കയ്യേറുന്ന തിരക്കിലായിരുന്നു. ഇന്ത്യക്ക് നിരവധി സൈനികരുടെ ജീവനും കോടിക്കണക്കിനു രൂപയുടെ യുദ്ധച്ചെലവുമുണ്ടാക്കിയ ആ 'കാർഗിൽ വഞ്ചന'യ്ക്ക് പിന്നിലെ ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയത് അന്നത്തെ പാക് സൈനികത്തലവനായിരുന്ന പർവേസ് മുഷറഫ് നേരിട്ടായിരുന്നു. 

പിൽക്കാലത്ത് നടത്തിയ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ 

2002  -ൽ ഏറെ വിവാദാസ്പദമായ ഒരു തെരഞ്ഞെടുപ്പ് നടത്തും വരെയും പർവേസ് മുഷറഫ് ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്ത് തുടർന്നു. പാകിസ്ഥാനി മുസ്‌ലിം ലീഗ് (ക്വായിദേ ആസം) - PML-Q എന്ന തന്റെ പാർട്ടിയുടെ ബാനറിൽ മത്സരിച്ച് മുഷറഫ് വൻവിജയം നേടി പ്രസിഡന്റായി. 2008 -ൽ സ്ഥാനഭ്രഷ്ടനാകും വരെ മുഷറഫ് ആ പദവിയിൽ തുടർന്നു.  താരതമ്യേന സാമ്പത്തികമായ അഭിവൃദ്ധിയുള്ള ഒരു കാലയളവിലായിരുന്നു മുഷറഫ് രാജ്യം ഭരിച്ചിരുന്നത് എന്ന് വേണം പറയാൻ. ഉദാരവത്കരണത്തെത്തുടർന്ന് രാജ്യത്ത് സാമ്പത്തിക വളർച്ചയുണ്ടായി ആ ഒമ്പതു വർഷത്തിനിടെ. അമേരിക്ക നേതൃത്വം നൽകിയ ഭീകരവാദ വിരുദ്ധപോരാട്ടങ്ങൾക്ക് മുഷറഫും പിന്തുണ നൽകി.

The Military Chief who planned the Kargil Breach, life and times of Pervez Musharraf
 

2001 -ൽ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം നടന്ന അമേരിക്കയുടെ അഫ്ഗാനിസ്ഥാൻ അധിനിവേശത്തിനും മുഷറഫ് വേണ്ട സഹായങ്ങൾ നൽകി. "നിങ്ങൾ ഞങ്ങളോടൊപ്പമല്ലെങ്കിൽ പിന്നെ ഞങ്ങൾക്കെതിരാണ്" എന്ന്  അമേരിക്ക സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവൽ ഫോണിൽ വിളിച്ചു നടത്തിയ ഭീഷണിയാണ് മുഷറഫിനെ സഹകരിക്കാൻ പ്രേരിപ്പിച്ചതെന്ന് അന്നൊരു  പ്രചാരണമുണ്ടായിരുന്നു. പാകിസ്ഥാൻ മണ്ണിൽ വേരുറപ്പിച്ചിരുന്ന തീവ്രവാദസംഘടനകൾക്കെതിരെയും മുഷറഫ് ആക്രമണങ്ങൾ നടത്തിയിരുന്നു. ഇസ്ലാമാബാദിലെ ഒരു പള്ളിയിൽ നടത്തിയ പട്ടാള ഓപ്പറേഷനിൽ നൂറിലധികം പേർ കൊല്ലപ്പെട്ട സംഭവം മാധ്യമശ്രദ്ധയാകർഷിച്ചിരുന്നു. 

ഇപ്പോഴത്തെ രാജ്യദ്രോഹക്കേസിന് ആധാരമായ സംഭവങ്ങൾ 

നവംബർ 2007 -ൽ തന്റെ അധികാരത്തിന്റെ അന്ത്യനാളുകളിൽ പർവേസ് മുഷറഫ് പാകിസ്ഥാനിൽ രണ്ടാമതൊരു അടിയന്തരാവസ്ഥകൂടി നടപ്പിലാക്കിയിരുന്നു. ഇക്കാലയളവിലെ മുഷറഫിന്റെ പ്രവർത്തനങ്ങളാണ് ഇപ്പോൾ വധശിക്ഷയിലേക്ക് നയിച്ച രാജ്യദ്രോഹ ആരോപണങ്ങളുടെ അടിസ്ഥാനം. നവംബർ 3 -ണ് രാജ്യത്ത് മുഷറഫ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു. മാർച്ച് മാസത്തിൽ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇഫ്തികാർ മുഹമ്മദ് ചൗധരിയെ തൽസ്ഥാനത്തു നിന്ന് നീക്കിക്കൊണ്ടുള്ള മുഷറഫിന്റെ നടപടിയാണ് എല്ലാറ്റിന്റെയും തുടക്കം. ഈ ശ്രമത്തെ പ്രതിരോധിച്ച അഭിഭാഷകർ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും, ആ പ്രതിഷേധസമരങ്ങൾ പിന്നീട് പ്രതിപക്ഷ രാഷ്ട്രീയപ്പാർട്ടികൾ ഏറ്റെടുക്കുകയുമായിരുന്നു. ഈ പ്രക്ഷോഭങ്ങൾ നടന്ന സമയത്തുതന്നെ രാജ്യത്തെ സാമ്പത്തിക നില പരുങ്ങലിലാകുകയും, അവശ്യസാധനങ്ങളുടെ വില അനിയന്ത്രിതമായി ഉയരുകയും ചെയ്തത് സമരത്തെ കൂടുതൽ ശക്തമാക്കി. ഒടുവിൽ പർവേസ് മുഷറഫിന് സൈനികത്തലവൻ സ്ഥാനം രാജിവെച്ച് ഇറങ്ങിപ്പോകേണ്ടി വന്നു. അതോടെ തന്റെ ഇന്റലിജൻസ് തലവനായിരുന്ന ജനറൽ അഷ്ഫാഖ് പർവേസ് കയാനിയെ രാജ്യത്തിൻറെ സൈനികത്തലവനാക്കി മുഷറഫ് വെറും പ്രസിഡന്റ് മാത്രമായി. 

ഡിസംബറിൽ അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടു. 2008  ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ മുഷറഫിന്റെ PML-Q -ന് അടിപതറി.  ബേനസീർ ഭൂട്ടോ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടശേഷം  ഭർത്താവ് ആസിഫ് അലി സർദാരി പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി  തലപ്പത്തു വന്നിരുന്നു. പിപിപി തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി അധികാരത്തിലേറി.  2010 -ൽ ആൾ പാകിസ്ഥാൻ മുസ്ലിം ലീഗ് എന്ന പുതിയൊരു പാർട്ടി ഉണ്ടാക്കിയെങ്കിലും, 2013 -ലെ തെരഞ്ഞെടുപ്പിൽ ആകെ കിട്ടിയത് ഒരേയൊരു സീറ്റുമാത്രം. 2018 -ലാണെങ്കിൽ അതും കിട്ടിയില്ല. 2013 -ൽ നവാസ് ഷെരിഫ് ഭരണത്തിലേറി. അധികാരം കിട്ടി ആദ്യം തന്നെ നവാസ് ഷെരീഫ് ചെയ്തത് മുഷറഫിനെ രാജ്യദ്രോഹത്തിന് വിചാരണ ചെയ്യുകയാണ്.  2016 -ൽ സംഗതി വഷളാകുന്നു എന്ന് കണ്ടപ്പോൾ പർവേസ് മുഷറഫ് ദുബായിൽ രാഷ്ട്രീയാഭയം തേടി. ഇക്കൊല്ലം പർവേസ് മുഷറഫിനെ ആരോഗ്യസ്ഥിതി മോശമായി ദുബായിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയുമുണ്ടായി. 
 

The Military Chief who planned the Kargil Breach, life and times of Pervez Musharraf
 

ഇന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതോടെ, പാകിസ്ഥാനിൽ പട്ടാള അട്ടിമറിയുടെ പേരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യത്തെ സൈനികത്തലവനായി പർവേസ് മുഷറഫ് മാറി. എന്തായാലും UAE -യിൽ രാഷ്ട്രീയ അഭയത്തിലുള്ള പർവേസ് മുഷറഫ് തിരികെ വരാനും വധശിക്ഷയ്ക്ക് വിധേയനാക്കപ്പെടാനുമുള്ള സാധ്യത തൽക്കാലത്തേക്കെങ്കിലും അതി വിദൂരമാണ്. 

Follow Us:
Download App:
  • android
  • ios