ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലേക്ക് ഈസ്റ്റ് ജാവയിലെ ഡോണോയില്‍ നിന്ന് 800 കിലോമീറ്ററുണ്ട്. അവിടേക്കൊരു യാത്ര അത്ര എളുപ്പമല്ല. കാറിലാണെങ്കില്‍ 10 മണിക്കൂറാണ് ഇതിനെടുക്കുക. പക്ഷേ, ഈ യാത്ര നടന്നിട്ടാണെങ്കിലോ? അത് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറം കഠിനമായിരിക്കും. പക്ഷേ, നാല്‍പ്പത്തിമൂന്നുകാരനായ മേദി ബസ്തോനി അത് ചെയ്തിരിക്കുന്നു. 

ഒരു പരിസ്ഥിതി പ്രവര്‍ത്തകനാണ് ബസ്തോനി. നാല് കുട്ടികളുടെ അച്ഛന്‍. ഈ നടത്തം പരിസ്ഥിതിക്ക് വേണ്ടിയാണ്. പര്‍വതങ്ങളും മഴക്കാടുകളുമടക്കം നശിക്കുകയാണ്. പരിസ്ഥിതിക്കുമേലെ മനുഷ്യന്‍റെ കടന്നുകയറ്റവും അതുവഴിയുണ്ടാകുന്ന നാശത്തെ കുറിച്ചും ആളുകളെ ബോധവല്‍ക്കരിക്കാനായാണ് ബസ്തോനി യാത്ര തുടങ്ങിയത്. പിന്നിലേക്കാണ് ബസ്തോനിയുടെ നടപ്പ്... എന്തുകൊണ്ടാണ് പിന്നിലേക്ക് നടക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പ്രാദേശിക മാധ്യമങ്ങളോട് വിശദീകരിച്ചത് ഇങ്ങനെയാണ്, 'രാജ്യത്തിന്‍റെ ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടം കൂടിയാണിത്... എന്നും നമ്മുടെ രാജ്യത്തിനുവേണ്ടി പോരാടിയ വീരന്മാരുടെ സേവനത്തെ ഓർമിക്കുന്നു. ജോക്കോ വിഡൊഡൊ ഇതുവരെ ഞങ്ങൾക്ക് വേണ്ടി ചെയ്ത കാര്യങ്ങളെ അഭിനന്ദിക്കുന്നു.'

ഇന്തോനേഷ്യയുടെ 74 -ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രസിഡന്‍റ് ജോക്കോ വിഡോഡോയ്‌ക്കൊപ്പം ദേശീയ കൊട്ടാരത്തിൽ നടക്കുന്ന പതാക ചടങ്ങിൽ പങ്കെടുക്കാൻ കഴിയുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. അന്ന്,  മൗണ്ട് വില്ലിസിന് താഴെ ഒരു വിത്ത് നടാന്‍ പ്രസിഡണ്ടിനോട് ആവശ്യപ്പെടാനും അദ്ദേഹം ആലോചിക്കുന്നുണ്ട്. മഴക്കാടുകൾ സംരക്ഷിക്കുന്നതിനുള്ള പ്രസിഡന്‍റിന്റെ പിന്തുണയുടെ പ്രതീകമായും, പര്‍വത സംരക്ഷണത്തിൽ പങ്കാളികളാകാൻ മറ്റുള്ളവരെ പ്രേരിപ്പിക്കാനും ഇത് സഹായകമാകുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. 

പിന്നിലേക്ക് നടക്കുമ്പോള്‍ അപകടം പറ്റാതിരിക്കാനായി റിയര്‍വ്യൂ മിറര്‍ ഉപയോഗിക്കുകയായിരുന്നു അദ്ദേഹം. ജൂലൈ 18 -ന് തന്റെ ഗ്രാമത്തിൽ നിന്ന് എട്ട് കിലോയോളം വരുന്ന സാധനങ്ങളും ബാഗില്‍ നിറച്ച് ഏകദേശം 1500 രൂപയുമായാണ് ബസ്തോനി യാത്ര തുടങ്ങിയത്. 'ദീർഘദൂര യാത്രയാതിനാല്‍ത്തന്നെ പള്ളികൾ, പൊലീസ് സ്റ്റേഷനുകൾ, അതിര്‍ത്തിയിലെ സുരക്ഷാ ഇടങ്ങള്‍ എന്നിവയിലൊക്കെയായിരുന്നു വിശ്രമിച്ചിരുന്നത്' ബസ്തോനി പറയുന്നു. ആഹാരത്തിനായി അപരിചിതരുടെയും റോഡരികിലെ ഭക്ഷണ സ്റ്റാളുകളുടെയും ദയയെ ആശ്രയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതാദ്യമായിട്ടല്ല ബസ്തോനി ഇങ്ങനെയൊരു പിന്നോട്ടുള്ള നടപ്പ് നടക്കുന്നത്. 2016 മുതൽ ജാവയിലുടനീളമുള്ള വിവിധ ഇടങ്ങളില്‍ അദ്ദേഹം യാത്ര ചെയ്യുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട്. വില്ലിസില്‍ 73 കിലോമീറ്റർ ദൈർഘ്യമുള്ള ട്രെക്കിങ്ങ് നടത്തി. സ്വന്തം പട്ടണത്തിൽ നിന്ന് ഏകദേശം 800 കിലോമീറ്റർ അകലെയുള്ള കലിമന്തനിലും അദ്ദേഹം യാത്ര ചെയ്തു.

ഈ യാത്രയ്ക്ക് മുപ്പത് മുതൽ നാല്പത് ദിവസം വരെ സമയമെടുക്കുമെന്ന് ബസ്തോനി കരുതുന്നു, പക്ഷേ, ഓഗസ്റ്റ് 17 സ്വാതന്ത്ര്യദിനാഘോഷത്തിന് അദ്ദേഹം ജക്കാർത്തയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.