അവൻ എല്ലാ പ്ലാനിങ്ങും നടത്തിയിട്ടുണ്ടായിരുന്നു. സിസിടിവി ക്യാമറകളുടെ വയർ അൽപനേരം മുമ്പ് കട്ട് ചെയ്തു. അന്ന് ഡബിൾ ഷിഫ്റ്റെടുക്കാൻ അങ്ങോട്ട് സന്നദ്ധത പ്രകടിപ്പിച്ചു. അവൾക്ക് ധരിക്കാനുള്ള ഷൂസുകൾ വരെ പിൻവശത്തെ വാതിലിനരികെ കൊണ്ടുവച്ചു. 

വരാൻ പോകുന്ന അപകടങ്ങൾ ഒന്നൊന്നായി മനസ്സിൽ സങ്കല്പിച്ച് അതിനുള്ള പരിഹാരങ്ങളും ആലോചിച്ചുറപ്പിച്ചാണ് ആ പാറാവുകാരൻ തന്റെ തടവുകാരിയുടെ കാതിൽ ഇങ്ങനെ മന്ത്രിച്ചത്‌, " പോരുന്നോ, എന്റെ കൂടെ?"
 

 


വിടർന്ന കണ്ണുകളിൽ അത്ഭുതം ഒളിപ്പിച്ചുവെച്ചുകൊണ്ട് കിം സമ്മതം അറിയിച്ചപ്പോൾ ജിയോണിന്റെ നെഞ്ചിൽ പെരുമ്പറയടികൾ മുഴങ്ങി. "ഇപ്പോൾ ഉറങ്ങിക്കോളൂ, ഞാൻ പാതിര കഴിഞ്ഞ് വന്നു വിളിക്കും, അപ്പോൾ എഴുന്നേറ്റ് എന്റെ കൂടെ വന്നാൽ മതി." അയാൾ അവളോട് പറഞ്ഞു.

അവിടെ നിന്ന് ജിയോൺ നേരെ പോയത് ആ തടവറയിലെ തന്റെ ക്വാർട്ടേഴ്സിലേക്കാണ്. അവശേഷിച്ചിരുന്ന മണിക്കൂറുകൾ കൊണ്ട്, രണ്ടു തോൾബാഗുകൾ തയ്യാറാക്കി അയാൾ. രണ്ടിലും വെള്ളം, ഭക്ഷണം, ഒന്ന് രണ്ട് ജോഡി വസ്ത്രങ്ങൾ ഒരു കത്തി, പിന്നെ ഒരു കുപ്പി വിഷം എന്നിവ ഉണ്ടായിരുന്നു. അതേ, അയാൾ രണ്ടുംകല്പിച്ചു തന്നെയാണ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

തയ്യാറെടുപ്പിൽ ഒരു കുറവുമുണ്ടാകരുത് എന്നയാൾക്ക് നിർബന്ധമായിരുന്നു. അതുകൊണ്ട് എല്ലാം എടുത്തുകഴിഞ്ഞ ശേഷം, പോക്കറ്റിൽ നിറതോക്കില്ലേ എന്ന് അയാൾ ഒരിക്കൽ കൂടി ഉറപ്പിച്ചു. ഒരു ഉത്തരകൊറിയൻ ജയിലിൽ നിന്ന് രാജ്യദ്രോഹകുറ്റം ചുമത്തി അകത്തിട്ടിരിക്കുന്ന തടവുകാരിയെയും കൊണ്ട് ഒളിച്ചോടുക. എത്രമാത്രം അപകടം നിറഞ്ഞൊരു കാര്യമാണത്. പിടിക്കപ്പെട്ടാൽ കാത്തിരിക്കുന്നത് കൊടിയ പീഡനങ്ങളാകും. പിന്നാലെ മരണവും. "വേണ്ട, എന്നെക്കരുതി അതിനൊന്നും നിൽക്കണ്ട ജിയോൺ നിങ്ങൾ..." പിന്തിരിപ്പിക്കാൻ കിം ആവോളം പരിശ്രമിച്ചിരുന്നു, പക്ഷേ ജിയോൺ സമ്മതിച്ചില്ല.

ഒരു കാര്യം അയാൾക്കുറപ്പായിരുന്നു. ആ രാത്രി ഏറെ നിർണായകമായ ഒന്നാണ്. അന്ന് രാത്രി കിമ്മുമായി ആ ജയിൽ നിന്ന് കടന്നില്ലെങ്കിൽ പിന്നെ അവളെ താൻ ജീവനോടെ കണ്ടെന്നു വരില്ല. ആ ശ്രമത്തിനിടെ പിടിക്കപ്പെട്ടാലും മരണം തന്നെ. ജിയോൺ ഗ്വാങ്‌ ജിൻ എന്ന ആ 26 കാരൻ ഓർത്തു.

"അവർ എന്നെ തടുക്കാൻ നോക്കിയാൽ ഞാൻ അവരെ വെടിവെച്ചു വീഴ്ത്തിയ ശേഷം ഓടും. ഓടി രക്ഷപ്പെടാൻ പറ്റിയില്ലെന്നുണ്ടങ്കിൽ ഞാൻ സ്വയം വെടിയുതിർത്ത് മരിക്കും. തോക്ക് പ്രവർത്തിച്ചില്ലെങ്കിൽ സ്വന്തം നെഞ്ചിലേക്ക് കഠാര കുത്തിയിറക്കും. എന്നിട്ട് പോക്കറ്റിൽ കരുതിയിട്ടുള്ള വിഷമെടുത്ത് കുടിക്കും. ചാകാൻ മനസ്സിൽ തയ്യാറെടുത്ത ശേഷം ജിയോണിന് വല്ലാത്ത ശാന്തതയായിരുന്നു ഉള്ളിൽ. 
 


അങ്ങനെ അവർ ആ ജയിൽ ചാട്ടം ആരംഭിച്ചു. ആദ്യം തകർത്തത് ഒരു ജനൽ ആയിരുന്നു. അതിലൂടെ കെട്ടിടത്തിന് വെളിയിലേക്ക്. ജയിൽ പുളളികളെ വ്യായാമം ചെയ്യിക്കുന്ന ഗ്രൗണ്ടിലൂടെ ഇരുവരും കൈകോർത്തുപിടിച്ച് ഒച്ചയുണ്ടാക്കാതെ ഓടി. അവർക്ക് മുന്നിലായി ഇനിയുള്ളത് പത്തടി ഉയരത്തിലുള്ള ഒരു വന്മതിലാണ്. അത് എങ്ങനെയും ചാടണം. കുറച്ചപ്പുറെയായി നായ്ക്കുര കേൾക്കുന്നുണ്ട്. അത് രാത്രിയിൽ അഴിച്ചുവിടുന്ന കാവൽ നായ്ക്കളുടെ ശബ്ദമാണ്. കണ്ണിൽ പെട്ടാൽ കടിച്ചു കീറി കൊന്നുകളയും അവറ്റ. അവരുടെ ഉള്ളു കിടുങ്ങി.

ആ മതിലുചാടി പുറത്തിറങ്ങിയാൽ എങ്ങനെയും ട്യൂമൻ നദിക്കരവരെ എത്തണം. അവിടെ ബോർഡർ പട്രോൾ വാഹനം ഏത് നിമിഷവും പിടികൂടാനെത്താം. അവരുടെ കണ്ണുവെട്ടിച്ച് വെള്ളത്തിലിറങ്ങി നീന്തി അക്കരെ പറ്റണം. അതിനൊത്താൽ അക്കരെ അവരെ കാത്തിരിക്കുന്നത് അവരുടെ സ്വാതന്ത്ര്യമാകും.
 
വേറെ മാർഗ്ഗമില്ലായിരുന്നു അവർക്കുമുന്നിൽ. കിമ്മിനെ നാളെ അവർ ഈ ജയിലിൽ നിന്ന് മറ്റൊരു പ്രിസൺ ക്യാമ്പിലേക്ക് മാറ്റുന്ന ദിവസമായിരുന്നു. ഏറെ കുപ്രസിദ്ധമായിരുന്നു ആ പ്രിസൺ ക്യാമ്പ്. അവിടത്തെ ശേഷിക്കുന്ന ജയിൽവാസം അവൾ അതിജീവിച്ചു കൊള്ളണമെന്നില്ല.

അത് ഒരു പാറാവുകാരനും തടവുകാരിയും തമ്മിലുള്ള അപൂർവ സൗഹൃദത്തിന്റെ അസാധാരണ പര്യവസാനമായിരുന്നു. ശുഭമോ അല്ലയോ, പറയാനായിട്ടില്ല..!

അവർ തമ്മിൽ കണ്ടുമുട്ടിയിട്ട് രണ്ടേ രണ്ടു മാസം തികയുന്നതേ ഉണ്ടായിരുന്നുള്ളു. ഉത്തര കൊറിയയിലെ ഓൺസോങ് ഡിറ്റൻഷൻ സെന്ററിൽ വെച്ച് 2019 മെയ് മാസത്തിലാണ് ജിയോൺ കിമ്മിനെ കാണുന്നത്. വിചാരണത്തടവുകാരിയായിട്ടാണ് കിം, ജിയോൺ കാവൽക്കാരനായുള്ള തടവറയിലേക്ക് എത്തിപ്പെടുന്നത്. കിമ്മിനെയും മറ്റു തടവുകാരികളെയും 24 മണിക്കൂറും നിരീക്ഷിക്കാനായിരുന്നു ജിയോണിന്റെയും സംഘത്തിന്റെയും നിയോഗം. 

 


വനിതാ തടവുകാർ അവിടെ നിരവധിയുണ്ടായിരുന്നു എങ്കിലും, കിമ്മിന്റെ വസ്ത്രധാരണത്തിലെ കുലീനത, ഭാവഹാവങ്ങളിൽ നിറഞ്ഞു നിന്ന ഐശ്വര്യം - അത് ജിയോണിന്റെ മനം കവർന്നു. ഉത്തര കൊറിയയിലെ കിം ജോംഗ് ഉന്നിന്റെ ഏകാധിപത്യ ഭരണത്തിൽ അസംതൃപ്തരായിരുന്ന പൗരന്മാരെ സഹായിച്ചു എന്നതായിരുന്നു അവളിൽ ആരോപിക്കപ്പെട്ടിരുന്ന ഗുരുതരമായ കുറ്റം. അവളൊരു 'ഇടനിലക്കാരി' ആയിരുന്നു. ഉത്തര കൊറിയ വിട്ടോടിപ്പോയി വിദേശങ്ങളിൽ ചെന്നുപറക്കുന്ന 'ഡിഫക്ടേഴ്സ്' എന്നറിയപ്പെടുന്ന ഉത്തരകൊറിയൻ വിമതരും, ഉത്തരകൊറിയയിൽ തന്നെ ഉള്ള അവരുടെ ഉറ്റ ബന്ധുക്കളും തമ്മിൽ ബന്ധപ്പെടാനുള്ള അവസരമൊരുക്കുക എന്നതാണ് കിം ചെയ്തുകൊണ്ടിരുന്ന ജോലി. അച്ഛനമ്മമാരെയും ഭാര്യയെയും മക്കളെയും ഒക്കെ വിട്ട്, സ്വന്തം ജീവൻ മാത്രം കയ്യിലെടുത്തുപിടിച്ച് നാടുവിട്ടവർക്കും അവരുടെ ബന്ധുക്കൾക്കും ഇടയിലുള്ള പണമിടപാടിന് അവസരമൊരുക്കുക. ഫോൺ കാൾ നടത്താൻ സൗകര്യമുണ്ടാക്കുക എന്നീ സേവനങ്ങളാണ് കിം നൽകിയിരുന്നത്. അത് അന്ന് വളരെയധികം റിസ്കുള്ള തൊഴിൽ ആയിരുന്നു എങ്കിലും, ഉത്തര കൊറിയയിൽ ഏറ്റവും അധികം ധനം സമ്പാദിക്കാൻ പറ്റിയിരുന്ന ഒരു തൊഴിലും ആയിരുന്നു അത്. കൈമാറ്റം ചെയുന്ന കാശിന്റെ 30 % കിമ്മിനുള്ളതായിരുന്നു.

നിർബന്ധിതമായി സൈനിക സേവനം നടത്താൻ വിധിക്കപ്പെട്ട പല ഉത്തരകൊറിയൻ പൗരന്മാരിൽ ഒരാളായിരുന്നു ജിയോൺ. തൊഴിലിനിടെ പിടിക്കപ്പെട്ട കിം ജയിലറയ്ക്കുള്ളിൽ മനസുവിങ്ങി കഴിഞ്ഞു കൂടുകയായിരുന്നു. ആദ്യമായിട്ടല്ല അവളെ പൊലീസ് ഈ കുറ്റത്തിന് പിടികൂടുന്നത്. ആദ്യത്തെ പ്രാവശ്യം പിടിച്ചത് ഇപ്പോൾ ചെയ്യുന്നതിനേക്കാൾ കുറേക്കൂടി ഗൗരവമുള്ള കാര്യത്തിന് ഇടനില നിന്നതിനാണ്. വിമതരെ സുരക്ഷിതമായി ഉത്തരകൊറിയൻ മണ്ണുവിട്ടോടി വിദേശത്തെത്താൻ സഹായിക്കുക. അത് ഇപ്പോൾ ചെയ്യുന്നതിനേക്കാൾ ഗൗരവമുള്ള രാജ്യദ്രോഹക്കുറ്റമാണ്. രാജ്യദ്രോഹത്തിന് രണ്ടാം വട്ടം കയ്യോടെ പിടിക്കപ്പെട്ടവർ ജീവനോടെ ജയിൽ വിട്ടുപോയ ചരിത്രമില്ല ഉത്തര കൊറിയയിൽ. ഇത്തവണ താൻ ജീവനോടെ ജയിൽ നിന്നിറങ്ങില്ല എന്ന് ഏകദേശം ഉറപ്പായതിന്റെ 'ഫ്രസ്ട്രേഷൻ' കൂടി ഉണ്ടായിരുന്നു കിമ്മിന്.

അത്യാവശ്യത്തിന് പണം ഉണ്ടാക്കിക്കഴിഞ്ഞിരുന്നു കിം. ഓരോ ആളെ അതിർത്തി കടത്തുമ്പോഴും ഒരു ശരാശരി ഉത്തരകൊറിയൻ പൗരൻ ഒരു വർഷം കൊണ്ടുണ്ടാക്കുന്ന പണം കിമ്മിന്റെ പെട്ടിയിൽ വീണിരുന്നു. ഉത്തര കൊറിയൻ മിലിട്ടറിയിൽ നല്ല ബന്ധങ്ങൾ ഇല്ലാതെ ഈ പണി ചെയ്യാൻ ആർക്കുമാകില്ല. കിമ്മിനുമുണ്ടായിരുന്നു നല്ല ബന്ധങ്ങൾ. എന്നാൽ, ആ ബന്ധങ്ങളിൽ ഒന്നുതന്നെ അവളെ ഒറ്റുകൊടുത്തു. പിടിക്കപ്പെട്ട കിമ്മിന് അഞ്ചുവർഷത്തെ തടവുശിക്ഷ വിധിച്ചു കിട്ടിയപ്പോൾ, അതിനെ പണം കൊടുത്ത് ഒതുക്കാൻ കിം ശ്രമിച്ചു. "നിങ്ങൾക്ക് ഞാൻ എത്രകാശുവേണമെങ്കിലും തരാം, എന്നെ ഒന്ന് മോചിപ്പിക്കൂ... ഞാൻ ഇനി ഈ പണിക്ക് നിൽക്കില്ല...." എന്ന് അവരുടെ കാലുപിടിച്ച് കെഞ്ചി നോക്കി കിം. അവളുടെ അത്രയും നാളത്തെ സകല സമ്പാദ്യവും അവർ ഊറ്റിയെടുത്തു. അങ്ങനെ ആദ്യതവണ അവൾ ജയിൽ മോചിതയായി.

അതിനിടെ അവളുടെ ഭർത്താവ് വേറെ വിവാഹം കഴിച്ചു. അവരുടെ രണ്ടു പെൺമക്കളെയും കൊണ്ട് വേറെ കുടുംബമായി താമസിക്കാൻ അവളെ വിട്ടുപോയി. അവൾക്ക് വേണ്ടി കാത്തിരിക്കാൻ ഇനി ആ തുറുങ്കിനു പുറത്ത് ആരുമില്ലായിരുന്നു. പണത്തിന്റെ ബലത്തിൽ ശിക്ഷ ഒഴിവാക്കി പുറത്തിറങ്ങിയ കിമ്മിന് ജീവിക്കാൻ വേണ്ടി എന്തെങ്കിലും ചെയ്തേ പറ്റുമായിരുന്നുള്ളൂ.

ഉത്തരകൊറിയൻ മൊബൈലുകളിൽ ഐഎസ്ഡി ഇല്ല. നിരോധിതമാണത്. എന്നാൽ, അവൾ ഒരു ചൈനീസ് ഫോൺ ഒളിച്ചു കടത്തി കൊണ്ടുവന്ന് കയ്യിൽ കരുതിയിരുന്നു. അതിൽ നിന്ന് നല്ലൊരു തുക പ്രതിഫലമായി വാങ്ങി നാട്ടിലുള്ളവരെ അവൾ ഫോൺ ചെയ്യാൻ അനുവദിച്ചിരുന്നു. കസ്റ്റമേഴ്സിൽ ചിലർ തന്നെ ഒറ്റിക്കൊടുത്തപ്പോൾ കിം വീണ്ടും പൊലീസ് പിടിയിലായി. അങ്ങനെ രണ്ടാംവട്ടം രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടാണ് കിം, ജിയോൺ പാറാവുനിന്നിരുന്ന ജയിലിലേക്ക് ഒരു വിചാരണത്തടവുകാര്യായി എത്തുന്നത്.

താൻ ഒരു വിചാരണത്തടവുകാരിയാണ് എന്നാണ് കിം ജിയോണിനോട് പറഞ്ഞത് എങ്കിലും, രണ്ടാംവട്ടം ആയതിനാൽ അവർ ജീവനോടെ പുറത്തുവിട്ടില്ല എന്നവൾക്ക് ഉറപ്പായിരുന്നു. ഒരു പോലീസുകാരനാകാൻ കൊതിച്ചു നിന്ന് ഒടുവിൽ നിർബന്ധിത സൈനിക സേവനത്തിന് റിക്രൂട്ട് ചെയ്യപ്പെട്ട്, ജയിലിൽ പാറാവു നിൽക്കേണ്ട ഗതികേടിലായതിന്റെ വെറിയിൽ നിൽക്കുകയായിരുന്നു ജിയോൺ അപ്പോൾ.

കിമുമായി പരിചയപ്പെട്ടത് അയാൾക്കുമുന്നിൽ തുറന്നത് പുതിയ ആകാശങ്ങളായിരുന്നു. ഉത്തര കൊറിയൻ ജയിലുകളിൽ വല്ലാത്ത കാർക്കശ്യമാണുള്ളത്. തടവുകാർക്ക്  തലയുയർത്തി പാറാവുകാരെ ഒന്ന് നോക്കാനുള്ള അനുവാദം പോലുമില്ല. എന്നാൽ ജിയോൻ ഇടയ്ക്കിടെ കിമിനടുത്തെത്തി അവളുടെ കാതിൽ പലതും മൊഴിഞ്ഞുകൊണ്ടിരുന്നു. ജയിലിൽ സിസിടിവി കാമറ ഉണ്ടായിരുന്നതിനാൽ, പവർകട്ട് ഉള്ള ദിനങ്ങളിൽ മാത്രം കൂടുതൽ വിശദമായി അവർ സംസാരിച്ചു. അയാൾക്ക് അവളോട് വല്ലാത്തൊരു മുജ്ജന്മ ബന്ധം തന്നെ അനുഭവപ്പെട്ടു. അത് പ്രണയമൊന്നും അല്ലായിരുന്നു. വല്ലാത്തൊരു ജന്മാന്തര സൗഹൃദം.

" എനിക്ക് നിങ്ങളെ സഹായിക്കണമെന്നുണ്ട് സഹോദരീ, ആ പ്രിസൺ ക്യാമ്പിലേക്ക് പോയാൽ നിങ്ങളെ അവർ അവിടിട്ട് തല്ലിക്കൊല്ലും..." ജിയോൺ കിമ്മിനോട് പറഞ്ഞു. അത്രയ്ക്ക് കുപ്രസിദ്ധമായിരുന്നു ചോങ്ഓരിയിലെ ആ പ്രിസൺ ക്യാമ്പ്. അവിടെ ഒരു മൃഗത്തെ കെട്ടിയിടും പോലെ വല്ലാത്ത പീഡനങ്ങളും അപമാനങ്ങളും ഒക്കെയാണ് അവളെ കാത്തിരുന്നത്. '

ജിയോണിനും ഉത്തരകൊറിയയിലെ ജീവിതം മടുത്തിരുന്നു. ദക്ഷിണ കൊറിയയിൽ ബന്ധുക്കൾ ഉള്ളവരെ ഉത്തരകൊറിയയിൽ അധഃസ്ഥിതരായിട്ടാണ് കണക്കാക്കുക. ജിയോണിന്റെ പൊലീസ് സ്വപ്നം നടക്കില്ല എന്നതിന് അയാൾക്ക് ദക്ഷിണ കൊറിയൻ മണ്ണിൽ നിരവധി ബന്ധുക്കളുണ്ട് എന്നതും ഒരു കാരണമായിരുന്നു. കിം എന്ന 'അതിർത്തി കടക്കൽ' ഇടനിലക്കാരിയെ കണ്ടതോടെ, അവളുമായി സൗഹൃദം സ്ഥാപിച്ചതോടെ, അത് വല്ലാത്തൊരു ആത്മബന്ധത്തിലേക്ക് വളർന്നതോടെ, അയാളുടെ മനസ്സിൽ പുതിയ പ്ലാനുകൾ മുളച്ചു. അയാൾ അത് അവളോട് പറഞ്ഞു. " നാളെ അവർ നിന്നെ ഇവിടെ നിന്ന് പ്രിസൺ ക്യാമ്പിലേക്ക് മാറ്റും. പിന്നെ എനിക്ക് നിന്നെ കാണാനായി എന്നുവരില്ല. പുറംലോകം കാണാതെ നീയവിടെക്കിടന്ന് പീഡനങ്ങൾ അനുഭവിച്ച് മരിച്ചുപോയെന്നും വരാം. നിന്നെ ഞാൻ രക്ഷിക്കാം. നമുക്ക് ഒന്നിച്ച് നീ നശിച്ച നാടുവിട്ട് ദക്ഷിണ കൊറിയയിലേക്ക് പോകാം. അവിടെ എന്റെ ഉറ്റബന്ധുക്കളുണ്ട്. അവർ നമുക്ക് അഭയം തരും. നമുക്കവിടെ ജീവിതം ഒന്നേന്നു കരുപ്പിടിപ്പിക്കാം" അയാൾ പറഞ്ഞു.

ജിയോണിന്റെ കണ്ണുകളിലെ പ്രതീക്ഷയുടെ തിരിനാളം കിമിനും ആവേശം പകർന്നു. അന്ന് പാതിരക്കു ശേഷം ഇരുവരും പ്ലാൻ ചെയ്തപടി തന്നെ, ചില്ലുതകർത്ത് പുറത്തിറങ്ങി, മൈതാനം മുറിച്ചുകടന്ന്, ആ കൽത്തുറുങ്കിന്റെ വൻമതിൽ ചാടിക്കടന്നു.  അവരെ ശല്യംചെയ്യാൻ എന്തോ കാവൽനായ്ക്കൾ വന്നില്ല. അവർ മറ്റു പാറാവുകാരുടെ കണ്ണിലും പെട്ടില്ല. പുറത്തിറങ്ങി, വിശാലമായ നെല്പാടങ്ങൾക്കിടയിലൂടെ കൈകോർത്തുപിടിച്ച് അവർ നടന്നു. പാതിരയിലെ നിലാവെളിച്ചം അവരുടെ നിറുകയിലൂടെ ഒലിച്ചിറങ്ങി.
 
മാസങ്ങളോളം ആ തുറങ്കിലെ സെല്ലിൽ അടച്ചിരുന്നതുകൊണ്ടാകും നടക്കാനും ഓടാനും ഒന്നും കിമ്മിന്റെ ശരീരം തയ്യാറായിരുന്നില്ല. ഇടയ്ക്കിടെ അവിടവിടെ തട്ടിത്തടഞ്ഞു വീണ്ടുകൊണ്ടിരുന്നു അവൾ. അവർ ഏകദേശം 50 മീറ്റർ ദൂരെ എത്തിയപ്പോഴേക്കും നടന്നുകൊണ്ടിരുന്നിടത്തേക്ക് വലിയൊരു ഫ്ലാഷ് ലൈറ്റിന്റെ വെട്ടം വന്നുപതിച്ചു. അത് ബോർഡർ പട്രോളിന്റെ ഗാർഡ് പോസ്റ്റിൽ നിന്നുള്ള വെട്ടമായിരുന്നു. തങ്ങൾ കുടുങ്ങി എന്നുതന്നെ അവർക്ക് തോന്നി. എന്നാൽ, അത് അവിടെ ഗാർഡുമാർ ഷിഫ്റ്റ് മാറുന്നതിന്റെ തിരക്കായിരുന്നു. അവരെ ആരും കണ്ടിരുന്നില്ല. അൽപനേരം ആ പാടത്തെ ഒരു മടയിൽ പതുങ്ങി ഇരുന്ന ശേഷം അവർ വീണ്ടും നടന്നുതുടങ്ങി.

 

 

നടന്നുനടന്ന് അവരിരുവരും ട്യൂമൻ നദിക്കരയിൽ എത്തി. മുമ്പും പലവട്ടം പലരെയും അതിർത്തി കടത്തിവിടാൻ വേണ്ടി കിം ആ നദിക്കരയിൽ എത്തിയിട്ടുണ്ട്. അന്ന് അതുവരെ കൊണ്ടെത്തിച്ച ശേഷം  സ്ഥിരമായി അവരോട് പറഞ്ഞിരുന്നത് നദി മുറിച്ചുകടന്ന് സ്വാതന്ത്ര്യത്തിലേക്ക് പൊയ്ക്കൊള്ളാനാണ്. ആ നദിക്ക് ഇത്ര ആഴമുണ്ടെന്ന് അവൾക്ക് അറിയില്ലായിരുന്നു. കാലെടുത്തുവച്ച് നടന്നുതുടങ്ങി അധികം വൈകാതെ അവൾ നിലയില്ലാക്കയത്തിൽ ചെന്നുപെട്ടു. കിമ്മിന് നീന്തൽ വശമില്ലായിരുന്നു. എന്നാൽ, ജിയോൺ അവളെ തന്നോട് ചേർത്ത് പിടിച്ച് നീന്തി. 

 

ഇടക്ക് പലപ്പോഴും, തന്നെ രക്ഷിക്കാനുള്ള ശ്രമത്തിൽ ജിയോൺ കൊല്ലപ്പെട്ടേക്കും എന്ന് കിമ്മിന് തോന്നി. " വേണ്ട, എന്റെ കാര്യം നോക്കണ്ട... നീയെങ്കിലും രക്ഷപ്പെട് ജിയോൺ " അവൾ അവന്റെ കാതിൽ പറഞ്ഞു. "ജീവിക്കുന്നെങ്കിൽ ഒന്നിച്ച്, ഇനി മരിക്കുന്നെങ്കിലും അങ്ങനെ തന്നെ..." അതും പറഞ്ഞ് തന്നിൽ അവശേഷിച്ചിരുന്ന അവസാന തുള്ളി ഊർജവുമെടുത്ത് അയാൾ നീന്തി. ഒടുവിൽ ജിയോണിന്റെ പാദങ്ങൾ നിലം തൊട്ടു.

അക്കരെ ചെന്ന ഉടനെ അവർ അവിടെക്കണ്ട ഒരു ഗ്രാമീണന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി കിം തനിക്ക് പരിചയമുള്ള ഒരു ഏജന്റിനെ വിളിച്ചു. ആ ഏജന്റ് വഴി അവർ ഇരുവരും അവിടെ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള തങ്ങളുടെ യാത്ര പൂർത്തിയാക്കി. ഇന്ന് അവിടെ തങ്ങളുടേതായ വഴികൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇരുവരും. ജിയോണിന് അമേരിക്കയ്ക്ക് പോകണമെന്നുണ്ട്. കൂടെ വരാൻ വിളിച്ചപ്പോൾ കിം പറഞ്ഞത് " എനിക്ക് അതിനുമാത്രം ഇംഗ്ലീഷ് ഒന്നും അറിയില്ലപ്പാ..." എന്നാണ്. കിം ഇപ്പോൾ ഇംഗ്ലീഷ് പഠിക്കാൻ ശ്രമിക്കുന്നുണ്ട്.  പറ്റിയാൽ ജിയോണിനൊപ്പം അമേരിക്കയ്ക്ക് പോകണമെന്നുണ്ട്.

കിം ഇടയ്ക്കിടെ ജിയോണിനോട് കളിയായി പറയും,"എവിടെപ്പോയാലും മറന്നുകളയരുത് ജിയോൺ നീ ഒന്നും... ആ പാതിരാക്ക് നമ്മൾ ഒന്നിച്ചു നടത്തിയ മരണയാത്രയെ, നെല്പാടങ്ങളിലൂടെ ട്യൂമൻ നദിക്കര വരെ  നമ്മളെ എത്തിച്ച ആ നിലാവെളിച്ചത്തെ, എന്നെ..."