മൈനസില്‍ നിന്നും മൈനസിലേക്കു കുതിക്കുന്ന താപനില. സൂര്യന്‍ ഒരിക്കല്‍ പോലും എത്തിനോക്കാത്ത കാലാവസ്ഥ, അതിനിടയില്‍ ഹിമക്കരടികളുടെ ആക്രമണവും. ആര്‍ട്ടിക്ക് മേഖലയിലെ വിദൂരസംവേദനാത്മക പഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ ജീവിതമാണിത്. അവിടെ ഒരു മലയാളിയുണ്ട്, തിരുവനന്തപുരത്ത് നിന്നുള്ള ഡോ. വിഷ്ണു നന്ദന്‍. മാനവചരിത്രത്തിലെ ഏറ്റവും വലിയ ആര്‍ട്ടിക് പര്യവേഷണത്തിന്റെ ഹോം ബേസായി പ്രവര്‍ത്തിക്കുന്ന ഗവേഷണ കപ്പലിലെ ഏക ഇന്ത്യക്കാരന്‍.

ഇരുട്ടില്‍ മുങ്ങിയ ആര്‍ട്ടിക് ഹിമപാതത്തില്‍ ശൈത്യകാലം ചെലവഴിക്കാന്‍ വിഷ്ണു നന്ദന്‍ തന്റെ പായ്ക്കുകള്‍ തയ്യാറാക്കുന്ന തിരക്കിലാണ് ഇപ്പോള്‍. ഡിസംബര്‍ മുതല്‍ അദ്ദേഹം ആര്‍ട്ടിക്ക് മേഖലയിലാണ് ജോലി ചെയ്യുന്നത്. കൊടുംതണുപ്പില്‍ സമയത്തെക്കുറിച്ച് പോലും ബോധമില്ലാത്ത ഏകാന്തമായ ലോകത്ത്, പോളാര്‍ കൊടുങ്കാറ്റുകളുടെ മധ്യത്തില്‍, ശക്തമായ ഹിമപാതത്തില്‍ വിറങ്ങലിച്ച് അദ്ദേഹം മരണത്തെ മുഖാമുഖം കണ്ട് വിവിധ പഠനങ്ങളില്‍ പങ്കെടുക്കും. 

ഈ ആഴ്ച അവസാനം, 32 -കാരനായ വിഷ്‍ണു, കാനഡയിലെ കാല്‍ഗറിയിലുള്ള തന്റെ വീട്ടില്‍ നിന്ന് ആര്‍വി പോളാര്‍സ്‌റ്റെര്‍നിലേക്ക് മൂന്നോ നാലോ ആഴ്ച നീളുന്ന യാത്ര ആരംഭിച്ചു. ഉത്തരധ്രുവത്തിനടുത്തുള്ള സമുദ്രത്തിലെ മഞ്ഞുപാളികള്‍ക്കിടയില്‍ മരവിച്ച ജര്‍മ്മന്‍ ഗവേഷണ കപ്പലാണ് അദ്ദേഹത്തിന്റെ ബേസ് സ്റ്റേഷന്‍. ധ്രുവക്കരടികള്‍ സ്വതന്ത്രമായി വിഹരിക്കുന്ന പോളാര്‍സ്‌റ്റേണ്‍ എന്നയിടത്ത് വിഷ്‍ണുവടക്കമുള്ളവര്‍ പഠനത്തിലേര്‍പ്പെടും. പ്രധാനമായും ഇതൊരു ഫ്ലോട്ടിംഗ് ലാബാണ്. വര്‍ഷം മുഴുവന്‍ 19 രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വിദഗ്ധരുടെ ഹോം ബേസ് ആണിത്.

ലോകമെമ്പാടും അനുഭവപ്പെടുന്ന ആര്‍ട്ടിക് കാലാവസ്ഥയെക്കുറിച്ചുള്ള വിലയേറിയ പുതിയ പഠനത്തിലാണവര്‍. ഇതിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ നിന്നുള്ള ഡാറ്റകള്‍ ശേഖരിച്ച് അവലോകനം നടത്തി പഠനം നടത്തുകയാണ് സംഘം. 32 -കാരനായ വിഷ്ണു നന്ദന്‍ മാത്രമാണ് കപ്പലിലുള്ളത്. അദ്ദേഹം തന്റെ രാജ്യത്തെയും യൂണിവേഴ്‌സിറ്റി ഓഫ് മാനിറ്റോബയുടെ സെന്റര്‍ ഫോര്‍ എര്‍ത്ത് ഒബ്‌സര്‍വേഷന്‍ സയന്‍സിനെയും പ്രതിനിധീകരിക്കുന്നു. അദ്ദേഹം ഇപ്പോള്‍ ഒരു പോസ്റ്റ്‌ഡോക്ടറല്‍ ഫെലോ ആണ്. ഫെബ്രുവരി അവസാനം വരെ അദ്ദേഹത്തിന് ഈ വാഹനത്തില്‍ തുടരേണ്ടതുണ്ട്.

മോസാക് (മള്‍ട്ടിഡിസിപ്ലിനറി ഡ്രിഫ്റ്റിംഗ് ഒബ്‌സര്‍വേറ്ററി ഫോര്‍ സ്റ്റഡി ഫോര്‍ ആര്‍ട്ടിക് ക്ലൈമറ്റ്) എന്നറിയപ്പെടുന്ന പര്യവേഷണത്തിന് സ്വന്തം വൈദഗ്ദ്ധ്യം എങ്ങനെ സഹായിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.

ഐസ് പോലെ പ്രതിഫലിക്കുന്ന വെളുത്ത പ്രതലങ്ങള്‍ കനത്ത ചൂട് കാരണം കൂടുതല്‍ സൂര്യപ്രകാശം ആഗിരണം ചെയ്യപ്പെടും. ഇത് താപനം ത്വരിതപ്പെടുത്തുകയും കൂടുതല്‍ ഐസ് ബാഷ്പീകരിക്കുകയും ചെയ്യുന്നു. സമുദ്രത്തിലെ ഐസ് ഉരുകുന്നത് അന്തരീക്ഷത്തെ സമുദ്രജലത്തില്‍ നിന്ന് ചൂട് വമിക്കുന്നത് എളുപ്പമാക്കുന്നു, ഇത് കൂടുതല്‍ ഐസ് ഉരുകാന്‍ കാരണമാകുന്നു. അത്തരം ഫീഡ്ബാക്ക് ലൂപ്പുകള്‍ ധ്രുവങ്ങളും മധ്യ അക്ഷാംശങ്ങളും തമ്മിലുള്ള താപനിലയിലെ വ്യത്യാസം കുറയ്ക്കുകയും ലോകമെമ്പാടുമുള്ള കാലാവസ്ഥയെ അപകടകരമായ രീതിയില്‍ തടസ്സപ്പെടുത്തുകയും ചെയ്യും.

ആര്‍ട്ടിക് സമുദ്രത്തിലെ ഐസ് മൊസൈക്ക് പര്യവേഷണത്തിന്റെ പ്രധാന ഗവേഷണ കേന്ദ്രമാണ്. നാസയുടെ കണ്ടെത്തല്‍ പ്രകാരം വളരെ വലുതായ വിധത്തിലാണ് ധ്രുവപ്രദേശങ്ങളില്‍ നിന്നും മഞ്ഞ് ഉരുകല്‍ സംഭവിക്കുന്നത്. 1980 -കളുടെ മധ്യത്തിനും ഇപ്പോഴത്തെ ദശകത്തിനും ഇടയില്‍ ഇത് എത്രമാത്രം കുറഞ്ഞുവെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. 

ഇപ്പോള്‍, വിഷ്ണു നന്ദനെപ്പോലുള്ള മൊസൈക് ഗവേഷകര്‍ക്ക് എല്ലാ സീസണിലും ഹിമത്തിലെ മാറ്റങ്ങള്‍ നിരന്തരം നിരീക്ഷിക്കാന്‍ അവസരമുണ്ടാകും. ധ്രുവക്കടല്‍ ഹിമത്തിന്റെ കട്ടിയിലെ മാറ്റങ്ങള്‍ നിരീക്ഷിക്കാന്‍ റഡാര്‍ ഉപയോഗിക്കുന്നതിലാണ് വിഷ്‍ണു പ്രത്യേകത പുലര്‍ത്തുന്നത്. ജര്‍മ്മന്‍ ഗവേഷണ കപ്പലായ പോളാര്‍സ്‌റ്റേണിന് ചുറ്റും ഇതിനകം വിന്യസിച്ചിരിക്കുന്ന ഉപരിതല അധിഷ്ഠിത റഡാര്‍ സെന്‍സറുകള്‍ ഉപയോഗിച്ച് അദ്ദേഹം അളവുകള്‍ ശേഖരിക്കും. ഒപ്റ്റിക്കല്‍ ഉപഗ്രഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ആര്‍ട്ടിക് ശൈത്യകാലത്തിന്റെ അവസാനമില്ലാത്ത രാത്രിയില്‍ സൂര്യപ്രകാശത്തിന്റെ അഭാവത്തിലും റഡാര്‍ പ്രവര്‍ത്തിക്കുന്നു.

വിഷ്ണു നന്ദന്‍ നിരവധി ധ്രുവ പര്യവേഷണങ്ങളിലെയും വിദഗ്ദ്ധനാണ്. ആര്‍ട്ടിക്ക്, അന്റാര്‍ട്ടിക്ക് എന്നിവിടങ്ങളില്‍ നിരവധി വര്‍ഷത്തെ അനുഭവജ്ഞാനമുണ്ട്. എന്നാല്‍ ധ്രുവീയതയിലേക്കുള്ള യാത്ര എളുപ്പമാകുമെന്ന് ഇതിനര്‍ത്ഥമില്ല. ഓരോ യാത്രയും ഓരോ പുതിയ അനുഭവമാണ്. വിഷ്‍ണു പറയുന്നു, 'ഇവിടം കൊടും തണുപ്പാണ്, കനത്ത ഇരുട്ടാണ്. സൂര്യപ്രകാശമില്ല. അതിനാല്‍ വിറ്റാമിന്‍ ഡിയുടെ വലിയ കുറവുണ്ട്... അതിനുമുകളില്‍ പ്രിയപ്പെട്ടവര്‍ കാനഡയിലും ഇന്ത്യയിലും എല്ലായിടത്തും ഉണ്ട്. പരിമിതമായ മാര്‍ഗങ്ങള്‍ മാത്രമാണ് ആശയവിനിമയത്തിനുള്ളത്. പലപ്പോഴും ഏകാന്തതയാണ്. കൊടും നിശബ്ദതയും കാറ്റിന്റെ മര്‍മ്മരവും മാത്രം. അത് നിങ്ങള്‍ക്ക് എളുപ്പത്തില്‍ വിഷാദമുണ്ടാക്കാം. ഇപ്പോള്‍ പ്രത്യേകിച്ച്, ആര്‍ട്ടിക് പ്രദേശത്ത് കഠിനവും വൈകാരികവും സാങ്കേതികവുമായ വെല്ലുവിളി നേരിടുന്ന സാഹചര്യങ്ങളില്‍.' അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് വളര്‍ന്നപ്പോള്‍ വിഷ്ണു നന്ദന്‍ ഈ മഞ്ഞുമൂടിയ കാലാവസ്ഥയെക്കുറിച്ച് ഇങ്ങനെയൊരു സ്വപ്‌നം കണ്ടിട്ടുണ്ടായിരുന്നില്ല. ടിസിഎസിലെ ഒരു റൂക്കി എഞ്ചിനീയറായാണ് അദ്ദേഹം കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍, അധികം വൈകാതെ രാജിവെച്ചു. 'അവര്‍ എന്നെ പുറത്താക്കുന്നതിനുമുമ്പ്' രാജിവച്ചു എന്നാണ് വിഷ്‍ണു ഇതിനെക്കുറിച്ച് പറയുന്നത്. ഇന്ത്യന്‍ എഞ്ചിനീയറിംഗ് സര്‍വീസസ് മുതല്‍ റെയില്‍വേയിലെ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തിക വരെ എല്ലാത്തിനുമായി 71 പരീക്ഷകള്‍ക്കിരുന്നു. ഒടുവില്‍ നെതര്‍ലാന്‍ഡിലെ ഭൗമ നിരീക്ഷണ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടാന്‍ സ്‌കോളര്‍ഷിപ്പ് നേടി. അങ്ങനെയാണ് ഇപ്പോള്‍ അദ്ദേഹം ആര്‍ട്ടിക്ക ധ്രുവപ്രദേശത്തെ പഠനകേന്ദ്രത്തില്‍ രാപകലന്യേ പഠനത്തിലേര്‍പ്പെട്ടിരിക്കുന്നത്. 

അതിനെക്കുറിച്ച് വിഷ്‍ണു പറയുന്നത്, 'ഭൂമിയുടെ കാവല്‍ക്കാരനെ പോലെയാണ് ഞാനിപ്പോള്‍. ഇവിടം തികച്ചും നിശബ്ദമാണ്. അഗാധമായ സമാധാനം ഇവിടെ നിന്നും ലഭിക്കുന്നു, വലിയൊരു ഉള്‍ക്കാഴ്ചയാണിത് സമ്മാനിക്കുന്നത്. ഞാന്‍ മിക്കവാറും ഒരു തത്ത്വചിന്തകനെപ്പോലെയാകും. അതിന്റെ ഫലമായി തിരിച്ചെത്തുമ്പോള്‍ വലുതും നീളമുള്ള താടിയും മീശയും ഉണ്ടായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.' എന്നാണ്.

മൂന്നു മാസത്തെ പര്യവേക്ഷണത്തിനു ശേഷം ജീവിതത്തില്‍ കാതലായ മാറ്റമുണ്ടാകുമെന്ന് വിഷ്‍ണു പറയുന്നു. അതു തന്റെ കര്‍മ്മമാണെന്നും ഇദ്ദേഹം തിരിച്ചറിയുന്നു. ഫ്ലോട്ടിങ് ലാബിലെ ഏകാന്തതയില്‍ അദ്ദേഹം സമയത്തെക്കുറിച്ച് ബോധവാനാകാതെ, ഏറ്റവും കുറഞ്ഞ ആശയസംവേദനം മാത്രം നടത്തി ജീവിക്കുമ്പോള്‍ താന്‍ നടത്തുന്നത് ഭൂമിയെ രക്ഷപ്പെടുത്താനുള്ള സൂത്രവാക്യത്തിന് ഉത്തരം കണ്ടെത്താനുള്ള ഭഗീരഥ പ്രയത്‌നത്തിലാണെന്നും ഡോ. വിഷ്ണു നന്ദന്‍ തിരിച്ചറിയുന്നു.