ജേവർ... ഉത്തർപ്രദേശിലെ ഗൗതം ബുദ്ധനഗർ ജില്ലയിലെ കൃഷിയിടങ്ങളിൽ ഒന്നാണ് ഈ പ്രദേശം. കൃഷിയെ ആശ്രയിച്ചുകൊണ്ട്, രാപ്പകൽ പാടത്ത് മേലനങ്ങി പണിയെടുത്ത് കൊണ്ടുവന്ന് വീടും കുടുംബവും പുലർത്തിയിരുന്ന കർഷകരുടെ വീടുകളും പാടങ്ങളുമാണ് ഇവിടെ നിറയെ. അവിടേക്ക് ഒരു സുപ്രഭാതത്തിൽ പെട്ടി നിറച്ച് പണവുമായി സർക്കാർ ഉദ്യോഗസ്ഥർ കാറുകളിൽ വന്നിറങ്ങി. അതുവരെ ആർക്കും വേണ്ടാതിരുന്ന ഏക്കറുകണക്കിന് കൃഷിയിടങ്ങൾക്ക് അവർ കോടിക്കണക്കിനു രൂപ നഷ്ടപരിഹാരമായി നൽകി. ഒന്നും രണ്ടുമല്ല, 2235 കോടി രൂപയാണ് 4360 കർഷക കുടുംബങ്ങൾക്കായി സർക്കാർ ഒരൊറ്റ എയർപോർട്ടിന്റെ പേരിൽ കൊണ്ടുകൊടുത്തത്. അത് ആ ഗ്രാമത്തിലെ പലരെയും നേരമിരുട്ടി വെളുക്കും മുമ്പ് കോടീശ്വരന്മാരാക്കി. ഇത് അവിചാരിതമായി കൈവന്ന ധനം, കുടുംബങ്ങളിൽ വിതച്ച സർവ്വനാശത്തിന്റെ നേർസാക്ഷ്യമാണ്.


 

ദില്ലിയിൽ നിന്ന് വെറും 80 കിലോമീറ്റർ മാത്രം ദൂരമേയുള്ളൂ ജേവറിലേക്ക്. കണ്ണെത്തുന്നിടത്തോളം പച്ചപുതച്ച പടങ്ങൾ മാത്രമാണിവിടെയുള്ളത്. ട്രാക്ടറുകളും മറ്റു കൊയ്ത്തുപകരണങ്ങളും ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും പൊയ്ക്കൊണ്ടിരുന്ന ഇവിടത്തെ നിരത്തുകൾ ഇന്ന് നിശബ്ദമാണ്. കൃഷി ചെയ്യാനൊന്നും ആർക്കും ഒരുത്സാഹവുമില്ല. ഇവിടത്തെ യുവാക്കളിൽ പലരും സദാസമയവും തങ്ങളുടെ കളപ്പുരകളുടെ മുന്നിൽ ബുള്ളറ്റുകളും നിർത്തിയിട്ട് മദ്യപിച്ച് ലക്കുകെട്ട് കിടക്കുന്ന അവസ്ഥയാണ്. പ്രദേശത്തെ മദ്യഷോപ്പുകൾക്കുമുന്നിൽ രാവിലെ മുതൽക്കേ നീണ്ട ക്യൂ പ്രത്യക്ഷപ്പെടും. പണ്ടൊക്കെ ഇവിടത്തെ ചെറുപ്പക്കാർക്ക് ഇങ്ങനെ വന്നു ക്യൂ നില്‍ക്കാന്‍ പേടിയുണ്ടായിരുന്നു. ഇന്ന് എല്ലാവർക്കും കാശൊക്കെ ആയതോടെ ആ പേടിയും പോയിട്ടുണ്ട്. നേരം ഇരുട്ടിത്തുടങ്ങുമ്പോഴേക്കും പാടങ്ങളിലൊക്കെ ഈ ചെറുപ്പക്കാരുടെ കള്ളുകുടി സഭകളാണ്. 

പൊലീസിന് പറയാനുള്ളതും ഇതേ പരാതികളാണ്. സന്ധ്യ മയങ്ങിത്തുടങ്ങിയാൽ പിന്നെ അവർക്ക് പിടിപ്പത് പണിയാണ്. ഈ കള്ളും കുടിച്ചുകൊണ്ട് ഇറങ്ങി നടക്കുന്നവരെ പിടിക്കലും, അവർ തമ്മിലുണ്ടാകുന്ന കയ്യാങ്കളികൾക്കും തല്ലിനും ഒക്കെ പരിഹാരമുണ്ടാക്കലും കേസ് ചാർജ്ജ് ചെയ്യലും തന്നെ പണി എന്നായിട്ടുണ്ട് പൊലീസിന്. മദ്യം കൈകൊണ്ടു പോലും തൊടാത്ത അപൂർവം  കർഷകർക്കാവട്ടെ, തങ്ങളുടെ കൃഷിയിടങ്ങളിൽ അതിക്രമിച്ചു കയറി മദ്യപിച്ച് കുപ്പിയും ഉപേക്ഷിച്ചിട്ട് പോകുന്നവരെക്കുറിച്ചുള്ള പരാതികളുമുണ്ട്. 
 


 

വിമാനത്താവളത്തിനുള്ള നഷ്ടപരിഹാരം ലഭിച്ചപ്പോൾ, അതിന്റെ വീതം വന്നുകയറി പലരുടെയും അക്കൗണ്ടുകളിൽ ലക്ഷങ്ങൾ ക്രെഡിറ്റായി. അന്നുവരെ പലർക്കും വല്ലപ്പോഴുമൊക്കെ മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു എങ്കിലും, അത് സ്ഥിരമാക്കാനുള്ള സാമ്പത്തികം കൃഷിയിൽ നിന്ന് അവർക്ക് ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മദ്യപാനവും പരിധിവിട്ട് പോയിരുന്നില്ല. ഇന്ന് അക്കൗണ്ടിൽ പൂത്തകാശ് വന്നതോടെ അവർക്ക് കുടിക്കുംമുമ്പ് രണ്ടാമതൊന്നു ചിന്തിക്കേണ്ട ആവശ്യമില്ല എന്നായി. ദിവസം തുടങ്ങുന്നത് തന്നെ പലരും മദ്യപിച്ചുകൊണ്ടാണ്. കിടന്നുറങ്ങുന്നത്, ഭാര്യയോടും വീട്ടുകാരോടും ഒക്കെ മദ്യപിച്ച് ഉടക്കും തല്ലുമൊക്കെ ഉണ്ടാക്കിയും. അവരിൽ പലരും ഈ അമിതമായ മദ്യാസക്തി മനസ്സിലുണ്ടാക്കിയ നൈരാശ്യം മൂത്ത് ആത്മഹത്യ ചെയ്യുന്ന അവസ്ഥയിൽ വരെ എത്തി. അങ്ങനെയുള്ള നിരവധി ആത്മഹത്യകളുടെ കേസുകളാണ് ഇപ്പോൾ ജേവറിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പലരും മരിച്ചു കഴിയുമ്പോഴാണ് അവർ മദ്യത്തിന് വേണ്ടി മാത്രം ചെലവിട്ടത് ലക്ഷങ്ങളാണ് എന്ന വിവരം കുടുംബാംഗങ്ങൾ തിരിച്ചറിയുന്നത്. 

പല കുടുംബങ്ങളിലെയും മുതിർന്ന പുരുഷന്മാരുടെ ഈ മദ്യപാന ശീലത്തെ പിന്തുടർന്ന് അവരുടെ ടീനേജ് പിന്നിടാത്ത ആൺമക്കൾ പലരും അതേ ശീലം തുടങ്ങിയിട്ടുണ്ട്. വീട്ടിൽ നല്ല കാശുണ്ട് എന്നറിവുള്ളതുകൊണ്ടുതന്നെ അവർക്കൊക്കെയും വേണ്ടത് വിലകൂടിയ ബൈക്കുകളുമാണ്. ഈ ബൈക്കുകളിൽ നിന്ന് വീണുപരിക്കേറ്റ് മരിച്ചവരും ഗുരുതരാവസ്ഥയിൽ ആയവരും ഈ ഗ്രാമത്തിലുണ്ട്. കുട്ടികൾക്ക് പഠിക്കാനൊന്നും ഒരു താത്പര്യവുമില്ല. പഠിച്ച് പുറത്തിറങ്ങിയാൽ കിട്ടിയേക്കാവുന്ന തുച്ഛമായ ശമ്പളത്തിന്‍റെ ജോലി ചെയ്യേണ്ട ആവശ്യം വീട്ടിലെ സാമ്പത്തികസ്ഥിതി വെച്ച് തങ്ങൾക്കില്ല എന്നാണ് അവരുടെ തോന്നൽ. അത് അവരുടെ പഠനത്തിനുള്ള താത്പര്യം ഏറെ കുറച്ചു. പലരും ക്‌ളാസുകളിൽ തോൽക്കാനും തുടങ്ങി. 

കിട്ടിയ വമ്പിച്ച സമ്പാദ്യം എങ്ങനെ ചെലവിടണം എന്ന കാര്യത്തിൽ അവിടെ കുടുംബങ്ങൾക്കിടയിൽ മത്സരമാണ് എന്ന് തോന്നും കണ്ടാൽ. മോഡിഫൈ ചെയ്ത സ്കോർപ്പിയോകൾ, ബുള്ളറ്റുകൾ, പുതിയ ഭൂമി, ആർഭാട വിവാഹങ്ങൾ, വീട്ടുപകരണങ്ങൾ അങ്ങനെ പല വിധത്തിൽ പണം പൊട്ടിച്ചുകൊണ്ടിരിക്കുകയാണ് അവർ. ഗ്രാമത്തിലെ പുത്തൻപണം കണ്ടുകൊണ്ട് ഒരു ആഡംബര ബൈക്കുകമ്പനി തുടങ്ങിയ താത്കാലിക ഷോറൂമിൽ നിന്ന് ഒരൊറ്റ മാസം കൊണ്ട് വിട്ടുപോയത് 2  ലക്ഷം രൂപ വീതം വിലവരുന്ന 90 സൂപ്പർ ബൈക്കുകളാണ്.ആ പ്രദേശത്തെ വാഹന ഡീലർമാർക്ക് ഈ ഒരു ഗ്രാമത്തെക്കൊണ്ടുണ്ടായത് ഒരു മാസത്തിൽ മാത്രം 70  ശതമാനത്തിൽ പരം വില്പനവർദ്ധനവാണ്.


 

ഹരിയാനയിലെ ഗുഡ്ഗാവ് പ്രദേശം റിയൽ എസ്റ്റേറ്റ് രംഗത്തുണ്ടായ അപ്രതീക്ഷിത മുന്നേറ്റം കൊണ്ട് കൈവരിച്ച അതേ സാമ്പത്തിക അഭിവൃദ്ധിയാണ് ജേവറിലെ ഗ്രാമീണർക്കും ഉണ്ടായിട്ടുള്ളത്. ഗുഡ്ഗാവുകാർ അനുഭവിച്ച അതേ മനഃപ്രയാസങ്ങളാണ് ഈ അപ്രതീക്ഷിത സമ്പത്തു കൊണ്ട് ഇവിടത്തുകാർക്കും ഏറെക്കുറെ ഉണ്ടായിരിക്കുന്നത്.