ബിഹാറിലെ ഭാഗൽപൂർ പട്ടണത്തിൽ നിന്ന് വെറും പത്തുകിലോമീറ്റർ അകലെയുള്ള യാദവ് സമുദായക്കാർക്ക് ഭൂരിപക്ഷമുള്ള, അടുത്തടുത്ത് കിടക്കുന്ന രണ്ടു ഗ്രാമങ്ങളാണ് കോയ്‌ലി, ഖുട്ടാഹ എന്നിവ. ബീഹാർ സംസ്ഥാനത്തിലെ മറ്റുള്ള ഗ്രാമങ്ങളിലെ അവസ്ഥ വെച്ച് താരതമ്യപ്പെടുത്തി നോക്കിയാൽ, ഏറെ പുരോഗമിച്ച രണ്ടു ഗ്രാമങ്ങളാണ് ഇവ എന്നുവേണം പറയാൻ. വീടുകളിൽ പലതും കോൺക്രീറ്റുകൊണ്ടുള്ള അടച്ചുറപ്പുള്ള കെട്ടിടങ്ങളാണ്. പലതിന്റെയും മുന്നിൽ ബൈക്കുകളും കാറുകളും ഒക്കെ പാർക്ക് ചെയ്തു കിടക്കുന്നത് കാണാം. 

ഈ രണ്ടു ജനതുരുത്തുകളിലും കൂടി ആകെ താമസമുള്ളത് ഏകദേശം പതിനായിരത്തോളം പേരാണ്. വികസനം കെട്ടുറപ്പുള്ള വീടുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഈ പ്രദേശത്ത് പൊട്ടിപ്പൊളിഞ്ഞ ഓടകളും, കുളമായിക്കിടക്കുന്ന റോഡുകളുമാണ്. താമസിക്കുന്നവരിൽ ഭൂരിഭാഗവും പട്ടാളത്തിലും പൊലീസിലും ഒക്കെ ആയിരുന്നിട്ടും ഈ രണ്ടു ഗ്രാമങ്ങളിലും നല്ലൊരു സ്‌കൂളില്ല, ആശുപത്രിയില്ല, ബാങ്കോ എടിഎമ്മോ ഇല്ല. 

ബിഹാറിലെ ഈ ഗ്രാമങ്ങൾക്ക് വലിയൊരു കലാപത്തിന്റെ കൂടി കഥ പറയാനുണ്ട്. 1991 ഏപ്രിലിൽ, ഈ രണ്ടു ഗ്രാമങ്ങളിലുമുള്ള ചില വ്യക്തികൾ തമ്മിൽ ഒരു ഇലക്ട്രിക് പോസ്റ്റിന്റെ പേരിൽ തമ്മിൽ തല്ലി. കഴിഞ്ഞ 30 വർഷങ്ങൾക്കിടയിൽ, ഈ പേരും പറഞ്ഞു നടന്നിട്ടുള്ള തമ്മിൽ പോരുകളിൽ ആകെ കൊല്ലപ്പെട്ടിട്ടുളളത് ഇരുപതോളം പേരാണ്. ഈ കേസുകളുടെ പേരിൽ പരസ്പരം ചുമത്തപ്പെട്ട കേസുകളിൽ ആയി ജീവപര്യന്തം തടവിൽ ആക്കപ്പെട്ടിട്ടുള്ളത് 27 പേരാണ്. 

എല്ലാറ്റിന്റെയും തുടക്കം 1991 -ലെ ഒരു പ്രഭാതത്തിലാണ്. ഈ പ്രദേശത്തു കൂടി ഒരു റെയിൽപാത കടന്നുപോകുന്നുണ്ട്. കോയ്‌ലിക്ക് അടുത്തുകൂടി ആണ് ഈ റെയിൽപാത പോകുന്നത്. അതിന്റെ പരിസരത്താണ് ചില ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിക്കാൻ വേണ്ടി വൈദ്യുതി വകുപ്പ് അധികൃതർ വന്നെത്തുന്നു. അവർ കൊണ്ടുവന്നിറക്കിയ വൈദ്യുതി പോസ്റ്റുകൾ എല്ലാം തന്നെ ഖുട്ടാഹ ഗ്രാമത്തിൽ നിന്ന്, ഇരു ഗ്രാമങ്ങൾക്കും ഇടയിലുള്ള അഴുക്കുചാൽ കടന്നു വന്നെത്തിയ, എണ്ണത്തിൽ കൂടുതൽ ഉണ്ടായിരുന്ന ഒരു കൂട്ടം ആളുകൾ വന്ന് തങ്ങളുടെ ഗ്രാമത്തിലേക്ക് ചുമന്നുകൊണ്ടുപോയി. ഈ പോസ്റ്റുകൾ പിന്നീട് പൊലീസ് കണ്ടെടുത്തു. ഏത് വീടിന്റെ അടുത്തുനിന്നാണോ പോസ്റ്റ് കണ്ടെടുത്തത്, ആ വീട്ടുകാർക്കെതിരെ നിയമ നടപടി ഉണ്ടാകും എന്ന മട്ടിൽ പ്രചാരണം ഉണ്ടായി. 

അതോടെ ഖുട്ടാഹ നിവാസികളിൽ ചിലർ പൊലീസിനെ സഹായിച്ചു എന്ന പേരിൽ കോയ്‌ലി നിവാസികളിൽ ചിലരെ തടഞ്ഞു നിർത്തി മർദ്ദിച്ചു. ആദ്യം ചെറിയ കയ്യാങ്കളിയിൽ തുടങ്ങിയ പ്രശ്നം, താമസിയാതെ പരസ്പര സംഘർഷത്തിൽ എത്തുന്നു. വെടിവെപ്പുണ്ടാകുന്നു. പൊലീസ് ഇടപെടാതെ മാറി നിൽക്കുന്നു. വൈകുന്നേരമാകുമ്പോഴേക്കും കോയ്‌ലി ഗ്രാമത്തിലെ ഒരാൾ വെടിയേറ്റ് മരിക്കുന്നു. ആ കേസിൽ ചിലർ ജയിലിൽ അടക്കപ്പെടുന്നു. നാല് വർഷത്തിന് ശേഷം കഴിഞ്ഞ സംഘട്ടനത്തിൽ പ്രതികൾ എന്ന് സംശയിക്കപ്പെട്ടിരുന്ന മൂന്നുപേർ, ഖുട്ടാഹ ഗ്രാമത്തിൽ നിന്നുള്ളവർ, വെടിയേറ്റ് മരിക്കുന്നു. അതിനു ശേഷം 2005 നു മുമ്പായി പതിനാറു കൊലകൾ കൂടി. കഴിഞ്ഞ കൊല്ലം അവസാനത്തേതായി ഒരു കൊല കൂടി. ആകെ 20 കൊലപാതകങ്ങൾ. 

ഈ പ്രശ്നം കൊണ്ട് മറ്റൊരു കുഴപ്പം കൂടി ഉണ്ടായി. ഈ ഗ്രാമങ്ങളുടെ പടിവാതിൽക്കൽ എത്തി നിന്ന് രണ്ടു ഗ്രാമങ്ങളുടെയും വൈദ്യുതീകരണം എന്ന പ്രക്രിയ പാതിവഴിയെ മുടങ്ങിപ്പോയി. അങ്ങനെ വർഷങ്ങളോളം ഇരുട്ടിൽ കഴിഞ്ഞ ശേഷം ഈ ഗ്രാമങ്ങളിലെ ജനങ്ങൾ തങ്ങളുടെ കുടിപ്പക മറക്കാൻ തയ്യാറായി. അങ്ങനെ നിതീഷ് കുമാർ ബിഹാറിനെ മുഴുവനായി വൈദ്യുതീകരിച്ച ഒരുമ്പെട്ട 2007 -ൽ അവർ ഒരുമിച്ചു. മുൻകാല സംഘട്ടനങ്ങളും കൊലപാതകങ്ങളും പഴങ്കഥയായി. ഇന്നും വികസനം ഇവിടെ പൂർണമായും എത്തിയിട്ടില്ല. ഓരോ തിരഞ്ഞെടുപ്പിലും ഈ ഗ്രാമീണർക്ക് കിട്ടുന്ന വാഗ്ദാനങ്ങളിൽ മുക്കാലും ഏട്ടിലെ പശുക്കളായി അവശേഷിക്കുകയാണ് പതിവ്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വരുന്നവർ ആരായാലും അവർ ഈ രണ്ടു ഗ്രാമങ്ങളെയും പുരോഗതിയുടെ പാതയിലേക്ക് നയിക്കും എന്ന് ഇവിടുള്ളവർ പ്രതീക്ഷിക്കുന്നു.