Asianet News MalayalamAsianet News Malayalam

ഡ്രഗ്‌സ്, യോഗ, സെക്സ്, കൊല - ആന്റിവൈറസ് രാജാവ് ഷോൺ മക് അഫിയുടെ നിഗൂഢജീവിതം

സ്ഥാപനത്തിലെ 'ടാർഗറ്റ് അച്ചീവ്‌മെന്റ്' ആഘോഷങ്ങൾ പോലും ഷോൺ ആലോചിക്കാവുന്നതിനുമപ്പുറം വന്യമാക്കി മാറ്റി. സെക്സ് മത്സരങ്ങളും, വാൾപ്പയറ്റും ഒക്കെ ആ അന്തിപ്പാർട്ടികളുടെ ഭാഗമായി. 

The mysterious life of Antivirus King John McAfee
Author
Belize, First Published Sep 2, 2019, 5:32 PM IST


തൊണ്ണൂറുകളുടെ അവസാനത്തിലും, ഇരുപത്തൊന്നാം നൂറാണ്ടിന്റെ തുടക്കത്തിലും കൗമാരയൗവ്വനങ്ങൾ പിന്നിട്ടവർക്ക് സുപരിചിതമായ ഒരു പേരാണ് ഷോൺ  മക് അഫിയുടേത്. സ്വന്തം പേരിൽ  അക്കാലത്തെ അതിപ്രശസ്തമായ ഒരു ആന്റിവൈറസ് സോഫ്റ്റ്‌വെയർ തന്നെ വികസിപ്പിച്ചെടുത്ത്, അതു വിറ്റ് കോടിക്കണക്കിന് ഡോളർ വാരിക്കൂട്ടിയ ഒരാളാണ് അദ്ദേഹം. അക്കാലത്ത് ഒരു വിധം എല്ലാ കമ്പ്യൂട്ടറുകളിലും ഫുൾ വേർഷനുള്ള കാശും ചോദിച്ചുകൊണ്ട് ഇടയ്ക്കിടെ പോപ്പപ്പ് ചെയ്യുമായിരുന്നു മക് അഫിയുടെ വിൻഡോ. 

ഇത്  ഷോൺ  മക് അഫിയുടെ ജീവിതകഥയാണ്. എന്നാൽ അത്രയ്ക്ക് 'സോഫ്റ്റ്' ആയ ഒരു കഥയല്ല ആന്റിവൈറസ് സോഫ്റ്റ്‌വെയർ വിറ്റ് ശതകോടീശ്വരനായ മക് അഫിയുടേത്. അതിൽ സെക്സിന്റെ അതിപ്രസരമുണ്ട്, മയക്കുമരുന്ന് നിറഞ്ഞാടിയ കോക്ക് ടൈൽ പാർട്ടി രാവുകളുണ്ട്. അധോലോകബന്ധങ്ങളുണ്ട്. രാജ്യാന്തര ബന്ധങ്ങളുണ്ട്, കുപ്രസിദ്ധിയുണ്ട്..അങ്ങനെ പലതുമുണ്ട്. 

കഥ ആദ്യം തൊട്ടു പറഞ്ഞേക്കാം. അതിസമർത്ഥനായ ഒരു വിദ്യാർത്ഥിയായിരുന്നു ഷോൺ. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ ശേഷം നാസ, സെറോക്‌സ് പോലുള്ള വിഖ്യാത സ്ഥാപനങ്ങളിലായി തന്റെ പ്രൊഫഷണൽ കരിയറിന് തുടക്കമിട്ടു അദ്ദേഹം. എന്നാൽ, ഒരു സ്ഥാപനവും ഷോണിനെ അധികനാൾ വെച്ചുപൊറുപ്പിക്കില്ലായിരുന്നു. കുത്തഴിഞ്ഞ ജീവിതശൈലി തന്നെ കാരണം. സദാസമയവും കൊക്കെയിനും വലിച്ചുകേറ്റി, മദ്യപിച്ച് മദോന്മത്തനായി നടക്കുന്ന ഒരാളെ ഏത് കമ്പനിക്കാണ് സഹിക്കാനാകുക..? കൊക്കെയ്‌ൻ സേവയ്ക്കുപുറമേ, ചില്ലറ വില്പനയുമുണ്ടായിരുന്നു ഷോണിന് ഇടക്കാലത്ത്. ഒരിക്കൽ ഒരു കമ്പനിയിൽ DMT എന്ന അതിതീവ്രമായ ഒരു മയക്കുമരുന്നുമടിച്ച് ഷിഫ്റ്റിൽ കേറിയതിന് 'ഓൺ ദ സ്പോട്ട് ടെർമിനേഷൻ ലെറ്റർ' വാങ്ങി ഷോൺ. 
The mysterious life of Antivirus King John McAfee

എൺപതുകളുടെ അവസാനത്തിൽ കമ്പ്യൂട്ടറുകളെ വൈറസുകൾ ബാധിക്കാനും, തകർക്കാനും തുടങ്ങിയപ്പോഴാണ് ഷോൺ മക് അഫിയുടെ തലവര തെളിയുന്നത്. നല്ലൊരു പ്രോഗ്രാമറായിരുന്ന അദ്ദേഹം വൈറസുകളെ പ്രതിരോധിക്കാൻ ഒരു മറുപ്രോഗ്രാമുണ്ടാക്കാൻ തീരുമാനിച്ചു. അതിനായി അദ്ദേഹം തുടങ്ങിയ സ്ഥാപനമാണ് മക് അഫീ അസോസിയേറ്റ്‌സ്. വിപണിയിലെ ആദ്യ ഉത്പന്നങ്ങളിൽ ഒന്ന് എന്ന നിലയ്ക്ക് ആ വർഷങ്ങൾ സ്ഥാപനത്തിന്റെ സുവർണ കാലമായിരുന്നു. അക്കാലത്ത് ആന്റിവൈറസ് വിപണിയുടെ മൂന്നിൽ രണ്ടു ഭാഗവും നിയന്ത്രിച്ചിരുന്നത് മക് അഫിയുടെ ഉത്പന്നങ്ങളായിരുന്നു. 

എന്നാൽ, ഷോൺ സാധാരണ സിലിക്കൺ വാലി സിഇഒമാരെപ്പോലെ അല്ലായിരുന്നു. വല്ലാത്തൊരു സ്വഭാവക്കാരനായിരുന്നു. എപ്പോൾ എന്ത് പറയും പ്രവർത്തിക്കും എന്നൊന്നും പറയാനാവില്ല. സ്ഥാപനത്തിലെ 'ടാർഗറ്റ് അച്ചീവ്‌മെന്റ്' ആഘോഷങ്ങൾ പോലും ഷോൺ ആലോചിക്കാവുന്നതിനുമപ്പുറം വന്യമാക്കി മാറ്റി. സെക്സ് മത്സരങ്ങളും, വാൾപ്പയറ്റും ഒക്കെ ആ അന്തിപ്പാർട്ടികളുടെ ഭാഗമായി. അതേപ്പറ്റിയുള്ള രഹസ്യവിവരങ്ങൾ പലവഴി ചോർന്ന് നിക്ഷേപകരിലേക്കെത്തി. അവർക്ക് അത് അംഗീകരിക്കാനായില്ല. സിഇഒ സ്ഥാനത്തുനിന്നും രായ്ക്കുരാമാനം ഷോൺ മക് അഫീ നീക്കം ചെയ്യപ്പെട്ടു. ഷോണിനും വിഷമമൊന്നും തോന്നിയില്ല. ഒന്നും രണ്ടുമല്ല, നേരം ഇരുട്ടി വെളുത്തപ്പോഴേക്കും അദ്ദേഹത്തിന്റെ അക്കൗണ്ടിൽ വന്നു വീണത് നൂറു മില്യൺ ഡോളറാണ്. നമ്മുടെ കണക്കിന് 700  കോടി രൂപ. 

The mysterious life of Antivirus King John McAfee

അതിനിടെ കമ്പ്യൂട്ടർ ലോകം അതിന്റെ മറ്റൊരു പ്രതിസന്ധി പുല്ലുപോലെ മറികടന്നു. കൊട്ടിഘോഷിക്കപ്പെട്ട Y2K പ്രതിസന്ധിയെ ഇ-ലോകം പുല്ലുപോലെ മറികടന്നു. മക് അഫീ അസോസിയേറ്റ്‌സ് വിറ്റിരുന്നതുകൊണ്ട് അതൊന്നും തന്നെ ഷോണിനെ ബാധിക്കുന്ന വിഷയങ്ങളേയല്ലായിരുന്നു.  നൂറ്റമ്പത് കോടി വിലവരുന്ന തന്റെ കൊട്ടാരസദൃശമായ വില്ലയിൽ ഒരു യോഗാ ഗുരുവിന്റെ പരിവേഷത്തിലായിരുന്നു ഷോൺ മക് അഫിയുടെ പുനരവതാരം. ഒരു ആൾ ദൈവത്തിന്റെ പരിവേഷത്തിൽ സ്വയം വിരാജിച്ചിരുന്ന ആ ആഡംബരഭവനത്തിൽ ഇരുനൂറോളം ശിഷ്യരേയും സൗജന്യമായി പാർപ്പിച്ചുകൊണ്ട് യോഗാജ്ഞാനം പകർന്നു കൊടുത്തുകൊണ്ടിരുന്നു ഷോൺ. ആത്മീയതയുടെ ഈ നിലാവെളിച്ചക്കാലത്ത് നാലു പുസ്തകങ്ങൾ വരെ യോഗയെയുംആധ്യാത്മികതയെയും പറ്റി ഷോൺ എഴുതിക്കൂട്ടി. എന്നാൽ, ഈ പരാക്രമങ്ങൾ അദ്ദേഹത്തിന്റെ സമ്പത്ത് അനുദിനം ക്ഷയിപ്പിച്ചുകൊണ്ടിരുന്നു. നൂറു മില്യൺ വളരെ പെട്ടെന്ന് തന്നെ നാലുമില്യണായി ചുരുങ്ങി. 

The mysterious life of Antivirus King John McAfee

അതോടെ ഷോൺ കളം മാറ്റിച്ചവിട്ടാൻ  തീരുമാനിച്ചു. ജീവിതം ഗ്വാട്ടിമാലയ്ക്കും മെക്സിക്കോയ്ക്കും അടുത്ത് കിടക്കുന്ന ബെലീസ് എന്ന കൊച്ചുരാജ്യത്തേക്ക് മാറ്റി. അവിടെ ഓർഗാനിക് ആന്റിബയോട്ടിക്സിന്റെ ബിസിനസ്സായിരുന്നു. ആലങ്കാരിക ഭാഷ ഒഴിവാക്കിപ്പിടിച്ചാൽ, മയക്കുമരുന്ന് നിർമ്മാണം. അവിടത്തെ അധോലോക ജീവിതത്തിനിടെ ഷോൺ പലതവണ പോലീസിന്റെ പിടിയിൽ അകപ്പെടുന്നതിന്റെ വക്കുവരെ എത്തിയെങ്കിലും അറസ്റ്റ് എങ്ങനെയോ ഒഴിവാക്കി. അവിടെ വെച്ചുപുലർത്തിയ പാടെ കുത്തഴിഞ്ഞ ജീവിതമാണ് ഷോണിനെ MDPV എന്ന സവിശേഷയിനം ബാത്ത് സാൾട്ട് സൈക്കോ ആക്റ്റീവ് ഡിസൈനർ ഡ്രഗ്ഗിന്റെ അടിമയാക്കി.  ഉത്തേജിതാവസ്ഥയ്ക്കൊപ്പം കടുത്ത ലൈംഗികാസക്തിയും ഉണർത്തുന്ന ഒരു മയക്കുമരുന്നാണ് MPDV. 

അതിനിടെ ഒരു കൊലപാതകാരോപണം 

2012-ൽ മക് അഫിക്കു മേലെ ഒരു കൊലപാതകക്കുറ്റം ചുമത്തപ്പെട്ട. അയൽക്കാരനായ ഗ്രിഗറി വിയന്റ് ഫാൾ വെടിയേറ്റു മരിച്ച കേസിൽ ചോദ്യം ചെയ്യാൻ വേണ്ടി ഷോണിനെ ലോക്കൽ പൊലീസ് വിളിപ്പിച്ചു. എന്നാൽ, സ്റ്റേഷനിലേക്ക് ചെല്ലുന്നതിനു പകരം അദ്ദേഹം രാജ്യം വിട്ടോടി. പൊലീസ് തന്നെ കൊന്നുകളയുമോ എന്ന് ഭയന്നാണ് നാടുവിട്ടത് എന്നായിരുന്നു പിന്നീട് ഷോൺ അതേപ്പറ്റി വിശദീകരിച്ചത്. ബെലീസിൽ നിന്നും നിന്ന നില്പിന് ഷോൺ പോയത് ഗ്വാട്ടിമാലയിലേക്കാണ്. അവിടേക്ക് അനധികൃതമായി പ്രവേശിച്ചതിന് ഷോൺ അറസ്റ്റിലാവുന്നു.

The mysterious life of Antivirus King John McAfee

കസ്റ്റഡിയിലിരിക്കെ രണ്ടുതവണ ഹൃദയാഘാതം വന്നതായി അഭിനയിച്ച് ഒരു വിധം തിരിച്ച് ബെലീസിലേക്ക് നാടുകടത്തപ്പെടുന്നതിൽ നിന്ന് ഒഴിവായി അദ്ദേഹം. ഗ്വാട്ടിമാലൻ ഗവണ്മെന്റ് ഷോൺ മക് അഫിയെ നാടുകടത്തിയത് തിരികെ അമേരിക്കയിലേക്കാണ്. അവിടെ വെച്ച് തനിക്ക് സെക്സ് ഓഫർ ചെയ്ത ഡൈസൺ എന്ന പ്രൊഫഷണൽ കാൾ ഗേളിനോട് വിവാഹാഭ്യർത്ഥന നടത്തി വിവാഹം ചെയ്യുകയായിരുന്നു ജോൺ. വിവാഹാനന്തരവും  വളരെ തുറന്ന ബന്ധങ്ങൾ പല സ്ത്രീകളുമായി വെച്ചുപുലർത്തിയിരുന്നതായി സമ്മതിച്ചിട്ടുള്ള ഷോൺ, തന്റെയറിവിൽ പല പങ്കാളികളിലായി തനിക്ക് 47 കുട്ടികളുണ്ട് എന്നും വെളിപ്പെടുത്തിയിട്ടുണ്ട്. 

The mysterious life of Antivirus King John McAfee

തന്റെ സൃഷ്ടികളോട് പോലും കടുത്ത വിരക്തിയാണ് ഷോണിന്. അടുത്തിടെ 'ലോകത്തിലെ ഏറ്റവും മോശം സോഫ്റ്റ്‌വെയറിന്റെ പേരിൽ നിന്നും തന്നെ വിമുക്തനാക്കിയതിന്' ഇന്റെലിനോട് നന്ദി പറയുകയുണ്ടായി അദ്ദേഹം. 2020-ലെ അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് മത്സരിക്കാനും ഉദ്ദേശമുണ്ട് ഷോൺ മക് അഫി എന്ന ഈ 'സിലിക്കൺ വാലിയിലെ പ്രതിനായകന്'..!
 

Follow Us:
Download App:
  • android
  • ios