റിപ്പോര്‍ട്ട് പ്രകാരം, 2022-ല്‍ ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യം അഫ്ഗാനിസ്ഥാനാണ്. അപകടകരമായ രണ്ടാമത്തെ സ്ഥലം സിറിയയാണ്. ലിബിയ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളാണ് പിന്നാലെയുള്ളത്.   

നമുക്കറിയാം ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്തുകളാണ് ഭീകരത, യുദ്ധം, കലാപം, രാഷ്ട്രീയ അരാജകത്വം തുടങ്ങിയവ. ശ്വസിക്കാന്‍ മലിനമല്ലാത്ത വായു, കുടിക്കാന്‍ ശുദ്ധജലം, മൂന്ന് നേരം ആഹാരം എന്നിവ പോലെ തന്നെ പ്രധാനമാണ് രാജ്യം ജനങ്ങള്‍ക്ക് നല്‍കുന്ന സുരക്ഷിത്വവും. എന്നാല്‍ എത്ര രാജ്യങ്ങള്‍ അത്തരമൊരു ഉറപ്പ് ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്? 2022-ലെ ഏറ്റവും ഉയര്‍ന്ന സുരക്ഷാ ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ ഒരു പട്ടിക മെഡിക്കല്‍, സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റ് ഇന്റര്‍നാഷണല്‍ SOS എന്ന സംഘടന പുറത്ത് വിട്ടു. റിസ്‌ക് ഔട്ട്‌ലുക്ക് 2022 എന്ന റിപ്പോര്‍ട്ടിലാണ് ഈ രാജ്യങ്ങളെക്കുറിച്ച് പറയുന്നത്. 

റിപ്പോര്‍ട്ട് പ്രകാരം, 2022-ല്‍ ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യം അഫ്ഗാനിസ്ഥാനാണ്. അപകടകരമായ രണ്ടാമത്തെ സ്ഥലം സിറിയയാണ്. ലിബിയ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളാണ് പിന്നാലെയുള്ളത്.

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുന്ന ഭീകരവാദം, കലാപം, രാഷ്ട്രീയ പ്രേരിത സംഘര്‍ഷം, യുദ്ധം എന്നിവയും, സാമൂഹിക അരക്ഷിതത്വത്തിന് കാരണമാകുന്ന വിഭാഗീയവും, വര്‍ഗീയവും, വംശീയവുമായ അക്രമണങ്ങള്‍, കുറ്റകൃത്യങ്ങള്‍ എന്നീ ഘടകങ്ങള്‍ പ്രകാരമാണ് ഈ രാജ്യങ്ങളെ തിരഞ്ഞെടുത്തത്. കൂടാതെ, അടിസ്ഥാന സൗകര്യങ്ങള്‍, വ്യാവസായിക ബന്ധങ്ങള്‍, സുരക്ഷയുടെയും അടിയന്തര സേവനങ്ങളുടെയും ഫലപ്രാപ്തി, പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള രാജ്യത്തിന്റെ സാധ്യത എന്നിവയും ഓരോ രാജ്യത്തെയും റേറ്റുചെയ്യാന്‍ കണക്കിലെടുത്തു.

മൊസാംബിക്ക്, നൈജീരിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉക്രെയ്ന്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, യെമന്‍, സിറിയ, ലിബിയ, മാലി, സൊമാലിയ, സൗത്ത് സുഡാന്‍, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്, ഇറാഖ്, ഈജിപത് എന്നിവയാണ് 'അതിഭീകരമായ' അപകടസാധ്യതയുള്ള 14 സ്ഥലങ്ങള്‍. 'അങ്ങേയറ്റത്തെ അപകടസാധ്യത' എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് സര്‍ക്കാരിന്റെ നിയന്ത്രണവും, ക്രമസമാധാനവും അവിടങ്ങളില്‍ വളരെ കുറവായിരിക്കും എന്നതാണ്. അന്താരാഷ്ട്ര സന്ദര്‍ശകരെ ലക്ഷ്യമിടുന്ന സായുധ സംഘങ്ങള്‍ ഗുരുതരമായ ഭീഷണിയുയര്‍ത്തുന്ന ഇടങ്ങളാണ് ഈ പട്ടികയിലുള്ളത്. 

 സര്‍ക്കാര്‍ സേവനങ്ങളും ഗതാഗത സേവനങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതെയാവുക, രാജ്യത്തിന്റെ വലിയ ഭാഗങ്ങള്‍ വിദേശികള്‍ക്ക് അപ്രാപ്യമാവുക എന്നിവയും അതിനെ നിര്‍ണയിക്കുന്ന ഘടകങ്ങളാണ്. 

അതേസമയം, ഈ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും സുരക്ഷിതമായ രാജ്യം നോര്‍വേയാണ്. ഐസ് ലാന്‍ഡ്, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്ലോവേനിയ, ലക്‌സംബര്‍ഗ് എന്നിയവയാണ് ുരക്ഷിതമായ മറ്റ് രാജ്യങ്ങള്‍. യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളും യു.എസ്, കാനഡ, ഓസ്ട്രേലിയ എന്നിവയും റിസ്‌ക് കുറഞ്ഞ രാജ്യങ്ങളായി റിപ്പോര്‍ട്ടില്‍ അടയാളപ്പെടുത്തിയിരിക്കുന്നു.