'നോ ആഡഡ് ഷുഗർ' എന്ന അവകാശവാദം സംബന്ധിച്ച വിവാദത്തെ തുടർന്ന്, ഹെൽത്തി സ്നാക്ക് ബ്രാൻഡായ 'ദി ഹോൾ ട്രൂത്ത്' തങ്ങളുടെ പാക്കേജിംഗിൽ മാറ്റം വരുത്തുന്നു. 'പഞ്ചസാര ചേർത്തിട്ടില്ല' എന്നതിന് പകരം 'സ്വീറ്റൻഡ് വിത്ത് ഡേറ്റ്സ്' എന്ന് ലേബൽ ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. 

തങ്ങളുടെ ഉൽപ്പന്നങ്ങളിലെ 'നോ ആഡഡ് ഷുഗർ' എന്ന അവകാശവാദം മാറ്റി, പകരം 'സ്വീറ്റൻഡ് വിത്ത് ഡേറ്റ്സ്' എന്ന് രേഖപ്പെടുത്താൻ പ്രമുഖ ഹെൽത്തി സ്നാക്ക് ബ്രാൻഡായ 'ദി ഹോൾ ട്രൂത്ത്' തീരുമാനിച്ചു. എതിരാളികളായ ചോക്ലേറ്റ് ബ്രാൻഡ് 'പോൾ & മൈക്ക്' നൽകിയ പരാതിയെത്തുടർന്ന്, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക്കേജിംഗിൽ മാറ്റം വരുത്താൻ കമ്പനി തയ്യാറായത്.

Add Asianetnews as a Preferred SourcegooglePreferred

'ദി ഹോൾ ട്രൂത്ത്' തങ്ങളുടെ ഉൽപ്പന്നങ്ങളിൽ മധുരത്തിനായി ഈന്തപ്പഴപ്പൊടി (date powder) ഉപയോഗിക്കുന്നുണ്ടെന്നും, എന്നിട്ടും 'പഞ്ചസാര ചേർത്തിട്ടില്ല' എന്ന് ലേബൽ ചെയ്യുന്നത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കാണിച്ച് 2024 -ലാണ് പോൾ & മൈക്ക് FSSAI-ക്ക് പരാതി നൽകിയത്. ഈ വിവാദങ്ങൾക്ക് പിന്നാലെ, തങ്ങളുടെ ചോക്ലേറ്റിന്റെ ലേബലിംഗുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളിൽ വ്യക്തത വരുത്തിക്കൊണ്ട് 'ദി ഹോൾ ട്രൂത്ത്' സഹസ്ഥാപകനും സി.ഇ.ഒയുമായ ശശാങ്ക് മേത്ത രംഗത്തെത്തി. ലേബലിൽ മാറ്റം വരുത്തുമെങ്കിലും ഉൽപ്പന്നത്തിന്റെ ഗുണനിലവാരത്തിൽ മാറ്റമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച വീഡിയോയിൽ, ‘ആഡഡ് ഷുഗർ’ (പുറമേ നിന്ന് ചേർക്കുന്ന പഞ്ചസാര) എന്നതിന്റെ സാങ്കേതിക നിർവചനത്തെച്ചൊല്ലിയാണ് ഈ ആശയക്കുഴപ്പം ഉണ്ടായതെന്ന് ശശാങ്ക് മേത്ത അവകാശപ്പെട്ടു. ചോക്ലേറ്റിന്റെ ചേരുവകളിൽ യാതൊരു മാറ്റവുമില്ലെന്നും, അതിൽ ഇപ്പോഴും 71% കൊക്കോയും 29% ഈന്തപ്പഴവും തന്നെയാണ് അടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈന്തപ്പഴപ്പൊടിയെ ഒരു ചേരുവയായി കണക്കാക്കുന്നതിൽ നിയമപരമായ ചില അവ്യക്തതകൾ ഉണ്ടെന്ന് സമ്മതിച്ച മേത്ത, അതോറിറ്റിയുടെ നിർദ്ദേശപ്രകാരമുള്ള മാറ്റങ്ങൾ പാക്കറ്റിൽ വരുത്താൻ വൈകിയത് തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നും തുറന്നുപറഞ്ഞു.

'ഈ ചേരുവയെ എങ്ങനെ തരംതിരിക്കണം എന്നതിൽ ചില നിയമപരമായ വ്യക്തതക്കുറവുകൾ ഉണ്ട്. അതുകൊണ്ടാണ് 'നോ ആഡഡ് ഷുഗർ' എന്നതിന് പകരം 'സ്വീറ്റൻഡ് വിത്ത് ഡേറ്റ്സ്' എന്ന് എഴുതാൻ ഞങ്ങളോട് ആവശ്യപ്പെട്ടത്. ഞങ്ങൾ അത് പൂർണ്ണമായി അംഗീകരിക്കുന്നു. എന്നാൽ, ഈ മാറ്റം പാക്കറ്റുകളിൽ നടപ്പിലാക്കാൻ ഞങ്ങൾ കുറച്ച് വൈകിപ്പോയി എന്നത് സത്യമാണ്, അത് ഞങ്ങളുടെ തെറ്റാണ്. പക്ഷേ, ഇത് പാക്കറ്റിലെ ലേബലിൽ വരുത്തുന്ന ഒരു മാറ്റം മാത്രമാണ്. നിങ്ങളുടെ ഉൽപ്പന്നത്തിന്റെ ഗുണമേന്മയിലോ, എപ്പോഴും സത്യസന്ധമായ കാര്യങ്ങൾ മാത്രം നിങ്ങളോട് പങ്കുവെക്കുമെന്ന ഞങ്ങളുടെ ഉറപ്പിലോ യാതൊരു മാറ്റവുമില്ല' എന്നും അദ്ദേഹം വ്യക്തമാക്കി.