ഇപ്പോൾ തനിക്ക് ചെറിയ ശാരീരിക വേദനകൾ ഒക്കെ ഉണ്ടെങ്കിലും ഒരു ജീവൻ രക്ഷിക്കാനായതിൽ ഹൃദയം സന്തോഷം കൊണ്ട് നിറയുകയാണെന്നാണ് ഡോക്ടർ പറയുന്നത്.

രോഗിയുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ബോൺമാരോ തന്നെ ദാനം ചെയ്തു രക്ഷകനായി ഡോക്ടർ. ഫ്ലോറിഡയിൽ നിന്നുള്ള ഡോക്ടർ അലി അൽസമാരയാണ് തൻറെ ജീവൻ പകുത്തുനൽകി ഒരു രോഗിക്ക് രക്ഷകനായി മാറിയത്. ഒക്കാലയിൽ അഡ്വെൻറ് ഹെൽത്ത് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഇൻറർവെൻഷണൽ കാർഡിയോളജി സ്പെഷ്യലിസ്റ്റ് ആണ് ഇദ്ദേഹം. രോഗിയായ ഒരു കുട്ടിക്കാണ് ഇദ്ദേഹം ബോൺമാരോ ദാനം ചെയ്തത്. ഡോക്ടറുടെ ഫോട്ടോയ്‌ക്കൊപ്പം ഗുഡ് ന്യൂസ് മൂവ്‌മെന്റിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ഹൃദയസ്പർശിയായ ഈ സംഭവം പങ്കുവെച്ചിരിക്കുന്നത്.

അസ്ഥി മജ്ജ ആവശ്യമുള്ള ഒരു കുട്ടിക്ക് തന്റെ മജ്ജ ദാനം ചെയ്യാനാവും എന്ന് തിരിച്ചറിഞ്ഞതോടെ ഒട്ടും മടിക്കാതെ ഡോക്ടർ അതിനായി മുന്നിട്ടിറങ്ങുകയായിരുന്നു. ഇപ്പോൾ തനിക്ക് ചെറിയ ശാരീരിക വേദനകൾ ഒക്കെ ഉണ്ടെങ്കിലും ഒരു ജീവൻ രക്ഷിക്കാനായതിൽ ഹൃദയം സന്തോഷം കൊണ്ട് നിറയുകയാണെന്നാണ് ഡോക്ടർ പറയുന്നത്. തൻറെ പ്രവൃത്തി ആർക്കെങ്കിലും ഒരാൾക്ക് പ്രചോദനമായാൽ അതിൽ കൂടുതൽ സന്തോഷം തനിക്കൊന്നുമില്ലെന്നും ഇദ്ദേഹം പറയുന്നു. ഒരു ജീവൻ രക്ഷിക്കാൻ നമുക്ക് ആവുന്നതെല്ലാം ചെയ്യണമെന്നും അതിനായി അവയവ ദാതാക്കൾ ആകുന്നതിൽ ആരും ഭയക്കേണ്ടതോ മടിക്കേണ്ടതോവായ കാര്യമില്ലെന്നും ഡോക്ടർ അലി പറയുന്നു.

ഗുഡ് ന്യൂസ് മൂവ്‌മെന്റിന്റെ ഈ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെടുകയാണ്. ഡോക്ടറുടെ പ്രചോദനാത്മക പ്രവൃത്തി വായിച്ചറിഞ്ഞ പലരും അദ്ദേഹത്തെ സോഷ്യൽ മീഡിയയിൽ മിശിഹായെന്നും റിയൽ ലൈഫ് ഹീറോ എന്നുമൊക്കെയാണ് വിശേഷിപ്പിക്കുന്നത്. ഇത്തരം ചില മനുഷ്യർ ഉള്ളതുകൊണ്ടാണ് ലോകമെന്നും ഇങ്ങനെ നിലനിൽക്കുന്നത് എന്നും ചിലർ കുറിച്ചു. രോഗിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

വായിക്കാം: ഐവിഎഫ് ചികിത്സയ്‍ക്കിടെ നൽകിയത് ​ഗർഭച്ഛിദ്രത്തിനുള്ള മരുന്ന്, ​തന്റെ ഇരട്ടക്കുഞ്ഞുങ്ങളെ കൊന്നു എന്ന് യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:

YouTube video player