Asianet News MalayalamAsianet News Malayalam

'എനിക്ക് ഭയമാണ്, വീട്ടില്‍ കുഞ്ഞനുജത്തിയുണ്ട്', താലിബാന്‍ ഭീതിയില്‍ അഫ്ഗാന്‍ യുവാവ്

ക്ലാരിസ പകര്‍ത്തിയ ദൃശ്യങ്ങളില്‍ റോഡിലാകെ കറങ്ങിനടക്കുന്ന താലിബാന്‍ സംഘങ്ങളെ കാണാം. ജനങ്ങളൊന്നും തെരുവിലുണ്ടായിരുന്നില്ല. അവര്‍ തെരുവില്‍ ഇറങ്ങാന്‍ ഭയക്കുന്നുവെന്ന് ക്ലാരിസ പറയുന്നു. ഭയമാണ് ഇവിടെയിപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നതെന്നും അവര്‍ പറയുന്നു. 
 

This afghan boy is afraid of Taliban because his little sister is at home
Author
Kabul, First Published Aug 18, 2021, 3:03 PM IST

'അഫ്ഗാന്‍ തെരുവുകളില്‍ നിറയെ തോക്കേന്തിയ താലിബാന്‍കാരാണ്. പല തരം വാഹനങ്ങളില്‍ യന്ത്രത്തോക്കുകള്‍ ഉയര്‍ത്തിക്കാണിച്ച് അവര്‍ റോന്തു ചുറ്റുന്നു. തെരുവിലൊന്നും ആളുകളില്ല. സ്ത്രീകള്‍ തീരെയില്ല.' 

പറയുന്നത്  സിഎന്‍എന്‍ ചാനലിന്റെ ചീഫ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടര്‍ ക്ലാരിസ വാര്‍ഡ്. താലിബാന്‍ പിടിച്ചെടുത്ത കാബൂള്‍ നഗരത്തിലൂടെ ക്യാമറയുമായി സഞ്ചരിക്കുന്ന അവര്‍ കാണിച്ചുതരുന്നത്, ആകെ മാറിമറിഞ്ഞ നഗരത്തിന്റെ കാഴ്ചകളാണ്. 

ക്ലാരിസ പകര്‍ത്തിയ ദൃശ്യങ്ങളില്‍ റോഡിലാകെ കറങ്ങിനടക്കുന്ന താലിബാന്‍ സംഘങ്ങളെ കാണാം. ജനങ്ങളൊന്നും തെരുവിലുണ്ടായിരുന്നില്ല. അവര്‍ തെരുവില്‍ ഇറങ്ങാന്‍ ഭയക്കുന്നുവെന്ന് ക്ലാരിസ പറയുന്നു. ഭയമാണ് ഇവിടെയിപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നതെന്നും അവര്‍ പറയുന്നു. 

 

This afghan boy is afraid of Taliban because his little sister is at home

 

കണ്ണുകളില്‍ ഭയം വിറങ്ങലിച്ചു നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനെ തെരുവോരത്ത് അവര്‍ കാണിച്ചു തരുന്നുണ്ട്. പേര് ഫൈസല്‍. പിതാവ് അഫ്ഗാന്‍ സൈന്യത്തിലായിരുന്നു. രണ്ടാഴ്ച മുമ്പ് ലോഗര്‍ പ്രവിശ്യയില്‍ നടന്ന ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു. അമ്മയും മരിച്ചു. വീട്ടില്‍ കുഞ്ഞനുജത്തിക്കൊപ്പമാണ് അവന്‍ കഴിയുന്നത്. ''എനിക്ക് ഭയമാണ്. ഇന്നലത്തേതോടെ എല്ലാം നഷ്ടമായി. വീട്ടില്‍ കുഞ്ഞനുജത്തിയുണ്ട്. അതാണ് എന്നെ ഏറ്റവും ഭയപ്പെടുത്തുന്നത്. ''-ഫൈസല്‍ പറയുന്നു. 

''വലിയ പ്രശ്‌നമാണിത്. ഞങ്ങളെ സംബന്ധിച്ച് വലിയ പ്രശ്‌നം.'' ക്യാമറയ്ക്കു മുന്നില്‍ സംസാരിക്കുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞു. വാക്കുകള്‍ ഇടറി. 

കാബൂളിലെ യു എസ് എംബസിയ്ക്ക് മുന്നില്‍ നിരന്ന് നില്‍ക്കുന്ന താലിബാന്‍ സംഘത്തെ നോക്കി, താന്‍ ഒരിക്കലും കാണില്ലെന്ന് കരുതിയ ഒരു രംഗമാണിതെന്ന് ക്ലാരിസ പറയുന്നു.  ചില ഭീകരരുടെ കൈകളില്‍ അമേരിക്കന്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നു. 'എല്ലാം ഇപ്പോള്‍ നിയന്ത്രണത്തിലാണ്. എല്ലാം നേരെയാകും. ആരും വിഷമിക്കരുത്,' ഒരു താലിബാന്‍കാരന്‍  പറഞ്ഞു. എന്താണ് അമേരിക്കയ്ക്ക് നല്‍കാനുള്ള സന്ദേശം എന്ന് ചോദിച്ചപ്പോള്‍ 'അമേരിക്ക ഇതിനകം തന്നെ ഒരുപാട് സമയം ഈ മണ്ണില്‍ ചിലവഴിച്ച് കഴിഞ്ഞു. അവര്‍ ഇനി തിരികെ പോകണം. നിരവധി ജീവനും പണവും അവര്‍ ഇപ്പോള്‍ തന്നെ ഒഴുക്കി കളഞ്ഞു' എന്നായിരുന്നു മറുപടി. 

ജനങ്ങള്‍ ഭീതിയിലാണെന്ന് ക്ലാരിസ പറഞ്ഞപ്പോള്‍, അവര്‍ക്കെതിരെ ഒരു അക്രമവും നടക്കില്ലെന്നും ഒരു ദിവസം കൊണ്ട് അത്  തെളിയിച്ചതാണെന്നും താലിബാന്‍ വക്താവ് പറഞ്ഞു. 'ഞങ്ങള്‍ക്ക് ജനങ്ങളോട് പറയാനുള്ളത് നിങ്ങള്‍ ഇവിടെ സുരക്ഷിതരാണ് എന്നാണ്. ഞങ്ങളുടെ പ്രധാന ലക്ഷ്യം രാജ്യത്തെ ക്രമസമാധാനം പാലിക്കുകയെന്നതാണ്,' അയാള്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചിലയിടത്തെങ്കിലും ക്ലാരിസയുടെ സാന്നിധ്യം അസ്വസ്ഥയുണ്ടാക്കി. 'ഞാന്‍ ഒരു സ്ത്രീ ആയതിനാല്‍ അവര്‍ അരികില്‍ നിന്ന് മാറി ദൂരെ നില്ക്കാന്‍ പറഞ്ഞു' അവള്‍ ഒരു ഘട്ടത്തില്‍ പറഞ്ഞു.  

 

 

'നിങ്ങള്‍ എങ്ങനെ സ്ത്രീകളെ സംരക്ഷിക്കും? തങ്ങളെ സ്‌കൂളില്‍ പോകാന്‍ അനുവദിക്കില്ലെന്നും ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും പല സ്ത്രീകളും ഭയക്കുന്നു'

താലിബാന്‍ കമാന്‍ഡര്‍ അസദ് മസൂദ് ഖിസ്ഥാനിയോട് ക്ലാരിസയുടെ ചോദ്യം ഇതായിരുന്നു.  

'സ്ത്രീകള്‍ക്ക് അവരുടെ ജീവിതം തുടരാം. ഞങ്ങള്‍ ഒന്നും പറയില്ല. അവര്‍ക്ക് സ്‌കൂളില്‍ പോകാം. ഹിജാബ് ധരിക്കണമെന്ന് മാത്രം' ഖിസ്ഥാന്‍ പ്രതികരിച്ചു. 

'എന്തിനാണ് അവര്‍ മുഖം മറക്കുന്നത്?' 

ക്ലാരിസ വീണ്ടും ചോദിച്ചു. ഇസ്ലാം നിര്‍ദ്ദേശിക്കുന്നത് കൊണ്ടെന്ന് ഖിസ്ഥാനി മറുപടി നല്‍കി. ഇസ്ലാമിക നിയമങ്ങള്‍ സാവധാനം നടപ്പിലാക്കാന്‍ പദ്ധതിയിടുകയാണെന്നും അയാള്‍ പറയുന്നു. 

സ്ത്രീകള്‍ക്ക് വിദ്യാഭാസം അനുവദിക്കുമെന്ന് പറയുമ്പോഴും, പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളോടൊപ്പം ഇരുന്ന് പഠനം നടത്താന്‍ താലിബാന്‍ അനുവദിക്കുന്നില്ല. അതേസമയം, പെണ്‍കുട്ടികള്‍ക്ക് മാത്രമായ സ്‌കൂളുകളോ, കോളേജുകളോ അവിടെയില്ല താനും. അതുകൊണ്ട് തന്നെ സ്ത്രീകളുടെ വിദ്യാഭ്യസത്തിന് അവര്‍ എതിരല്ലെന്ന് വാദിക്കുമ്പോഴും, എത്രത്തോളം അതിന് വേണ്ടി അവര്‍ പ്രവര്‍ത്തിക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് ക്ലാരിസ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios