ഇന്ന് 'ലോക വിസ്‌കി ദിനം'. മെയ് മാസത്തിലെ മൂന്നാമത്തെ ശനിയാഴ്ചയാണ് ലോകമെമ്പാടും ലോക വിസ്കി ദിനമായി എല്ലാക്കൊല്ലവും ആഘോഷിച്ചു പോരുന്നത്. 2012-ൽ അബർഡീൻ സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന ബ്ലെയർ ബോമാൻ ആണ് ഈ പേരിൽ ഒരു വെബ്‌സൈറ്റ് തുടങ്ങുന്നത്. അതിനെ പിൻപറ്റിയാണ് പിന്നീട് വിസ്‌കി നിർമാണകമ്പനികളുടെ കൂടി ഉത്സാഹത്തിൽ വർഷാവർഷം 'വിസ്‌കീമാഹാത്മ്യം' വിളംബരം ചെയ്യുന്ന ഈ ആഘോഷം നടക്കാൻ തുടങ്ങിയത്. വിസ്‌കി എന്ന പേരിന്റെ ഉത്ഭവം ഗാലികിലെ 'Uisge beatha' എന്ന വാക്കിൽ നിന്നുമാണ്. 'ജീവജലം' എന്നാണ് മലയാളത്തിൽ അതിന്റെ ഏകദേശാർത്ഥം.  വിസ്‌കി അയർലണ്ടിന്റെ ദേശീയ പാനീയമായിരിക്കാം. പക്ഷേ ഇന്നത് അവർക്കുമാത്രം സ്വന്തമല്ല, ലോകമെമ്പാടും ആരാധകരുള്ള ഒരു പാനീയമാണ്.  അതിന്റെ വിശേഷവൈവിധ്യങ്ങൾ ഏറെ പ്രസിദ്ധമാണ്.   വിസ്‌കിയ്ക്ക്, വിശിഷ്യാ  'സിംഗിൾ മാൾട്ട്' പോലുള്ള സ്കോച്ച്  വിസ്‌കികൾക്ക് മദ്യങ്ങളുടെ പട്ടികയിൽ  അഭിജാതമായ ഒരു സ്ഥാനമുണ്ട്

വിഖ്യാത ചിന്തകനായ ബർണാഡ് ഷാ വിസ്‌കിയെ വിളിച്ചത് 'ലിക്വിഡ് സൺഷൈൻ' എന്നാണ്. വളരെ വലിയൊരു ചരിത്രം, ഏറെ സങ്കീർണ്ണമായ രുചിഭേദങ്ങൾ, ബ്രാൻഡ് വാല്യൂവിനേയും കാലപ്പഴക്കത്തെയും ആശ്രയിച്ച് വിലയിൽ വരുന്ന ഏറ്റക്കുറച്ചിലുകൾ - അങ്ങനെ പലതും അറിയാനുണ്ട് വിസ്‌കിയെപ്പറ്റി, ഈ ലോക വിസ്‌കി  ദിനത്തിൽ.  

പലരും, വിസ്‌കിസംബന്ധമായ കാര്യങ്ങളിൽ വല്ലാത്ത ആധികാരികത അവകാശപ്പെടുന്നവരാണ്. എന്നാൽ ഒരു യഥാർത്ഥ വിസ്‌കിപ്രേമി പുതിയ വിവരങ്ങൾക്ക് മുന്നിൽ എന്നും വിനയാന്വിതനായി നിൽക്കുന്ന ഒരാളായിരിക്കും. 

ആദ്യമായി 'ഡിസ്റ്റിലിങ്' അഥവാ വാറ്റ് എന്ന പ്രക്രിയ നടത്തിയത് അറബ് ആൽകെമിസ്റ്റായ അബു മൂസാ ജാബിർ ഇബ്ൻ ഹയ്യാൻ ആണ്.

വിസ്‌കി, സ്കോച്ച്, ബോർബൺ - വ്യത്യാസങ്ങൾ എന്തൊക്കെ...? 

വലിയ വിസ്‌കി വിദഗ്ധർക്കുപോലും ഈ ഒരു ലളിതമായ ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം അറിയില്ല. ചോദ്യം ഒരിത്തിരി കുഴക്കുന്നതാണ് താനും. വിസ്‌കി എന്നത് മദ്യത്തിന്റെ ഒരിനത്തിനുള്ള വർഗ്ഗീകരണ നാമമാണ്. അതിനു കീഴിലാണ്  സ്കോച്ചും ,  ബോർബണും മറ്റും വരുന്നത്. ഇതിനു രണ്ടിനും ആ പേരുകൾ കിട്ടിയത്  അവ ഉത്പാദിപ്പിക്കപ്പെടുന്ന സ്ഥലങ്ങളിൽ നിന്നുമാണ്. സ്കോട്ട്ലൻഡിൽ ഉത്പാദിപ്പിക്കപ്പെടുന്നത് സ്കോച്ച്. കെന്റക്കിയിലെ ബോർബൺ കൗണ്ടിയിൽ കാച്ചുന്നത് ബോർബൺ. ഒന്ന് യൂറോപ്യൻ, മറ്റൊന്ന് അമേരിക്കൻ. 

എവിടെയായിരുന്നു ആദ്യത്തെ വാറ്റ്..? 

അയർലണ്ടുകാരും സ്കോട്ട്ലൻഡുകാരും ഒരേസ്വരത്തിൽ അവകാശപ്പെടുന്നത് വിസ്‌കി കണ്ടുപിടിച്ചവർ തങ്ങളാണ് എന്നാണ്. കെയ്റ്റ് ഹോപ്കിൻസ് എന്ന ലേഖിക തന്റെ '99 Drams of Whiskey' എന്ന പുസ്തകത്തിൽ പറയുന്നത് രണ്ടു രാജ്യങ്ങൾക്കും അക്കാര്യത്തിൽ യാതൊരു തെളിവുമില്ല ഹാജരാക്കാനെന്നാണ്. എന്തായാലും,  ആദ്യമായി വാറ്റു നടക്കുന്നത് 800 AD'യിലാണ്.  ആദ്യമായി 'ഡിസ്റ്റിലിങ്' അഥവാ വാറ്റ് എന്ന പ്രക്രിയ നടത്തിയത് അറബ് ആൽകെമിസ്റ്റായ അബു മൂസാ ജാബിർ ഇബ്ൻ ഹയ്യാൻ ആണ്.  മക് വീസ് അഥവാ ബീറ്റൻസ് എന്ന ഒരു വൈദ്യകുടുംബമാണ് ആദ്യമായി അറബ് ആൽക്കെമി പുസ്തകങ്ങളിൽ നിന്നും വെള്ളത്തെ വീഞ്ഞായി മൊഴിമാറ്റുന്ന അത്ഭുതവിദ്യയായ വാറ്റിന്റെ പ്രാഥമിക പാഠങ്ങൾ കണ്ടെടുക്കുന്നത്.

തങ്ങളുടെ ഉപജീവനമാർഗമായ ചികിത്സയ്ക്കുവേണ്ടി അയർലണ്ടുമായും സ്കോട്ട്ലൻഡുമായും ബന്ധങ്ങൾ വെച്ചുപുലർത്തിയിരുന്നവരായിരുന്നു  മക് വീസ്/ ബീറ്റൻസ് എന്നത് ഇതിന്റെ ഉത്പത്തിയിലെ ദുരൂഹത ഏറുന്ന ഒന്നാണ്. എന്തായാലും, അതങ്ങനെ തന്നെ നിന്നോട്ടെ...

വിസ്‌കി  നിർമ്മാണത്തിന്റെ പ്രാഥമിക പ്രക്രിയകൾ 

ധാന്യങ്ങളാണ് വിസ്‌കിയുടെ മുഖ്യ ചേരുവ. ധാന്യങ്ങൾ - നെല്ല്, ബാർലി, ഗോതമ്പ്, ചോളം എന്നിവയിൽ ഏതെങ്കിലും പൊടിക്കുന്നു. വെള്ളം ചേർത്ത് മാഷ് അഥവാ ഒരു കുഴമ്പ് പരുവത്തിനാക്കുന്നു. ഇതിനെ തിളപ്പിച്ച ശേഷം തണുപ്പിക്കുന്നു. ഫെർമെന്റേഷൻ അഥവാ പുളിക്കൽ നടക്കാൻ വേണ്ടി യീസ്റ്റ് ചേർക്കുന്നു. യീസ്റ്റ് ധാന്യങ്ങളിൽ പഞ്ചസാരയുടെ അംശത്തെ ആൽക്കഹോളാക്കി മാറ്റുന്നു.  പുളിച്ചു കിട്ടുന്ന സാധനമാണ് നമ്മുടെ നാട്ടിൽ വാഷ് അഥവാ കോട നിന്നു വിളിക്കുന്ന ദ്രാവകം. അതിനെ വാറ്റി എടുക്കുന്നതാണ് വിസ്‌കി. ഇതിനെ വർഷങ്ങളോളം, മരവീപ്പകളിൽ സൂക്ഷിച്ചുവെച്ചുകൊണ്ടാണ് വിസ്കി ഉണ്ടാക്കിയെടുക്കുന്നത്. ഇതിൽ ഉപയോഗിക്കുന്ന ധാന്യവും, ഡിസ്റ്റിലറി സ്ഥിതി ചെയ്യുന്ന സ്ഥലവും മാറുന്നതിനനുസരിച്ച് വിസ്‌കിയുടെ പേരും പ്രശസ്തിയും വ്യത്യാസപ്പെടുന്നു. 


 

സ്കോച്ച് : സ്കോച്ച് ഉണ്ടാക്കുന്നത് വെള്ളവും മാൾട്ടഡ് ബാർലിയും ചേർത്താണ്. ഒന്നാം ഘട്ടം : മാൾട്ടിങ് - വെള്ളത്തിൽ മുക്കിവെച്ച് ബാർലി മുളപ്പിക്കുന്ന പരിപാടിക്കാണ് 'മാൾട്ടിങ്' എന്ന് പറയുന്നത്.  രണ്ടാം ഘട്ടത്തിൽ, മുളപ്പിച്ച ബാർലിയെ ഉണക്കിയെടുക്കാനായി അവർ  അവിടുത്തെ ചതുപ്പുനിലങ്ങളിലെ പായലും ചെടികളും അനേകായിരം വർഷം ജീർണിച്ചുണ്ടാകുന്ന, ഏതാണ്ട് കൽക്കരി പോലിരിക്കുന്ന 'പീറ്റ്'എന്ന ഒരു സാധനം കത്തിച്ചു പുകയിടും.  അപ്പോൾ ആ പുകസ്വാദ് ബാർലിയിലേക്ക് കേറുന്നു. അതാണ് വിസ്‌കിയുടെ ഫ്ലേവർ ആയി മാറുന്നത്. മൂന്നാം ഘട്ടത്തിൽ, ഇങ്ങനെ ഉണങ്ങിക്കിട്ടുന്ന മുളപ്പിച്ച ബാർലിയെ  പൊടിച്ചെടുത്ത്, വെള്ളവും ചേർത്ത് മാഷ് ഉണ്ടാക്കുന്നു.  നാലാം ഘട്ടമാണ് അതിനെ യീസ്റ്റും ചേർത്ത് പുളിപ്പിച്ച് വാഷ് അഥവാ കോട ഉണ്ടാക്കുന്നത്. അഞ്ചാം ഘട്ടമാണ് ഡിസ്റ്റിലിങ് അഥവാ വാറ്റ്. വാഷിനെ 94.8 ശതമാനം ആൽക്കഹോളായി ഡിസ്റ്റിൽ ചെയ്തെടുക്കുന്നു. ഇങ്ങനെ കിട്ടുന്ന ആൽക്കഹോളിനെ വലിയ ഓക്കുമര ബാരലുകളിൽ നിറച്ച് വെള്ളവും ഒരു കലർപ്പും കൂടാതെ സൂക്ഷിക്കുന്നു.  ആറാം ഘട്ടം ഇതിനെ പാകപ്പെടുത്തി എടുക്കലാണ്. മൂന്നു വർഷമെങ്കിലും ഇങ്ങനെ സൂക്ഷിച്ചു കിട്ടുന്ന മദ്യത്തെ കുറഞ്ഞത് 40  ശതമാനമെങ്കിലും വീര്യത്തിൽ  ബോട്ടിൽ ചെയ്തെടുക്കുന്നതാണ്  സ്കോച്ച് എന്ന വിസ്‌കി. മേൽപ്പറഞ്ഞ പ്രക്രിയ വളരെ കർക്കശമായി പിന്തുടരുന്നതും, സ്കോട്ട്ലൻഡിൽ ഡിസ്റ്റിൽ ചെയ്യുന്നതുമായ വിസ്‌കിയ്ക്കു മാത്രമേ സ്കോച്ച് എന്ന് പറയാവൂ എന്നാണ് അലിഖിത നിയമം. 


 ഒരൊറ്റ ഡിസ്റ്റിലറിയിൽ, മാൾട്ടഡ് ബാർലിയിൽ നിന്നും ഡിസ്റ്റിൽ ചെയ്തെടുക്കുന്ന  വിശേഷയിനം സ്‌കോച്ചാണ് സിംഗിൾ മാൾട്ട് സ്കോച്ച്.

 

എന്താണീ സിംഗിൾ മാൾട്ട്...? 

ഒരൊറ്റ ഡിസ്റ്റിലറിയിൽ, മാൾട്ടഡ് ബാർലിയിൽ നിന്നും ഡിസ്റ്റിൽ ചെയ്തെടുക്കുന്ന  വിശേഷയിനം സ്‌കോച്ചാണ് സിംഗിൾ മാൾട്ട് സ്കോച്ച്.  ബാർലിക്കൊപ്പം, മറ്റു ധാന്യങ്ങളുടെ മാഷും ചേർത്ത് എന്നാൽ ഒരേയൊരു ഡിസ്റ്റിലറിയിൽ മാത്രം ഡിസ്റ്റിൽ ചെയ്തെടുക്കുന്നതാണ് സിംഗിൾ ഗ്രെയിൻ സ്കോച്ച്. 'ബ്ലെൻഡഡ്‌ സ്കോച്ച്' എന്നതോ, പല ഡിസ്റ്റിലറികളിൽ നിർമിച്ച പലയിനം വിസ്‌കികളുടെ ഒരു സങ്കലനവും. 
 

ഐറിഷ് വിസ്‌കി : അയർലണ്ടിൽ ഏതാണ്ട് മേല്പറഞ്ഞ പ്രക്രിയകളിലൂടെ തന്നെ നിർമിക്കപ്പെടുന്ന വിസ്‌കിയെ മാത്രമേ ഐറിഷ് വിസ്‌കി എന്ന് വിളിക്കാവൂ. 

ബോർബൺ : ബോർബണിന്റെ മാഷ് അഥവാ ധാന്യക്കുഴമ്പ്, 51  ശതമാനമെങ്കിലും ചോളം ചേർന്നതാവണം എന്നുണ്ട്.  80  ശതമാനത്തിലേക്ക് വാറ്റിയെടുക്കുന്ന ആൽക്കഹോളിന്റെ വെള്ളം ചേർത്ത് നേർപ്പിച്ച് 62.5 ശതമാനമാക്കിഎടുത്ത്, പഴയ ഓക്ക് ബാരലുകളിൽ സൂക്ഷിച്ച് പഴക്കം വരുത്തി, നാൽപതു ശതമാനത്തിൽ കുറയാതെ ബോട്ടിൽ ചെയ്തെടുത്താൽ അത് ബോർബോൺ എന്ന് വിളിക്കപ്പെടും. 

ടെന്നസി വിസ്‌കി : അമേരിക്കയിലെ ടെന്നസി സ്റ്റേറ്റിൽ നിർമിക്കപ്പെടുന്ന ഈ വിശേഷയിനം വിസ്‌കി ഷുഗർ മേപ്പിൾ ചാർക്കോളിലൂടെ അരിച്ചെടുത്ത് നിർമിക്കപ്പടുന്നതാണ്. 

അമേരിക്കൻ റൈ വിസ്‌കി : റൈ അഥവാ കമ്പ് എന്ന ധാന്യത്തിൽ നിന്നുണ്ടാക്കുന്ന മാഷ് ഉപയോഗിച്ചുമാത്രം നിര്മിക്കുന്ന വിസ്കിയാണ്  റൈ വിസ്‌കി എന്നറിയപ്പെടുന്നത്. 
 
വിസ്‌കിയുടെ ഗുണം അളക്കുന്നത് അതിന്റെ ഗന്ധം, നിറം, വായിലേക്ക് എടുക്കുമ്പോൾ ഉണ്ടാവുന്ന ഫീൽ,  സ്വാദ് എന്നിവയെ ആസ്പദമാക്കിയാണ്. വിസ്‌കി ഡിസ്റ്റിൽ ചെയ്‌തെടുക്കുന്ന പ്രക്രിയ ദിവസങ്ങൾ മാത്രം എടുക്കുന്ന ഒന്നാണ്. അത് പാകമായി വരുന്നതിനാണ് കാലതാമസം. വിസ്‌കിയെ പാകപ്പെടുത്താൻ  സൂക്ഷിക്കുന്ന ബാരലും, സൂക്ഷിക്കുന്ന സാഹചര്യങ്ങളും കാലാവസ്ഥയും മറ്റും അതിന്റെ ഗുണത്തെ സ്വാധീനിക്കും.പാകപ്പെടുത്താനെടുക്കുന്ന വർഷങ്ങൾക്കനുസരിച്ച് ഗുണം ഏറും, ഗുണത്തോടൊപ്പം  വിലയും. 
 
പറഞ്ഞു പറഞ്ഞ് വിസ്‌കിയെ ഏതാണ് അമൃതോളം എത്തിച്ച സ്ഥിതിക്ക് ഒന്നു കൂടി പറയാം. 'അധികമായാൽ ' അമൃതും വിഷം തന്നെയാണ്. മദ്യപിക്കുക എന്ന തീരുമാനം നിങ്ങളുടെ ജീവിതത്തിൽ ചെലുത്താവുന്ന സ്വാധീനങ്ങൾ വളരെ വലുതാണ്. നിങ്ങളെയും നിങ്ങളുടെ ഉറ്റവരെയും പ്രതികൂലമായി ബാധിക്കാത്തവിധം വളരെ ഉത്തരവാദിത്തത്തോടെ തന്നെ വിസ്കി എന്ന പാനീയത്തെ സമീപിക്കാൻ എല്ലാവർക്കും സാധിക്കണം. 

ഹാപ്പി വേൾഡ് വിസ്‌കി ഡേ..!