മൂന്ന് വര്‍ഷം മുന്‍പാണ് അവളുടെ അച്ഛന്‍ അപ്രതീക്ഷിതമായി മരണപ്പെട്ടത്. അതോടെ അവളുടെ ലോകം ഇരുളടഞ്ഞു. പിന്നാലെ അവളുടെ അമ്മയ്ക്ക് ക്യാന്‍സര്‍ രോഗം പിടിപെട്ടു. രോഗിയായ അമ്മയെയും രണ്ട് ആണ്‍കുട്ടികളെയും നോക്കാനായി അവള്‍ക്ക് പഠിത്തം ഉപേക്ഷിക്കേണ്ടി വന്നു. 

അസമിലെ ജോര്‍ഹട്ട് ജില്ലയിലെ ദൊഹുതിയ ഗ്രാമത്തിലെ പപ്പിലി എന്ന പെണ്‍കുട്ടിക്ക് പതിമൂന്ന് വയസ്സേയുള്ളൂ. ഒപ്പമുള്ള കുട്ടികള്‍ പുത്തനുടുപ്പുമിട്ട് കളിയും ചിരിയുമായി സ്‌കൂളിലേയ്ക്ക് നടക്കുമ്പോള്‍ അവള്‍ വീട്ടുവേലകളിലാണ്. മുന്‍പ് സ്‌കൂളില്‍ പോയിരുന്ന കാലം ഓര്‍ത്ത് ഒഴുകിയിറങ്ങിയ കണ്ണുനീര്‍ ചെളി പിടിച്ച വസ്ത്രത്തില്‍ തുടച്ച് അവള്‍ പാടത്ത് തന്റെ പണി അവള്‍ തുടരും. വീട്ടില്‍ വിശന്ന വയറുമായി തന്നെയും കാത്തിരിക്കുന്ന രണ്ട് അനിയന്മാര്‍ക്ക് വേണ്ടിയാണ് അവളുടെ കഠിനാധ്വാനം. കാരണം, മാതാപിതാക്കള്‍ മരിച്ചുപോയ ശേഷം അനിയന്‍മാര്‍ക്ക് അവളേയുള്ളൂ. മൂന്ന് വയറുകളിലെ വിശപ്പു മാറാന്‍ അവള്‍ തന്നെ കഠിനാധ്വാനം ചെയ്‌തേ മതിയാവൂ. 

മൂന്ന് വര്‍ഷം മുന്‍പാണ് അവളുടെ അച്ഛന്‍ അപ്രതീക്ഷിതമായി മരണപ്പെട്ടത്. അതോടെ അവളുടെ ലോകം ഇരുളടഞ്ഞു. പിന്നാലെ അവളുടെ അമ്മയ്ക്ക് ക്യാന്‍സര്‍ രോഗം പിടിപെട്ടു. രോഗിയായ അമ്മയെയും രണ്ട് ആണ്‍കുട്ടികളെയും നോക്കാനായി അവള്‍ക്ക് പഠിത്തം ഉപേക്ഷിക്കേണ്ടി വന്നു. അവള്‍ അധ്വാനിച്ച് കൊണ്ടുവന്നു വേണം അമ്മയ്ക്കും, അനിയന്‍മാര്‍ക്കും ജീവിക്കാന്‍ എന്ന അവസ്ഥയായി. അങ്ങനെ പുസ്തകമെടുത്ത കൈകൊണ്ട് അവള്‍ തൂമ്പ എടുക്കാന്‍ തുടങ്ങി. ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ അവള്‍ ജീവിതത്തോട് പൊരുതി തന്നെ നിന്നു. എന്നാല്‍ രണ്ടാഴ്ച്ച മുന്‍പ് അവളുടെ അമ്മയും മരണപ്പെട്ടു. ഇന്ന് ആ കുടുംബത്തിന്റെ ഭാരം മുഴുവന്‍ അവളുടെ ചുമലിലാണ്. അവളാണ് അനിയന്മാരെ വളര്‍ത്തുന്നത്. അവരുടെ എല്ലാം കാര്യങ്ങളും അവളാണ് നോക്കുന്നത്. 

പാടത്ത് പണിയുള്ള ദിവസം അവള്‍ക്ക് 250 രൂപ കൂലി കിട്ടും. 'എനിക്ക് എന്റെ കുഞ്ഞനുജന്മാരെ നോക്കണം. അമ്മയുടെ മരണശേഷം ഞങ്ങള്‍ കുട്ടികള്‍ മാത്രമാണ് വീട്ടില്‍ കഴിയുന്നത്. രാത്രിയായാല്‍ അവര്‍ക്ക് വീട്ടില്‍ തനിച്ച് കഴിയാന്‍ ഭയമാണ്. ഒരു ചെറിയ ശബ്ദം പോലും അവരെ ഭയപ്പെടുത്തും'- അവള്‍ പറഞ്ഞു. 

അഭിമാനിയായ അവള്‍ സൗജന്യമായി ആര് പണം തന്നാലും സ്വീകരിക്കാറില്ല. ജോലി ചെയ്ത് സമ്പാദിക്കാനാണ് അവള്‍ക്ക് ഇഷ്ടം. അവളുടെ ഈ കഷ്ടപ്പാടിനെ കുറിച്ചറിഞ്ഞ പലരും ആ മക്കളെ ദത്തെടുക്കാന്‍ മുന്നോട്ട് വന്നെങ്കിലും, സഹോദരങ്ങള്‍ വേര്‍പിരിയാന്‍ തയ്യാറല്ല. എത്ര പട്ടിണിയായാലും പരസ്പരം പിരിയാനാവില്ലെന്ന് അവള്‍ പറയുന്നു. സഹോദരങ്ങളെ വിട്ട് തങ്ങള്‍ക്ക് ഒരു സൗഭാഗ്യവും വേണ്ട എന്നവര്‍ ഉറപ്പിച്ച് പറയുന്നു. 'ഞങ്ങള്‍ പരമാവധി സഹായിക്കാന്‍ ശ്രമിച്ചു. അവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് പിന്തുണ ആവശ്യമാണ്. അവര്‍ വേര്‍പിരിയാന്‍ ആഗ്രഹിക്കുന്നില്ല. തങ്ങളെ വേര്‍പെടുത്തരുതെന്ന് അവര്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിക്കുന്നു'-ഒരു അയല്‍ക്കാരന്‍ പറഞ്ഞു.

എല്ലാം ശരിയാകുമെന്ന് പ്രതീക്ഷയില്‍, പൊട്ടിപ്പൊളിഞ്ഞ ആ വീട്ടില്‍ കണ്ണുനീരോടെ അവര്‍ ദിവസങ്ങള്‍ തള്ളിനീക്കുകയാണ്. ചില ബന്ധുക്കളും അയല്‍ക്കാരും സഹായിക്കുന്നുണ്ടെങ്കിലും, അതൊന്നും മതിയാകുന്നില്ല. പപ്പിലിയുടെയും അനിയന്‍മാരുടെയും കഥ ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പലരും സഹായവുമായി മുന്നോട്ട് വരുന്നുണ്ട്. ഈ കുട്ടികളുടെ എല്ലാ ഉത്തരവാദിത്തവും അസം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അവര്‍ക്ക് ഉടന്‍ സ്‌കൂളില്‍ പോകാന്‍ കഴിയുമെന്നും ഒരു സംസ്ഥാന സാമൂഹ്യക്ഷേമ മന്ത്രി അജന്ത നിയോഗ് ഫേസ്ബുക്ക് പോസ്റ്റില്‍ പ്രഖ്യാപിച്ചു. ജോര്‍ഹട്ട് ജില്ലാ കൗണ്‍സിലില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രണബ് കുമാര്‍ ബോറയുടെ നേതൃത്വത്തിലുള്ള സംഘം ഇതിനകം അവരുടെ വീട്ടിലേക്ക് എത്തി അവര്‍ക്ക് 25,000 രൂപ വാഗ്ദാനം ചെയ്തു. കുട്ടികള്‍ക്കായി ബാങ്ക് അക്കൗണ്ട് തുറക്കാനും ഓഫീസര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അവരുടെ വീട്ടില്‍ കുടിവെള്ളം എത്തിക്കാനുള്ള ഏര്‍പ്പാടുകളും അദ്ദേഹം ചെയ്തു. 

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് പപ്പിലിക്ക് പഠിത്തം നിര്‍ത്തേണ്ടി വന്നത്. അവളുടെ സഹോദരങ്ങളില്‍ ഒരാള്‍ അഞ്ചാം ക്ലാസ്സിലാണ് പഠിക്കുന്നത്. ഇളയവന് നാല് വയസാണ് പ്രായം. അവര്‍ക്കെല്ലാവര്‍ക്കും പഠിക്കാനും, മൂന്ന് നേരം ആഹാരം കഴിക്കാനും ഒരു വഴി തേടുകയാണ് ഇപ്പോള്‍ പപ്പിലി.