വീട്ടിലാകെ വിവാഹത്തിന്‍റെ ഒരുക്കങ്ങൾ നടക്കുകയാണ്. എല്ലാവരുടെ മുഖത്തും നിറഞ്ഞ സന്തോഷം മാത്രം. ഷാജഹാനും മകളും വിവാഹത്തിൽ പങ്കെടുക്കാനായി നേരത്തെ സഹോദരന്‍റെ വീട്ടിലെത്തി. അവരുടെ അനന്തരവന്‍റെയായിരുന്നു വിവാഹം. എന്നാല്‍, അന്ന് സംഭവിച്ചത് മറ്റൊന്നാണ്. 45 -കാരനായ സഹീർ അഹമ്മദാണ് ഷാജഹാന്‍റെ ഭർത്താവ്. മകൾ ഷഹാനയ്‌ക്കൊപ്പം ഭർത്താവിനെ കാത്ത് അവര്‍ ഇരിക്കുകയായിരുന്നു. സഹീർ ശനിയാഴ്‍ച വരാമെന്ന് പറഞ്ഞാണ് പിരിഞ്ഞത്. എന്നാൽ, വെള്ളിയാഴ്‍ച വൈകുന്നേരം, അവരുടെ വീട്ടിൽ നിന്ന് കുറച്ചകലെയായി നടന്ന ഒരു വെടിവയ്പ്പിൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. ആയിരക്കണക്കിന് തൊഴിലാളിവർഗ്ഗ മുസ്‌ലിം കുടുംബങ്ങൾ താമസിച്ചിരുന്ന ഉത്തർപ്രദേശിലെ ലിസാരി പ്രദേശത്തായിരുന്നു സംഭവം നടന്നത്.  

സഹീർ അഹമ്മദിന് ബീഡി വലിക്കുന്ന ശീലം ഉണ്ടായിരുന്നു. അദ്ദേഹം ഒരു ബണ്ടിൽ ബീഡി വാങ്ങാനായി വൈകുന്നേരം നാല് മണിയോടെ പുറത്തിറങ്ങിയതായിരുന്നു. “പ്രദേശത്ത് കുഴപ്പമുണ്ടായതിനാൽ പുറത്തിറങ്ങരുതെന്ന് ഞാൻ ജ്യേഷ്‍ഠനോട് പറഞ്ഞതാണ്. പക്ഷേ, പെട്ടെന്ന് വരാം എന്നുപറഞ്ഞു  ജ്യേഷ്‍ഠൻ ഇറങ്ങിപ്പോയി" സഹോദരി നസ്‍മ പറഞ്ഞു.

കടയിൽ നിന്ന് ബീഡി വാങ്ങി സഹീർ അഹമ്മദ് അത് കത്തിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പെട്ടെന്ന് എവിടെനിന്നെന്നറിയാതെ വെടിയുണ്ടകൾ പൊട്ടിച്ചിതറിയത്. അതിലൊന്ന് സഹീറിന്‍റെ നെഞ്ച് പിളർന്നു. "വെടിയുടെ ഒച്ച കേട്ട് ഞാൻ നോക്കിയപ്പോൾ സഹീർ താഴെ വീഴുന്നതാണ് കണ്ടത്. ഞാൻ അവനെ എടുക്കാനായി ഓടി, പക്ഷേ അപ്പോഴേക്കും എന്‍റെ കണ്ണു പുകഞ്ഞു നീറാൻ തുടങ്ങി" അങ്ങാടിയിലെ വളക്കച്ചവടക്കാരനായ നസീം അഹമ്മദ് പറഞ്ഞു. മുന്നറിയിപ്പില്ലാതെ വെടിയുതിർത്ത പൊലീസ് അതേസമയം തന്നെ കണ്ണീർവാതകവും പ്രയോഗിക്കുകയായിരുന്നു.  

എന്നാൽ, പൊലീസിന്‍റെ വിശദീകരണം ഇങ്ങനെയാണ്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം പ്രതീക്ഷിച്ച് വെള്ളിയാഴ്ച രാവിലെ മുതൽ ലിസാരി പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ ലിസാരി റോഡിനടുത്ത് 1,000-2,000 പ്രതിഷേധക്കാർ തടിച്ചുകൂടുകയായിരുന്നു. അക്രമാസക്തരായ ജനക്കൂട്ടത്തോട്, നിരോധന ഉത്തരവുകൾ നിലവിലുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയെങ്കിലും അവർ പിരിഞ്ഞുപോയില്ല. ജനക്കൂട്ടം ഒരു പ്രകോപനവും കൂടാതെ പൊലീസിന് നേരെ വിറകും കല്ലും ഉപയോഗിച്ച് അക്രമം അഴിച്ചു വിടുകയായിരുന്നു. മൂന്ന് മുന്നറിയിപ്പുകൾ നൽകിയിട്ടും ജനക്കൂട്ടം പിരിഞ്ഞുപോകാത്തതിനെ തുടർന്ന് പൊലീസിന് കണ്ണീർ വാതക ഷെല്ലുകളും റബ്ബർ ബുള്ളറ്റുകളും പ്രയോഗിക്കേണ്ടി വന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രശാന്ത് കപിൽ ഉൾപ്പെടെ നിരവധി പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് എഫ് ഐ ആർ തയ്യാറാക്കി. 

ഏറ്റവും ദുഃഖകരമായ കാര്യം, പ്രതികളുടെ പട്ടികയിൽ അവർ കൊന്ന നിരപരാധിയായ സഹീറിന്‍റെ പേരും ഉൾപ്പെട്ടിരുന്നു. സഹീറിന്‍റെ കുടുംബവും സംഭവസ്ഥലത്ത് ഉണ്ടായിരുന്ന സുഹൃത്തുക്കളും സത്യാവസ്ഥ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ, അവർ  നൽകിയ വിവരങ്ങളെല്ലാം പൊലീസ് ഉദ്യോഗസ്ഥൻ പരിഹസിച്ചു തള്ളുകയായിരുന്നു. ഇതുപോലുള്ള ഒരു ദിവസത്തിൽ ഏതെങ്കിലും കട തുറക്കുമോ എന്ന് ഉദ്യോഗസ്ഥൻ പരിഹാസത്തോടെ ചോദിക്കുകയും ചെയ്‍തു.  

സഹീറിന്‍റെ വേർപാട് കല്യാണ വീടിനെ ഒരു മരണവീടാക്കി മാറ്റി. സഹീറിന്‍റെ ഭാര്യയും, ഒന്നുമറിയാത്ത മകളും, പിതാവും അദ്ദേഹത്തിന്‍റെ മരണത്തിന്‍റെ ആഘാതത്തിൽനിന്ന് മോചനം നേടിയിരുന്നില്ല. അപ്പോഴാണ് അദ്ദേഹത്തെ കലാപകാരിയായി പ്രഖ്യാപിക്കുന്ന പൊലീസിന്‍റെ ക്രൂരനടപടി ഉണ്ടായത്. ആകെ തകർന്നുപോയ ആ പിതാവ് മുൻഷി അഹമ്മദ് മകന്‍റെ വീട്ടിൽ ചലനമറ്റ പ്രതിമ കണക്കെ ഇരിക്കുകയാണ്. “അവർ ആദ്യം അവനെ കൊന്നു, ഇപ്പോൾ അവനെ കലാപകാരിയായി പ്രഖ്യാപിക്കുന്നു” ഒരു ബന്ധു പറയുന്നു.

“ഞങ്ങൾ അറിയാത്ത അല്ലെങ്കിൽ കാണാത്ത ഒരു സന്ദർഭത്തിലാണ് ഇത് നടന്നതെങ്കിൽ ഞങ്ങൾ ചിലപ്പോൾ അത് വിശ്വസിച്ചു പോകുമായിരുന്നു. ഇത് പക്ഷേ ഞങ്ങളുടെ കൺമുമ്പിലാണ് അവൻ മരണപ്പെട്ടത്. പൊലീസുകാർ അവനെ വെടിവച്ചു കൊല്ലുന്നത് ഞാൻ എന്‍റെ കണ്ണുകൊണ്ട് കണ്ടതാണ്. അവനെ ഒരു കലാപകാരിയായി മുദ്ര കുത്താൻ ഞങ്ങൾ അനുവദിക്കില്ല” നസീം മുഹമ്മദ് പറയുന്നു.

സംഭവസ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികളും പൊലീസിന്‍റെ വാദം അംഗീകരിക്കാൻ തയ്യാറായില്ല. അവരുടെ അഭിപ്രയത്തിൽ പൊലീസുകാരാണ് ആക്രമണത്തിന് തുടക്കമിട്ടത്. നിവൃത്തിയില്ലാതെ ആളുകൾ പ്രതികരിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു. "മെയിൻ റോഡിൽ പൊലീസുമായി ഏറ്റുമുട്ടിയശേഷം ചില പ്രതിഷേധക്കാർ ഞങ്ങളുടെ വഴിയിലേക്ക് ഓടിക്കയറി, പൊലീസ് അവരെ പിന്തുടർന്നു. ഞങ്ങളുടെ വഴിയിലേക്ക് വന്ന് പൊലീസുകാർ പെട്ടെന്ന് വെടിയുതിർക്കുകയായിരുന്നു” പേര് പറയാൻ ആഗ്രഹിക്കാത്ത ഒരാൾ പറഞ്ഞു. പൊലീസുകാർ വീടുകളുടെയും കടകളുടെയും ജനലുകളും കാറുകളുടെ വിൻഡ്‌ഷീൽഡുകളും അടിച്ച് തകർക്കുന്നത് ചില വീഡിയോകളിൽ കാണാം.

പൊലീസിന്‍റെ വെടിവയ്പ്പിൽ സഹീറിനെ കൂടാതെ മറ്റ് നാലുപേർ കൂടി മരണപ്പെട്ടിട്ടുണ്ട്. 32 -കാരനായ ടയർ മെക്കാനിക്ക് ആസിഫ് അതിലൊരാളാണ്. മുതുകിൽ വെടിയേറ്റതിനെ തുടർന്ന് മരിച്ച അദ്ദേഹത്തെയും കലാപകാരിയായി പൊലീസ് എഫ്‌ഐ‌ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രതിഷേധക്കാർ വെടിയുതിർത്താണ് ആസിഫ് മരിച്ചതെന്ന പൊലീസിന്‍റെ വാദം അദ്ദേഹത്തിന്‍റെ  അമ്മായിഅമ്മ ഷമീൻ തള്ളിക്കളഞ്ഞു. “ഞങ്ങളുടെ ആളുകൾ എന്തിനാണ് സ്വന്തം ആളുകളെ വെടിവച്ചുകൊല്ലുന്നത്?” ഷമീൻ പറഞ്ഞു. വെള്ളിയാഴ്ച പ്രാർത്ഥനയിൽ പങ്കെടുക്കാൻ ആസിഫ് പോയതാണെന്നും, അവൻ ഒരു പ്രതിഷേധത്തിന്‍റെയും ഭാഗമല്ലെന്നും അവർ കൂട്ടിച്ചേർത്തു.

ആസിഫിന്‍റെ ഏഴുമാസം ഗർഭിണിയായ ഭാര്യ ഇമ്രാന അതിനുശേഷം ആരോടും സംസാരിച്ചിട്ടില്ല. അവർ ഒരു ചെറിയ മുറിക്കുള്ളിൽ കതകടച്ചിരിക്കുകയാണ്. ഊണും ഉറക്കവുമില്ലാതെ ഒരു പ്രതികരണവുമില്ലാതെ അവൾ ആ മുറിയിൽ രാവും പകലും തള്ളിനീക്കുന്നു. ഭീതിയുടെ നിഴലിലാണ് ആ പ്രദേശം ഇപ്പോൾ. സ്ത്രീകളും കുട്ടികളും തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമോ എന്ന ആധിയിൽ ദിവസങ്ങൾ തള്ളിനീക്കുകയാണ്. ജനങ്ങളെ രക്ഷിക്കേണ്ട നിയമം തന്നെ അവരെ ശിക്ഷിക്കുമോ എന്നും അവർ ഭയപ്പെടുന്നു. 

(കടപ്പാട്: സ്ക്രോള്‍)