അഞ്ചു ദിവസങ്ങൾക്കു ശേഷം, അയാൾ അതേ ബാങ്കിന്റെ മറ്റൊരു ബ്രാഞ്ചിലേക്ക് ഇതേ കറുത്ത ഉണ്ടയുമായി നടന്നു ചെന്നു. ഇതേ ഭീഷണികൾ ഏതാണ്ട് ഇതേ ക്രമത്തിൽ ഉയർത്തി. അത്തവണ അയാൾക്ക് ഏകദേശം ഒന്നര ലക്ഷം രൂപ കിട്ടി.
ജോലി ചെയുന്ന അതേ ബാങ്കിൽ കൊള്ളയടിക്കാനായി ചെന്ന് കേറുന്ന ബജ്‌റംഗി എന്ന ഒരു സെക്യൂരിറ്റി ഗാർഡിന്റെ പരസ്യമുണ്ട് സെന്റർ ഫ്രെഷിന്റെ. പണമെല്ലാം തട്ടിയെടുത്ത് പുറത്തേക്കോടുന്ന അയാൾ, മാനേജർ മാഡത്തിന്റെ 'സെക്യൂരിറ്റീ...' എന്ന വിളി കേൾക്കുമ്പോൾ അറിയാതെ തിരികെ വന്ന് സല്യൂട്ട് ചെയ്യുന്നതാണ് പരസ്യം. അത് ഒരല്പം അതിശയോക്തിയായി എന്ന് പറയാമെങ്കിലും, ഏറെ സമർത്ഥമായി ബാങ്ക് കൊള്ളകൾ നടപ്പിലാക്കുന്ന പല പ്രതികളും ഒടുവിൽ പോലീസിന്റെ വലയിൽ അകപ്പെടുക അവരുടെ ഭാഗത്തുനിന്നും വരുന്ന വളരെ നിസാരമായ വല്ല നോട്ടപ്പിശകിന്റെയും പേരിലാവും. അത്തരത്തിൽ ഒരു കഥയാണ് ഇസ്രായേലിലെ ബീർഷേബ എന്ന പട്ടണത്തിൽ നിന്നും പുറത്തുവന്നിരിക്കുന്നത്.
ബീർഷേബയിലെ ഇസ്രായേൽ ഷോപ്പിങ്ങ് മാളിലുള്ള പോസ്റ്റൽ ബാങ്കിന്റെ ബ്രാഞ്ചിലേക്ക് ഒരു നാല്പത്തേഴുകാരൻ കടന്നുവരുന്നു. ക്യൂവിൽ കാത്തു നിന്ന ശേഷം തന്റെ ഊഴമെത്തിയപ്പോൾ അയാൾ ക്യാഷ് കൌണ്ടറിലേക്ക് ചെന്ന്. അക്ഷരത്തെറ്റുള്ള ഒരു കുറിപ്പ് കൈമാറി. "വലിപ്പിലുള്ള കാശ് മുഴുവനും ഇപ്പോൾ തന്നെ തന്നില്ലെങ്കിൽ എന്റെ കയ്യിലുള്ള ഈ ഗ്രനേഡ് എറിഞ്ഞ് നിങ്ങളെ ഞാൻ കൊന്നുകളയും..." എന്നായിരുന്നു കുറിപ്പിലെ സന്ദേശം. കുറിപ്പിൽ നിന്നും കണ്ണെടുത്ത കാഷ്യർ വനിത കണ്ടത് അയാൾ കയ്യിൽ എടുത്തുപിടിച്ചിരിക്കുന്ന ഒരു കറുത്ത ഉണ്ടയായിരുന്നു. അവർ ഞെട്ടി. സ്വന്തം ജീവന് വില കല്പിച്ചിരുന്നതു കാരണം അവർ ഒരക്ഷരം മറുത്തു പറയാൻ തുനിയാതെ, വലിപ്പിൽ അവശേഷിച്ചിരുന്ന രണ്ടര ലക്ഷം രൂപയ്ക്ക് തുല്യമായ ഇസ്രായേലി കറൻസി അയാളെ ഏല്പിച്ചു. അയാൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ കെട്ടിടത്തിന് വെളിയിലേക്ക് നടന്നുപോയി.
അഞ്ചു ദിവസങ്ങൾക്കു ശേഷം, അയാൾ അതേ ബാങ്കിന്റെ മറ്റൊരു ബ്രാഞ്ചിലേക്ക് ഇതേ കറുത്ത ഉണ്ടയുമായി നടന്നു ചെന്നു. ഇതേ ഭീഷണികൾ ഏതാണ്ട് ഇതേ ക്രമത്തിൽ ഉയർത്തി. അത്തവണ അയാൾക്ക് ഏകദേശം ഒന്നര ലക്ഷം രൂപ കിട്ടി.
ഒരൊറ്റ പ്രശ്നം മാത്രം. ഇത്രയും അതിബുദ്ധി അയാൾ കാണിച്ചെങ്കിലും, ഒരു അബദ്ധം അയാൾ കാണിച്ചുപോയി. രണ്ടുവട്ടവും അയാൾ തന്റെ മൊബൈൽ ഫോണും കൊണ്ടാണ് ബാങ്ക് കൊള്ളയടിക്കാൻ പോയത്. സിസിടിവി കാമറയിൽ പിടി വീഴാതിരിക്കാൻ കൃത്യമായി മുഖം മൂടിയും സൺ ഗ്ലാസുമെല്ലാം ധരിച്ചൊക്കെയാണ് പോയതെങ്കിലും അയാളുടെ ഫോണിന്റെ 'ജിയോ ലൊക്കേഷൻ ഡാറ്റ' അയാളെ ചതിച്ചു. സ്ഥലത്തെ ടവർ ലൊക്കേഷൻ പരിശോധിച്ച സൈബർ സെൽ അയാളുടെ നമ്പർ നിഷ്പ്രയാസം കണ്ടെത്തി. അയാളെ അറസ്റ്റും ചെയ്തു. ഇതിനു മുമ്പും ബാങ്ക് കൊള്ളയ്ക്ക് മൂന്നു വർഷത്തോളം ജയിൽ വാസം അനുഷ്ഠിച്ച ഒരാളാണ് അയാളെന്നത് പൊലീസിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി.

അയാളെ പിടികൂടിയപ്പോഴാണ്, വളരെ രസകരമായ മറ്റൊരു സംഭവം വെളിച്ചത്തു വന്നത്. അയാൾ കയ്യിൽ ഗ്രനേഡ് എന്നും പറഞ്ഞ് കൊണ്ട് വന്ന ആ കറുത്ത ഉണ്ട, യഥാർത്ഥത്തിൽ ഒരു ബട്ടർ ഫ്രൂട്ട് ആയിരുന്നു. ആ പഴത്തിന്മേൽ കറുത്ത പെയിന്റടിച്ച് ഗ്രനേഡ് ലുക്കിൽ ആക്കുകയായിരുന്നു അയാൾ. ബാങ്ക് കൊള്ളയടിക്കാൻ യന്ത്രത്തോക്കുകളും മറ്റുമായി ചെല്ലുന്ന പ്രൊഫഷണൽ കൊള്ളക്കാരുള്ള ഇന്നത്തെക്കാലത്ത് ഇത്തിരി വ്യത്യസ്തമായ നയമായിരുന്നു ഈ 'ജൈവ' കൊള്ളക്കാരൻ സ്വീകരിച്ചത് എന്ന് വേണം പറയാൻ..!
