മൂന്നാമത് അന്താരാഷ്ട്രാ കാലിഗ്രഫി ഫെസ്റ്റിവലിന് ഒക്ടോബര്‍ 2 മുതല്‍ 5 വരെ കൊച്ചിയില്‍ തുടക്കം. 

2025 ഒക്ടോബര്‍ 2 മുതല്‍ 5 വരെ മൂന്നാം അന്താരാഷ്ട്ര കാലിഗ്രഫി ഫെസ്റ്റിവെൽ കൊച്ചിയില്‍ നടക്കും. ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ഈ ഫെസ്റ്റിവലില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിഖ്യാതരായ മുപ്പതോളം കാലിഗ്രഫി കലാകാരന്മാര്‍ പങ്കെടുക്കുന്നു. കാലിഗ്രഫിക്ക് മാത്രമായി ഇന്ത്യയില്‍ നടക്കുന്ന ഏക കാലിഗ്രഫി ഫെസ്റ്റിവല്ലെന്ന പ്രത്യേകതയും ഇതിനുണ്ട്‌. മലയാളം കാലിഗ്രഫിയെ ലോക പ്രശസ്തമാക്കിയ നാരായണ ഭട്ടതിരിയുടെ നേതൃത്വത്തില്‍, തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'കചടതപ ഫൗണ്ടേഷ'നും കേരള ലളിതകലാ അക്കാദമിയും ചേര്‍ന്നാണ്‌ മൂന്നാം അന്താരാഷ്ട്ര കാലിഗ്രഫി ഹെസ്റ്റിവലില്‍ സംഘടിപ്പിക്കുന്നത്‌.

ലോകപ്രശസ്ത ഹീബ്രു കാലിഗ്രാഫറായ മിഷേല്‍ ഡി അനസ്സാഷ്യോ, ഏഷ്യന്‍ കാലിഗ്രഹി അസോസിയേഷന്‍ വൈസ്‌ പ്രസിഡന്‍റും കാലിഗ്രാഫറുമായ ദക്ഷിണ കൊറിയയില്‍ നിന്നുള്ള കിം ജിന്‍-യങ്‌, ബ്രിട്ടനില്‍ നിന്നുള്ള ബ്രോഡി ന്യൂയെന്‍ഷ്വാണ്ടര്‍, വിയറ്റ്നാമില്‍ നിന്നുള്ള ഡാങ്‌ ഹോക്, ദുബായില്‍ നിന്നുള്ള കരീം എന്നിവര്‍ക്ക് പുറമേ, ഇന്ത്യന്‍ അക്ഷരകലയുടെ കുലപതി എന്നറിയപ്പെട്ടന്ന പത്മശ്രീ അച്യുത്‌ പാലവ്‌, ഇന്ത്യന്‍ രൂപയുടെ ചിഹ്നത്തിന്‍റെ സ്രഷ്ടാവായ ഉദയ്‌ കുമാര്‍, സന്തോഷ്‌ ക്ഷീര്‍സാഗര്‍, മുംബൈ ഐഐറ്റി പ്രഫസറായ ജി.വി.ശ്രീകുമാര്‍, പൂശപതി പരമേശ്വര രാജൂ, അഹമ്മദാബാദ്‌ എന്‍ഐഡി അധ്യാപകനായ തരുണ്‍ ദീപ്‌ ഗിര്‍ധര്‍, മുക്താര്‍ അഹമ്മദ്‌, പിക്സോറിയല്‍ കലിഗ്രാഫറും സംഗീതജ്ഞയുമായ ഖമര്‍ ഡാഗര്‍, അശോക്‌ പരബ്‌, നിഖില്‍ അഫാലെ, സഞ്ജന ചത്ലാനി, ഇക്കു കുമാര്‍, ഷിപ്ര, അക്ഷയാ തോംബ്രേ, മുകേഷ്‌ കുമാര്‍, വിനോദ്‌ കുമാര്‍, സുരേഷ്‌ വാഗ്മോര്‍, സുദീപ്‌ ഗാന്ധി, ഗോപാല്‍ പട്ടേല്‍, പൂജാനിലേഷ്‌, അഭിഷേക്‌ വര്‍ധന്‍ സിംഗ്‌, നാരായണ ഭട്ടതിരി, സാരംഗ്‌ കുല്‍ക്കര്‍ണി, രജീഷ്‌, സന്തോഷ്‌ തോട്ടിംഗല്‍ തുടങ്ങി ഇന്ത്യയില്‍ നിന്നുള്ള വിഖ്യാത കാലിഗ്രഫര്‍മാരും അതിഥികളായെത്തുന്നു. ഈ ഫെസ്റ്റിവല്‍ ലോക കാലിഗ്രഫി ഭൂപടത്തില്‍ കേരളത്തിന്‍റെ സ്ഥാനം അടയാളപ്പെടുത്തുന്ന ചടങ്ങായി മാറും. ഈ അന്താരാഷ്ട്ര കാലിഗ്രഹി ഫെസ്റ്റിവലില്‍ ഇന്ത്യയിലെ വിവിധ കോളേജുകളില്‍ നിന്നായി നിരവധി വിദ്യാര്‍ത്ഥികളും ധാരാളം കാലിഗ്രഫി പ്രേമികളും പങ്കെടുക്കും.

കൊച്ചിയില്‍ നടക്കുന്ന പരിപാടിയില്‍ ശില്പശാലകള്‍, സോദാഹരണ പ്രഭാഷണങ്ങള്‍, തത്സമയ ഡെമോകള്‍, കാലിഗ്രഫി പ്രദര്‍ശനം എന്നിവയ്ക്ക് ടി.എം. കൃഷ്ണയുടെ സംഗീതസായാഹവും മാര്‍ഗി രഹിത കൃഷ്ണദാസും സംഘവും നയിക്കുന്ന തായമ്പകയുണ്ടാകും. ഇവയെക്കൂടാതെ വിവിധ ലിപികള്‍ ആലേഖനം ചെയ്ത വസ്ത്രങ്ങള്‍ ധരിച്ച്‌ സ്ത്രീ-പുരുഷ മോഡലുകള്‍ അരങ്ങിലെത്തുന്ന Calli- Fashion show ഈ വര്‍ഷത്തെ പ്രധാന പരിപാടിയാണ്. കേരളത്തിലാദ്യമായി ഒരു Pen-show കൂടി കാഴ്ചവെയ്ക്കാനുള്ള തയാറെടുപ്പിലാണ്‌ സംഘാടകര്‍. 50 രൂപ മുതല്‍ ലക്ഷം രൂപവരെ വിലമതിക്കുന്ന വൈവിധ്യമാര്‍ന്ന പേനകളുടെ വില്പനയും പ്രദര്‍ശനവുമായി The India Pen Show -യും നടക്കും. മലയാളം, ദേവനാഗരി, തമിഴ്‌, ഇംഗ്ലീഷ്‌, ഹിന്ദി, അറബിക്‌; ഉറുദു, ഹീബ്രു, ഇറാനി, കൊറിയന്‍ തുടങ്ങി ലോകത്തെ വിവിധ ഭാഷകളിലുള്ള നൂറ്റിയമ്പതോളം കലിഗ്രഹി രചനകളുടെ പ്രദര്‍ശനം മറ്റൊരാകര്‍ഷണമായിരിക്കും. മികച്ച ലിപി കലാരചനക്ക്‌ പൂരസ്താരവുമുണ്ടായിരിക്കും.

പ്രശസ്ത സാഹിത്യകാരന്‍ ജി വിവേകാനന്ദന്‍റെ സ്മരണയ്ക്കായി ഈ വര്‍ഷം മുതല്‍ 'ലിപി കലാ പുരസ്‌കാരം' സമ്മാനിക്കും. ടൈപ്പോഗ്രഹി സൊസൈറ്റി ഒഫ് ഇന്ത്യയും കചടതപ ഹൗണ്ടേഷനും ചേര്‍ന്നാണ്‌ ഈ മത്സരം സംഘടിപ്പിക്കുന്നത്‌. ഐസിഎഫ്കെ 2025 -നോടനുബന്ധിച്ച് നടത്തുന്ന കാലിഗ്രഹി പ്രദര്‍ശനത്തില്‍ പങ്കെട്ടുക്കുന്ന, മുപ്പത് വയസ്സില്‍ താഴെ പ്രായമുള്ളവരുടെ രചനകളില്‍ നിന്നും വിദഗ്ദ സമിതി തെരഞ്ഞെടുക്കുന്ന ഒരു രചനയ്ക്ക്‌ ക്യാഷ്‌ അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. അടുത്ത 5 വര്‍ഷത്തേക്കുള്ള കാലിഗ്രഫി ഫെസ്റ്റിവല്‍ കലണ്ടര്‍ ഈ വര്‍ഷം പ്രഖ്യാപിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക്‌ ആഗസ്സ്‌ 15 മുതല്‍ https://kachatathapa.com വഴി രജിസ്റ്റര്‍ ചെയ്യാമെന്ന് സംഘാടകര്‍ അറിയിച്ചു.