Asianet News MalayalamAsianet News Malayalam

എട്ടുവയസുകാരനെ ബലാത്സം​ഗം ചെയ്‍തു, മരത്തിൽ കെട്ടിയിട്ട് തീയിട്ടു, 99 ശതമാനം പൊള്ളലേറ്റിട്ടും മരണം വരെ പോരാടി

അതേസമയം റോബിയുടെ ജീവിതം പിന്നീടൊരിക്കലും പഴയതുപോലെയായില്ല. അവന്റെ ശരീരത്തിൽ ഇരുന്നൂറിൽ പരം ഓപ്പറേഷനുകൾ നടത്തപ്പെട്ടു. എന്നാൽ ദുരിതത്തിന് നടുവിലും അവൻ ജീവിതത്തെ നോക്കി പുഞ്ചിരിച്ചു. 

this boy tied to a tree and set on fire on his eighth birthday story of Robbie Middleton
Author
Splendora, First Published Nov 29, 2021, 4:13 PM IST

റോബി മിഡിൽടൺ(Robbie Middleton) മരിച്ചിട്ട് ഇപ്പോൾ 10 വർഷം തികയുന്നു. ഗുരുതരമായി പൊള്ളലേറ്റ് സ്കിൻ ക്യാൻസർ ബാധിച്ചാണ് അവൻ മരിച്ചത്. റോബിനെ മരത്തിൽ കെട്ടിയിട്ട് തീകൊളുത്തുമ്പോൾ അവന് വെറും എട്ട് വയസ്സായിരുന്നു. പിന്നീടുള്ള അവന്റെ ജീവിതം വേദനയും, ദുരിതങ്ങളും നിറഞ്ഞതായിരുന്നു. എന്നാൽ, മരിക്കുന്നതിന് മുൻപ് അവൻ തന്റെ ആക്രമണകാരിയെ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തി കൊടുത്തിട്ടാണ് വിടവാങ്ങിയത്. സംഭവത്തിന് രണ്ടാഴ്ച മുമ്പ് അതേ വ്യക്തി തന്നെ ബലാത്സംഗം ചെയ്തുവെന്ന് അവൻ ഒരു വീഡിയോ(video)യിലൂടെ ലോകത്തെ അറിയിച്ചു.  

1998 ജൂൺ 28. റോബിയുടെ എട്ടാം ജന്മദിനമായിരുന്നു അന്ന്. അവൻ നേരത്തെ തന്നെ ഉണർന്നു. ടെക്‌സാസിലെ സ്‌പ്ലെൻഡോറയിലായിരുന്നു റോബിയുടെ വീട്. ജന്മദിനത്തിന്റെ അന്ന് റോബിക്ക് അമ്മ കോളീൻ ഒരു ടെന്റ് സമ്മാനമായി നൽകിയിരുന്നു. അത് അവർ പിന്നിലെ തോട്ടത്തിൽ സ്ഥാപിച്ചു. ഇനി തനിക്കും തന്റെ സുഹൃത്തിനും അതിൽ ഇരുന്ന് കളിക്കാം, വിശേഷങ്ങൾ പറയാം എന്നെല്ലാം ചിന്തിച്ചപ്പോൾ അവന് ഭയങ്കര  സന്തോഷം തോന്നി. ഈ വിവരം ഉടനെ തന്നെ അടുത്ത് താമസിക്കുന്ന കൂട്ടുകാരനോട് പറയാനായി അവൻ ആഗ്രഹിച്ചു. വീടിന്റെ പുറകുവശത്തുള്ള വനത്തിലൂടെ അവൻ സുഹൃത്തിന്റെ വീട്ടിലേയ്ക്ക് നടക്കാൻ തുടങ്ങി.  

എന്നാൽ ആ പിറന്നാൾ ദിവസം, അവന്റെ ജീവിതത്തിലെ ഏറ്റവും നിർഭാഗ്യകരമായ ദിനമായി മാറി. പോകുന്ന വഴിയിൽ റോബി കാട്ടിൽ വെച്ച് ക്രൂരമായി ആക്രമിക്കപ്പെട്ടു. അവനെ മരത്തിൽ കെട്ടിയിട്ടു, ഒരാൾ പെട്രോൾ ഒഴിച്ച് തീകൊളുത്തി. കയർ കത്തിയപ്പോൾ റോബി മരത്തിൽ നിന്ന് മോചിതനായിയെങ്കിലും, അവന്റെ ശരീരത്തിൽ അപ്പോഴേക്കും തീ പടർന്നിരുന്നു. ഒരു പന്തം കണക്കെ അവൻ നിന്ന് കത്തി. അവൻ വെപ്രാളപ്പെട്ട് എങ്ങോട്ടെന്നില്ലാതെ ഓടി ഒടുവിൽ വീട്ടിലേക്കുള്ള വഴിയിൽ കുഴഞ്ഞു വീണു. ആളും ബഹളവും കേട്ട് വന്ന് നോക്കിയപ്പോൾ മൃതപ്രാണനായി കിടക്കുന്ന മകനെ കണ്ട് അമ്മയുടെ നെഞ്ച് തകർന്നു. തിരിച്ചറിയാൻ കഴിയാത്തവിധം അവന്റെ ശരീരം മുഴുവൻ കുമിളകൾ കൊണ്ട് നിറഞ്ഞു. ശരീരത്തിൽ കഷ്ടിച്ച് മാത്രം ജീവൻ ബാക്കിയുണ്ടായിരുന്നു.    

ഉടൻ തന്നെ റോബിയെ അവർ ആശുപത്രിയിൽ എത്തിച്ചു. ആ കുഞ്ഞ് ശരീരത്തിന്റെ 99 ശതമാനവും പൊള്ളലേറ്റ് വെന്തിരുന്നു. ഡോക്ടർമാർ അവൻ അതിജീവിക്കില്ലെന്ന് തീർത്തു പറഞ്ഞു. എന്നാൽ, പക്ഷേ അവൻ അത്ഭുതകരമായി രക്ഷപ്പെട്ടു. അവന് സംസാരിക്കാറായപ്പോൾ, 13 -കാരനായ ഡൊണാൾഡാണ് തന്നെ ആക്രമിച്ചതെന്ന് റോബി എല്ലാവരോടും പറഞ്ഞു. വീടിന് അടുത്ത് താമസിച്ചിരുന്ന ഡൊണാൾഡ് ലൈംഗിക വൈകൃതത്തിന് ഉടമയായിരുന്നു. ഡൊണാൾഡിന്റെ അടുത്തെങ്ങും പോകരുതെന്നും തനിച്ചായിരിക്കുമ്പോൾ അവനെ എപ്പോഴെങ്കിലും കണ്ടാൽ ഓടിപ്പോവണമെന്നും കോളീൻ തന്റെ മകനോട് പലപ്പോഴും മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നീട് ഡൊണാൾഡിനെ അറസ്റ്റ് ചെയ്യുകയും മാസങ്ങളോളം ജുവനൈൽ തടങ്കലിൽ വക്കുകയും ചെയ്തുവെങ്കിലും തെളിവുകളുടെ അഭാവത്താൽ ഒടുവിൽ വിട്ടയക്കുകയായിരുന്നു. ആക്രമത്തിന് ഡൊണാൾഡിനെ പ്രേരിപ്പിച്ച ഘടകമെന്തെന്ന് കണ്ടെത്താൻ കഴിയാതെ അയാളെ ശിക്ഷിക്കാൻ സാധ്യമല്ലായിരുന്നു.    
 
അതേസമയം റോബിയുടെ ജീവിതം പിന്നീടൊരിക്കലും പഴയതുപോലെയായില്ല. അവന്റെ ശരീരത്തിൽ ഇരുന്നൂറിൽ പരം ഓപ്പറേഷനുകൾ നടത്തപ്പെട്ടു. എന്നാൽ ദുരിതത്തിന് നടുവിലും അവൻ ജീവിതത്തെ നോക്കി പുഞ്ചിരിച്ചു. തന്റെ ദുഃഖം മറന്ന് മുന്നോട്ട് പോകാനും സന്തോഷമായിരിക്കാനും അവൻ ശ്രമിച്ചു. "കഴിഞ്ഞതെല്ലാം കഴിഞ്ഞു" റോബി ശുഭാപ്തിവിശ്വാസത്തോടെ പറഞ്ഞു. എന്നാൽ, തീപിടുത്തത്തിൽ അവന്റെ അവയവങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. 2011-ൽ 20 -ാം വയസ്സിൽ, പൊള്ളൽ മൂലമുണ്ടായ ക്യാൻസർ ബാധിച്ച് റോബി മരിച്ചു.  

മരിക്കുന്നതിന് 17 ദിവസം മുമ്പ്, റോബി 27 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. ഡൊണാൾഡാണ് തന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് അവൻ അതിൽ വീണ്ടും പറഞ്ഞു. ആക്രമണത്തിന് രണ്ടാഴ്ച മുമ്പ്, ഡൊണാൾഡ് അതേ വനത്തിൽ വച്ച് തന്നെ ബലാത്സംഗം ചെയ്തതായി റോബി വെളിപ്പെടുത്തി. "അവൻ എന്റെ വസ്ത്രങ്ങൾ വലിച്ചൂരി എന്നെ ബലാത്സംഗം ചെയ്യാൻ തുടങ്ങി” അവൻ ഓർത്തു. ആക്രമണം നടന്ന് മൂന്ന് വർഷത്തിന് ശേഷം, മറ്റൊരു 8 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഡൊണാൾഡ് ശിക്ഷിക്കപ്പെട്ടു. ഇതോടെ അക്രമത്തിനുള്ള കാരണം എല്ലാവർക്കും ബോധ്യപ്പെട്ടു.  

റോബിയുടെ മരണത്തെത്തുടർന്ന്, ഡൊണാൾഡ് അറസ്റ്റിലാവുകയും അയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തു. റോബിയെ ആക്രമിച്ചത് താനാണെന്ന് ഡൊണാൾഡ് തങ്ങളോട് സമ്മതിച്ചതായി നിരവധി സാക്ഷികൾ മൊഴി നൽകി. ഡൊണാൾഡ് ലൈംഗികമായി പീഡിപ്പിച്ച 8 വയസ്സുള്ള ആൺകുട്ടിയും മൊഴി നൽകി. ആക്രമണത്തിന് ശേഷം, സംഭവിച്ചത് ആരോടെങ്കിലും പറഞ്ഞാൽ ചുട്ടുകളയുമെന്ന് ഡൊണാൾഡ് അവനെയും ഭീഷണിപ്പെടുത്തിയിരുന്നു. വിചാരണയിലുടനീളം ഡൊണാൾഡ് അല്പം പോലും കുറ്റബോധം പ്രകടിപ്പിച്ചില്ല. ഒടുവിൽ 2015 -ൽ ജൂറി ഡൊണാൾഡിനെ 40 വർഷം തടവിന് ശിക്ഷിച്ചു. നീതി ലഭിക്കാൻ മിഡിൽടൺ കുടുംബത്തിന് 17 വർഷം കാത്തിരിക്കേണ്ടി വന്നു. “റോബി ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും" അന്ന് റോബിയുടെ കുടുംബം വിധി കേട്ടതിന് ശേഷം പ്രതികരിച്ചു. ഡൊണാൾഡ് ഇപ്പോഴും ഇരുമ്പഴിയ്ക്ക് പിന്നിൽ കഴിയുകയാണ്.  

 

(ചിത്രം പ്രതീകാത്മകം)

Follow Us:
Download App:
  • android
  • ios