സിപിഐ നേതാവും മുൻ ജെഎൻയു വിദ്യാർത്ഥിയൂണിയൻ നേതാവുമായ കനയ്യ കുമാർ ഇന്ന് ഒരു മഹായാത്രയുടെ നടുവിലാണ്. ഈ യാത്ര പൗരത്വ നിയമ ഭേദഗതിയെപ്പറ്റി ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. ഈ യാത്രകളിൽ പതിനായിരക്കണക്കിന് പേരാണ് അദ്ദേഹത്തെ നേരിട്ടുകാണാനും കനയ്യയുടെ പ്രസംഗം കേൾക്കാനുമായി തടിച്ചു കൂടിക്കൊണ്ടിരിക്കുന്നത്. 

എൻആർസിക്കെതിരെ മുസ്ലീങ്ങൾ മാത്രമാണ് സമരം നടത്തുന്നത് എന്ന പ്രചാരണം തെറ്റാണ് എന്ന് ബിഹാറിൽ തന്റെ യാത്രയിൽ സംബന്ധിക്കാനെത്തുന്ന പതിനായിരക്കണക്കായ ജനങ്ങൾ തെളിയിച്ചു കഴിഞ്ഞു എന്ന് കനയ്യ പറഞ്ഞു. മുസ്ലിങ്ങൾക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ അനിശ്ചിതകാലമായി സമരങ്ങൾ നടക്കുന്നുണ്ട് എന്നത് ശരിതന്നെ. ആ ഒരു സമരം അതിന്റെ വഴിക്ക് നടന്നുകൊണ്ടിരിക്കുക തന്നെയാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നാണ് ഷാഹീൻ ബാഗ്.  താൻ ആഗ്രഹിക്കുന്നത് ആ ഒരു ലെവലിൽ നിന്ന് ഈ സമരത്തെ പൊതുജനങ്ങളിലേക്ക് എത്തിക്കാനാണ് എന്ന് അദ്ദേഹം പറഞ്ഞു. 

"എൻആർസി ഒരു മതവിഭാഗത്തിൽ പെട്ടവരെ മാത്രം ബാധിക്കുന്നതാണ് എന്നത് ഒരു തെറ്റിദ്ധാരണയാണ്. അസമിലെ കാര്യം തന്നെ എടുത്തുനോക്കുക. എൻആർസിയിൽ നിന്ന് അവിടെ പുറത്താക്കപ്പെട്ടത് 19 ലക്ഷം പേരാണ്. അതിൽ അതിൽ പതിനഞ്ചു ലക്ഷം പേര് മുസ്ലിം ഇതര വിഭാഗങ്ങളിൽ പെട്ടവരാണ്. അവിടെ മാത്രം എൻആർസി നടപ്പിൽ വരുത്തിയപ്പോൾ ഇതാണ് അവസ്ഥയെങ്കിൽ ഇന്ത്യയിൽ മുഴുവൻ അത് നടപ്പിലാക്കുമ്പോൾ എന്താവും അവസ്ഥ? അതിന്റെ ആദ്യഘട്ടമാണ് ഇപ്പോൾ വന്നിട്ടുള്ള എൻപിആറിന്റെ ഡാറ്റ ശേഖരണത്തിനുള്ള ഗസറ്റ് വിജ്ഞാപനം. എൻപിആർ തന്നെയാണ് എൻആർസി. 

ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ, 'എൻപിആറിന്റെ മുട്ടയിൽ നിന്നാണ് എൻആർസിയുടെ കോഴിക്കുഞ്ഞ് പുറത്തേക്ക് വരാൻ പോകുന്നത്. ആദ്യഘട്ടമായി എൻപിആർ നടപ്പിലാക്കും അവർ. സർക്കാരുദ്യോഗസ്ഥർ നിങ്ങളുടെ വീട്ടിൽ വന്ന് ഡാറ്റ ശേഖരിച്ചുകൊണ്ടു പോകും. ചോദ്യങ്ങൾ ചോദിച്ച് ഉത്തരങ്ങളും കൊണ്ട് തിരിച്ചു പോകും. ആ ചോദ്യങ്ങൾക്ക് നിങ്ങൾ നൽകുന്ന ഉത്തരങ്ങളെ അടിസ്ഥാനപ്പെടുത്തി അവർ സംശയാസ്പദമായ പൗരന്മാരുടെ ലിസ്റ്റ് (Doubtful Citizen's list) ഉണ്ടാക്കും. ഈ ലിസ്റ്റിൽ പെടുന്നവരോട് അവർ രേഖകൾ ആവശ്യപ്പെടും. ആരുടെ കയ്യിലാണോ വേണ്ട രേഖകൾ ഇല്ലാത്ത അവരുടെ പേര് എൻആർസിയിൽ നിന്ന് ഒഴിവാക്കി അവർ അന്തിമലിസ്റ്റ് പുറപ്പെടുവിക്കും. ആ ലിസ്റ്റിൽ വരുന്നവർക്കാകും നാഷണൽ സിറ്റിസൺസ് കാർഡ് കൊടുക്കുക. ഈ ബൃഹദ് പ്രക്രിയയുടെ ആദ്യത്തെ ഘട്ടം അവർ തുടങ്ങിക്കഴിഞ്ഞു. 

അസമിൽ നിന്ന് നമ്മൾ പഠിക്കേണ്ട പാഠമിതാണ്, ഈ പ്രക്രിയയിൽ പ്രയാസം അനുഭവിക്കാൻ പോകുന്നത് മുസ്ലിങ്ങൾ മാത്രമല്ല. പാവപ്പെട്ടവർ ആയിരിക്കും. അതിന് മതഭേദമുണ്ടാവില്ല. ആദിവാസികൾ, നാടോടികൾ, ദളിതന്മാർ, സ്ത്രീകൾ, ജന്മനാടുവിട്ട് മറ്റുള്ളിടങ്ങളിൽ ചെന്നുകിടന്ന് കൂലിപ്പണിയെടുക്കുന്ന പാവങ്ങൾ അവരൊക്കെ ഇതിൽ കുടുങ്ങും. ഇവർ ഇപ്പോൾ ചെയുന്നതെന്താണ് എന്ന് നിങ്ങൾക്കറിയുമോ? രേഖകളിലെ ചെറിയ തെറ്റുകൾ ചൂണ്ടിക്കാണിച്ച് നിങ്ങളെ ലിസ്റ്റിൽ നിന്ന് പുറത്താക്കുകയാണ് അധികാരികൾ അസമിൽ ചെയ്തു കാണിച്ചത്. രേഖകളുടെ കാര്യം പറഞ്ഞാൽ, രാജ്യത്തെ നാൽപതു മുതൽ അമ്പത് ശതമാനം പേർക്കും കൃത്യമായ രേഖകൾ എല്ലാമൊന്നും ഇല്ല എന്നതാണ് വാസ്തവം.  മുസ്ലീങ്ങളെ മുന്നിൽ നിർത്തി, അവരുടെ പേരും പറഞ്ഞ് രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ട ജനങ്ങളെ ആശയക്കുഴപ്പത്തിൽ ചാടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. 

എന്നാൽ, പ്രതിഷേധങ്ങളുടെ ഫലമായി അവരുടെ ശാഠ്യത്തിൽ നേരിയ അയവു വന്നിട്ടുണ്ട് എന്നത് ആശാവഹമാണ്. കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞത്, 'ഗോലി മാരോ' പോലുള്ള പ്രസ്താവനകൾ ആസ്ഥാനത്തായിപ്പോയി എന്നാണ്. ഷാഹീൻ ബാഗിൽ സമരത്തിലിരിക്കുന്ന സ്ത്രീകൾക്ക് 'കറണ്ടടിപ്പിക്കാൻ' ദില്ലിയിലെ വോട്ടർമാരോട് ആവശ്യപ്പെട്ട് ചീറ്റിപ്പോയ ആളാണ് പറയുന്നത് എന്നോർക്കണം. അതായത്, അവനവൻ പറഞ്ഞതിൽ നിന്ന് പിന്നോട്ടടിച്ചു എന്നല്ലേ മനസ്സിലാക്കേണ്ടത്? ആഭ്യന്തരമന്ത്രി ഇടയ്ക്കിടെ മാധ്യമങ്ങളോട് പറഞ്ഞത് രാജ്യവ്യാപകമായി എൻആർസി നടപ്പിലാക്കും എന്നുതന്നെയാണ്. പ്രധാനമന്ത്രിക്ക് റാം ലീലാ മൈതാനത്ത്  വന്ന്, ഇല്ല, ഇപ്പോൾ ഇല്ല എന്ന് പറയേണ്ടി വന്നത് കണ്ടില്ലേ? അതായത് അവരിൽ ഈ പ്രതിഷേധങ്ങൾ സ്വാധീനം ചെലുത്തുന്നുണ്ട് എന്നുതന്നെയാണ് അർത്ഥം. 

ഇപ്പോൾ അവർ ചെയ്യുന്നത് സിഎഎയുടെ പേരും പറഞ്ഞ് ഹിന്ദുക്കളെ കബളിപ്പിക്കുകയാണ്. എൻആർസിയിൽ പൗരത്വം നഷ്ടമായാൽ അത് സിഎഎ വഴി തിരിച്ചു തരാം എന്നാണ് വാഗ്ദാനം. പൗരത്വം കിട്ടണമെങ്കിൽ ആദ്യം അത് പോവേണ്ടി വരില്ലേ? അങ്ങനെ പോകുമ്പോൾ പൗരത്വത്തോടൊപ്പം നഷ്ടമാവുക പൗരാധികാരങ്ങൾ കൂടിയാകും. പൗരൻ എന്ന നിലയിൽ നിങ്ങളാർജ്ജിച്ച സ്വത്തുക്കൾ ജപ്തി ചെയ്യപ്പെടും. കാര്യങ്ങൾ അവിടെ എത്തുമ്പോൾ മാത്രമാണ് ജനങ്ങൾ ഇതിന്റെ ആപത്ത് തിരിച്ചറിയുക. അന്ന് പൗരത്വ വിഷയത്തിൽ ഇപ്പോഴുള്ള ഈ നയം തന്നെ തിരുത്താൻ ജനങ്ങൾ കേന്ദ്രത്തെ നിർബന്ധിതമാകും, നിങ്ങൾ കാത്തിരുന്ന് കണ്ടോളൂ"

ജൻഗൺമൻ യാത്രയ്ക്കിടെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്  നടത്തിയ പ്രസംഗത്തിൽ കനയ്യ കുമാർ പറഞ്ഞു.