സർക്കാരിന്റെ ചെറുകിട സമ്പാദ്യ പദ്ധതിയായ 'കിസാൻ വികാസ് പത്ര' വഴി ഇവരുടെ ഓരോരുത്തരുടെയും പേരിൽ 25,000 രൂപ നിക്ഷേപിച്ച് അദ്ദേഹം ചെറിയൊരു തുടക്കമിട്ടു.
ഡ്രൈവർ, വീട്ടുജോലിക്കാർ തുടങ്ങിയവർക്കൊന്നും പെൻഷനോ പിഎഫോ ഒന്നുമില്ല അല്ലേ? അതിനാൽ തന്നെ ഭാവിയിൽ ഒരു സമ്പാദ്യമുണ്ടാവുക എന്നത് ബുദ്ധിമുട്ടാണ്. ഇത് തിരിച്ചറിഞ്ഞ്, അവരുടെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടി സേവിംഗ്സ് ആരംഭിച്ച ഒരാളുടെ പോസ്റ്റാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. നരേഷ് എന്ന യൂസറാണ് എക്സിൽ (ട്വിറ്റർ) ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. തന്റെ ഡ്രൈവർക്കും വീട്ടുജോലിക്കാരിക്കും പെൻഷനോ പ്രൊവിഡന്റ് ഫണ്ടോ ഇല്ലെന്ന് താൻ തിരിച്ചറിഞ്ഞതായി നരേഷ് കുറിച്ചു.
അങ്ങനെ സർക്കാരിന്റെ ചെറുകിട സമ്പാദ്യ പദ്ധതിയായ 'കിസാൻ വികാസ് പത്ര' വഴി ഇവരുടെ ഓരോരുത്തരുടെയും പേരിൽ 25,000 രൂപ നിക്ഷേപിച്ച് അദ്ദേഹം ചെറിയൊരു തുടക്കമിട്ടു. ഈ തുക 10 വർഷം കൊണ്ട് ഇരട്ടിയാകും. എല്ലാ വർഷവും ഇതേ തുക തന്നെ നിക്ഷേപിക്കാനാണ് അദ്ദേഹം ആലോചിക്കുന്നത്. ഇങ്ങനെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ലഭിക്കാത്ത ജീവനക്കാർക്കായി സമാനമായ നിക്ഷേപങ്ങൾ നടത്താൻ മറ്റുള്ളവരോടും നരേഷ് പോസ്റ്റിൽ ആവശ്യപ്പെടുന്നുണ്ട്. 'നിങ്ങൾക്ക് വിശ്വസ്തരായ ചില ജീവനക്കാർ ഉണ്ടെങ്കിൽ, അവരുടെ റിട്ടയർമെന്റിനായി ചെറിയൊരു നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കുക. 10,000 രൂപ പോലും ഒരു തുടക്കമാണ്' എന്ന് നരേഷ് കുറിക്കുന്നു. ഇത് അവരുടെ വാർദ്ധക്യത്തിൽ സഹായകമാകും എന്നാണ് നരേഷ് പറയുന്നത്.
ജീവനക്കാരുടെ ശമ്പളത്തിനപ്പുറം അവരുടെ ദീർഘകാല സാമ്പത്തിക സുരക്ഷയെക്കുറിച്ച് ചിന്തിച്ചതിന് നരേഷിനെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി. നിങ്ങളുടെ ഹൃദയം തനിത്തങ്കമാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. ഇത് വളരെ നല്ല മാതൃകയാണ് എന്നായിരുന്നു മറ്റ് പലരുടേയും അഭിപ്രായം. എന്തായാലും, നരേഷിന്റെ പോസ്റ്റ് വായിക്കുന്ന ചിലരെങ്കിലും സമാനമായി തങ്ങളുടെ ജോലിക്കാർക്കായി സേവിംഗ്സ് തുടങ്ങിയേക്കാം അല്ലേ?


