പുറത്തിറങ്ങിയ രണ്ടു കള്ളന്മാരും ചേർന്ന് കാർ നിർത്തിയതിന് ശേഷം തൊട്ടടുത്തുള്ള ഒരു മൊബൈൽ കടയിലേക്ക് കയറുന്നു. കട കുത്തിത്തുറക്കാനുള്ള ശ്രമമാണെന്ന് നമ്മൾ കരുതുമെങ്കിലും അവരുടെ ലക്ഷ്യം കടയുടെ മുൻപിൽ തെളിഞ്ഞു നിൽക്കുന്ന ഒരു സ്ട്രീറ്റ് ലൈറ്റ് മാത്രമാണ്.
കള്ളന്മാരുടെ മുഖ്യശത്രുക്കളായി മാറിയിരിക്കുകയാണ് ഇപ്പോൾ സിസിടിവികൾ. ഓരോ ദിവസവും നൂറുകണക്കിന് കള്ളന്മാരാണ് സിസിടിവി ദൃശ്യങ്ങളിൽ പതിയുന്നതും പിടിക്കപ്പെടുന്നതും. എന്നാൽ, ഇതോടൊപ്പം തന്നെ ഇത്തരത്തിൽ സിസിടിവി ദൃശ്യങ്ങളിൽ പെടുന്ന കള്ളന്മാർ ചിലപ്പോഴെങ്കിലും നമുക്ക് ചിരിക്കാൻ ഉള്ള വകയും നൽകാറുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ വളരെ വേഗത്തിലാണ് ഇത്തരത്തിലുള്ള സിസിടിവി ദൃശ്യങ്ങൾ പ്രചരിക്കാറ്. കഴിഞ്ഞദിവസം സമാനമായ രീതിയിൽ സിസിടിവിയിൽ പതിഞ്ഞ കള്ളന്മാരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ആൾട്ടോ കാറിൽ എത്തിയ ഈ കള്ളന്മാരുടെ സംഘം പക്ഷേ ആകെ മോഷ്ടിച്ചത് രണ്ട് സ്ട്രീറ്റ് ലൈറ്റുകൾ മാത്രമാണ്.
രാജസ്ഥാനിൽ നടന്ന ഒരു മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇത്. ആൾട്ടോ കാറിൽ എത്തിയ മോഷണസംഘം ഒരു തെരുവിൽ വാഹനം നിർത്തി ചുറ്റും ആളുകൾ ഉണ്ടോ എന്ന് നിരീക്ഷിച്ചതിനു ശേഷം സമീപത്തെ രണ്ട് കടകൾക്ക് മുൻപിലെ സ്ട്രീറ്റ് ലൈറ്റുകൾ വളരെ സാഹസപ്പെട്ട് ഊരിയെടുത്ത് കാറിൽ കയറി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.
നവംബർ 7 -ന് പുലർച്ചെ 1:30 ഓടെ നവൽഗഡിലാണ് സോഷ്യൽ മീഡിയയിൽ ചിരിപടർത്തിയ ഈ മോഷണം നടന്നത്. വളരെ വിജനമായ ഒരു തെരുവിൽ ഒരു ആൾട്ടോ കാർ വന്നു നിൽക്കുന്നു. കാർ നിർത്തി അല്പസമയത്തിനുശേഷം പുറകുവശത്തെ ഡോർ തുറന്ന് ഒരാൾ പുറത്തിറങ്ങുന്നു. പരിസരത്ത് ആരെങ്കിലും ഉണ്ടോ എന്ന് അയാൾ നിരീക്ഷിക്കുന്നു. ആരുമില്ല എന്ന് ഉറപ്പായതോടെ കാറിൽ നിന്നും രണ്ടാമത്തെയാൾ പുറത്തേക്ക് ഇറങ്ങുന്നു. ശേഷം രണ്ടുപേരും ചേർന്ന് പരിസരം നിരീക്ഷിക്കുന്നു. ഈ സമയം കാറിലെ വെളിച്ചം കാറിനുള്ളിൽ ഉള്ള മോഷ്ടാക്കളിൽ ഒരാൾ ഓഫ് ചെയ്യുന്നു.
പുറത്തിറങ്ങിയ രണ്ടു കള്ളന്മാരും ചേർന്ന് കാർ നിർത്തിയതിന് ശേഷം തൊട്ടടുത്തുള്ള ഒരു മൊബൈൽ കടയിലേക്ക് കയറുന്നു. കട കുത്തിത്തുറക്കാനുള്ള ശ്രമമാണെന്ന് നമ്മൾ കരുതുമെങ്കിലും അവരുടെ ലക്ഷ്യം കടയുടെ മുൻപിൽ തെളിഞ്ഞു നിൽക്കുന്ന ഒരു സ്ട്രീറ്റ് ലൈറ്റ് മാത്രമാണ്. ഒരാളുടെ മുതുകിൽ മറ്റൊരാൾ ചവിട്ടി കയറി വളരെ പാടുപെട്ട് അവർ ആ ബൾബ് ഊരി എടുക്കുന്നു. ശേഷം അതിന് എതിർവശത്തുള്ള മറ്റൊരു കടയിലേക്ക് നീങ്ങുന്നു സമീപത്തായി കിടന്നിരുന്ന ഒരു കസേര എടുത്ത് അവർ ആ കടയ്ക്കു മുമ്പിലും തെളിഞ്ഞു കിടന്നിരുന്ന ബൾബ് ഊരിയെടുക്കുന്നു. ശേഷം അതിവേഗത്തിൽ കാറിൽ കയറി രക്ഷപ്പെടുന്നു.
ഈ നട്ടപ്പാതിരായ്ക്ക് ഇത്ര ബുദ്ധിമുട്ടി ഇവർ എത്തിയത് ഈ രണ്ടു ബൾബുകൾ മാത്രം മോഷ്ടിക്കാൻ ആണോ എന്നാണ് വീഡിയോ കണ്ട ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. വണ്ടിയിൽ അടിച്ച പെട്രോൾ പൈസ മതിയായിരുന്നല്ലോ നാലു ബൾബ് കടയിൽ പോയി അന്തസ്സായി മേടിക്കാൻ എന്നാണ് മറ്റു ചിലർ കുറിച്ചത്.
