മരിയ എന്നൊരു അഭയാർത്ഥി സ്ത്രീക്കും അവരുടെ പത്തും പന്ത്രണ്ടും പതിനാലും വയസ് പ്രായമുള്ള മക്കൾക്കുമായിട്ടാണ് ജാമി വീട് വാങ്ങിയിരിക്കുന്നത്. 

യുക്രൈനിൽ നിന്ന് പലായനം ചെയ്യേണ്ടിവന്ന ഒരു കുടുംബത്തിന് സൗജന്യമായി താമസിക്കാൻ സൗകര്യമൊരുക്കുന്നതിനായി ഒരു കമ്പനി മേധാവി(Company boss) ചെലവഴിച്ചത് 100,000 പൗണ്ട്, അതായത് ഏകദേശം 99,05,978.89 രൂപ. ജാമി ഹ്യൂ​ഗ്സ്(Jamie Hughes) എന്ന അമ്പതുകാരനാണ് റഷ്യൻ അധിനിവേശത്തിൽ തകർന്നുപോയ കുടുംബത്തോടുള്ള സ്നേഹവും പിന്തുണയും കാണിക്കുന്നതിനായി ഈ തുക ചെലവഴിച്ച് ഒരു വീട് എടുത്തിരിക്കുന്നത്. 

അഭയാർത്ഥികൾക്ക് നൽകുന്നതിനായി നോർത്ത് വെയിൽസിലെ റെക്‌സാമിൽ മൂന്ന് കിടപ്പുമുറികളുള്ള വീട് വാങ്ങാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. 21-ാം വയസ്സിൽ ടെലികോം കമ്പനി ആരംഭിച്ച ജാമി ഇപ്പോൾ അഭയാർത്ഥിയായ ഒരു സ്ത്രീയേയും അവരുടെ മൂന്ന് കുഞ്ഞുങ്ങളേയും ആ വീട്ടിലേക്ക് സ്വാ​ഗതം ചെയ്‍തിരിക്കുകയാണ്. 

അദ്ദേഹം പറഞ്ഞു: 'ദശലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യുന്നത്, ബോംബുകൾ പൊട്ടിത്തെറിക്കുന്നത് ഒക്കെ കാണുന്നത് തികച്ചും ബുദ്ധിമുട്ടായിരുന്നു. അതിനാൽ, എനിക്ക് അവരെ സഹായിക്കാൻ ആഗ്രഹമുണ്ടായിരുന്നു.' ആദ്യം സ്വന്തം വീട്ടിൽ തന്നെ ഒരിടമൊരുക്കാനാണ് തീരുമാനിച്ചത്. എന്നാൽ, അതിന് ഒരുപാട് സമയമെടുക്കും എന്നതിനാലാണ് ഒരു വീട് വാങ്ങാൻ തീരുമാനിക്കുന്നത്. അതിനായി രണ്ട് വർഷമെങ്കിലും എടുക്കും. കൂടാതെ സ്വകാര്യതയും പ്രശ്നമായി വരാം. അങ്ങനെയാണ് ഒഴിഞ്ഞുകിടന്ന വീടുകൾ നോക്കുകയും അതിലൊന്ന് വാങ്ങുകയും ചെയ്‍തത്. 

മരിയ എന്നൊരു അഭയാർത്ഥി സ്ത്രീക്കും അവരുടെ പത്തും പന്ത്രണ്ടും പതിനാലും വയസ് പ്രായമുള്ള മക്കൾക്കുമായിട്ടാണ് ജാമി വീട് വാങ്ങിയിരിക്കുന്നത്. യുക്രേനിയൻ ആശുപത്രിയിൽ അനസ്‌തെറ്റിക്‌സിൽ ജോലി ചെയ്തിരുന്ന മരിയ ഇപ്പോഴും പടിഞ്ഞാറൻ യുക്രൈനിലാണെങ്കിലും പോളണ്ടിലെ അഭയാർഥി ക്യാമ്പിലേക്കാണ് പോകുന്നത്. അവരുടെ വിസ കൃത്യസമയത്ത് സ്ഥിരീകരിച്ചാൽ വരും ആഴ്ചയിൽ യുകെയിലേക്ക് മാറാൻ കഴിയുമെന്ന് അവൾ പ്രതീക്ഷിക്കുന്നു. കുടുംബസുഹൃത്ത് ജൂലി സിംകിൻസ് റെക്‌സാം ആൻഡ് യുക്രെയ്ൻ യുണൈറ്റഡ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ വീട് ഒരുക്കാൻ സഹായിക്കുന്നു. സോഫകൾ, കിടക്കകൾ, വാഷിംഗ് മെഷീനുകൾ എന്നിവയെല്ലാം കമ്മ്യൂണിറ്റിയിലെ അം​ഗങ്ങൾ സംഭാവന ചെയ്‍യാൻ തയ്യാറാവുന്നതായി സംകിൻസ് പറയുന്നു.