ലോകത്തെ ഏറ്റവുമധികം നിഗൂഢതയുള്ള ഏകാധിപതികളിൽ ഒരാളാണ് കിം ജോങ് ഉൻ. എപ്പോൾ എങ്ങനെ പ്രതികരിക്കും എന്നറിയാത്ത പ്രകൃതമായതിനാൽ എന്നും ലോകത്തിലെ സൂപ്പർ പവറുകളെപ്പോലും ആശങ്കയുടെ മുൾമുനയിൽ നിർത്തിയിട്ടുണ്ട് കിം. ഇന്നിപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യനിലയെപ്പറ്റി ഇത്രമാത്രം അഭ്യൂഹങ്ങൾ പരന്നിട്ടും അതേപ്പറ്റി ഒരു സ്ഥിരീകരണവും നൽകാൻ ഉത്തരകൊറിയ തയ്യാറായിട്ടില്ല. കിമ്മിന്റെ സ്വഭാവസവിശേഷതകളിൽ ഒരു പ്രവചനാത്മകത കിട്ടാൻ വേണ്ടി അദ്ദേഹത്തിന്റെ ഭൂതകാലം ചികഞ്ഞു ചെല്ലുന്ന പാശ്ചാത്യ ചാര സംഘടനകൾക്ക് പോലും പലപ്പോഴും നിരാശരാകേണ്ടി വരാറുണ്ട്. കാരണം, അത്രമേൽ രഹസ്യമായിട്ടാണ് കുഞ്ഞുന്നാൾ മുതൽ കിമ്മിനെ ഉത്തരകൊറിയൻ ഭരണകൂടം വളർത്തിക്കൊണ്ടു വന്നത്. 

 

 

ഈ സ്വേച്ഛാധിപതിയുടെ താരപ്രഭയിലേക്ക് അച്ഛൻ കിം ജോങ് ഇല്ലിന്റെ പിൻഗാമിയായി കയറി ഇരിക്കുന്നതിനൊക്കെ മുമ്പ്, അതായത് തൊണ്ണൂറുകളുടെ അവസാനം, സ്വിറ്റ്‌സർലണ്ടിലെ ഒരു ബോർഡിങ് സ്‌കൂളിൽ  രാത്രി ഉറക്കമിളച്ചിരുന്ന് ഹോംവർക്കുകൾ ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു കിമ്മിന്. അന്ന് കിം ജോങ് ഉന്നിന്റെ തലയിൽ രാജ്യഭരണത്തിന്റെ ആലഭാരങ്ങളില്ലായിരുന്നു. 

തൊണ്ണൂറുകളിൽ സ്വിറ്റ്‌സർലണ്ടിലെ പോർച്ചുഗീസ് നയതന്ത്രജ്ഞന്റെ മകനും കിംമിന്റെ സഹപാഠിയുമായിരുന്ന ഹാവോ മിഷെലോ ഇന്ന് ബെർണിലെ ഒരു റെസ്റ്റോറന്റിൽ ഷെഫായി ജോലി ചെയ്യുകയായിരുന്നു. അന്ന് സ്ഥിരം 'ബാക്ക് ബെഞ്ചേഴ്‌സ്' ആയിരുന്ന തങ്ങൾ 'തട്ടിമുട്ടി' പാസാകാൻ വേണ്ടത് മാത്രമേ പഠിച്ചിരുന്നുള്ളൂ എന്ന്  മിഷെലോ ഓർക്കുന്നു. അന്ന് ഒരു ഇന്റർനാഷണൽ സ്‌കൂളിൽ പറ്റാവുന്നതിന്റെ പരമാവധി തിമിർപ്പുകൾ തങ്ങൾ ഒന്നിച്ച് നടത്തിയിട്ടുണ്ടായിരുന്നു എന്ന് മിഷെലോ 'ഡെയ്‌ലി ബീസ്റ്റ്' പത്രത്തോട് പറഞ്ഞു. " ഉത്തര കൊറിയയുടെ ശത്രുരാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ പോലും ആ സ്‌കൂളിൽ കിമ്മിന്റെ സ്നേഹിതരായിരുന്നു. അവന്റെ സെൻസ് ഓഫ് ഹ്യൂമർ എല്ലാവരെയും അവനിലേക്ക് വലിച്ചടുപ്പിച്ചിരുന്ന ഒന്നായിരുന്നു. സ്‌കൂളിൽ രാഷ്ട്രീയം നിഷിദ്ധമായിരുന്നതുകൊണ്ട് ഞങ്ങൾ ബാസ്‍കറ്റ്ബോളിനെപ്പറ്റിയും ഹോളിവുഡ് സിനിമകളെപ്പറ്റിയും ഒക്കെയാണ് അന്ന് ചർച്ച ചെയ്തിരുന്നത്." മറ്റൊരു സഹപാഠിയായ മാർക്കോ ഇംഹോഫ് പറഞ്ഞു. 

 

 

കിമ്മിന്റെ സ്‌കൂൾ കാലത്തെക്കുറിച്ച് അദ്ദേഹത്തിന്റെ അന്നത്തെ സതീർത്ഥ്യരിൽ നിന്ന് വെളിപ്പെട്ട ചില രസകരമായ വിവരങ്ങളാണ് ഇനി. 

ബാസ്കറ്റ് ബോളിൽ കടുത്ത ഭ്രമം 

ബാസ്കറ്റ് ബോൾ എന്ന കളി, അതിൽ തന്നെ ഷിക്കാഗോ ബുൾസ് എന്ന ടീം, അത് ഒരു ആവേശമായി സിരകളിൽ പടർന്നിരുന്നു കിം എന്ന കൗമാരക്കാരന്. ഡെന്നിസ് റോഡ്മാൻ, മൈക്കൽ ജോർദാൻ എന്നിവരെ ആരാധിച്ചിരുന്ന ഒരു ടീനേജ് പയ്യനായിരുന്നു അന്നദ്ദേഹം. സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് അദ്ദേഹത്തിന്റെ മുറിയിൽ നിറയെ ടീമിന്റെ ചിത്രങ്ങളായിരുന്നു. മൈക്കൽ ജോർദാന്റെ പെൻസിൽ സ്കെച്ച് ചെയ്യലായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട വിനോദം. 

 

സ്‌കൂളിൽ പഠിച്ചിരുന്നത് വ്യാജനാമത്തിൽ 

കിം ജോങ് ഉന്നിന്റെ മകൻ എന്നത് പരസ്യപ്പെടുത്തിയാൽ അത് കിമ്മിന്റെ ജീവന് അപകടമാകും എന്നതുകൊണ്ട് സ്വിറ്റ്‌സർലണ്ടിലെ ലീബ്ഫീൽഡ് സ്റ്റെയ്ൻഹോൾസ്ലി ഷൂളിൽ പഠിക്കുന്ന കാലത്ത്, ബെർണിൽ പോസ്റ്റിങ്ങ് കിട്ടിയ ഒരു ഉത്തര കൊറിയൻ നയതന്ത്ര പ്രതിനിധിയുടെ മകൻ പാക് ഉൻ എന്ന പേരിലാണ് അദ്ദേഹം അവിടെ കഴിഞ്ഞത്. സ്‌കൂളിലെ വാർഷികത്തിനോ പിടിഎ മീറ്റിംഗിനോ ഒന്നും പയ്യന്റെ അച്ഛനമ്മമാർ ഒരിക്കൽ പോലും വന്നിട്ടില്ലാത്ത സ്‌കൂളിലെ ടീച്ചർമാരെ അതിശയിപ്പിച്ചിരുന്നു അന്നൊക്കെ. 

ആക്ഷൻ സിനിമകളുടെ ആരാധകൻ 

വല്ലാതെ ഉൾവലിഞ്ഞ പ്രകൃതമായിരുന്നു തങ്ങളുടെ സഹപാഠിയുടെത് എന്ന് 2009 -ൽ വാഷിംഗ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ കിമ്മിന്റെ സതീർത്ഥ്യർ പറഞ്ഞിരുന്നു. പെൺകുട്ടികളോട് മിണ്ടാൻ വലിയ കുറച്ചിലായിരുന്നു കിമ്മിന് അന്നൊക്കെ. ബാസ്കറ്റ് ബോൾ കഴിഞ്ഞാൽ പിന്നെ ഭ്രമം ഹോളിവുഡ് ആക്ഷൻ സിനിമകളിലായിരുന്നു. ജാക്കി ചാന്റെ ഒരു ആരാധകനായിരുന്നു കിം. അടിപ്പടങ്ങൾ കണ്ടു കഴിഞ്ഞാൽ സോണി പ്ളേ സ്റ്റേഷനിൽ ഗെയിംസ് കളിക്കുന്നതിലായിരുന്നു താത്പര്യം. കോംബാറ്റ് ഗെയിംസ് ആയിരുന്നു അന്നും കിമ്മിന് ഇഷ്ടം. 

ചുറ്റിനും പരിചാരക വൃന്ദം 

തങ്ങളുടെ കൂട്ടുകാരൻ സാധാരണക്കാരനല്ല എന്നതിന്റെ സൂചനകൾ കിമ്മിന്റെ സഹപാഠികൾക്ക് സ്‌കൂൾ കാലത്തു തന്നെ കിട്ടിയിരുന്നു. കാരണം, കിം താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ മറ്റുകുട്ടികളിൽ നിന്ന് വിഭിന്നമായി എന്തിനുമേതിനും സഹായമായി പരിചരക്കാരുടെ ഒരു പട തന്നെ കൂടെയുണ്ടായിരുന്നു. കിമ്മിന് വേണ്ടതെല്ലാം അയാളുടെ വിളിപ്പുറത്ത്, കൈകളിൽ എത്തിച്ചു നൽകുമായിരുന്നു അവർ. കിമ്മിന് കിട്ടിക്കൊണ്ടിരുന്ന ലക്ഷ്വറി പരിചരണം അന്നുതന്നെ സഹപാഠികളെ അസൂയാലുക്കളാക്കിയിരുന്നു. പരിചാരകർക്ക് പുറമെ അംഗരക്ഷകരും കിമിനുണ്ടായിരുന്നു എന്നത് മറ്റൊരു അത്ഭുതമായിരുന്നു കൂട്ടുകാർക്ക്. കിം ബാസ്കറ്റ് ബോൾ കളിക്കുന്നതും മറ്റും വീഡിയോഗ്രാഫ് ചെയ്യപ്പെട്ടിരുന്നതും അന്നത്തെ സഹപാഠികൾ ഓർത്തെടുക്കുന്നു. 

 

പരസ്യമായിരുന്ന രഹസ്യം 

അച്ഛനമ്മമാർ മകന്റെ വിവരങ്ങൾ സ്‌കൂളിൽ രഹസ്യമാക്കി വെക്കുകയും പേരുപോലും മാറ്റുകയും ഒകെ ചെയ്ത് മുൻകരുതലുകൾ എടുത്തിരുന്നു എങ്കിലും, കിം ജോങ് ഉന്നിന് അങ്ങനെ ഒരു രഹസ്യം നെഞ്ചിലേറ്റി നടക്കാനുള്ള പ്രാപ്തിയുണ്ടായിരുന്നില്ല അന്നൊക്കെ. അന്നത്തെ സഹപാഠി ഹാവോ മിഷെലോ അടക്കമുള്ള പലരോടും കിം തന്നെ തന്റെ ലെഗസി വെളിപ്പെടുത്തിയിരുന്നു. അന്നൊക്കെ അവർ അതിനെ കിമ്മിന്റെ ബഡായി എന്ന് കരുതി തള്ളി. കാരണം, ഇങ്ങനെയുള്ള വിവിഐപി മക്കളൊന്നും ഇതുപോലുള്ള സ്‌കൂളിൽ ഇത്ര പരസ്യമായി പഠിക്കാറില്ല എന്നായിരുന്നു അവരുടെ ധാരണ.

ക്ഷിപ്രകോപിയായ കൗമാരക്കാരൻ

അക്കാലത്തു തന്നെ കിം കടുത്ത ക്ഷോഭം പ്രകടിപ്പിക്കുന്ന പ്രകൃതക്കാരനായിരുന്നു എന്ന് മിഷെലോ ഓർത്തെടുക്കുന്നു. ഒരു ദിവസം വിളമ്പിയ ന്യൂഡിൽസിന് ചൂടില്ലായിരുന്നു എന്ന പേരിൽ കുശിനിക്കാരനെ ചീത്തപറഞ്ഞു ചെകിടുപൊട്ടിച്ച സംഭവം അദ്ദേഹം പിന്നീട് വെളിപ്പെടുത്തിയിരുന്നു. വല്ലാത്തൊരു ആധികാരിക മനോഭാവത്തോടെയായിരുന്നു കിം അന്ന് തന്നെ തന്റെ പരിചാരകരോട് സംസാരിച്ചിരുന്നത് എന്നും മിഷെലോ ഓർക്കുന്നു. തങ്ങളോട് വളരെ സൗമ്യനായി ഇടപെട്ടിരുന്ന ആ നാണം കുണുങ്ങി തന്റെ വീട്ടിലെ മുതിർന്ന ജോലിക്കാരോട് ഒരു തൊഴിലുടമയെപ്പോലെ സംസാരിച്ചിരുന്നത് അന്ന് കൂട്ടുകാരിൽ അമ്പരപ്പുണ്ടാക്കിയിരുന്നു. 

സദാ ട്രാക്ക് സ്യൂട്ടിൽ കറക്കം 

സ്റ്റൈലിനെക്കാൾ സൗകര്യത്തിനാണ് സുഖത്തിനാണ് കിം പ്രാധാന്യം കൊടുത്തിരുന്നത്. നൈക്കി ട്രാക്ക് സ്യൂട്ടുകളുടെ ഒരു കമനീയ ശേഖരം കിം ജോങ് ഉന്നിന്റെ വാർഡ് റോബിനുള്ളിലുണ്ടായിരുന്നു അന്നൊക്കെ. 

പഠിക്കാൻ മോശമായിരുന്നു കിം 

ക്‌ളാസ്സിലെ മറ്റുള്ള കുട്ടികളെക്കാൾ രണ്ടു വയസ്സിന്റെ മൂപ്പുണ്ടായിരുന്നിട്ടും പഠിത്തത്തിൽ ഉഴപ്പിയിരുന്നു കിം ജോങ് ഉൻ. ജർമൻ അദ്ദേഹത്തിന് തീരെ വഴങ്ങിയിരുന്നില്ല. എല്ലാവിഷയങ്ങൾക്കും കഷ്ടിച്ച് പാസ്‌മാർക്ക് വാങ്ങിയാണ് സ്‌കൂൾ കാലം കിം ജോങ് ഉൻ പൂർത്തിയാക്കുന്നത്. 

സ്വിസ് ചീസ് എന്ന ദൗർബല്യം 

കൗമാരകാലത്തുതന്നെ ഒരു തീറ്റഭ്രാന്തനായിരുന്നു കിം. തന്റെ തീറ്റശേഷിയെപ്പറ്റി അദ്ദേഹം അന്ന് പരസ്യമായി വീമ്പടിക്കുമായിരുന്നു. സ്‌കൂൾ കാലഘട്ടത്തിൽ ധാരാളമായി കഴിക്കാൻ കിട്ടിയിരുന്ന സ്വിസ്സ് ചീസ് നിർമിക്കുന്നത് പഠിക്കാൻ വേണ്ടി സ്വന്തം ഷെഫുമാരെ ഫ്രാൻസിലേക്ക് പറഞ്ഞയക്കുക വരെ ചെയ്തിട്ടുണ്ട് കിം പിന്നീട് ഭരണാധികാരിയായി മാറിയ ശേഷം. 2011 -ൽ  ഭരണത്തിലേറിയ ശേഷമുള്ള അഞ്ചു വർഷം കൊണ്ട് മാത്രം കിമ്മിന്റെ ഭാരത്തിലുണ്ടായത് ഏതാണ്ട് 25 കിലോയുടെ വർധനവാണ്. 

സ്‌കൂൾ വിദ്യാഭ്യാസം പാതിവഴിയിൽ എത്തിയപ്പോൾ നടന്ന കിമ്മിന്റെ തിരോധാനം 

2000 -ൽ , സ്‌കൂൾ ഇയറിന്റെ പാതിവഴി എത്തി നിൽക്കുമ്പോഴാണ് ഒരു സുപ്രഭാതത്തിൽ കിം ക്‌ളാസിൽ വരാതായത്. കിമ്മിന് എന്തോ മാറാരോഗമുണ്ട് എന്നാണ് സഹപാഠികളോക്കെ അന്ന് ധരിച്ചിരുന്നത്. താൻ പോവുകയാണ് എന്ന് അത്രയും നാൾ ഒന്നിച്ചു പഠിച്ച ഉറ്റസുഹൃത്തുക്കളോടു പോലും കിം പറഞ്ഞില്ല. ആർക്കും, ഒരു കത്തെങ്കിലും അയക്കാനുള്ള കൊറിയയിലെ മേൽവിലാസം പോലും കൊടുത്തുമില്ല പോകുമ്പോൾ എന്നാണ് അന്നത്തെ സഹപാഠി നിക്കോള കോലാഷെവിക്ക് വാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞത്.